# വേശ്യ
---------------
"ഇനിയാർക്കെങ്കിലും വേണോടാ എന്റെ ശരീരം ?" ഭ്രാന്തി വാസന്തി കവലയിൽ നിന്ന് അലറി ചോദിച്ചു. പുരുഷാരവങ്ങളെല്ലാം അവജ്ഞയോടെ ആ ഭ്രാന്തിയെ നോക്കി പരിഹസിച്ചു ചിരിച്ചു.
വായിലുള്ള മുറുക്കാൻ ഒന്നൂടെ ചവച്ചു കൊഴുത്ത തുപ്പൽ ഇരുവിരലുകൾക്കിടയിലൂടെ അവളൊന്നു നീട്ടിത്തുപ്പി. വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി അവളൊന്നു ചിരിച്ചു. കെട്ടിവെച്ചിട്ടും അങ്ങിങ്ങായി പാറിക്കിടക്കുന്ന അവളുടെ മുടി കണ്ടാലറിയാം കുളിച്ചിട്ടു ദിവസങ്ങളായെന്ന്. തോളിലുള്ള ചെറിയൊരു ഭാണ്ഡക്കെട്ട് അവൾ മാറോട് ചേർത്ത് പിടിച്ചിട്ടുണ്ട്.
ഒട്ടി ചുളിഞ്ഞ വയർ അവളുടെ വിശപ്പിനെ വിളിച്ചറിയിക്കുന്നു.
യൗവ്വനം പിന്നിട്ട വാസന്തിയെ നാട്ടുകാർ 'വെടി വാസന്തി' എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. അതെ അവൾ കുറച്ചു വർഷം മുൻപ് വരെ നാട്ടിലെ അറിയപ്പെടുന്ന വേശ്യയായിരുന്നു. ഇപ്പോൾ ചോരയും നീരും വറ്റിയപ്പോൾ അവളെതേടി ആണുങ്ങൾ വരാതായി. അല്ലെങ്കിലും മാനസികമായി തകർന്നവളെ ആര് പ്രാപിക്കാൻ !! ഇന്ന് അവൾക്ക് കടത്തിണ്ണയിൽ പേടികൂടാതെ കിടക്കാം. അല്ലെങ്കിലും പേടിയൊക്കെ എന്നോ കഴിഞ്ഞതല്ലേ.
വാസന്തി കവലയിലെ ഒരു കല്ലിൽ ഇരുന്നു തലയിൽ മാന്തി. മടിക്കുത്തിൽ നിന്നും ഒരു ചെറുകഷണം പുകയിലത്തണ്ട് എടുത്തു വായിലേക്ക് തിരുകി. അവളെ കടന്ന് ഒരു വെളുത്ത കാറ് കുറച്ചു മുൻപിലായി നിർത്തി. അതിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ആൾ ഡോർ തുറന്ന് പുറത്തിറങ്ങി തൊട്ടടുത്ത കടയിൽ കയറി. അയാളെ കണ്ടതും വാസന്തിയുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം. കടയിലും ചുറ്റും ഉള്ളവരെ നോക്കി ചെറു ചിരി ചിരിച്ചുകൊണ്ട് അയാൾ കടക്കാരനോട് " ഒരു പാക്കറ്റ് ലൈറ്റ്സ് ഗോൾഡ്" കടക്കാരൻ സിഗരറ്റു കൊടുത്തു, പണം കൊടുക്കാതെ അയാൾ തിരിച്ചു കടയിൽ നിന്നുമിറങ്ങി. "വല്യ നേതാവാ, അടുത്ത മന്ത്രിയാവേണ്ട ആളാ, കാശ് ചോദിയ്ക്കാൻ പറ്റൂല" കടക്കാരൻ തൊട്ടടുത്ത് നിന്നിരുന്ന ഒരു വരത്തനോട് മെല്ലെ പറഞ്ഞു.
നേതാവ് കടയിൽ നിന്നും ഇറങ്ങിയ പാടെ വാസന്തി നേതാവിന്റെ അടുത്തെത്തി. "സാറേ വല്ലതും താ, എന്തേലും കഴിച്ചിട്ട് മൂന്നു ദെവസായി " നേതാവ് കൈനീട്ടി തന്റെ മുന്നിൽ നിൽക്കുന്ന വാസന്തിയെ ഒന്ന് നോക്കി. ചുറ്റും കൂടിയിരിക്കുന്നവർ ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. "ഫാ ഭ്രാന്തി വേശ്യേ, നീ എന്ത് കണ്ടിട്ടാഡീ എന്റടുത്ത് ഇരക്കാൻ വന്നത്" ആക്രോശിച്ചു കൊണ്ട് അയാൾ വാസന്തിയെ ആഞ്ഞു തള്ളി തൊട്ടടുത്ത കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി ഭ്രാന്തിയായ വേശ്യയെ തൊട്ട കൈ കഴുകി വൃത്തിയാക്കി കാറിൽ കയറി. ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു.
നിലത്തുവീണ വാസന്തി അകന്നുപോകുന്ന വെളുത്ത കാറ് നോക്കി ഒന്ന് ഉറക്കെ ചിരിച്ചു. നെറ്റി പൊട്ടി വന്ന ചോര കൈപ്പത്തികൊണ്ട് തുടച്ചു. കയ്യിലുള്ള ഭാണ്ഡക്കെട്ട് അവർ അപ്പോഴും മാറിൽ ചേർത്ത് പിടിച്ചിരുന്നു.
വാസന്തിയുടെ ഓർമ്മകൾ പിന്നിലേക്ക് പാഞ്ഞു. അകാലത്തിൽ മരണപ്പെട്ട തന്റെ ഭർത്താവിന്റെ മുഖം. ഭർത്താവിന്റെ മരണം കുടുംബത്തിന്റെ താളം തെറ്റിച്ചു. പട്ടിണിയിലേക്ക് വീഴുന്ന കുടുംബത്തിന് ആശ്വാസമായി അന്ന് സൈക്കിളിൽ എത്തിയ നാട്ടിലെ സാമൂഹ്യപ്രവർത്തകന് വെളുത്ത കാറിൽ നിന്നിറങ്ങിയ നേതാവിന്റെ മുഖമായിരുന്നു. വിധവാപെൻഷനുള്ള അപേക്ഷാ ഫോമുമായി വന്ന ദിവസം ആദ്യമായി ഒരു അന്യപുരുഷൻ തന്റെ മടിക്കുത്തഴിച്ചു. അതെ അതും അവൻ തന്നെ. പിന്നീട് ഓഫീസിൽ നിന്നും ഓഫിസുകൾ കയറിയിറങ്ങും തോറും അവനും അവൻ പറയുന്നവർക്കും താൻ വഴങ്ങുകയായിരുന്നു. ചില്ലറ തരുന്നവരും അല്ലാത്തവരും. ബാങ്കിൽ നിന്നും വായ്‌പയെടുത്ത് തയ്യൽക്കട തുടങ്ങിത്തരാമെന്നും പറഞ് വീടിന്റെ ആധാരം അവന്റെ പേരിൽ മാറ്റി വാങ്ങിയത് ചിരിച്ചുകൊണ്ടായിരുന്നു. പിന്നെ പിന്നെ അവനെ അങ്ങോട്ട് കാണാതായി. പട്ടിണി മാറ്റാൻ പുതിയ മുഖങ്ങൾ തേടി താനിറങ്ങി. അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന വേശ്യയിലേക്കുള്ള തന്റെ യാത്ര അനുദിനം വിജയിക്കുകയായിരുന്നു.
ആരോ തളിച്ച വെള്ളം മുഖത്ത് വീണപ്പോൾ വാസന്തി ചിന്തയിൽ നിന്നും ഉണർന്നു. നിലത്തു കൈകുത്തി പാടുപെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മാറോട് ചേർത്ത ഭാണ്ഡക്കെട്ടിൽനിന്നും വീണത് ഒരു പഴയ ഫോട്ടോ ആയിരുന്നു. ധൃതിയിൽ വാസന്തി ആ ഫോട്ടോ എടുത്തു മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു. "എന്റെ രാജേട്ടാ, ചെറുപ്രായത്തിലേ എന്നെ ഒറ്റക്കാക്കി പോയിട്ടല്ലേ ഞാനിന്ന് വേശ്യയും ഭ്രാന്തിയുമായത്". വാസന്തി തന്റെ ഭർത്താവിന്റെ ഫോട്ടോ ഭാണ്ഡക്കെട്ടിലേക്ക് സൂക്ഷിച്ചു വെച്ച് ഭാണ്ഡക്കെട്ട് മാറോട് ചേർത്ത് ഉറക്കെ ചോദിച്ചു "ഇനിയാർക്കെങ്കിലും വേണോടാ എന്റെ ശരീരം ?"
==സുധി ഇരുവള്ളൂർ==