2016, ഡിസംബർ 28, ബുധനാഴ്‌ച

കാത്തിരിപ്പാണവൾ....

അന്ന്...പൂപാറ്റയെ തുന്നിയ
കുഞ്ഞുടുപ്പു അണിഞ്ഞു അവൾ
കാത്തിരുന്നു...
പണി കഴിഞ്ഞു വരുന്ന
അച്ഛന്റെ കയ്യിലെ
കടലാസുപൊതിക്കായി....

പിന്നെ.. കുളിച്ചു പുത്തനുടുപ്പണിഞ്
കണ്ണിൽ കരിമഷി എഴുതി
അവൾ കാത്തിരുന്നു...
ഏട്ടനൊപ്പം സിനിമക്ക് പോകാൻ...

പിന്നെ ...കൗമാരം കണ്ണിൽ
പ്രണയം വിരിയിച്ചപ്പോൾ
അവൾ കാത്തിരുന്നു...
പ്രിയതമൻ വരും ബൈക്കിന്റെ
ശബ്ദത്തിനായി...

പിന്നെ...യൗവനം എത്തിയപ്പോൾ
വാതിൽ പാതി ചാരി കാത്തിരുന്നു ...
പൂമുഖ വഴിയിൽ പെണ്ണ് കാണാൻ വരും
ചെക്കന്റെ കാലൊച്ചക്കായി...

പിന്നെ...ഭർതൃഗൃഹത്തിൽ
വഴിക്കണ്ണുമായി കാത്തിരുന്നു...
വിയർപ്പും കള്ളും കലർന്ന
അദ്ദേഹത്തിന്റെ സുഗന്ധത്തിനായ്...

പിന്നെ...ചോറിൽ വെള്ളമൊഴിക്കാതെ-
ഉണ്ണാതെ കാത്തിരുന്നു....
പൊന്നുമോൻ സെക്കന്റ് ഷോ
കഴിഞ്ഞു വരുന്നതും കാത്തു....

ഇന്ന് ....തളർന്ന കയ്യുമായി അവൾ
വൃദ്ധസദനത്തിൽ ഇപ്പോഴും
കാത്തിരിക്കുന്നു...
കാലൻ കയറുമായി പോത്തിന്റെ പുറത്തു
വരുന്നതും നോക്കി...






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ