2018 ജനുവരി 30, ചൊവ്വാഴ്ച


കുളക്കടവിലെ കല്ലിൽ
ഇറ്റു വീണ വെള്ള തുള്ളികളെ
പിന്തുടർന്ന് ഞാനെത്തിയത്
നിന്റെ അറക്കുള്ളിലായിരുന്നു ...
നനഞ്ഞ നേര്യതിൽ നിന്നും
കാർകൂന്തൽ കെട്ടിൽ നിന്നും
അപ്പോഴും വെള്ളത്തുള്ളികൾ
ഇറ്റു വീഴുന്നുണ്ടായിരുന്നു ...
കാൽ വിരൽ കൊണ്ട് കളമെഴുതി
നിന്റെ കടമിഴികളെന്നെ
മാടി വിളിക്കുന്നതെന്തിന് ???


2018 ജനുവരി 29, തിങ്കളാഴ്‌ച


വേഷ പ്രച്ഛന്നനായി ഞാൻ
നിൻ കിളിവാതിലണഞ്ഞിട്ടും
അറിഞ്ഞതില്ല നീയെന്നെ ...
നിന്റെ കൂട്ടിനകം പൂകി
മുട്ടയിട്ടട കിടക്കണം
നമുക്കായി കൂടൊരുക്കാൻ
മടിയില്ല പക്ഷെ
പൂർവ്വികർ നമുക്കായ്
തെളിച്ച വഴിയിൽ
ഞാൻ മടിയൻ കുയിലും
നീ കൗശല കാക്കയും...
ഇനി നീ കൂടിൻ കിളിവാതിൽ
തുറന്ന് വേഷപ്രച്ഛന്നനാം
എന്നെ  അകത്തേക്ക് നയിക്കുക...
കുയിലും കാക്കയും ഇണചേർന്ന്
ഒരു കാക്കകുയിലിന് പിറവിയെകാം ...

ശുഭദിനം ....

ജനറേഷൻസ് ...
=================================
ചെറുപ്പത്തിലേക്ക് ഒരു തിരിച്ചുപോക്ക്‌ കൊതിച് മുഖപുസ്തകത്തിൽ പോസ്റ്റ് ഇട്ട്  ഒത്തിരി ലൈക്കും കമെന്റും വാരിക്കൂട്ടിയ ഒരു സുഹൃത്തിനെ യാദൃച്ഛികമായി ഇന്നലെ കണ്ടുമുട്ടി. ഏറെ കാലത്തിനുശേഷമുള്ള കണ്ടുമുട്ടൽ. മറ്റെല്ലാവരെയും പോലെ കണ്ടയുടനെ കുശലാന്വേഷണം. പരസ്പരം സുഖവിവരം തിരക്കൽ...
കൂടെയുള്ള മകന്റെ കവിളിൽ ഒന്ന് തലോടി ഞാൻ പേര് ചോദിച്ചു. "ആദിത്" കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇവനെ ബാഡ്മിന്റൺ കോച്ചിങ്ങിനു കൊണ്ട് പോകാൻ ഇറങ്ങിയതാ " സുഹൃത് വിശദീകരിച്ചു.
"നിന്റെ വീടിന്റെ താഴെ ഒരു കോർട്ട് ഉണ്ടായിരുന്നല്ലോ, അത് ഇപ്പൊ ഇല്ലേ ??" ഞാൻ സംശയം പ്രകടിപ്പിച്ചു.
"അത് അവിടെത്തന്നെയുണ്ട്, അവിടെയാകുമ്പോൾ ആ കോളനിയിലെ തലതെറിച്ച പിള്ളേരൊക്കെ കളിക്കാനുണ്ടാവും. നമ്മുടെ കണ്ണ് എപ്പോഴും എത്തി എന്ന് വരില്ല, കൂട്ടുകെട്ട് മോശമാവാൻ അത് മതി. പിന്നെ മണ്ണിന്റെ അലർജിയും വരും ഇവന്. ഇതാകുമ്പോൾ മാസാമാസം നമ്മൾ ഫീസ് കൊടുത്താ മതി. നല്ല കൂട്ടും കിട്ടും മണ്ണിന്റെ അലർജിയും വരില്ല". അവൻ ആവേശത്തോടെ പറഞ്ഞു.
"ചെറിയ സ്റ്റാൻഡേർഡ് ആണെന്ന് പറഞ്ഞിട്ടെന്താ ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ പഠിക്കാനുണ്ട് ഇവന്, അതുകൊണ്ട് സ്കൂൾ വിട്ടു വന്നപാടെ ഞാൻ  ഒരു ട്യൂഷൻ തരപ്പെടുത്തി. മറ്റുകുട്ടികൾ മൈതാനത്തു നിന്നും കളിക്കുന്ന ശബ്ദം കേട്ട് ഇവന് വിഷമം വരാതിരിക്കാൻ വീഡിയോ ഗെയിം വാങ്ങിച്ചും കൊടുത്തു" സുഹൃത്‌ തൃപ്തനാണെന്ന് അവന്റെ സംസാരത്തിൽ നിന്നും ഞാൻ വായിചെടുത്തു.
കുട്ടിക്കാലം തിരിച്ചുവരാൻ കൊതിക്കുന്ന അച്ഛൻ മകന് അതെ കുട്ടിക്കാലം നിഷേധിക്കുന്നത് കണ്ട് ഞാനും കൊടുത്തു അവന്റെ പോസ്റ്റിന് ഒരു ലൈക്ക്.
 NB:- ഞാനിപ്പോ എന്റെ മോനെ വരും വർഷം ചേർത്താൻ നല്ലൊരു പ്ലേസ്കൂളും, ഒരു ഇൻഡോർ സ്റ്റേഡിയവും അന്വേഷണത്തിലാണ് ട്ടോ



2018 ജനുവരി 26, വെള്ളിയാഴ്‌ച


തൊട്ടാവാടി പൂവായിരുന്നു നീ ....
നോവിക്കാതെ തലോടാനായി
ഞാൻ അരികെ വന്നതും
കൂമ്പി വാടി തല താഴ്ത്തി നീ ...
നിന്റെ മുള്ളുകൾ പ്രതിരോധിച്ചില്ല
നിന്റെ ഇലകളും മിഴിചിമ്മി ...
ആ ഹൃദയം തൊട്ടറിഞ്ഞ ഞാൻ
കാതിൽ മെല്ലെയോതി ...
നീയെന്റെ തൊട്ടാവാടി പെണ്ണ് ...

ഒരു നാൾ പൂന്തോണി തുഴഞ്
നിൻ ചാരെ ഞാനണയും ....
എന്റെ മിഴിനീർപ്പൂക്കൾ കൊണ്ട്
നിനക്കൊരു തുലാഭാരം നടത്താൻ .....
ഓളങ്ങൾ സാക്ഷികളാവണം
ഓർമ്മകൾ തീപ്പന്തങ്ങളും ...
കടമെടുത്ത കനവുകളും
പങ്കുവെച്ച കിനാക്കളും പല്ലിളിക്കുന്നു ...
അന്ന്നീ ഒളിച്ചു തന്ന ചുംബനങ്ങൾ
ഇന്നെന്നെ പൊള്ളിക്കുന്നു ....

2018 ജനുവരി 19, വെള്ളിയാഴ്‌ച



നിദ്ര വിരുന്നെത്താത്ത രാവിന്റെ യാമങ്ങൾ
പ്രതീക്ഷയുടെ അന്ത്യം വിളിച്ചോതി ...
ആശയുടെ അസ്തമയത്തിൽനിന്നുദയം കൊള്ളും
നിരാശയുടെ നീരാളി കൈകൾ മനസ്സിനെ വരിഞ്ഞുമുറുക്കി  ...
രാവിന് ദൈർഘ്യം കൂടിയതിനാലോ
പൂങ്കോഴി ഉണരാൻ വൈകിയതിനാലോ
പുലരി പിറക്കാൻ മടിച്ചത് ??
വന്നെത്താത്ത വസന്തത്തിന്റെ വിരിയാത്ത പൂവിൽ നിന്നും
മധു നുകരാൻ കൊതിച്ച മധുപൻറെ അധരം വറ്റിവരണ്ടു ...
ഗീതം മറന്ന മുരളിക ഈണമൊഴുക്കാതെ നിന്നു ...
ആദ്യമായി ചീവീടിന്റെ കരച്ചിൽ സംഗീതമായ് തോന്നി ...
അത്കൂടി ഇല്ലായിരുന്നെങ്കിൽ രാവിൽ ഞാൻ ഒറ്റപ്പെട്ടേനെ ...
ഹൃദയത്തിന്റെ താളുകളിൽ ചിതലരിക്കുന്നു
ഇനി എന്റെ തൂലിക ഞാൻ അടച്ചുവെക്കുന്നു ...





2018 ജനുവരി 15, തിങ്കളാഴ്‌ച


നീ എനിക്കായി കാത്തുവെച്ച
പാഥേയത്തിന്റെ വാഴനാരിൻ കെട്ടഴിച്ചപ്പോൾ
കൈവിരൽ അറിയാതെ വിറച്ചുവോ ???
ഇളം തെന്നലിന്റെ സഹായത്താലെ
വിഭവസമൃദ്ധമാം ആ പൊതിച്ചോറിനെ
പൊതിഞ്ഞ ഇലത്തുണ്ട് ഞാൻ മാറ്റവെ
തെളിഞ്ഞ ആ വിഭവസമൃദ്ധികളത്രയും
ഒരു മണി വറ്റ് ബാക്കിയാക്കാതെ
രുചിയോടെ ഞാൻ കൊതി തീരെ
കഴിച്ചുതീർക്കും വരെ പാതി കൂമ്പിയമിഴിയോടെ
നീയത് ആസ്വദിക്കയാണോ ??
എന്നിൽ നിന്നും ഉയർന്ന സംതൃപ്തിയുടെ
ഏമ്പക്കം നിന്നിലും സംതൃപ്തി പകർന്നെന്നത്
ഉമ്മറകിണ്ടിയിലെ വെള്ളം തരുമ്പോൾ
നിന്റെ നിറഞ്ഞ ചിരിയിലെനിക്ക്
അറിയാൻ കഴിഞ്ഞു ...




ഇനി നിന്റെ മിഴികളിൽ
നീ സുറുമയെഴുതുക ...
നിന്റെ സ്വപ്നങ്ങളിൽ
നിറം ചാലിക്കുക ...
കവിളുകൾ ഇനി കണ്ണീരുണങ്ങാതെ
ചുവന്നു തുടുക്കണം ...
മേനിയിലെന്നും അത്തറിൻ
മണം വേണം ..
നിന്റെ പുഞ്ചിരി പൂ നുകരാൻ
ഒരു വർണ്ണശലഭമായി ഞാനണയും ..
ഇറുകെ പുണരാൻ ...
നനിന്നിലെ നിന്നിലൂറും
തേൻ നുകരാൻ ...

2018 ജനുവരി 12, വെള്ളിയാഴ്‌ച


അടക്കാനാവാത്ത അഭിനിവേശത്തോടെ
ഞാൻ അടുക്കാൻ ശ്രമിക്കുന്നു ...
അറിയും തോറും നീ അനന്തമാകുന്നു ...
അത് എന്നിൽ ആനന്ദമേകുന്നു ...
നിന്നിൽ ഭ്രമിച്ചു ഞാൻ തപ്പി തടഞ്ഞു വീണപ്പോൾ
ഒരു കൈത്താങ്ങിനായി ഞാൻ പരതിയനേരം
ഒരുപാട് കൈകളുമായി നിങ്ങളെല്ലാം രക്ഷകരായെത്തി ...
താങ്ങായും തണലായും പ്രോത്സാഹനമായും ...
നന്ദി മിത്രങ്ങളേ ...
ഇനിയും ഞാൻ പ്രണയിക്കുന്നു,
അടക്കാനാവാത്ത അഭിനിവേശത്തോടെ ...
എന്റെ അക്ഷരക്കൂട്ടങ്ങളെ ....

2018 ജനുവരി 9, ചൊവ്വാഴ്ച

ഒരു നാൾ മറ്റുള്ളവരെപ്പോലെ
ഞാനും നിന്നെവിട്ട് ആറടി മണ്ണിലേക്ക്
പോകും ദിനം, എന്നെ യാത്രയാക്കാൻ
നനഞ്ഞ കൺപീലികൾക്കു പകരം
ചിരിക്കുന്ന ചുണ്ട് സമ്മാനിക്കാൻ
നിനക്ക് കഴിഞ്ഞാൽ അന്നാവും
നീയെന്നെ ഏറ്റവും സ്നേഹിക്കുന്നത് ...

2018 ജനുവരി 8, തിങ്കളാഴ്‌ച


നീ വീണ്ടും മൗനത്തിന്റെ
മുഖംമൂടിയണിഞ്ഞിരിക്കുന്നു ...
പെയ്തുതോർന്ന മഴയായി നീ ...
ഇനിയും മഴത്തുള്ളികളെ
പ്രണയിച്ചുതീരാതെ ഞാൻ ...
വാക്കുകൾക്കും വാളിനും
മൂർച്ചയില്ലാതെ ഞാൻ
രാപ്പകലുകൾ തോറും
വേട്ടയാടുന്ന നിന്റെ ഓർമകളോട്
യുദ്ധം ചെയ്ത് തളരുന്നു ....
ഇനി ഓർമകളുടെ ശരശയ്യയിൽ
എനിക്കെന്നും നിത്യ സുഷുപ്തി ...

2018 ജനുവരി 5, വെള്ളിയാഴ്‌ച


പുലരി മഞ്ഞിന്റെ പുതപ്പണിഞ്ഞിരുന്നു,
പച്ചോലതുച്ചിലൂടെ ഒളിഞ്ഞുനോക്കിയ
സ്വർണകിരണങ്ങൾ പുഞ്ചിരി വിടർത്തി
സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞ കിനാക്കളുടെ
ആദ്യരാത്രിയുടെ ആലസ്യം മാറിയിരുന്നില്ല ...
ഞെരിഞ്ഞമർന്ന മെത്തയിലെ മുല്ലമൊട്ടിലെ
ചുവപ്പു കാണുമ്പോൾ അഭിമാനം ...
ഇനി  സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ
ഇനിയും സന്ധ്യ ഇതിലെ വന്നെത്തണം ...
ബന്ധങ്ങൾ ദിവ്യമാകണം, അതിൽ -
തെറ്റിദ്ധാരണയുടെ മൂടുപടം വേണ്ട
ഇനി നിത്യം മന്ദസ്മിതം പൊഴിക്കണം
ആത്മാവിൽ തൊട്ടുണർത്തും ബന്ധങ്ങൾ ...

2018 ജനുവരി 2, ചൊവ്വാഴ്ച


മനസ്സിൽ എന്നോ അടക്കം ചെയ്ത
പ്രണയത്തിന്റെ കുഴിമാടത്തിൽ
അന്ന് തർപ്പണം ചെയ്ത എള്ളിൽ നിന്നും
ഇന്ന് പുതുനാമ്പ് പൊട്ടി മുളക്കുന്നു ...
അന്ന് പുസ്തകത്താളിൽ ഒളിച്ചുവെച്ച
മയിൽ‌പീലിതുണ്ട് തേടി ഹൃദയം
പൊടിതട്ടി തിരയുന്നു ...
ചെറു ചലനം ... അതെ ആ പീലികളിൽ
ഇന്ന് മൃദുലമാം ജീവൻ തുടിക്കുന്നു ...

2018 ജനുവരി 1, തിങ്കളാഴ്‌ച


ഇന്ന് നാം തീർത്തും രണ്ടപരിചിതർ
ഇതൾകോഴിഞ്ഞുപോയ വർഷത്തിൽ
തമ്മിൽ കാണണമെന്ന ദൈവവിധിയാവാം
അവസാന നാളിൽ എന്നെ അവിടെയെത്തിച്ചത് ...
നിന്റെ ചുണ്ടിലെ പരിഹാസച്ചിരി
ഞാൻ തിരിച്ചറിഞ്ഞിരുന്നു ...
പ്രതികരിക്കാത്ത എന്റെ മൗനം
നിന്റെ വിജയമെന്ന് അഹങ്കരിക്കണ്ട ...
എന്നെ വേണ്ടാത്തവരെ ഞാനെന്തിന് ഗൗനിക്കണം ???