2016 നവംബർ 30, ബുധനാഴ്‌ച



സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്കുള്ള
ദൂരം വളരെ വലുതായിരുന്നു...
യാഥാർഥ്യത്തിൽ  നിന്നും ജീവിതത്തിലേക്കുള്ള
പാത  വളരെ ഇടുങ്ങിയതും..
ജീവിതവും സ്വപ്നങ്ങളും തമ്മിൽ എന്നും
അടുത്ത ബന്ധം പുലർത്തി,
ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ജീവിതം
എന്നും സ്വപ്നങ്ങളിൽ നിന്നും ഒളിച്ചോടി ...






 

2016 നവംബർ 29, ചൊവ്വാഴ്ച



മുപ്പത് വെള്ളി കാശിനു ഒറ്റുകാരനായ ആൾ
ഇന്ന് ഒരു പക്ഷെ ഒരു സ്കോച് വിസ്കിക്ക്
മുൻപിൽ അടിയറവ് പറഞ്ഞേനെ...
കാലം കാത്തു വെക്കുന്ന വൈകൃതങ്ങൾ
മനുഷ്യൻ തീർത്ത ആചാരങ്ങൾ..
ഒരു നിമിഷമെങ്കിലും ഓർക്കണം നാം
നമ്മിലെ നമ്മളിൽ ഒളിഞ്ഞിരിക്കും ആത്മാവിനെ....
പ്രിയമുള്ളത് എന്തോ കവർന്നെടുത്ത
നിന്റെ കണ്ണിലെ തിളക്കം കാണാനായിരുന്നു
അന്ന് ഞാൻ പലതും കണ്ടില്ലെന്നു നടിച്ചത്  ...
എന്റെ വീഴ്ചയിലും ഞാൻ ശ്രമിച്ചത്
നിനക്കൊരു ചവിട്ടു പടിയായ് നിൽക്കാനായിരുന്നു...
ഉയരങ്ങൾ കീഴടക്കി നീ പറന്നകന്നപ്പോൾ
വീഴ്ചയുടെ ആഗാതത്തിൽ ഇന്ന് ഞാൻ നിന്റെ
ഉയർച്ചയിൽ അഭിമാനം കൊള്ളുന്നു...


ഇല്ലായ്മയുടെ സമ്പന്നതയിലും
വയ്യായ്മയുടെ തിരക്കിലും
ഞാനെന്ന ശൂന്യതയെ സ്നേഹിച്ച
എന്റെ പ്രണയിനിക്ക് പകരം തരാൻ
ഇനി എന്റെ ഇട നെഞ്ചിൽ ഒരു പാട്ട്
ഞാൻ കരുതി വെക്കാം...
നാം ഒന്നാവുന്ന രാവിൽ പുലരും വരെ
നിന്റെ ചെവിയിൽ മൂളാൻ...







അന്നൊരു പകൽ മായും നേരം
സന്ധ്യയുടെ നെഞ്ചിൽ തലചായ്ച്ചു
ഒരു കൈകുഞ്ഞു പോലെ വിരൽ തലോടാൻ
പാൽകുടം തേടി കണ്ണെത്തിപിടിച്ച നാൾ
നീ മറന്നോ സഖീ അതോ മറന്നെന്നു നടിച്ചോ ??

ഒരു മിന്നാമിനുങ്ങിൽ വെളിച്ചം പോൽ
എന്നിൽ പ്രണയം നീ വളർത്തി...
ആ നുറുങ്ങു വെട്ടം ഊതി വളർത്താൻ
ഞാൻ ശ്രമിക്കാത്തതിനാലോ അതോ
നീ അത് മനസ്സിലാക്കാഞ്ഞതിലോ
ഒരു മിന്നാമിനുങ്ങു പറന്നകലും പോലെ
നീ ദൂരേക്ക് മറഞ്ഞത് ???

2016 നവംബർ 28, തിങ്കളാഴ്‌ച


സ്നേഹത്തിന്റെ അദൃശ്യമാം
സ്വർണ നൂൽ അണിഞ്ഞു
നിന്നിലേക്ക്‌ ഞാൻ പെയ്തിറങ്ങിയ
ആദ്യ രാത്രിയുടെ അവസാന യാമവും കഴിഞ്ഞു
തളർന്നുറങ്ങിയ എന്നെ
പുലരിയുടെ പൊൻ പ്രഭ വിരിഞ്ഞ മാത്രയിൽ 
ഈറൻ തോർത്തു മുടിയിൽ ചുറ്റി നീ
വിളിച്ചുണത്തിയപ്പോൾ
മിഴിയിൽ  തെളിഞ്ഞ പ്രണയം
ഞാൻ തൊട്ടറിഞ്ഞ നിമിഷം
കവിളിൽ തെളിഞ്ഞ നുണക്കുഴി
എന്നെ വീണ്ടും മാടി വിളിച്ചുവോ ???



കൂടി ചേരാൻ മടിച്ച മിഴികളേ ...
നിങ്ങൾ എനിക്ക് ഇന്നലെ നഷ്ടമാക്കിയത്
സുന്ദര സ്വപ്നങ്ങളാം എന്റെ കളികൂട്ടുകാരെയാണ് ...



ഹൃദയത്തിന്റെ നൊമ്പരം മറയ്ക്കാൻ 
അധരം ചിരിയുടെ മുഖം മൂടി അണിഞ്ഞു...
കനൽ ആയിരുന്നു കണ്ണിലെങ്കിലും
കനവാണെന്നു കരുതി വെറുതെ...
ഇളം മുളം തണ്ടിൽ തട്ടിയ കാറ്റിന്റെ തേങ്ങൽ
ഒരു പ്രണയ ഗീതത്തിനു ഈണം പകരുന്നു...
ഇത് തിരിച്ചറിവില്ലാത്ത മിഥ്യാ ലോകം..
ഇവിടെ ഇനിയും മൊട്ടുകൾ വിരിയാതെ പൊഴിഞ്ഞിടും...


മൗനം സ്വരമാണെന്നു പറഞ്ഞു 
താടി വളർത്തി തോൾസഞ്ചി
തൂക്കിയ ആളിന്റെ വാചാലതക്ക്
മുന്നിൽ ഒരു നോക്കുകുത്തി പോലെ
ഞാൻ നിന്നു ...നിശ്ചലനായ് ...



2016 നവംബർ 25, വെള്ളിയാഴ്‌ച


ഹൃദയത്തിൽ ഒരു കൊലുസ്സിന്റെ
കൊഞ്ചൽ വസന്തം തീർക്കുന്നു...
ഇനിയും പെയ്തു തീരാത്ത മഴയിൽ
നനഞ്ഞു തുടിക്കാൻ മനം കൊതിച്ചു...
ഒരു കൃഷ്ണ തുളസി നുള്ളി നിന്റെ
മുടിയിൽ ചാർത്തിയ ആ പുലരിയിൽ
ഒളികണ്ണിട്ടു എത്തിനോക്കിയ
സൂര്യ കിരണങ്ങളുടെ കവിൾ ചുവന്നിരുന്നു..




 
ഓർമകൾക്ക് ജരാനര ബാധിച്ചിരിക്കുന്നു...
അകാല വാർധക്യം പിടികൂടിയ യൗവനത്തിലും
നമ്മുടെ ബാല്യം ഉറങ്ങിക്കിടക്കുന്നു ...
കൈക്കുടന്നയിൽ നീ കോരിയെടുക്കാൻ ശ്രമിച്ച
അമ്പിളി നിലാവ് പൊഴിക്കാതെ മിഴിച്ചു നിന്നു ..
ഒരു മഴതുള്ളി പോലെ നീയെന്റെ കൈക്കുമ്പിളിൽ നിന്നും
ഊർന്നു ഒലിച്ചകന്നു ....
നീ ദേശാടനകിളിയായിരുന്നു എന്നറിയാൻ ഞാൻ വൈകി,
എൻറെ ഹൃദയത്തിൻ ശിഖരത്തിൽ
കൂടു കെട്ടാതെ നീ മറ്റൊരു ശിഖരം തേടി അകന്നു...

അസ്തമയ സൂര്യനായ് ഞാൻ വന്നു നിൻ
ചൊടിയിൽ ചുംബിച്ചതിനാലാണോ സന്ധ്യേ
നിൻ കവിള് ചുവന്നു തുടുത്തിരിക്കുന്നത്???

2016 നവംബർ 24, വ്യാഴാഴ്‌ച

പ്രണയത്തിന്റെ ലഹരിയിൽ
ഞാൻ പതിച്ചു നൽകിയ
എൻറെ ഹൃദയവും കരളും,
അകന്നു പോയ അവളെ
പിൻതുടർന്ന എൻറെ കണ്ണുകൾക്ക് 
ചവറ്റു കുട്ടയിൽ നിന്നും കണ്ടു കിട്ടി...

ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന
ഈ കാപട്യ ലോകത്തു
മോഹങ്ങൾ നൂലില്ലാ പട്ടം പോലെ
പാറി പറക്കുന്നു...



വഴി തെറ്റി വന്ന ഒരു സുന്ദര സ്വപ്നം
ഇന്നലെ എൻറെ ഉറക്കം കെടുത്തി....


പറയാൻ വൈകിയത് കൊണ്ടാണോ
നീയെന്നെ അറിയില്ലെന്ന് നടിച്ചത് ??

സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കുംഇടയിലെ
നൂൽപ്പാലത്തിലൂടെയുള്ള  സവാരിയാണ് ഇന്ന്
ജീവിതത്തെ സുന്ദരമാക്കുന്നത്...


ഗുരുദക്ഷിണയായി എന്നോടും
പെരുവിരൽ ചോദിചോളു ...
ഹൃദയവും കരളും മറ്റൊരാൾ
പതിച്ചു വാങ്ങി പോയി...













ഓർമയുടെ ഗർഭപാത്രത്തിലെ
പിറക്കാതെ പോയ ബീജമാണ്
എന്റെ ആദ്യ പ്രണയം...
ഒരു ചെറു ചലനത്തിനായി
ഞാൻ കാതോർത്തിരുന്നെങ്കിലും
ഒരു നീർക്കുമിള പോലെ
പൊലിഞ്ഞുപോയ്‌ പ്രണയം...






2016 നവംബർ 23, ബുധനാഴ്‌ച

ചായം ചേർക്കാത്ത പുഞ്ചിരി
ചൊടിയിൽ വിരിയിച്ചു
കാച്ചിയ എണ്ണയുടെ പരിമളം
കാർകൂന്തലിൽ ഒളിച്ചു
ഒരു കട്ടൻ കാപ്പിയുമായി
എന്നെ വിളിച്ചുണർത്താൻ
വരുന്ന നിന്നെ ഞാൻ വെറുതെ
സ്വപ്നത്തിൽ കണ്ടു പോയി...
ക്ഷമിക്കുക നീ...
ഞാനാണിതിൽ തെറ്റുകാരൻ...

ചിന്തകൾക്ക് മാറാല പിടിച്ചിരിക്കുന്നു ,
വാക്കുകൾ മുറിവേൽപ്പിച്ച മനസ്സിനും
കാഴ്ച മങ്ങിയ മിഴികൾക്കും,
ആഢ്യത്തത്തിന്റെ ആഭിജാത്യം
ദന്തഗോപുരം തീർത്തു ..
കാപട്യത്തിന്റെ കാഹള ധ്വനി
കാൽപ്പനികതയുടെ കമലദളത്തിനും
വൈരൂപ്യം തീർക്കുന്ന ഇന്നിന്റെ
നീച ചെയ്തിക്ക്  ബലിയാടാവാൻ
ഇനി എത്ര ജന്മങ്ങൾ ഇവിടെ ബാക്കി??







2016 നവംബർ 22, ചൊവ്വാഴ്ച


നിന്റെ ഓർമ്മതൻ ചാരത്തിൽ നിന്നും
എനിക്ക് ഉയിർത്തെഴുന്നേൽക്കണം
ഒരു ഫിനിക്സ് പക്ഷിയായി....
അന്നൊരു ചാറ്റൽ മഴയിൽ അകന്ന
നിന്റെ കാൽപാടുകൾ ഇനി എന്റെ
മനസ്സ് പിൻതുടരില്ല ...
ഒരു ചെറു പ്രതീക്ഷയുടെ ഒളിവെട്ടം
തെളിയുന്ന കണ്ണെത്താ ദൂരത്തു
എത്തിപ്പിടിക്കണം ഇന്നെനിക്കു
ഇനി എന്റെ വഴിത്താരയിൽ ഒരു
എതിർപോക്കായി നീ വരരുത്
നീയെന്ന വഞ്ചനയെ മറക്കുന്ന
എനിക്ക് മുൻപിൽ...

2016 നവംബർ 21, തിങ്കളാഴ്‌ച


മൗനത്തിന്റെ താഴാൻ പൂട്ടിയിട്ട
നിന്റെ ഹൃദയത്തെ
സ്നേഹത്തിന്റെ തൂവൽ സ്പർശത്താൽ
തഴുകി ഞാൻ തുറന്നപ്പോൾ
മിഴിയിൽ കതിരിട്ട നാണം നുകരാൻ
ഒരു ശലഭമായ് ഞാൻ നിൻറെ അരികിൽ..
ഇനി എന്നും നിന്നെ ഞാൻ  എന്റെ
ഹൃദയത്തോട് ചേർത്ത് വെക്കും..



ഒരു മന്ദാര പുഞ്ചിരി നീ
അധരത്തിൽ കാത്തത്
ഒരു വണ്ടായി വന്നു
എനിക്ക് നുകരാണോ??
ആ സിന്ദൂര ചെപ്പിൽ നീ
ഒരു നുള്ളു കുംകുമം കാത്തത്
സിന്ദൂരരേഖയിൽ എനിക്ക് ചാർത്താനോ??
മിഴിയിൽ നീ കാത്ത മൊഴിയിൽ
എന്നും ഞാൻ കേൾക്കാൻ കൊതിച്ച
ഇഷ്ടം എന്ന മധുരമാം ഗീതാമോ??




നിഴലിനോട് യുദ്ധം ചെയുതു ഞാൻ...
പക്ഷെ ബിംബം ചലിക്കാതെ
നിഴൽ ചലിച്ചു...
ബിംബം ചതിക്കാതെ നിഴൽ ചതിച്ചു...
ഒടുവിൽ ബിംബം നിലംപറ്റിയപ്പോൾ
നിഴൽ മറ്റൊരു ബിംബം തേടി അകന്നു...

2016 നവംബർ 20, ഞായറാഴ്‌ച


ഞാൻ തേടി അലഞ്ഞ കരിയില
ഇതാ ഇവിടെ കണ്ടെത്തി...
എന്തിനെന്നോ... ഈ കരിയില
കരിച്ചു എനിക്കെന്റെ
ഓർമകൾക്ക് വളമേകണം ...
ഈ കരിയിലയിലൂടെ വേണം
എൻറെ നഷ്ട സ്വപ്നങ്ങളെ
ഇനി തൊട്ടുണർത്താൻ...

മഞ്ചാടി മണി പെറുക്കി കൂട്ടി
എണ്ണി വെച്ച നാളുകൾ..
അണ്ണാരകണ്ണനോട് മാമ്പഴം
കടം ചോദിച്ച നാളുകൾ...
കണ്ണാടി നോക്കി നീ
കൊഞ്ഞനം കുത്തിയപ്പോൾ
കാതിൽ കിഴുക്കാൻ ഓടിയെത്തിയ നാൾ...
കുന്നിമണി ചെപ്പിന് കലഹിച്ചു
എന്റെ കൈത്തണ്ടയിൾ 
നീ കടിച്ച നാൾ...
ഓർമയുടെ മധുരം നുണയാൻ ഇന്ന്
ഞാൻ ഏകാന്തതയുടെ തേരിലേറട്ടെ ...




ചില്ലു ജാലകം തകർത്തു
എന്റെ മെത്ത പങ്കിടാൻ
സൂര്യ കിരണങ്ങൾ മത്സരിക്കുമ്പോൾ
നിൻറെ മുഖത്തെ ദേഷ്യ ഭാവം
എന്നോടുള്ള സ്നേഹ പുഷ്പ്പമായി
വിരിയുന്നത് ഞാൻ അറിഞ്ഞു..
ഇനി എനിക്ക്  പുതപ്പിനടിയിൽ
സ്നേഹം പങ്കുവയ്ക്കാൻ
നീയല്ലാതെ മറ്റൊന്നുമില്ല...
ദൂരെ പോകൂ സൂര്യ കിരണങ്ങളേ ...
ഞാൻ എൻറെ സഖിയുടെ
ഓർമകളെ തലോടി ഉണർത്തട്ടെ...



വർണ്ണ പകിട്ടാർന്ന ആ മധുമാസ രാവിൽ
ഒരു പാരിജാതമായി നീ വിരിയുന്നത് കാണാൻ
എൻറെ സ്വപ്നത്തിൻ ജാലക വാതിൽ
ഞാൻ തുറന്നുവെച്ചു ..
അകലെ അമ്പിളി പൂനിലാവിന്റെ
പുതപ്പ് അണിഞ്ഞിരുന്നു ...
നനുത്ത കാറ്റിൻറെ രുചി അധരത്തിൽ തൊട്ടപ്പോൾ
ഹൃദയം തരളിതമായത് നിന്നെ കുറിച്ചുള്ള
ഓർമയുടെ മധുരത്താൽ മാത്രം...
ഇന്ന് നിശാഗന്ധിയുടെ മാസ്മര ഗീതം
നീ എനിക്കായ് സമ്മാനിച്ച സംഗീതമാണോ??


2016 നവംബർ 19, ശനിയാഴ്‌ച


നിനക്ക് എന്റെ ചിരിയിൽ മാത്രമേ
സന്തോഷം നേടാൻ കഴിഞ്ഞുള്ളൂ ...
എന്റെ കണ്ണ് ഈറനണിഞ്ഞപ്പോൾ
നീ കണ്ടില്ലെന്നു നടിച്ചു...
എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് പിന്നിലെ
വിതുമ്പൽ കാണാൻ നിനക്ക് കണ്ണില്ലാതെ പോയി
എന്റെ ലോകം നിന്നിൽ ഒതുങ്ങിയെങ്കിലും
നിന്റെ ലോകത്തെ ഒരുപാട് പേരിൽ
ഒരാൾ മാത്രയായിരുന്നു ഞാൻ
എന്ന് മനസ്സിലാക്കാൻ വൈകിയ
ഞാനാണ് വിഡ്ഢി....
 കാലം എത്ര കഴിഞ്ഞാലും, പൂക്കൾ എത്ര കൊഴിഞ്ഞാലും മനസ്സിൽ കൊളുത്തിട്ടു വെച്ച കൊലുസിന്റെ കൊഞ്ചൽ മറവിക്കു കീഴ്പ്പെടില്ല....നാമുള്ള കാലം വരെ ..

നിനക്ക് തരാൻ ഇനി എന്റെ കയ്യിൽ
ഒരു മണിവീണ പോലും ബാക്കിയില്ല...
ഇനി എന്റെ തൂലികയിൽ നിന്നും പൊഴിയുന്ന
അക്ഷര മുത്ത് നീ പെറുക്കി എടുത്ത്
അടുക്കി വെക്കുക..
ഒരു നാൾ ഞാനില്ലാത്ത ഈ ലോകത്തിനു മുന്നിൽ
നീ തുറന്നു കൊടുക്കുക...
എന്റെ നൊമ്പരവും സ്വപ്ങ്ങളും...





2016 നവംബർ 18, വെള്ളിയാഴ്‌ച


ഇഷ്ടങ്ങളുടെ നഷ്ടം വേദനയാണ്
ഒരു നീർകുമിളയുടെ ആയുസ്സാവും
സ്വപ്ങ്ങളും മോഹങ്ങളും ചിതയിലെരിഞ്ഞു ..
കാണാക്കിനാവിനെ കാത്തുമുഷിഞ്ഞു
കാലം യവനികക്കു പിന്നിൽ മറഞ്ഞു...
ഒരു വസന്തം ഇനിയും ഈ വഴി വരുമെന്ന്
ഓർത്തു ആ മുകുളം നിത്യം കാത്തിരുന്നു...






എൻറെ മോഹങ്ങളുടെ സൂര്യൻ
ഇന്നും കിഴക്ക് ഉദിച്ചു ...
പക്ഷെ അതിലേക്കു പറന്ന് അടുത്ത
എന്റെ സ്വപ്നങ്ങളാം ഈയാം പാറ്റകളുടെ
ചിറകുകൾ കരിഞ്ഞു വീണു...
ഇനി വെളിച്ചമില്ലാത്ത പകലുകൾ...
ഇരുളിൽ തപ്പി ഞാൻ വീഴാതിരിക്കാനായ്
നിൻറെ ഓർമകളെ ഞാൻ മുറുകെ പിടിച്ചോട്ടെ....










ഏഴു തിരിയിട്ട വിളക്കിലും ശോഭിച്ചു
ഇരു മിഴി കത്തിയ നിൻ മുഖം
ഉമ്മർ കോലായിൽ ഉതിരുന്ന നാമജപം
പൂംകുയിൽ നാദമായി കാതിലെത്തി
ഏതു കല്ലിൽ കൊത്തിയെന്നറിയില്ല
അന്ന്  നിൻ രൂപമെൻ മനസ്സിൽ....
ഇനി എന്റെ ഓല മേഞ്ഞ കൂരക്കടിയിൽ
റാണിയായി നീ എന്ന്   വന്നു ചേരും  ???



നിനക്കും എനിക്കും ഇടയിൽ
മൗനത്തിന്റെ മതിൽ ഉണ്ടായിരുന്നു...
ഞാൻ കേൾക്കാൻ കൊതിച്ചതും
നീ പറയാൻ മടിച്ചതും
ആ മതിലിൽ തട്ടി നിന്നുപോയി...
ഒരു ചേമ്പില തണ്ടിൻ കുടയിൽ
മഴത്തുള്ളി വീണു  ചിതറിയ നാൾ നിന്റെ
കുപ്പി വള പൊട്ടി ചിരിച്ചിരുന്നു,..
വയൽ വരമ്പത്തെ മുക്കുറ്റി പെണ്ണന്ന്‌
വലതു കയ്യാലെ മുഖം മറച്ചു...
ഇന്നാ പാടവരമ്പിലെ പിശറൻ കാറ്റിനും
ഒരു വിരഹ സ്വനം...
നീ കാത്തു വെച്ച മൗനത്തിൻ മതിൽ
തകർക്കാൻ എന്റെ മനുഷ്യത്വം
ശ്രമിക്കാത്തതാണ് ഇന്നെന്റെ പരാജയം.

== സുധി ഇരുവള്ളൂർ ==




2016 നവംബർ 17, വ്യാഴാഴ്‌ച


ഒരു മിന്നാമിനുങ്ങിന്റെതേരിലേറി
വാകപ്പൂമരങ്ങൾക്കിടയിലൂടെ
മഞ്ഞിൻ താഴ്വരയെ വകഞ്ഞുമാറ്റി
നിന്റെ നിഴൽ തേടി ഞാൻ വരാം ....


പ്രണയമായി വന്ന് ഇന്നെന്റെ
മനസ്സിൽ തിളങ്ങും താരമേ...
നനുത്ത മഞ്ഞിൻ പുതപ്പണിഞ്ഞ
എന്റെ മോഹങ്ങൾക്ക് നീ ചിറകേകി...
തണുത്ത രാവിൽ തനിച്ചാക്കി
നീ അകലാതെ വെളുക്കുവോളം
ചിരി തൂകി കൂട്ടുവേണം
ഒരു മാരിവില്ലിൻ ഊഞ്ഞാലിലേറിനീ
മാനത്തു നിന്നും നീ ചാരെ വായോ...
താഴത്തു വെക്കാതെ ഞാൻ കാക്കും
നിന്നെ ഞാനെൻ കൈക്കുമ്പിളിൽ
പ്രകൃതിയുടെ വികൃതികൾ വിചിത്രമായ് തീർന്ന
ഇന്നിന്റെ യാഥാർഥ്യത്തിൽ അകലെ ഒരു മരു പച്ച
തേടി നീ അകന്നിട്ടും, ഒരു വേഴാമ്പൽ പോലെ
ഞാൻ ഇന്നും നിൻ സ്നേഹമഴയെ കാത്തിരുപ്പു ....
അകലെ ഒരു തിരി എരിയും വെട്ടത്തിൽ
നിൻ അധരം ചുവന്നപ്പോൾ,
ഇവിടെ എരിയും പകലിന്റെ വെയിലിലും തളരാതെ
നിൻ ഓർമകളെ തഴുകി തലോടി ഞാൻ കാത്തിരിപ്പൂ ...





സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് പെട്ടന്നായിരുന്നു...
ഒരു വേനൽ മഴയിൽ കിളിർത്താത്തതായിരുന്നില്ല
നമുക്കിടയിലെ പ്രണയം...
നിന്റെ പുഞ്ചിരിയാൽ നീ അതിനെ നട്ടു നനച്ചിരുന്നു,
ഒരു കാറ്റിലും കെടാത്ത വിളക്കായി ഞാൻ എന്റെ
കൈക്കുപിളാൽ അതിനെ കാത്തു വെച്ചു ...
പഞ്ചേന്ദ്രിയം തോൽക്കും ആറാമിന്ദ്രിയമായ്
പ്രണയം നമുക്കൊരു ജീവ വായുവായ് ...
ഹിമാകണം മേൽക്കൂരയിട്ട സ്വപ്ന കൂട്ടിൽ
ഒരു നേർത്ത കുറുകലോടെ നീ എന്നിൽ അമരുമ്പോൾ
ഈ സ്നേഹ സന്ധ്യയുടെ നിർവൃതിയിൽ ഞാൻ ലയിക്കും...
ജീവ രാഗ താളത്തിൻ സ്വർഗീയ നിമിഷത്തിൽ
ഇരു ഹൃദയവും ഒന്നാവും ഇനിയുള്ള നാളത്രയും ...



2016 നവംബർ 16, ബുധനാഴ്‌ച


ഒരു ശാലീനമാം പുലരിയിൽ
ചെറു മഞ്ഞു  തുള്ളി വന്നു നിൻ
നെറുകയിൽ തൊട്ടപ്പോൾ
അറിയാതെ കൂമ്പിയ നിൻ
മിഴി രണ്ടിലും വിരിഞ്ഞ
പ്രണയത്തിൻ മധുരം
കവരാൻ കൊതിച്ചു ഞാൻ ...
ഒരു മാത്ര നിൻ ചാരെ അണയാൻ,
അതി ദൃഢം നിന്നെ പുണരാൻ...
അറിയാതെ കൊതിച്ച എൻ ഹൃദയമേ
ഇനി നിൻ സ്വപ്ന സാക്ഷാത്കാരത്തിനായി
തപസ്സിരിക്കാം... നമ്ര ശിരസ്കനായ് ...





2016 നവംബർ 15, ചൊവ്വാഴ്ച

മണ്ണിനു വേണ്ടിയും പെണ്ണിന് വേണ്ടിയും
തമ്മിൽ തല്ലിയിരുന്ന മനുഷ്യൻ ഇന്ന്
നൂറിന് വേണ്ടിയും അന്പതിനു വേണ്ടിയും
ആക്കി മാറ്റി തമ്മിൽ തല്ല് ...

## എത്ര വിചിത്രമീ ജീവിതം ##

2016 നവംബർ 4, വെള്ളിയാഴ്‌ച


ചിന്തകൾക്ക് വാർദ്ധക്യം ബാധിക്കാത്ത
ഓർമകൾക്ക് യൗവനം നിലനിൽക്കുന്ന
നേരിനൊപ്പം നെഞ്ച് വിരിച്ചു
ചതി കുഴികൾ തരണം ചെയ്തു ഞാൻ...
അകന്നു പോയ കാൽപാടുകൾ തേടാൻ
ഇന്നെനിക്കു നേരമില്ലാ ...
പറഞ്ഞു പിരിഞ്ഞ വാക്കുകൾ
മറക്കുവാനും സാധ്യമല്ല....
ഇനിയും നിന്റെ പകൽ കിനാവുകളിൽ
ഒരു നനുത്ത ഓർമയായി ജീവിക്കുന്നതാണ്
ഇന്നെന്റെ സന്തോഷം...

2016 നവംബർ 3, വ്യാഴാഴ്‌ച


ഇഷ്ടപ്പെട്ടവരെ കുറിച്ച് നല്ലതു മാത്രം
കേൾക്കാൻ ഇഷ്ടപെടുന്ന കാതുകളെ  അവഗണിച്ചു
അപരിചിതരുടെ പരദൂഷണ നാവ് തേടി പോകുന്ന
 സായം സന്ധ്യയുടെ നെറുകയിൽ സംരക്ഷണത്തിൻ
സൂര്യനായി ഉദിക്കാൻ കഴിഞ്ഞെങ്കിൽ.....

ഇഷ്ടമല്ലാതെ വന്നു ചേരുന്ന
ദുരന്തമുഹൂർത്തങ്ങളെ നമ്മൾ
വിധി എന്ന് വിളിച്ചു അവഹേളിച്ചു ....
അറിഞ്ഞും അറിയാതെയും
വന്നു ചേരുന്ന ശുഭ കാര്യങ്ങളെ
സൗഭാഗ്യം എന്നും വിളിച്ചു പുകഴ്ത്തുന്നു......

അഞ്ജനം മിഴികളെ സുന്ദരമാക്കാൻ...
പുഞ്ചിരി മുഖത്തെ ശോഭിതമാക്കാനും,
മോഹങ്ങളാണ് മിഴികളെ എന്നും
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്നത്...
മിഴിയുടെ മൊഴി അറിഞ്ഞു മനസ്സും ശരീരവും
ഹൃദയത്തിൻ സ്നേഹ തൂവലാൽ കവിത രചിക്കുമ്പോൾ
ഇനി ഞാനെൻ സ്നേഹം നഷ്ടപ്പെടുത്താതെ
സൂക്ഷിച്ചു  വെക്കാം ...നിനക്കായി മാത്രം ..
 














പുഞ്ചിരി തെളിയും മുഖംകണ്ട് 
കണ്ണാടി നോക്കിഅഹകരിച്ചാൽ
നന്മ വിളയേണ്ട മനസ്സിലെന്നും പിന്നെ
തിന്മയുടെ മുളകൾ തല പൊക്കി നില്ക്കും....


2016 നവംബർ 2, ബുധനാഴ്‌ച


ഇനി ഞാൻ പറയട്ടെ...
എന്റെ മൗനത്തിന് വിരാമമിട്ട് ...
ഒരു നീർമുത്തു ഞാൻ
കാത്തുവെച്ചു നിനക്കായി..
വരും നാളിൽ നിനക്കായി സമർപ്പിക്കാൻ...
തോൽവിയിലും മങ്ങാത്ത  നിൻറെ
ഓർമ്മകൾ മാത്രമാണ്
ഇന്നെന്റെ വിജയം...