2017 ഫെബ്രുവരി 28, ചൊവ്വാഴ്ച


സദാചാരം എന്ന ദുരാചാരത്തിന്റെ കാവൽക്കാർ എന്ന് സ്വയം നിയമിതരാവുന്ന മാന്യ ദേഹങ്ങളുടെ മുഖം മൂടി വലിച്ചു കീറിയാൽ കാണുന്ന കാപട്യത്തെ വെളിച്ചത്തു കൊണ്ടുവരേണ്ടത് ഈ ഒരു കാലഘട്ടത്തിൽ അനിവാര്യമാണ്. സദാചാര ദൗത്യത്തിന്റെ മറവിൽ സ്വാര്ഥതയെ സ്വായത്തമാക്കുന്ന കാപട്യത്തെ ഉന്മൂലനം ചെയ്യുക എന്ന കർത്തവ്യം അത്യന്താപേക്ഷിതമായിരിക്കയാണ്. ഞാനെന്ന അഹംഭാവത്തിന്റെ മൂർത്തീഭാവങ്ങളായ ഇവർ സദാചാരത്തിന്റെ തണലിൽ സ്വൈര്യ വിഹാരം നടത്തുന്നത് ഇന്നത്തെ പൈശാചികതക്ക് വീണ്ടും ആഴമേകുന്നു . സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നമ്മുടെ നാടിന് ഈ സദാചാരഭടൻമാരുടെ സേവനം ആവശ്യമോ എന്നത് ഒരു ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുന്നു ...ഈ പ്രവണതയുടെ വിരാമത്തിനായി ആശ്രാന്തപരിശ്രമം നടത്താൻ കൈകോർക്കാൻ സമയമായെന്ന സത്യം നാം ഉൾക്കൊണ്ടേ മതിയാകൂ...

2017 ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഇന്ന് എന്റെ ഹൃദയം മുറിഞ്ഞൊഴുകിയ
ചോരതുള്ളികൾ നിലംപതിച്ചപ്പോൾ
അതിൽ തെളിഞ്ഞ രൂപം നിന്റേതായിരുന്നു ...
നീ എനിക്ക് സ്വന്തമാവും നിമിഷമോർത്
വിങ്ങുന്ന ഹൃദയം പൊട്ടുന്ന പോലെ...
സ്നേഹത്തിന് മരുഭൂമിയിൽ ഞാൻ തേടും
മരുപ്പച്ചയാണ് എനിക്കിന്ന് നിന്റെ സ്നേഹം
ഒരു മാത്ര നിന്നിലലിയാൻ ഞാൻ കൊതിച്ചത്
എന്റെ വെറും ചാപല്യമല്ലെന്നറിയുക,
നിന്നോടുള്ള എന്റെ കളവില്ല സ്നേഹത്തിൻ
അളവില്ലാ പരിലാളനം ഒന്ന് മാത്രം ...


2017 ഫെബ്രുവരി 26, ഞായറാഴ്‌ച


മറവി എനിക്കൊരു വരദാനമായി തന്ന
സര്വേശ്വരനോട് എന്നും കടപ്പാട് മാത്രം...
ഓർമയുടെ നൊമ്പരം ശാപമായി നിലനിർത്തിയെങ്കിലും
ആ ശാപത്തിൻ മധുരം ഞാനാവോളം നുകര്ന്നു..
ചവിട്ടി കയറിയ പടവുകളിൽ എന്നും
മൂർച്ചയേറിയ മുള്ളുകളായിരുന്നു ...
ഉണങ്ങി കരിഞ്ഞ മുറിപ്പാടുകൾ
ഇന്ന് മധുരമുള്ള ഓർമകളാവുന്നു ..
ഇനി എന്റെ മറവിയെന്ന വരദാനം തിരിച്ചെടുത്താലും..
നോവുന്ന ഓർമകളെ പ്രണയിക്കാൻ 
ഞാൻ ഇന്ന് പഠിച്ചിരിക്കുന്നു.

2017 ഫെബ്രുവരി 24, വെള്ളിയാഴ്‌ച


ആ പൊടിമീശയാൽ അലങ്കരിച്ച
നിൻ അധരത്തിൻ മധുരം നുകരേണം ...
ഒരു വേള നിൻ ശ്വാസം കടമായി തരണം-
പകരമൊരു കിതപ്പിലെ വിയർപ്പുതുള്ളി
നിനക്കായ് തരും ഞാൻ ...
ഒരു തൂവലാൽ തഴുകി നിന്നെ
ഇക്കിളി പെടുത്തുമ്പോൾ
ഇമ പാതി കൂമ്പി നീ എന്നെ പുണരേണം ..
ഒരു മൃദു ആലസ്യത്താൽ നീ കുറുകേണം-
അതു കേട്ടെന്റെ അന്തരംഗം ഉണരേണം ..
ഒരു മഞ്ഞുതുള്ളിയായി എന്നിലെ ഞാൻ
നിന്നിൽ പെയ്യുമ്പോൾ ഒരു നഖക്ഷതം
നീ എനിക്ക് സമ്മാനമായി തരില്ലേ ???

2017 ഫെബ്രുവരി 23, വ്യാഴാഴ്‌ച


നിന്റെ ഓർമകൾക്ക് വന്ധ്യത
വന്നത് ഞാൻ അറിയുന്നു..
എന്റെ സ്വപ്നങ്ങളുടെ ബീജത്തിന്
ഇനി പിറവി ഇല്ലാതായിരിക്കുന്നു....
നമുക്കിടയിൽ മൗനത്തിന്റെ
മൂടുപടം നീ അണിഞ്ഞിരുന്നു...
നിന്റെ കരിമഷി കലങ്ങാതിരിക്കാൻ
ഞാൻ എന്റെ ചുണ്ടിൽ ചായം പുരട്ടി..
ഇഷ്ടമെനിക്കെന്നും നഷ്ട്ടം തന്നെ
നീ തന്ന ഓർമ്മകൾ ശിഷ്ടവും ...

---സുധി ഇരുവള്ളൂർ ---


2017 ഫെബ്രുവരി 21, ചൊവ്വാഴ്ച

ഇല്ലാ ..എന്നെ കാണ്മാനില്ലാ ..
എന്നെ തിരഞ്ഞു ഞാൻ നാലുദിക്കും
വെപ്രാളത്തിൽ ഓടിനടന്നു ..
ഞാൻ എന്നോട് ചോദിച്ചു ഞാനെവിടെ ??
ഞാൻ എന്റെ നിഴലിനോട് ചോദിച്ചു ഞാനെവിടെ..
ഇത് കേട്ട നിഴൽ ചിരിച്ചുകൊണ്ട് പറഞ്ഞു ..
ഒരു ദുരിതത്തിന്റെ അന്ധകാരം  പൊതിഞ്ഞപ്പോൾ
നിഴലും എന്നെ വിട്ടകന്നു പോലും...
ഞാൻ എന്നെ തിരച്ചിൽ നിർത്തി..
ഇനി ഞാൻ എന്നെ തിരയുന്നില്ല
കാരണം ഞാൻ മനസ്സിലാക്കിയിരിക്കുന്നു,
എനിക്ക് ഇന്ന് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു .

---സുധി ഇരുവള്ളൂർ---

പ്രണയം എന്ന വിഷയത്തിന് കടലിന്റെ ആഴവും പരപ്പുമുണ്ട് ..അതിൽ കോടാനുകോടി ജീവജാലങ്ങളുടെ ശ്വാസമുണ്ട്...ആകാശത്തോളം വിശാലതയുണ്ട്... എത്ര സഞ്ചരിച്ചാലും അറ്റമെത്താത്ത പാതയാണത്... തമ്മിൽ കൈവിരൽ കോർക്കലോ നഗ്നത പങ്കിടാലോ പ്രണയമല്ല...വെറും ചേഷ്ടകൾ മാത്രം... അവാച്യമായ നിർവൃതിയുടെ അനന്തത പോലെ പ്രണയം എന്നും നമുക്കിടയിൽ ഒഴുകി നടക്കും.... അമരത്വത്തോടെ...







ഹൃദയത്തിന്റെ ചില്ലയിൽ ഇന്ന്
ഒരു കൊച്ചു കിളിക്കൂട് പണിതു...
അതിൽ ഒരു കൊച്ചു കുഞ്ഞിക്കിളിയായി ഞാൻ
ഇനി എനിക്ക് എന്റെ കൂട്ടുകാർക്കായി
 മൂളണം ഒരു ചെറു പാട്ടെങ്കിലും ...
എന്റെ അമ്മക്കിളി അന്നെന്റെ
ചെവിയിൽ മൂളി പഠിപ്പിച്ച പാട്ടുകൾ...
കൂട്ട് കൂടാനും പങ്കുവെക്കാനും
ഇനി നമുക്കീ കൊച്ചു കിളിക്കൂട്ടിൽ
ഒത്തു ചേരാം കൂട്ടരേ...



മനസ്സേ...നിനക്കിന്ന് എന്ത് പറ്റി ???
പ്രിയമുള്ളവരോട് നീയിന്ന് വഴക്കടിച്ചില്ലാ ...
ആരാലും ഇന്ന് നീ തെറി കേട്ടതില്ലാ ...
ദുരിതദർശനം നിന്റെ മിഴികളിന്നേറ്റുവാങ്ങിയില്ല...
കലഹസ്വരം നിന്റെ കാതുകൾ കേട്ട് വെറുത്തില്ല...
അകന്നു പോയ രാപ്പാടിയുടെ തേങ്ങലോർത്തതില്ല...
ആശ വിരിയും പകൽക്കിനാക്കൽ പടികടന്നുപോയില്ലാ ...
അകന്നു പോയ അവളുടെ  കാൽപ്പാടുകൾ ഇന്ന് നീ പിന്തുടർന്നില്ലാ ..
എന്നിട്ടുമെന്തേ മനസ്സേ നീ എന്നിൽ നിന്നും
നൂലില്ലാ പട്ടമായി പിടിതരാതെ ഇന്ന് ദൂരേക്ക് പറന്നകലുന്നു ...

കണ്ണിനു കുളിരായി ഇന്നലെ
സ്വപ്നസാക്ഷാത്കാരത്തിന്റെ
ഒരു അവാച്മാം നിർവൃതി...
ഞാൻ ആരാധിക്കുന്ന എന്റെ വിഗ്രഹം
ഒരു ദേവിയുടെ രൂപംപൂണ്ട്
എൻ മുന്നിൽ പ്രത്യക്ഷയായി...
ഒരു വേള ഞാനാ തേജസ്സിൻ മുന്നിൽ
ഇമയനങ്ങാതെ സ്തബ്ദ്ധനായി...
ഒരു പുഷ്പകവിമാനമെനിക്കായ്‌ വന്നെങ്കിൽ
ഇന്നലെ ഞാനൊരു രാവണനായേനെ...
ഇനി നിന്റെ വരപ്രസാദത്തിനായി
നാൾ ദിനം നിന്നെ ഞാൻ പൂജിച്ചു നിൽക്കും
നീ എന്നിൽ പ്രസാദിക്കും നിമിഷത്തിനായ്
നിൻ നാമം മന്ദ്രമായ് ഉരുവിടും ...

2017 ഫെബ്രുവരി 19, ഞായറാഴ്‌ച


'ന്ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന പഴഞ്ചൻ ചിന്തകൾ ഇന്ന് കാലയവനിക്കുള്ളിൽ മറഞ്ഞിരിക്കുന്നു. തുല്യതക്ക് വേണ്ടിയുള്ള പോരാട്ടക്കളരിയിൽ തികഞ്ഞ മെയ്‌വഴക്കത്തോടെ അവൾ അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു...കലയിലും കൊലയിലും അവൾ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു ...അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള അവളുടെ യാത്ര  രാജ്യത്തിന്റെ പ്രഥമപൗര എന്ന തട്ടും പിന്നിട്ട് ശബരിമലയിൽ പ്രവേശനം വരെ എത്തി നിൽക്കുന്നു...ഉമ്മറ വാതിലിന്റെ പിന്നിൽ നിന്നും വന്നിരുന്ന പതിഞ്ഞ ശബ്ദമല്ല ഇന്ന് അവളുടേത്‌, ഇന്ന് ഓരോ സ്ത്രീയും ഓരോ സിംഹിണിയാണ് ..
തുല്യതക്കു വേണ്ടി ഇത്രയൊക്കെ പ്രയത്‌നിക്കുന്ന സ്ത്രീ പക്ഷെ എന്തിനു മുൻഗണനാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു...തുല്യതക്കു വേണ്ടി വാതോരാതെ സംസാരിച്ചു ബസ്സിൽ കയറുന്ന അവൾ വനിതാ സംവരണ സീറ്റിനായി  തിരയുന്നു... നിയമത്തിലും നീതിയിലും അവൾക്കു കിട്ടുന്ന മുൻഗണന അവളിൽ പലരും ഇന്ന് ദുർവിനിയോഗം  ചെയ്യുന്നത് വഴി പല പുരുഷാരവവും വഞ്ചിക്കപെട്ടതായും അറിയപ്പെടുന്നു ...
ഏതായാലും സ്ത്രീ എന്നും ബഹുമാനിക്കപ്പെടേണ്ടവൾ തന്നെ ...കാരണം അവൾ അമ്മയാണ് ..സഹോദരിയാണ് ...ഓരോ പുരുഷന്റെയും വാമഭാഗമാണ് ....


2017 ഫെബ്രുവരി 15, ബുധനാഴ്‌ച


ജന്മങ്ങൾ പലതായി നീയെന്നെ മോഹിപ്പിക്കുന്നു...
മുൻ ജന്മത്തിൽ ചുവന്നുതുടുത്തു പുഞ്ചിരിച്ച
ഒരു ചെമ്പരത്തിയായ് നീ.. ഒരു കൊട്ടാരം രാജ്ഞിയായ് ...
അന്ന് ഞാൻ പാണ്ടിദേശത്തെ നിന്നെ മോഹിച്ച, ഒരു ആട്ടിടയൻ...
നിന്റെ നോട്ടം പോലും കയ്യെത്താ ദൂരതെന്നറിഞ്ഞിട്ടും
ഹൃദയത്തിൽ നിന്നെ പ്രണയിച്ച വെറും പ്രണയാർത്ഥി...
ഈ ജന്മത്തിൽ വീണ്ടും ഞാൻ നിന്റെ പ്രണയത്തെ ദാഹിച്ചു
നിന്റെ കാൽപ്പാദങ്ങൾ വീണ മണൽ തേടുന്നു..
ഇനി എത്ര ജന്മം ഞാൻ കാത്തിരിക്കേണം നിന്നെ എനിക്കായ് നീ
സമർപ്പിക്കും ആ പുണ്യ ദിനം വന്നുചേരാൻ ???



2017 ഫെബ്രുവരി 14, ചൊവ്വാഴ്ച


ആശംസാ പ്രവാഹങ്ങൾ കണ്ടും കെട്ടും
എന്റെ പ്രണയം പല്ലിളിച്ചു് അട്ടഹസിച്ചു....
ഒരു നാൾ ഞാൻ അവൾക്കായി ഒരു ചെമ്പനീർ
തേടി അലഞ്ഞത് ഓർമയിൽ തെളിഞ്ഞു...
ഇതൾ കൊഴിയാത്ത ചെമ്പനീർ കിട്ടാതെ
എന്റെ ഹൃദയമറുത്തു ഞാൻ സമ്മാനിച്ചപ്പോൾ
അവളുപറഞ്ഞു ഈ ചെമ്പരത്തി പൂ ആർക്കുവേണം
ഇയാൾതന്നെ എടുത്തു ചെവിയിൽ വെച്ചൊന്ന് ....

2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച


ഇന്നത്തെ പുലരിയിലെ സൂര്യകിരണത്തിന്റെ -
കണ്ണിലും ഒരു പ്രണയത്തിൻ തിളക്കം...
ഭൂമി ഒരു നവവധുവായി കാത്തിരുന്നോ സൂര്യനെ...
ഒളികണ്ണിൽ നാണം പൂത്തത് കണ്ട് കിളികൾ കളിയാക്കിയോ ??
ദൂരങ്ങൾ താണ്ടി കാമുകിയെ തേടി ഓടിവരും
കാമുകൻ പരവശയായ പ്രണയിനിക്കായി
സമ്മാനിച്ചു ..ഒരു മൃദു ചുംബനം...
ചെമ്പനീർ പൂവ് തോൽക്കും ചുണ്ടിന്റെ ദളങ്ങൾ
മെല്ലെ വിടർത്തികൊണ്ട് ...







ഒരു പ്രണയം ഹൃദയത്തിലൊളിക്കാത്തവരായി ആരുണ്ട് ??
ആരും കാണാതെ ഒരു മൃദുസ്പർശമായി ഇടക്കത്തിനെ തലോടാത്തവർ ??..
മനസ്സിന്റെ താളിൽ വിരിയാൻ കാത്തു വെച്ച മയിൽ‌പീലി പോലെ..
ചിലപ്പോഴൊക്കെ ഒരു നെയ്യുറുമ്പിൻ കടിയുടെ നോവ് തരും...
പിന്നെ ചെറു നെല്ലിക്കയുടെ കയ്പ്പേറിയ മധുരവും ...

പ്രണയിനിക്ക് സമ്മാനം നൽകാൻ ഒരു പ്രണയദിനമെന്തിന് ??
ഞാൻ എന്റെ പ്രണയിനിക്കായ്‌ ഒരു പ്രണയ യുഗം തന്നെ മാറ്റിവെച്ചു ...
പ്രണയ സമ്മാനമായി കൊച്ചു പിണക്കങ്ങളും ഇണക്കവും പരിഭവങ്ങളും...
പിന്നെ രണ്ടുപേരുമൊത്തു ഒരു അമൂല്യ സമ്മാനമായി ഒരു വികൃതി കുടുക്കയും... അന്നും ഇന്നും എന്നും എന്റെ പ്രണയം മധുരം മാത്രം ...
വെറും മധുരമില്ല , സ്നേഹത്തിൽ ആറ്റിക്കുറുക്കിയ അതിമധുരം ....

vLnTnS dAy ആശംസകൾ ....




കോട്ട വാതിലുകൾ തല്ലി തകർക്കേണ്ടി വന്നേക്കാം...,കാരണം-
അതിന്റെ ചുമരുകൾ അന്ധവിശ്വാസത്താൽ കെട്ടിപ്പടുത്തതാണ് ...
ഞാൻ ഭീമനാകുമ്പോൾ നീ അർജ്ജുനനാവണം ..
നമുക്കിടയിൽ ഒരു യുധിഷ്ഠിരൻ ഇവിടെ  വേണ്ട...
ഘടോൽഘജവേഗതയിൽ തിന്മയെ ഒതുക്കേണം
നന്മയുടെ കൊടിനാട്ടി അതിൽ ആഞ്ജനേയ രൂപം പതിക്കേണം ...
സത്യവും ധർമവും നമുക്കൊപ്പം ആവുമ്പോൾ
സാരഥിയായി വാസുദേവനുണ്ടാവും തീർച്ച...
വിജയം മാത്രമാണ് ലക്ഷ്യമെന്നറിയുക ..
ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിച്ചിടും...




2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച


ഇന്ന് നീ ഒരു സംഗീതം പോലെ
എന്നെ നിന്നിലേക്ക്‌ ആകർഷിക്കുന്നു...
നിന്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ
എനിക്ക് കഴിയുമെന്ന് അറിയുക...
നിന്റെ സ്വപ്നങ്ങൾക്ക് ഞാൻ ഇനി
ചിറക് മുളപ്പിക്കും..
ഒളിമറവില്ലാത്ത ഒരു നല്ല സൗഹൃദം
നമുക്കെന്നും നിലനിർത്തണം ...
ആർക്കും അസൂയതോന്നും രീതിയിൽ...


എരിഞ്ഞടങ്ങിയ പകലിന് പിന്നാലെ
വന്നെത്തിയ സായംസന്ധ്യയുടെ
മുഖം ചുവന്നു തുടുത്തിരുന്നു.
ആർത്തിരമ്പുന്ന തിരമാലകളെ
വകഞ്ഞുമാറ്റി സൂര്യൻ കടലിന്റെ
ആഴങ്ങളിലേക്ക് മുഖം ചായ്ച്ചു.
കണ്ടുതീർന്ന കിനാവുകൾ സുന്ദരം
ഇനി കാണാനുള്ളവ അതിസുന്ദരമെന്ന
പ്രതീക്ഷയിൽ നീങ്ങുന്ന ജന്മങ്ങള് ...
സ്വപ്‌നങ്ങൾ ഒരു നിശാപുഷ്പം പോലെ
വിരിയാൻ വെമ്പി നിൽക്കവെ
ഓർമയുടെ തോണി പങ്കായം നഷ്ടപ്പെട്ട്
ദിശയറിയാതെ അലയുന്നു...
ഇത് ജീവിതം, ഇവിടെ സന്തോഷവും ദുഃഖവും
സ്വപ്നങ്ങളും കിനാക്കളും
പ്രതീക്ഷകളും ഓർമകളും സമന്വയിക്കുന്നു ...
ജീവിതം ജീവിച്ചു തന്നെ തീർക്കണം...

2017 ഫെബ്രുവരി 9, വ്യാഴാഴ്‌ച


നിനക്കുമില്ലേ ഉള്ളിൽ മോഹം ?...
എന്റെ കൈയ്യിൽ കൈ കോർത്ത്
എന്റെ ചുമലിൽ തലചായ്‌ച്
മഞ്ഞുവീണ പാടവരമ്പിലൂടെ
പുൽക്കൊടികളെ വേദനിപ്പിക്കാതെ
എനിക്കൊപ്പം നടക്കുവാൻ ???

ഇനിയെങ്കിലും നീ നിന്റെ ഹൃദയം തുറന്ന്
സ്വയം പരിശോധിക്കൂ ...അവിടെ എന്റെ സ്ഥാനം
നിനക്കപ്പോൾ മനസ്സിലാകും..
കണ്ടില്ലെന്നു നടിക്കാനാവാത്തത്ര അരികെ
നിന്റെ മാറിൽ വിങ്ങും കാന്തിക്ക് ചാരെ
ഒരു മർജ്ജാരനെ പോലെ നീയെന്നെ ഒളിച്ചുവെച്ചു...
മറ്റാർക്കും കാണാൻ കഴിയാത്ത രീതിയിൽ
പട്ടുചേല കൊണ്ട് നീയെന്നെ മൂടിവെച്ചു...
ഇനി ഒരു സമ്മത മൂളലിൻ മർമ്മരം കേൾക്കാൻ
കാതോർത്തു ഞാൻ എന്നും കാത്തിരിക്കും...
 

2017 ഫെബ്രുവരി 7, ചൊവ്വാഴ്ച


നീയെന്നിൽ മോഹമായി വളരുന്നു,
അകതാരിൽ ഒടുങ്ങാത്ത ആവേശമായി...
നിന്നെ അറിഞ്ഞ മാത്രയിൽ നീയെനിക്കായ്‌
പിറന്നവളെന്നു കരുതിയ ഞാനാണോ വിഡ്ഢി ??
ഒന്ന് നീ അറിയുക നിന്റെ ഒരു മൗനസമ്മതത്തിനായി
ദാഹിച്ചു മോഹിച്ചു നിൽക്കുന്ന എന്നെ
കണ്ടില്ലെന്നു നടിക്കാൻ നീയെന്ന-
പ്രണയിനിക്ക് കഴിയില്ല തീർച്ച...
ഇഷ്ടങ്ങളുടെ ഒത്തു ചേരൽ സർവേശ്വരൻ
കുറിച്ചിട്ടപോലെ നടക്കും..
ഈ ഭൂമിയാം സ്വർഗത്തിൽ...
ഇനിയും മരിക്കാത്ത പ്രതീക്ഷയോടെ
നിനക്കായ് ഞാനെന്നും കാത്തിരിക്കും ...
നീ ഇന്നെന്റെ ഭ്രാന്താണ്...
ഭ്രാന്തമാം ആവേശമാണ്...

പ്രണയത്തിന്റെ കുളിരിൽ
നിന്റെ അധരങ്ങൾ വിറകൊണ്ടിരുന്നു...
മിഴികൾ പിടഞ്ഞുണർന്ന മാൻപേടയായി-
നീ എന്നിലേക്ക്‌ പകർന്നത്
ചുടു നിശ്വാസമായിരുന്നു ...
ഇമകൾ പോർക്കോഴികളെ പോലെ
തമ്മിൽ കൊത്താൻ തുടങ്ങി..
അടങ്ങാത്ത ദാഹത്തിനു മുന്നിൽ
ദേഹം ശിരസ്സു നമിച്ചു...
എന്നിലെ എന്നിലേക്ക്‌ നീ അണഞ്ഞ
ആ തണുപ്പുള്ള രാവിൽ
നിന്നിൽ പെയ്തിറങ്ങിയ
എന്റെ സ്വപ്നങ്ങളാണ്
ഇന്നെന്റെ ജീവന്റെ ജീവൻ...






പ്രണയം വിരിഞ്ഞത് കണ്ണിലോ-
 കരളിലോ അറിയില്ല ...
നിൻ മൊഴി കേട്ടുണരുന്ന പുലരികൾ-
ധന്യം തന്നെ എന്നും...
നോക്കെത്താ ദൂരത്തെങ്കിലും ഞാൻ നിന്റെ
ശ്വാസത്തിൻ അരികെയെന്നറിയുക
കയ്യെത്തി പിടിക്കാൻ കൊതിച്ചു
 ഞാൻ കൈ നീട്ടി നിൽക്കാം...
വന്നണയുക എന്റെ നെഞ്ചിൻ ചൂട് പറ്റാൻ സഖീ..
നിന്നെ ചേർത്തു നിൻ മുടിയിഴകൾ തലോടി
അരുമയിൽ ആ കാതിൽ ഒരു സ്വകാര്യം...
എന്റെ രോമാവൃതമാം മാറിലൂടെ 
വിരലോടിക്കുന്ന നിന്റെ അധരം നുകരണം..
പിന്നെ നാമിരുവരും മാത്രമായ ഒരു ലോകത്തേക്ക്
സ്വപ്നത്തേരിൽ നിന്നെ കൊണ്ട് പോകണം...

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച


അന്നൊരു നാള് ഞാനാ ചോറ്റു പാത്രം 
കാലിയാക്കിയിരുന്നെങ്കിൽ 
ഇന്നെന്റെ മകന് കാണിച്ചു കൊടുക്കാൻ 
അമ്പിളിമാമൻ മാനത്തു ഉണ്ടാവുമായിരുന്നില്ലാ ...
എന്റെ 'അമ്മ അന്ന് അതിനെ 
എനിക്ക് പിടിച്ചു തന്നേനേ...


2017 ഫെബ്രുവരി 5, ഞായറാഴ്‌ച





എന്റെ യാത്രകളിൽ  മിക്കതിലും
ഞാൻ ഒറ്റപ്പെട്ടവനായിരുന്നു...
വളരെ യാദൃശ്ചികമായി ഇത്തവണ
എന്നെ യാത്രയാക്കാൻ വിണ്ണിൻ നിന്നും
ഒരു മാലാഖയായി നീ എനിക്കൊപ്പം വന്ന്ചേർന്നു ..
ഒരു പുള്ളിക്കുയിലിൽ മധുരിക്കും നാദമായ് ..
ഒരു കുട്ടികുറുമ്പിയാം മാൻപേടയുടെ വികൃതിയായ്
എന്റെ സന്തോഷങ്ങളും പരിഭവങ്ങളും
ഇന്ന് പങ്കുവയ്ക്കാൻ ഒരു കൈത്താങ് ..
ഇനി എന്റെ സ്വപ്നത്തിൻ സ്വർഗീയ നിമിഷത്തിൽ
ഒരു മണവാട്ടിയായി നീയെന്റെ മണിയറയിൽ
തമ്മിൽ പരസ്പരം പുണർന്നു സ്നേഹം പങ്കിടാൻ
വലതുകാൽ വെക്കും നിമിഷത്തിനായി
മഴകാക്കും വേഴാമ്പൽ പോലെ ഞാൻ
പ്രതീക്ഷയോടെ കാത്തിരിക്കാം...
നിരാശപെടുത്തില്ലെന്ന വിശ്വാസത്തോടെ...

2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച


കണ്ണീരുപ്പിന്റെ രുചിയായിരുന്നു
എന്റെ സ്വപ്നങ്ങൾക്ക്..
മോഹങ്ങളുടെ പട്ടത്തിന്റെ നൂല്
എന്നോ പൊട്ടിയിരുന്നു..
പ്രളയം പോലെ വന്നെത്തിയ പ്രണയത്തിൽ
സർവ്വതും ഒലിച്ചു പോയപ്പോൾ
ഒരു കച്ചിതുരുമ്പായി കുറച്ചു-
ഓർമ്മകൾ മാത്രം ബാക്കി....

മുട്ടി വിളിച്ച വാതിലുകള്
കൊട്ടി അടച്ചപ്പോഴും
പ്രതീക്ഷയുടെ മിന്നാമിന്നി വെട്ടത്തിൽ
തളരാത്ത ചുവടുമായി ഞാൻ മുന്നേറി...
വെയിലിനും വാട്ടാൻ കഴിയാത്തത്ര
എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തിയിരുന്നു...
ഒരു ചെറു സമ്മാനമല്ല ലക്ഷ്യമെന്നറിയാം..
മതഭേദമന്യേ കയറിയിറങ്ങിയ ദേവാലയങൾ
കൈമലർത്തിയ രാപ്പകലുകൾ...
ഒടുവിൽ ഞാൻ ചിന്തിച്ചു, എന്തിനീ നെട്ടോട്ടം ?..
എന്റെ ശരീരത്തിലും ഉണ്ടല്ലോ രണ്ടെണ്ണം,
അതിലൊന്ന്  നൽകാം..ഒരു കൊച്ചു സമ്മാനമായ് ...





താഴെ വീഴും നാളെണ്ണി നിൽക്കും
പഴുത്തില ഞാൻ
എന്റെ ശരീരത്തിൻ നിറഭേദം
നോക്കി നീ ചിരിക്കേണ്ട തളിരേ ...
അന്ന് ഒരു ദിനം ഇന്നത്തെ നിന്നെ പോലെ
ചിരിച്ചവനായിരുന്നു ഞാനും ,
ഇനി വരും നാളിൽ ഇന്നത്തെ ഞാനാവും നീ ...
അന്ന് നിന്നെ നോക്കി ചിരിക്കാൻ
മറ്റൊരു തളിരിനെ കാലം കാത്തു വെക്കും...

കടക്കണ്ണിൻ കാടാക്ഷം കാത്തു
ഞാൻ നിന്ന വരാന്തയിൽ -
ചിരിച്ചുടഞ്ഞ കുപ്പിവള കിലുക്കം
ഒരിക്കൽ കൂടി കേൾക്കാൻ കൊതിയായി ഇന്ന്,
തടിയൻ പ്ളാവിലെ കാക്കക്കൂട്ടിൽ
മുട്ടയിട്ടു പറക്കുന്ന കള്ളി കുയിലിന്റെ
പാട്ടിനെ പിന്തുടരണം ..
അരയാലില കീറി കണ്ണനെ നോക്കിയ
ആൽമര തറയിൽ തലചായ്ക്കണം...
കാൽമുട്ട് ചുവപ്പിച്ച ചരലുള്ള
മൈതാനമധ്യത്തിൽ കമിഴ്ന്നു വീഴണം...
പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തെഴുതിയ
പച്ചില തണ്ടൊന്നു മുറിച്ചെടുത്താ-
ചുവരിലൊരിക്കലൂടെ നമ്മുടെ പേരുകൾ
തുപ്പലിൽ ചാലിച്ച് എഴുതി ചേർക്കണം..