രാമൻ നായരുടെ എളോർ മാവ്. ..
=============================================================
ഓർമ്മകൾ കൈ പിടിച്ചു നയിക്കുന്നു....ബാല്യ കൗമാരത്തിലേക്ക്.... ഒത്തിരി ഒത്തിരി ഓർമകൾക്കിടയിൽ പൊന്തി നിൽക്കുന്ന ഒന്നാണ് രാമൻ നായരുടെ എളോർ മാവ്.
രാമൻ നായർ നാട്ടിലെ ഒരു തറവാടിയാണ്. നാട്ടിൽ പലയിടങ്ങളിലായി അദ്ദേഹത്തിന് ഒരുപാട് ഭൂമി സ്വന്തമായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുറച്ചു ദൂരെയായി, അതായത് എന്റെ വീടിനടുത്തായി അദ്ദേഹത്തിന്റെ സ്ഥലത്ത് ഉള്ള ഒരു എളോർ മാവ് തരുന്ന സുന്ദര ഓർമ്മകൾ. ഈ മാവിന്റെ അവകാശി ഉടമസ്ഥൻ രാമൻ നായരോ ഭാര്യ മീനാക്ഷി അമ്മയോ മക്കളോ ആയിരുന്നില്ല. ആ പരിസരത്തെ ബാല്യകൗമാരങ്ങൾ ആയിരുന്നു ഈ മാവിന്റെ അവകാശികൾ. അത് തലമുറകളായി കൈമാറപ്പെട്ടു .എന്നാലും രാമൻ നായരോ ഭാര്യയോ വരുന്നത് കണ്ടാൽ എല്ലാവരും ഓടി ഒളിക്കും ട്ടോ.
കുഞ്ഞി സുധിയെ ആദ്യമായി ഉണ്ണിമാങ്ങ പരിചയപ്പെടുത്തിയത് ചേച്ചിയായിരുന്നു. അതും ഈ എളോർ മാവിൻ ചുവട്ടിൽ നിന്നും.അന്ന് മാങ്ങാചൊന മുഖത്ത് പൊള്ളിച്ചു വീട്ടിലെത്തിയപ്പോൾ അടികിട്ടിയത് എനിക്കായിരുന്നില്ല, ചേച്ചിക്കായിരുന്നു. പിന്നെ ചേച്ചി ഉണ്ണിമാങ്ങ വീഴാനുള്ള മൂലമന്ത്രം കൂടി പാടി പഠിപ്പിച്ചു തന്നു.
"കുഞ്ഞിക്കാറ്റടി അടി ഉണ്ണ്യാങ്ങേ വീഴ് വീഴ് ...."
ഈ മന്ത്രം ഈണത്തിൽ ചൊല്ലിയാൽ കാറ്റ് വീശി ഉണ്ണിമാങ്ങ വീഴുമത്രെ.
വലിയ മാങ്ങകൾ ഒക്കെ കൂട്ടത്തിലെ വലിയ ചേട്ടന്മാരുടെ കുത്തകയായിരുന്നു. എന്നാൽ മാവിലെറിയാനുള്ള കല്ല് എത്തിച്ചു കൊടുക്കുന്നവർക്ക് ചേട്ടൻമാർ കിട്ടുന്നതിലെ ഏറ്റവും ചെറിയ മാങ്ങ തരുമായിരുന്നു. അത് കുത്തിപ്പൊട്ടിച്ചു ഉപ്പും കൂട്ടി തിന്നതിന്റെ രസം ഇന്നും നാവിൻ തുമ്പിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ തന്നെ വായിലൂടെ കപ്പലോടിക്കാം.
അങ്ങനെ കാലം മാറി, ഏറുകാരും.... കുഞ്ഞിസുധി മാവിൽ എറിയാറായപ്പോൾ പിന്നെ ഉണ്ണിമാങ്ങയിൽ നിന്നും ഞാനും ചേച്ചിയും കൂട്ടുകാരും മാങ്ങയിലേക്കു ചുവടുമാറി. അപ്പൊ ഉണ്ണിമാങ്ങ വീഴ്‌ത്തുന്ന മന്ത്രം പിന്നീടുവന്ന തലമുറയിലേക്ക് കൈമാറപ്പെട്ടിരുന്നു.
ഒറ്റ ഏറിൽ ഒന്നിലധികം മാങ്ങ വീഴ്ത്തി തലയുയർത്തി ഒരു വിജുഗീഷുവിനെ പോലെ ഞാൻ എന്നും നിൽക്കും. അപ്പോഴേക്കും ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയിൽ ചാലിച് ചേച്ചി തയ്യാറാക്കിയിട്ടുണ്ടാവും. കുത്തി പൊട്ടിച്ചു തിന്നിട്ടും തീരാത്ത മാങ്ങ ഞങ്ങളെല്ലാവരും വീട്ടിലെത്തിക്കും. അമ്മയുടെ വഴക്ക് ഉറപ്പാണ്. എന്നാലും മാങ്ങാ ചമ്മന്തി കിട്ടുമെന്നുള്ളതിനാൽ വഴക്ക് കേട്ടാലെന്താ എന്നാവും ചിന്ത.
കാലം രാമൻനായരെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ (സ്വർഗ്ഗത്തിലേക്കാവട്ടെ) പറഞ്ഞയച്ചിട്ടും എളോർമാവ് ഇന്നും തലയുയർത്തി നിൽക്കുന്നു. പക്ഷെ ഇന്ന് ആ മാഞ്ചുവട്ടിൽ ഉണ്ണിമാങ്ങ വീഴ്ത്താനുള്ള മന്ത്രവുമായി ബാല്യങ്ങളില്ല . ഒരു കല്ലേറ് കൊതിച് എല്ലാ വർഷവും മാവ് പൂക്കും. പക്ഷെ നിരാശയോടെ മാവ് കരയുന്നുണ്ടാവാം ....
ഇന്നത്തെ ബാല്യ കൗമാരങ്ങൾക്ക് ഉണ്ണിമാങ്ങ പെറുക്കാനും മാവിലെറിയാനും സമയമില്ലത്രേ ...
ഇപ്പോഴും മാങ്ങാ സീസൺ ആവുമ്പോൾ ചേച്ചി ഫോണിൽ വിളിക്കുമ്പോൾ ചോദിക്കും "അല്ലെടാ മ്പളെ രാമൻ നായരെ മാവ് ഇക്കൊല്ലം പൂത്തിട്ടുണ്ടോ??"
അടുത്ത ഞായറാഴ്ച എനിക്കൊന്നു പോണം മോനെയും കൂട്ടി ആ എളോർ മാവിൻ ചുവട്ടിലേക്ക്. എന്നിട്ടു അവന്റെ കുഞ്ഞു കാതിൽ ഒരു മൂലമന്ത്രം ഓതണം "കുഞ്ഞിക്കാറ്റടി അടി ഉണ്ണ്യാങ്ങേ വീഴ് വീഴ് ...." ആ കുഞ്ഞികൈക്ക് കല്ലെറിയാൻ കരുത്തെത്തുമ്പോൾ എറിഞ്ഞു മാങ്ങ വീഴ്ത്തണമെന്ന് പറയണം ....