ജനറേഷൻസ് ...
=================================
ചെറുപ്പത്തിലേക്ക് ഒരു തിരിച്ചുപോക്ക് കൊതിച് മുഖപുസ്തകത്തിൽ പോസ്റ്റ് ഇട്ട് ഒത്തിരി ലൈക്കും കമെന്റും വാരിക്കൂട്ടിയ ഒരു സുഹൃത്തിനെ യാദൃച്ഛികമായി ഇന്നലെ കണ്ടുമുട്ടി. ഏറെ കാലത്തിനുശേഷമുള്ള കണ്ടുമുട്ടൽ. മറ്റെല്ലാവരെയും പോലെ കണ്ടയുടനെ കുശലാന്വേഷണം. പരസ്പരം സുഖവിവരം തിരക്കൽ...
കൂടെയുള്ള മകന്റെ കവിളിൽ ഒന്ന് തലോടി ഞാൻ പേര് ചോദിച്ചു. "ആദിത്" കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇവനെ ബാഡ്മിന്റൺ കോച്ചിങ്ങിനു കൊണ്ട് പോകാൻ ഇറങ്ങിയതാ " സുഹൃത് വിശദീകരിച്ചു.
"നിന്റെ വീടിന്റെ താഴെ ഒരു കോർട്ട് ഉണ്ടായിരുന്നല്ലോ, അത് ഇപ്പൊ ഇല്ലേ ??" ഞാൻ സംശയം പ്രകടിപ്പിച്ചു.
"അത് അവിടെത്തന്നെയുണ്ട്, അവിടെയാകുമ്പോൾ ആ കോളനിയിലെ തലതെറിച്ച പിള്ളേരൊക്കെ കളിക്കാനുണ്ടാവും. നമ്മുടെ കണ്ണ് എപ്പോഴും എത്തി എന്ന് വരില്ല, കൂട്ടുകെട്ട് മോശമാവാൻ അത് മതി. പിന്നെ മണ്ണിന്റെ അലർജിയും വരും ഇവന്. ഇതാകുമ്പോൾ മാസാമാസം നമ്മൾ ഫീസ് കൊടുത്താ മതി. നല്ല കൂട്ടും കിട്ടും മണ്ണിന്റെ അലർജിയും വരില്ല". അവൻ ആവേശത്തോടെ പറഞ്ഞു.
"ചെറിയ സ്റ്റാൻഡേർഡ് ആണെന്ന് പറഞ്ഞിട്ടെന്താ ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ പഠിക്കാനുണ്ട് ഇവന്, അതുകൊണ്ട് സ്കൂൾ വിട്ടു വന്നപാടെ ഞാൻ ഒരു ട്യൂഷൻ തരപ്പെടുത്തി. മറ്റുകുട്ടികൾ മൈതാനത്തു നിന്നും കളിക്കുന്ന ശബ്ദം കേട്ട് ഇവന് വിഷമം വരാതിരിക്കാൻ വീഡിയോ ഗെയിം വാങ്ങിച്ചും കൊടുത്തു" സുഹൃത് തൃപ്തനാണെന്ന് അവന്റെ സംസാരത്തിൽ നിന്നും ഞാൻ വായിചെടുത്തു.
കുട്ടിക്കാലം തിരിച്ചുവരാൻ കൊതിക്കുന്ന അച്ഛൻ മകന് അതെ കുട്ടിക്കാലം നിഷേധിക്കുന്നത് കണ്ട് ഞാനും കൊടുത്തു അവന്റെ പോസ്റ്റിന് ഒരു ലൈക്ക്.
NB:- ഞാനിപ്പോ എന്റെ മോനെ വരും വർഷം ചേർത്താൻ നല്ലൊരു പ്ലേസ്കൂളും, ഒരു ഇൻഡോർ സ്റ്റേഡിയവും അന്വേഷണത്തിലാണ് ട്ടോ