2016 ഡിസംബർ 31, ശനിയാഴ്‌ച


എത്ര പുതു വർഷം കണ്ടിരിക്കുന്നു
എത്ര ആശംസകൾ കൈമാറിയിരുന്നു...
എന്നിട്ടും ഞാൻ ഞാൻ തന്നെ...നിങ്ങളോ???
ഓരോ വർഷവും പുത്തൻ ചിന്തകളും
പുത്തൻ സ്വപ്നങ്ങളും...

പുതിയ ശീലങ്ങൾ തുടങ്ങുന്നവരുടെയും ,
നിലവിലെ ദുഃശീലം നിർത്തുന്നവരുടെയും  ..
വാക്കുകളുടെ ഗീർവാണങ്ങൾക്കു
നീർകുമിളകളുടെ ആയുസ്സെന്ന്
പറയുന്നവനും കേൾക്കുന്നവനും അറിയാം..
പ്രതീക്ഷയുടെ പൂത്തിരികൾ കത്തുന്ന
ആശംസകൾ നിങ്ങൾ കേട്ട് മടുത്തിരിക്കാം..

എന്നാലും...
ഏവർക്കും...
ഐശ്വര്യത്തിന്റെയും.. നന്മയുടെയും ..
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും
പുതുവത്സരാശംസകൾ...


2016 ഡിസംബർ 30, വെള്ളിയാഴ്‌ച

കാലത്തിനു മുന്നേ നടക്കുന്നവർ ചിലർ ,
അവരെ നാം ജ്ഞാനികൾ എന്നു വിളിച്ചു....
കാലത്തിനും കുറേ പിറകേ നടന്നാലോ 
മന്ദബുദ്ധിയെന്നു വിളിച്ചു ലോകം....
കാലത്തിനൊപ്പം ഞാൻ കൂടെനടന്നപ്പോൾ 
അഹങ്കരിയെന്നു വിളിച്ചതും ഇവരൊക്കെ....






നിഴലിനോട് യുദ്ധം ചെയ്ത്
നിലാവ് കീഴടങ്ങുന്നോ ??
ഇനിയും ഒരംഗത്തിനു ബാല്യമില്ലെന്നു
കടൽ പുഴയോട് അഭ്യര്ഥിക്കുന്നുവോ ??
തിന്മയോട് മത്സരിച്ചു കിതക്കുന്ന നന്മ
ഇന്നിന്റെ  ചെയ്തികൾക്ക് മുന്നിൽ ഇന്ന്
ഹൃദയാഘാതത്താൽപിടഞ്ഞു മരിക്കുന്നു...





നിഴലിനോട് യുദ്ധം ചെയ്ത്
നിലാവ് കീഴടങ്ങുന്നുവോ ??
പുഴയോട് മത്സരിക്കാൻ കടൽ
ഭയപ്പെടുന്നുവോ ??
തിന്മക്കെതിരെ ജയം മറന്നു
നന്മ കിതപ്പോടെ തളരുന്നു ..
പിന്നെ ഹൃദയാഘാതത്തോടെ
പിന്നോട്ട് മറഞ്ഞു പിടയുന്നു..
പ്രയാസം കൊണ്ട് പൊറുതി മുട്ടി
പ്രവാസി ആവാൻ വിധിക്കപ്പെട്ടു ...
മണലാരണ്യങ്ങളിലെ പൊരിവെയിലിനെ
ജീവ ശ്വാസമാക്കി പ്രണയിച്ചു...
ഒട്ടകവും ഈന്തപ്പനകളും കൗതുകത്തിലേറെ
ആശ്വാസമുളവാക്കി...
ഇനി ഞാൻ മടങ്ങുന്നു... ഒരു പരോൾ...
മരുഭൂമിയിലെ മരുപ്പച്ച പോലെ..
ബന്ധങ്ങൾ തേടി...
അമ്മയുടെ മടിയിൽ തല ചായ്ക്കണം ...
ഭാര്യയെ ഒന്ന് വാരി പുണരണം...
നിറ വയറിൽ മുഖം ചേർത്ത് അവൾക്ക് ധൈര്യമേകണം
ഇത്തവണ നിനക്കൊപ്പം  ലേബർ റൂമിനു പുറത്തു
ഞാനുണ്ടെന്നു...മകൾക്കൊപ്പം വഴക്കടിക്കണം...
പിന്നെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചുകൂട്ടുകാർക്കായി കരുതിയ "മറ്റവനെ"
തെങ്ങിൻ തോപ്പിലിരുന്നു പങ്കു വെക്കുമ്പോൾ
പ്രവാസ ജീവിതത്തിലെ സുഖലോലുപതയെ പറ്റി
വാ തോരാതെ ബഡായി വിടണം..


വൈകി എത്തുന്ന സൗഭാഗ്യങ്ങൾ
എപ്പോഴുമെന്നും പുതുമയുടെ
പുത്തൻ നാമ്പാണ്..
കയ്യെത്തി പിടിച്ച സൗഭാഗ്യങ്ങൾ
കൈ വിടാതെ കാക്കണം എന്നെന്നും ..
നെഞ്ചോട്‌ ചേർത്ത ചൂടുള്ള അനുഭൂതികളെ
കൈക്കുപിളിൽ ചേർത്ത് ഓമനിക്കാം നമുക്ക്...


2016 ഡിസംബർ 29, വ്യാഴാഴ്‌ച


അത്യന്തം ഭക്ത്യാദരവോടെ
വൃത്തി, പരിശുദ്ധിയോടെ
അവളെ ഹൃദയത്തോട് ചേർത്ത്
പരിലാളനയോടെ വേണം പ്രാപിക്കാൻ...
അവളെ ഒരിക്കലും ഒരു ഭോഗ വസ്തുവായി
മാത്രം കാണരുത്..
അവളെ സമീപിക്കുമ്പോൾ
ക്രോധം അരുതെന്നറിയുക...
അവളുടെ സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും
ചിറകുകൾ മുളക്കേണം...
അതിനു നാം അർഹിക്കുന്ന
പരിഗണന നൽകണം...
അവളെ ഒരു സ്പർശനത്താൽ പോലും
കളങ്കപ്പെടുത്തി കൂടാ...
നോക്കിലും വാക്കിലും
ലാളിത്യം തുളുമ്പണം ...
നല്ല തലമുറക്കായിനമ്മൾ വേണം
നന്മ ചെയ്യാൻ...
 ഓരോ ദാമ്പത്യവും ദൃഢമായിരിക്കട്ടേ ....

ആ രാവിൻറെ കുളിരിൽ
നക്ഷത്രങ്ങൾ പോലും
കണ്ണ് ചിമ്മാൻ മറന്നു...
ഒരു സർപ്പ ശൗര്യത്തിൻ
വശ്യതയിൽ നീ എന്നെ
ചുറ്റി വിരിഞ്ഞ
ആദ്യ രാവിന്റെ മാധുര്യം....
മിഴികൾ ഇടതടവില്ലാതെ
കഥകൾ കൈമാറി ...
അധരം അധരത്തോടു മധുരം
പങ്കിട്ട രാവിന്റെ യാമങ്ങൾ...
നീല നിലാവിന്റെ താഴുകലേറ്റ്
മുല്ല മൊട്ട് പിടഞ്ഞു വിരിഞ്ഞു ..
പാതിരാവിൽ പൂക്കും പാരിജാത ഇതൾ-
വിരിഞ്ഞ മാത്രയിൽ ഒരു ചെറു വണ്ട്
അതിലൂറും തേൻ നുകർന്നു ...
പുലർകാല സൂര്യ കിരണം
ജാലക വാതിൽ തുറന്നു
എത്തി നോക്കുമ്പോൾ
നീ ഒരു നേർത്ത ചിരിയോടെ
ചന്ദനച്ചാർത്തുമായി ചാരെ
പുഞ്ചിരി തൂകി കാൽ വിരലാൽ
കളം വരക്കുകയായിരുന്നു....


2016 ഡിസംബർ 28, ബുധനാഴ്‌ച


വീണുടഞ്ഞ കിനാക്കൾ കൂട്ടി ചേർക്കാൻ
നടത്തും വിഫല ശ്രമങ്ങളെ...
വിറയ്ക്കുന്ന വിരലുകളുടെ മനസ്സ് വായിക്കാൻ
നിങ്ങൾക്കും കഴിയുന്നില്ലേ???...
കാത്തിരിപ്പാണവൾ....

അന്ന്...പൂപാറ്റയെ തുന്നിയ
കുഞ്ഞുടുപ്പു അണിഞ്ഞു അവൾ
കാത്തിരുന്നു...
പണി കഴിഞ്ഞു വരുന്ന
അച്ഛന്റെ കയ്യിലെ
കടലാസുപൊതിക്കായി....

പിന്നെ.. കുളിച്ചു പുത്തനുടുപ്പണിഞ്
കണ്ണിൽ കരിമഷി എഴുതി
അവൾ കാത്തിരുന്നു...
ഏട്ടനൊപ്പം സിനിമക്ക് പോകാൻ...

പിന്നെ ...കൗമാരം കണ്ണിൽ
പ്രണയം വിരിയിച്ചപ്പോൾ
അവൾ കാത്തിരുന്നു...
പ്രിയതമൻ വരും ബൈക്കിന്റെ
ശബ്ദത്തിനായി...

പിന്നെ...യൗവനം എത്തിയപ്പോൾ
വാതിൽ പാതി ചാരി കാത്തിരുന്നു ...
പൂമുഖ വഴിയിൽ പെണ്ണ് കാണാൻ വരും
ചെക്കന്റെ കാലൊച്ചക്കായി...

പിന്നെ...ഭർതൃഗൃഹത്തിൽ
വഴിക്കണ്ണുമായി കാത്തിരുന്നു...
വിയർപ്പും കള്ളും കലർന്ന
അദ്ദേഹത്തിന്റെ സുഗന്ധത്തിനായ്...

പിന്നെ...ചോറിൽ വെള്ളമൊഴിക്കാതെ-
ഉണ്ണാതെ കാത്തിരുന്നു....
പൊന്നുമോൻ സെക്കന്റ് ഷോ
കഴിഞ്ഞു വരുന്നതും കാത്തു....

ഇന്ന് ....തളർന്ന കയ്യുമായി അവൾ
വൃദ്ധസദനത്തിൽ ഇപ്പോഴും
കാത്തിരിക്കുന്നു...
കാലൻ കയറുമായി പോത്തിന്റെ പുറത്തു
വരുന്നതും നോക്കി...






2016 ഡിസംബർ 27, ചൊവ്വാഴ്ച

ഒരു മാത്ര  ഒന്ന് ഞാൻ തിരിഞ്ഞു നോക്കിക്കോട്ടെ...
ഈറനുടുത്തു നീ വരും കുളക്കടവിൽ വെച്ച്
ഒരു നുള്ളാൻ നിൻ നാണം കവർന്നതും
ഒരു ചുംബനത്താൽ നിൻ കവിളിണ ചുവന്നതും
നാണത്താൽ കൂമ്പിയ കൺപീലി പിടഞ്ഞതും
കാർകൂന്തൽ കെട്ടു ഉലഞ്ഞു അഴിഞ്ഞു വീണതും
ഒരു പോരാളിയെ പോലെ നിന്റെ കൈകൾ എന്നെ വരിഞ്ഞതും
ഒരു നേർത്ത മഞ്ഞു തുള്ളി ഇലത്തുമ്പിൽ നിന്ന്
ഉതിർന്നു വീണതും...
എല്ലാം ഒരു മൂടൽ മഞ്ഞു തെളിഞ്ഞ പോലെ വിരിയുന്നു...
സുഖമുള്ള ആദ്യ നോവിന്റെ
അനുഭൂതി മായും മുൻപ്
പുളി മാങ്ങക്കായി നീ കൊതിച്ചതും
പുളിയൻ ഉറുമ്പിനെ വെല്ലുവിളിച്ചു ഞാൻ
കണ്ണി ഇറുത്തു ഒരു കുല മാങ്ങയുമായ് വന്നതും
പിന്നെ നിൻ വയറിൽ ചെവി ചേർത്ത്
അച്ഛാ ..എന്ന വിളിക്കായ് മറുവിളി കേട്ടതും..
ലേബർ റൂമിന്റെ വരാന്തയിൽ ഉലാത്തുമ്പോൾ
വിരൽ നഖം തിന്നു വിശപ്പ് തീർത്തതും
ഒടുവിൽ ആ കരച്ചിലിൽ ഹൃദയം
നിറഞ്ഞു ചിരിക്കുമ്പോഴും
നിന്നെ കാണാനായി കണ്ണുകൾ അക്ഷമനായതും...
ഒടുവിൽ ഒരു വിജിഗീഷുവായി
ഭൂമിയിലെ മാലാഖാമാർക്കൊപ്പം
ചക്ര കട്ടിലിൽ നീ വന്നു പുഞ്ചിരിച്ചപ്പോൾ
ഞാൻ തന്ന ചുംബനമാവും നിനക്ക് കിട്ടിയതിൽ
ഏറ്റവും മികച്ച സമ്മാനം....








എന്റെ വേദന പങ്കിടാൻ
നിനക്ക് കഴിയാതിരുന്നത്
എന്റെ വേദനയാത്രയും എന്റെ
 മോശം സമയത്തായതിനാലാണ്...


ബാല്യങ്ങൾ വീണുടയും
തെരുവിൽ നിന്നും പിറവിയെടുക്കുന്ന
അരവയറിൻ  ദാരിദ്ര്യത്തിന്റെ
പിച്ച ചട്ടിയിൽ കയ്യിട്ട്
അപ്പ കഷണം തട്ടിയെടുക്കുന്ന
വെള്ള കോളറക്കാരെ
എന്ത് പേരിട്ട് വിളിക്കണം ??...


2016 ഡിസംബർ 26, തിങ്കളാഴ്‌ച

എന്റെ പ്രണയം നുകരാൻ
നീ വന്ന വേളയിൽ
എന്തിനു നീ നഞ്ചു കലക്കി
ചുണ്ടിൽ തേച്ചു ???

മഴക്കും കരച്ചിൽ വന്നു-
മനുഷ്യന്റെ സ്വാര്ഥതയിൽ...
മഴ പെയ്തില്ലെങ്കിൽ
മനുഷ്യൻ പറയും -
"മഴ ചതിച്ചു, വെള്ളമില്ല,
കൃഷി ഇല്ലാ'..
ഇത് കേട്ട് മഴ ഒന്ന് തിമർത്തു
പെയ്താലോ...മനുഷ്യൻ പറയും
"ഈ നശിച്ച മഴ ഒന്ന് തോർന്നു
കിട്ടിയിരുന്നെങ്കിൽ"...
പെയ്താലും പെയ്തില്ലെങ്കിലും
മഴ തന്നെ തെറ്റുകാരൻ ....



മനതാരിൽ മഴവില്ല് തീർത്തു
ഞാൻ നിന്നെ കാത്തുനിന്ന പടവുകളിൽ
വഴുതി വീണുടഞ്ഞ എന്റെ പ്രണയത്തിന്റെ
നൊമ്പരം കൊണ്ടാവാം
ഒരു പച്ച പുൽക്കൊടി പോലും മുളക്കാതെ
അവിടം ഇന്ന് ജീർണിച്ചു പോയത്...


2016 ഡിസംബർ 23, വെള്ളിയാഴ്‌ച


വഴി തെറ്റി വന്ന ഒരു സുന്ദര സ്വപ്നം
ഇന്നലെ നിന്ദ്രയെ സമ്പന്നമാക്കി...
ഇടതടവില്ലാതെ പെയ്തിറങ്ങുന്ന  മഴപോലെ...
സ്വപ്‌നങ്ങളുടെ കൈവിരൽ തുമ്പ് പിടിച്ചു
മോഹങ്ങളിലേക്കു ഞാൻ പിച്ച വെച്ചു ...
ഒരു മാലാഖ വന്നു നെറ്റിയിൽ അരുമയായി
തഴുകി തലോടി ചേർന്നിരുന്നു...
ഒരു ഗന്ധർവ്വൻ വന്നു ചെവിയിൽ
ഒരു താരാട്ടു മൂളി തട്ടി ഉറക്കി ..
സുന്ദര സ്വപ്നം മുറിയാതിരുന്നെങ്കിൽ,
ഇന്നീ പുലരി പിറക്കാതിരുന്നെങ്കിൽ
ഒരു മാത്ര ഞാൻ കൊതിച്ചു പോയി...

 
നിന്റെ ചാട്ടുളി കണ്ണിന്റെ കടാക്ഷം
കണി ആയതിനാലാവാം
ഇന്നെന്റെ മോഹത്തിന്റെ മുല്ലപ്പൂക്കൾ
വാടാതിരിക്കുന്നത്...
നിന്റെ മലരമ്പിന്റെ മൂർച്ചകൊണ്ടാവാം
ഇന്നെന്റെ ഇട നെഞ്ചിൽ ഒരു പിടപിടപ്പ്...
നുകരാൻ കരി വണ്ടായി ഞാൻ വരാത്തതിനാലോ
പൂവേ നീ ഇന്ന് വിരിയാതിരിക്കുന്നു....


മറന്നെന്നു കരുതി നീ മറഞ്ഞിരിക്കണ്ടാ ..
ഓർമയുടെ തീരത്തു ഒരു വാടാ മലരായി 
നീ ഇന്നും പുഞ്ചിരിക്കുന്നു...
അരികിലൊരു കുളിരിൻ അദൃശ്യത
നിന്റെ സാമിപ്പിമെന്നറിയുന്നു ഞാൻ...
അന്നൊരു പുണരലാൽ ചിരിച്ചുടഞ്ഞ -
കരിവള പെറുക്കി ഞാനൊരു കൊട്ടാരം തീർത്തു...
ഒരു ദിനം റാണിയായി നീ വരും നേരം
നിനക്ക് മയങ്ങാൻ സ്നേഹതൂവലാൽ ഒരു ശയ്യയും...



എഴുതി തീരാത്ത കാവ്യമായി
നീ ഇന്നും എന്റെ മഷിത്തണ്ടിനെ
പരീക്ഷിക്കുകയാണല്ലോ....



2016 ഡിസംബർ 22, വ്യാഴാഴ്‌ച

നീ ഒരു പൗർണ്ണമിയായി
പെയ്തിറങ്ങിയില്ലായിരുന്നെങ്കിൽ
എന്റെ ജീവിതം ഇന്നും
കറുത്ത അമാവാസിയായി മാറിയേനേ ...
ജയപരാജയങ്ങൾ ആപേക്ഷികമാണ് ..
എന്നെ ജയിക്കാനായുള്ള നിന്റെ വാശി
പകൽ സന്ധ്യാ രാവുകൾ പിന്നിട്ടിട്ടും
ക്ഷണിക്കാമെന്നറിയാതെ നിഴലിനോട്
യുദ്ധം ചെയ്യുന്നു...
നാശത്തിന്റെ നാളുകൾ വിദൂരമല്ലാത്ത ദൂരത്തു
നിന്നെ നോക്കി പല്ലിളിച്ചിട്ടും .
തിരിച്ചറിയാൻ നീ വൈകുന്നതെന്തേ??..




2016 ഡിസംബർ 21, ബുധനാഴ്‌ച


വെളിച്ചം കാണാത്ത എന്റെ വിലപിടിച്ച
സൃഷ്ടികളെ പറ്റിയുള്ള ആവലാതിക്കു
പരിഹാരം കണ്ടെത്തി സഹായ ഹസ്തവുമായി
വന്ന അവൽ കയ്യിൽ ഒരു തീപ്പെട്ടി കരുതിയിരുന്നു...




തിരയും തീരവും പ്രണയത്തിന്റെ
പ്രളയം ഒളിച്ചു വെച്ച് നമ്മെ നോക്കി
ചുമ്മാ ചിരിച്ചു കളിക്കുന്നു.....

2016 ഡിസംബർ 20, ചൊവ്വാഴ്ച


പൊട്ടി വീഴുന്ന താലി ചരടുകൾ നോക്കി
"അവിഹിതം" പൊട്ടി ചിരിച്ചു...
രാവിന്റെ മറ പറ്റി വീണ്ടും രൂപങ്ങൾ
തലയിൽ മുണ്ടു ചുറ്റി അവിഹിതം
തേടി ഇറങ്ങുന്നു...
തടവറയിലും തളരാത്ത മനസ്സുമായി ചിലർ...
വെളുത്ത കുപ്പായമിട്ട ചില കറുത്ത ഹൃദയങ്ങളും
പകൽമാന്യരായ പല പാൽപുഞ്ചിരിക്കാരും
പലരറിയാതെ 'അവിഹിതം' തേടുന്നു....



നക്ഷത്രങ്ങളുടെ ലോകത്തേക്ക്
നിന്നെയും ചേർത്ത് പിടിച്ചു
ഒരു യാത്ര പോകണം...
വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ...
നീലാകാശത്തിനും അപ്പുറത്തേക്ക് ...
മാരിവിൽ  വാതിലും കടന്നു
മേഘങ്ങളാൽ തീർത്ത മെത്തയിൽ
നമുക്ക് ശാന്തി മുഹൂർത്തം കണ്ടെത്തണം...
നിഗൂഢമാം നഗ്നത ആവോളം നുകരണം..
ഇളം തെന്നൽ നിനക്ക് വിശറിയായിടും..
നാണത്താൽ താഴ്ന്ന മുഖം വിരൽ കൊണ്ട് പൊക്കി...
ആ ചുവന്നു തുടുത്ത കവിള് 
കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി
ഉറക്കെ വിളിച്ചു പറയണം...
എനിക്ക് നിന്നോട് പ്രണയമാണെന്ന്....





ശുഭ പര്യവസാനമായിരുന്നു
കൊതിച്ചത്...
മൃത പര്യവസാനമാക്കിയത്
നീ തന്നെ...




മഞ്ചാടി മണികളെ സ്നേഹിച്ച നിനക്കായ്
ഞാൻ ഹൃദയത്തിൽ  ഒരു മഞ്ചാടി കുന്ന്
കരുതി വെച്ചിട്ടുണ്ട്...



മുങ്ങി മരിക്കുന്നതിന് പേടിച്ചു
നീന്തൽ പഠിക്കാൻ മടിച്ച ഞാൻ
ഇന്ന് നിൻറെ ഓര്മകയിൽ മുങ്ങി
മരിച്ചു കൊണ്ടിരിക്കുന്നു...

2016 ഡിസംബർ 18, ഞായറാഴ്‌ച

തോൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ലാ,
എന്നിട്ടും തോൽപ്പിച്ചു കളഞ്ഞു നീ...
എങ്കിലും ഒന്ന് നീ അറിഞ്ഞില്ലല്ലോ ..
നിന്റെ ജയം എനിക്ക് കണ്ടു സന്തോഷിക്കണമെങ്കിൽ
അവിടെ ഞാൻ തോൽക്കണം എന്നത്
അനിവാര്യമാണെന്ന  സത്യം...



ഇന്നലെ ഞാൻ ആ വയൽ വരമ്പിലൂടെ
വീണ്ടും നടന്നു, ഒറ്റയ്ക്ക്.
അന്ന് നാം ഒന്നിച്ചു വിതച്ച സ്വപ്നത്തിന്റെ
വിത്തുകൾ കരിഞ്ഞുണങ്ങിയ ആ പാട വരമ്പിലൂടെ...
ആ പിശറൻ കാറ്റിനു പോലും ഇപ്പോഴും
നിന്റെ മണം തന്നെ...
അന്നത്തെ നിൻറെ ചങ്ങാതി പച്ച പുൽച്ചാടി
പതിവ് ചിരിയുമായി അവിടെ തന്നെ...
നിന്നെ ഞാൻ കളിയാക്കിയിരുന്ന ചൊറിയാൻ തവള
വീണ്ടും നിന്നെ പോലെ തന്നെ....
(മറ്റാരുടെയോ കൂടെ പോയെന്നു തോന്നുന്നു)
സുന്ദരി കൊറ്റി ഇപ്പോഴും  ഒറ്റ കാലിലെ
തപസ്സു നിർത്തിയിട്ടില്ല ട്ടോ...
നിന്നെ നോക്കി കണ്ണിറുക്കി എന്ന് പരാതിപ്പെടാറുള്ള
ഉണ്ട കണ്ണൻ പൂവാലൻ തുമ്പിയെ വഴിയിലെങ്ങും കണ്ടില്ല..
തത്തമ്മ പെണ്ണ് ഇപ്പോഴും  തളിർ വെറ്റില
ചവക്കുന്ന ദുഃശീലം നിർത്തിയിട്ടില്ല ട്ടോ...
അന്ന് നീ എന്റെ ചുണ്ടും ചുവപ്പിക്കാനായി തന്ന
ചുംബനം ഇപ്പോൾ എന്നെ പൊള്ളിക്കുന്നു...
ഇനി  നിന്റെ സുഖ ജീവിതത്തിൽ കരി നിഴൽ ആവാതെ
ഓർമകളെ തലോടി വീണ്ടും ഞാൻ ആ വഴി പോയി വരാം...




2016 ഡിസംബർ 17, ശനിയാഴ്‌ച

ഇന്ന് നീ മറ്റൊരാൾക്ക്
സ്വന്തമായ് , ഇനിയെങ്കിലും
അന്ന് വിരൽ തുമ്പിൽ പിടിച്ചു
നാം ചാറ്റൽമഴ നനഞ്ഞനാൾ
തിരികെ തരുമോ നീ എനിക്കായ് മാത്രം ...

നിനക്ക് ഒരിക്കലും എന്നെ പൂർണമായി
മനസ്സിലാക്കാൻ കഴിയാതെ പോയത്
വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവർക്ക്
അരവയർ മുറുക്കി പട്ടിണി മാറ്റുന്ന
ചെപ്പടിവിദ്യ അറിയാത്തതിനാൽ ആയിരുന്നു...




വിറയ്ക്കുന്ന വിരലാൽ ഞാൻ നിന്നെ
തലോടുമെന്നു നീ നിനച്ചിരിക്കാം.....
വിക്കുന്ന വാക്കുകളാൽ ഞാൻ നിനക്ക്
താരാട്ട് പാടുമെന്ന് നീ നിനച്ചിരിക്കാം ..
മുടന്തുന്ന കാലുകളാൽ ഞാൻ  നിനക്കൊപ്പം
നൃത്തമാടുമെന്നു നീ നിനച്ചിരിക്കാം...
വയ്യ പ്രണയമേ...എന്നിൽ നിന്നും
നിനക്കിനി തിരിച്ചു പോകാം...


2016 ഡിസംബർ 16, വെള്ളിയാഴ്‌ച


എന്റെ അമൂല്യ  സമ്പാദ്യങ്ങളുടെ കുബേര കുഞ്ചി ഉടച്ചപ്പോൾ സൗഹൃദത്തിന്റെ തുട്ടുകൾ മാത്റം എന്നെ നോക്കി പുഞ്ചിരിച്ചു ...

2016 ഡിസംബർ 15, വ്യാഴാഴ്‌ച


നൊമ്പരം മനസ്സിനെ താരാട്ടാൻ
മടിക്കുന്ന ഇന്നിന്റെ യാഥാർഥ്യം
നിനക്കും എനിക്കും ഇടയിൽ
മൗനം കൊണ്ട് മതിലുകൾ തീർത്തു....


കടലിനെ തേടിയുള്ള പുഴയുടെ യാത്രയിൽ
വറ്റി വരളുന്ന ഓളങ്ങൾരക്ത സാക്ഷി.. ...
മരണത്തെ തേടിയുള്ള ജീവിത യാത്രയിൽ
ശ്വാസം നിലക്കുന്ന ജന്മങ്ങൾഅഗ്നി സാക്ഷി  ...
ഭൂമിയെ തേടിയുള്ള മഴത്തുള്ളിയുടെ യാത്രയിൽ
പെയ്യാതെ കറുത്ത മേഘങ്ങൾ മൂക സാക്ഷി ...
പൂവിനെ തേടിയുള്ള വണ്ടിന്റെ യാത്രയിൽ
വിരിയാൻ  വൈകുന്ന വസന്തങ്ങൾനിത്യ സാക്ഷി ...
പ്രകൃതിയുടെ പ്രതിഷേധത്തിന്റെ
വിവിധ ഭാവങ്ങൾ...വിചിത്ര ഭാവങ്ങൾ...



2016 ഡിസംബർ 14, ബുധനാഴ്‌ച



വഴി വിളക്കുകൾ മങ്ങി കത്തിയ
ജീവിത യാത്രയിൽ
ദൂരം താണ്ടാനായി ഒരു ഊന്നുവടി
തേടി അലഞ്ഞപ്പോൾ
ഒരു കൈ താങ്ങായി എനിക്ക്
ബലം നൽകിയ പ്രണയമേ
നിൻറെ പ്രഭ മങ്ങാതെ തെളിയേണം
എന്റെ അവസാന നാൾ വരെ ..


തുളസി കതിരിന്റെ നൈര്മല്യവുമായി..
നിതംബ ചുംബിയാം കാർകൂന്തൽ മെടഞ്ഞു
ചുണ്ടിൽ ചുംബനം ഒളിച്ചു  വെച്ച്
 കവിളിൽ നുണകുഴി തെളിച്ചു വെച്ച്
ഒരു മാലാഖയായി ചിറകു വിരിച്ചു നീ 
 പറന്നു വന്നത് എന്റെ ഹൃദയത്തിലേക്കായിരുന്നു...




എന്റെ പൂമരം വീണ്ടും തളിർക്കുന്നു ,
പക്ഷികളുടെ നാദം പുനർജനിക്കുന്നു..
വീണ്ടും ഒരു വസന്തത്തിന്റെ കാലൊച്ച
പുലരിയുടെ കിരണങ്ങൾക്ക് പുതു ശോഭ ..
ഒരു നാൾ നീ എന്നെ തേടിവരുമെന്നു
എനിക്കറിയാമായിരുന്നു...

ചുമ്മാ.....**സ്വപ്നം കൊണ്ടൊരു തുലാഭാരം **
= = = = = = = = = = = = = = = = = = = = = = = = = =
ഉദയപുരം കൊട്ടാരത്തിലെ രാജാവിന്റെ മകൻ ഇരട്ട കുട്ടികളുടെ അച്ഛനായ അഭിമന്യു, അച്ചുവേട്ടന്റെ വീട്ടിലേക്കു യാത്ര പോകാൻ പുറപ്പാട് നടത്തി. വഴിയോര കാഴ്ചകൾ കണ്ടു നോക്കെത്താ ദൂരത്തു കണ്ണും നട്ട് കാതോട് കാതോരം ചേരും കിന്നാരത്തുമ്പികളോട് കിന്നാരം ചൊല്ലി ചൊല്ലി വഴി അറിയാതെ അങ്ങാടിയിൽ എത്തി അന്വേഷണം. ഗാന്ധി നഗർ 2nd സ്ട്രീറ്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, മറുപടി കിട്ടി. ഇനി അഞ്ചരക്കുള വണ്ടി കഴിഞ്ഞാൽ No.20 മദ്രാസ് മെയിൽ വരണം. കാത്തിരിപ്പ് ഓർമച്ചെപ്പിൽ എന്നും നന്മകൾ ആണ്. ഈ തണുത്ത വെളുപ്പാൻ കാലത്തു മാനത്തെ വെള്ളിത്തേരിൽ മാനത്തെ കൊട്ടാരം തേടിയുള്ള യാത്രയുടെ സ്വപ്നം.
ഇടനാഴിയിൽ ഒരു കാലൊച്ച കേട്ട് ഞെട്ടി ഉണന്ന ഞാൻ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ വെളിച്ചം.
ഇനി സ്വപ്നങ്ങൾക്ക് മടക്കം...നന്ദി വീണ്ടും വരിക.




2016 ഡിസംബർ 13, ചൊവ്വാഴ്ച


ജീവിതത്തിന്റെ സുന്ദരമായ
സ്വപ്ന സാക്ഷാത്കാരത്തിന്റെ
കൊച്ചു കൊച്ചു സ്വർഗീയ
അനുഭൂതികൾ പങ്കുവയ്ക്കാൻ
നിന്നെ എനിക്കായ് സൃഷ്‌ടിച്ച
സർവേശ്വരന് മുന്നിൽ എന്നും
തല താഴ്ത്തി നിൽക്കുന്നതിൽ
ഞാൻ അഭിമാനം കൊള്ളുന്നു ...



ഇനിയും പുണരാൻ വയ്യ നിന്നെ വിരഹമേ
എൻ പ്രാണനാഥയെ തിരികെ തരൂ ...
ഒരു നേർത്ത ചിണുങ്ങലിൻ മാധുര്യം നുകരാൻ
പല മാത്ര ഞാൻ കാത്തിരിപ്പൂ ..
ഇനി എൻറെ ചുണ്ടിൽ ഒരു പ്രേമ ഗാനമായി
ഒഴുകു നീയെൻ പ്രണയമേ...

മധുരിക്കുന്ന നോവ് അവൾക്ക് സമ്മാനിച്ച
ആദ്യ രാത്രിയുടെ പിറ്റേന്ന് ഇടം കണ്ണാൽ
എന്നെ നോക്കി ചിരിച്ചു അടുക്കള പ്രാപിച്ച
അവളെ  പിൻതുടർന്ന എൻറെ കണ്ണുകൾക്ക് മുന്നിൽ
ഒരു ദേവതാ ബിംബമായി അവൾ  പുഞ്ചിരിച്ചു നിന്നു...

2016 ഡിസംബർ 12, തിങ്കളാഴ്‌ച



വിളയും തോറും വളയുന്ന വിളകളും
വളരും തോറും വരളുന്ന  ചിന്തകളും
പതിയെ പത്തി വിരിച്ച പകല്കിനാവും
പുലരാൻ മടിക്കും രാവിന്റെ യാമവും
പിന്നെ വികലമാം ചിന്തകൾ വിളയുന്ന
മനസ്സുമായി ഈ ഞാനും....




യവനികക്കു പിന്നിൽ രൂപങ്ങൾ
ചായം പൂശി നിന്നു ...
ഇനിയും ആടി തീരാത്ത വേഷം കെട്ടി
ഒരു മണി നാദം കാത്തു നിൽക്കുന്ന നിഴലുകൾ..
വിധി പലപ്പോഴും ഒരു രംഗബോധമില്ലാത്ത
കോമാളിയെ പോലെ പല്ലിളിച്ചു ...
ഇനി എത്ര  ഞാൻ കാത്തിരിക്കണം
ഈ ചായം തേച്ച മുഖം കഴുകി മിനുക്കാൻ ???


2016 ഡിസംബർ 11, ഞായറാഴ്‌ച

ഈ തണുത്ത പുലരിയിലും ഒടുങ്ങാത്ത
ഒരു നനുത്ത സ്വപ്നമായി നീ ഇന്ന്
എൻറെ ഓർമകളിൽ ജീവിക്കുന്നു....




ബാലിശമായ  പിടിവാശിയാൽ
ആടി ഉലഞ്ഞ സ്വപ്നങ്ങളേ
നിങ്ങൾ എനിക്കായ് ഇനി 
മറ്റൊരു താജ്മഹൽ തീർക്കും...




2016 ഡിസംബർ 10, ശനിയാഴ്‌ച


വിലയിടാൻ വയ്യ നിൻ പ്രണയത്തെ 
എങ്കിലും വിലയറിയുന്നു ഞാൻ
നീയില്ലാത്ത വേളയിൽ ...
വരവേൽക്കാൻ വിരൽ തുമ്പിൽ
ഞാൻ എന്നും  കാത്തുവെക്കാം
ഒരു നുള്ളു ചന്ദനം നിനക്കായി മാത്രം ...




നല്ലെഴുത്തിലേക്ക് ഒരു കാൽവെപ്പിനായി
അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ ആദ്യ ശ്രമം..
= = = = = = = = = = = = = = = = = = = = = = = = = = =

അവഗണനയുടെ മതിലിന് മുകളിലൂടെ
അംഗീകാരത്തിന്റെ വിശാലമായ മാനം
കൊതിയോടെ ഞാൻ നോക്കി നിന്നു...
എൻറെ സ്വപ്നങ്ങളുടെ ചിറകുകൾക്ക്
തൂവൽ മുളച്ചത് പോലെ തോന്നി...
ആ നീലാകാശം മുഴുവൻ പാറി നടക്കാൻകൊതിച്ചു,
പക്ഷെ ബന്ധങ്ങളുടെ ചില ബന്ധനം
എൻറെ ചിറകുകൾ കരിച്ചു കളയുകയാണോ ??....




2016 ഡിസംബർ 9, വെള്ളിയാഴ്‌ച


സ്വപ്‌നങ്ങൾ കടിഞ്ഞാണില്ലാത്ത
കുതിരയായി കുതിക്കുന്നു...
വഴിയിൽ എപ്പോഴോ തടസ്സമായി
നിന്റെ ഓർമ്മകൾ വന്നിരുന്നെങ്കിലും
ഒരു ചാട്ടവാർ അടി നൽകി ഞാൻ രക്ഷനേടി ..
ഇനി എൻറെ അശ്വമേധം കാണാൻ
ഒരു ദു:ശകുനമായി നീ വരല്ലേ ഓർമ്മകളേ ...
നൊമ്പരങ്ങളേ.. ...എന്നോട് ക്ഷമിക്കുക, ഞാൻ നിങ്ങളെ എന്റെ മനസ്സിൽ നിന്നും പടിയടച്ചു പിണ്ഡം വെക്കുന്നു....






വേണം വെള്ളം ഒരിത്തിരി
തൊണ്ട നനക്കാനായി.....
ഗ്ലാസ്സിന്റെ മൂട്ടിലെ
വെള്ളം കണ്ടു കാക്കയുടെ
കണ്ണു തിളങ്ങി.....
പൂർവികൻ  ഒരാൾ പണ്ട് കല്ല്‌
പെറുക്കി നിറച്ചത്
മറക്കാതെ തന്നെ കാക്ക
തൊട്ടടുത്ത കൂൾ ബാറിലെ
കുപ്പ മാന്തി സ്ട്രോയുമായി
പറന്നു വന്നു.....
ആ വഴി പോയ സ്പയ്ക്
മുടിക്കാരൻ ചോദിച്ചു ....
"കാക്കേ നീയും ന്യൂ ജനറേഷൻ ആയോ??"






ആസുരതയുടെ വന്യത
രൗദ്ര താണ്ഡവമാടുന്ന
ഇന്നത്തെ കാപട്യ ലോകത്തു
സത്യമായി തെളിയും  ദീപമായി
എന്നും വിശ്വസിക്കാൻ
എൻ 'അമ്മ മാത്രം....




വന്നണയാൻ വൈകുന്നതെന്തേ പൊൻ  വസന്തമേ
നിന്റെ വരവും കാത്തു വിരിയാൻ ഞാൻ വെമ്പി നിൽപ്പൂ...
ഒരു മഞ്ഞു തുള്ളി പോലെ വന്ന് എന്നിൽ കുളിര് തൂകും പ്രണയമേ
നിന്റെ പുള്ളി തൂവലാൽ നീ മെല്ലെ പാറി വന്നു..
ഇനി എന്റെ ഹൃദയത്തിന്റെ ചില്ലയിൽ ഒരു കൂടുകൂട്ടി
ഒരു നേർത്ത കുറുകലോടെ അണയൂ നീ എന്നിൽ...


വികാര വിക്ഷോഭങ്ങൾക്കൊടുവിൽ
അന്തർമുഖ ചിന്തകളുടെ ദന്തഗോപുരത്തിനു
മുകളിൽ നിന്നും എന്റെ സ്വർഗം വീണുടഞ്ഞു...
മനസ്സ് ഒരു മലിനമാം പുഴയായി ഒഴുകുന്നു...
മടിത്തട്ടിൽ ഞാൻ നിനക്കായ് കാത്ത സിന്ദൂര ചെപ്പ്
വാനിൽ ചിതറിയ സന്ധ്യയുടെ മുഖം ചുവന്നു...
ഇന്ന് തുഴ നഷ്ടപ്പെട്ട എന്റെ തോണി
ദിശ അറിയാതെ വേണിയുടെ മാറിൽ അലയുന്നു...

2016 ഡിസംബർ 8, വ്യാഴാഴ്‌ച


വരണമാല്യം തീർത്തു ഞാൻ കാത്തിരുന്നിട്ടും
കതിർ മണ്ഡപം കയറാൻ നീ വന്നില്ല...
അന്ന് നീ മറ്റൊരാൾക്ക് സ്വന്തമായപ്പോൾ
എനിക്ക് സ്വന്തമായത് നമ്മൾ ഒന്നിച്ചു നെയ്ത-
സ്വപ്നങ്ങളും നനുത്ത ഓർമകളും മാത്രം...

ഒരു കുഞ്ഞു പൂവിന്റെ മൃദുലമാം ഇതളോ
ചെറു മഞ്ഞു തുള്ളിയുടെ കുളിരോ
കണികൊന്ന  വിരിയും നിൻ ചിരിയിൽ
തെളിയും നുണകുഴിയിൽ ഇനിയും തലോടാൻ
വരും ജന്മവും പിറക്കേണം  നീ
എനിക്ക് ഇണയായ് സഖീ...

2016 ഡിസംബർ 7, ബുധനാഴ്‌ച


ജീർണിച്ച പൂക്കൾ പോലെ
മനസ്സ് അവഗണനയുടെ
ചിതൽ പിടിചു ...
അക്ഷരങ്ങൾ ഇന്ന് എന്നോട്
പിണക്കത്തിലാണെന്നു തോനുന്നു...
ശൂന്യതയിൽ നിന്നും പെറുക്കിയെടുക്കാൻ
മുത്തുകൾ തേടി മനസ്സ്
നെട്ടോട്ടം ഓടിയിട്ടും
കിതക്കുന്നു നെഞ്ചിൽ
തെളിയാൻ മടിച്ചു വീണ്ടും
അലസമായ മനസ്സിൽ
ചെകുത്താൻ കോട്ടകൾ
പണിയുന്നു...



2016 ഡിസംബർ 5, തിങ്കളാഴ്‌ച

എന്തിന് നീ എൻ പടി വാതിൽ
തുറന്ന് എത്തി വീണ്ടും പ്രണയമേ
നിന്റെ അസ്ഥി പെറുക്കി ഞാനന്ന്
വിരഹത്തിൻ ഓളങ്ങളിൽ നിഭഞ്ജനം
ചെയ്തതത് മറന്നോ നീ...
ഇനി എൻറെ മേൽക്കൂര താങ്ങും
മാറാല പോലെ നീയും...
ഉൾകരുത്തിൻ ചൂലിനാൽ ഞാൻ
തുടച്ചു നീക്കട്ടെ ഞാൻ നിൻറെ ഓർമ്മകൾ ...



ഓരോ നല്ല തീരുമാനങ്ങൾക്ക് പിന്നിലും
അനുഭവ സമ്പത്തെന്ന അതീന്ദ്രിയ ശക്തിയുടെ
കരുത്തു, നിഴൽ പോലെ കൂട്ട് ഉണ്ടാകും ...

ഓർമയുടെ തേരിലേറി വീണ്ടും യാത്ര തന്നെ...
ചിന്തകൾക്ക് വന്ധ്യത ബാധിക്കാത്തതിനാൽ
ഇഷ്ട സ്വപ്നങ്ങളുടെ ഭ്രൂണം പിറവി കൊള്ളുന്നു...
മനസ്സിൽ സന്തോഷത്തിന്റെ മാരിവിൽ വിരിയിച്ച
ഭൂത കാലമേ...  ഇനിയും ഞാൻ നിന്റെ മടിത്തട്ടിൽ മയങ്ങിടട്ടെ...






2016 ഡിസംബർ 4, ഞായറാഴ്‌ച



അവളുടെ സൗന്ദര്യം മുഴുവൻ
തിളങ്ങുന്ന കണ്ണുകളിൽ ആയിരുന്നു...
ആ കണ്ണുകൾ ആയിരുന്നു
എന്നോട് കഥ പറഞ്ഞിരുന്നത് ..
ആ കണ്ണുകൾ മനോഹരമാക്കാൻ
കരിമഷി ഞാൻ കരളിൽ കരുതി...
ഒടുവിൽ ആ നശിച്ച പകൽ അവൾ
നടന്നു അകലുമ്പോൾ
ആ കണ്ണുകൾ കലങ്ങുമെന്നു
കരുതിയ ഞാനാണ് വിഡ്ഢി...