2018 ഏപ്രിൽ 6, വെള്ളിയാഴ്‌ച

അന്ധകാരം ....ചുറ്റിനും ഭീതി വിതക്കും അന്ധകാരമാണിന്ന്. കരയണോ അതോ ചിരിക്കണോ ?? അറിയില്ല, എങ്കിലും ഒന്നറിയാം ജീവിച്ചു തീർക്കേണ്ടിയിരിക്കുന്നു ഈ ജന്മം.
ഉദയത്തേക്കാളുപരി അസ്തമയത്തെ ഇഷ്ടപ്പെടുന്ന മുഖങ്ങൾ. അസ്തമയമാണല്ലോ ഇരുട്ടിന്റെ വഴികാട്ടി. ഓരോ രാത്രിയും അവസാനിച്ചില്ലെങ്കിൽ എന്ന് കരുതുന്ന വിൽക്കാൻവെച്ച സ്ത്രീ ശരീരങ്ങൾ. ചോരക്കും നീരിനും പകരം കിട്ടുന്ന തുട്ടുകൾക്ക് കുരുന്നിന്റെ വിശപ്പിന്റെ മണമുണ്ടെന്ന് അവൾക്കറിയാം. ഇത് സ്ത്രീത്വത്തിന്റെ പച്ചയാം മുഖം.
മറ്റൊരിടത്തപ്പോൾ ശീതീകരിച്ച മുറിക്കുള്ളിലെ പതുപതുത്ത മെത്തക്കുമുകളിൽ അത്തറിൻ മണം പൂശി കാമം തീർക്കാൻ ജാരനെ പ്രാപിക്കുന്നതും സ്ത്രീ തന്നെ.
ഇരുട്ടിൽ ഭ്രാന്തിയെ പോലും ശകുന്തളയാക്കുന്ന പുരുഷകേസരികൾ വേറെ. അഴിഞ്ഞു വീഴുന്ന മടിക്കുത്തുകൾ.... പാപത്തിന്റെ ഭ്രൂണം പിറവിയെടുക്കുന്നു. തെരുവിൽ ബാല്യം പെരുകുന്നു. അച്ഛനില്ലാത്തവൻ എന്ന് പേര് കേൾക്കുന്നത് ഒരു പക്ഷെ അവന്റെ അച്ഛനിൽ നിന്നുതന്നെയാവാം. ഉദയം കിഴക്ക് വെള്ളപൂശുമ്പോൾ അയാൾ വെള്ളക്കുപ്പായത്തിൽ ഉജാല മുക്കി  ഇസ്തിരി ഇട്ടിട്ടുണ്ടാവും ....
ചുരുണ്ടു പടർന്ന മുടി കൈവിരലിനാൽ പിടിച്ചു വലിച്ചു എനിക്ക് ഉറക്കെ പറയണമെന്നുണ്ട്. അന്ധകാരമേ നീ പോകാതിരിക്കുമോ ??? പകലിന്റെ വെളിച്ചം എനിക്കിന്ന് അലർജിയാണ്. ഇരുട്ടാവുമ്പോൾ പലരുടെയും മുഖങ്ങൾ കാണണ്ടല്ലോ ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ