പേരും പെരുമയും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു പാചക തറവാട്. സന്തോഷവും നൊമ്പരങ്ങളുമെല്ലാം ആ തറവാട്ടിലെ അംഗങ്ങൾ പരസ്പരം പങ്കുവെച്ചു പോരുന്നു. തറവാട്ടിലെ അംഗങ്ങളാവട്ടെ എല്ലാവരും നല്ല പാചകക്കാരും. പാചകം ഒരു കലയാണല്ലോ. അപ്പൊ എല്ലാവരും കലാകാരന്മാർ തന്നെ.ഓരോരുത്തരും പാകം ചെയ്യുന്ന വിഭവങ്ങൾ എല്ലാവരും കഴിച്ചഭിപ്രായങ്ങൾ പറയുക തറവാട്ടിൽ പതിവായിരുന്നു.
തറവാട്ടിലെ പാചക കലാകാരന്മാരിൽ പ്രധാനിയെ കുറച്ചു നാളായിട്ടു തറവാട്ടിലേക്ക് കാണ്മാനില്ല. ഇദ്ദേഹം പാചകം ചെയ്തു വിളമ്പുന്ന ആഹാരങ്ങളായിരുന്നു തറവാട്ടിലെ അംഗങ്ങൾക്ക് കൂടുതൽ പ്രിയം. കാരണവന്മാർ മുതൽ കൊച്ചു കുട്ടികൾ വരെ അദ്ദേഹത്തിന്റെ കൈപുണ്യത്തിൽ സംതൃപ്തരായിരുന്നു. അദ്ദേഹത്തെ എന്നും എല്ലാവരും പ്രശംസ കൊണ്ട് മൂടി കൊണ്ടിരുന്നു. എങ്ങനെ പ്രശംസിക്കാതിരിക്കും, അത്രയ്ക്ക് നല്ല വിഭവങ്ങളായിരുന്നു അദ്ദേഹം വന്നുകഴിഞ്ഞാൽ ഇലത്തുമ്പിൽ വിളമ്പുക. നല്ലപോലെ ആസ്വദിച്ചു നല്ല ഒരു ഏമ്പക്കവും വിടും എല്ലാരും. അദ്ദേഹത്തെയാണ് ഇപ്പോൾ തറവാട്ടിലേക്ക് കാണാതായിരിക്കുന്നത്...
കുറച്ചു ദിവസം മുൻപ് അതായത് അദ്ദേഹം തറവാട്ടിൽ അവസാനമായി സദ്യ ഒരുക്കിയ ദിവസം... അന്ന് അദ്ദേഹം ഒരുക്കിയ വിഭവങ്ങൾ നല്ല പഴമ വിളിച്ചറിയിക്കുന്ന ഒരു ഉഗ്രൻ സദ്യ തന്നെയായിരുന്നു. തറവാട്ടിലെ കാരണവർ മുതൽ പിന്മുറക്കാർ വരെ എല്ലാവരും സദ്യ വേണ്ടുവോളം നല്ലോണം ആസ്വദിച്ചു തന്നെ കഴിച്ചു. നല്ല മസാലക്കൂട്ട് ഒക്കെ ചേർത്ത നല്ല ഉഗ്രൻ വിഭവങ്ങൾ. കഴിച്ചു കഴിഞ്ഞവർ എല്ലാം പാചക്കാരനായ അംഗത്തെ പ്രശംസ കൊണ്ട് മൂടി. എന്നാൽ ഇളമുറയിൽ പെട്ട തറവാട്ടിലെ തലതിരിഞ്ഞ ഉണ്ണിക്ക് ഏതോ ഒരു വിഭവത്തിൽ എരിവ് ശ്ശി കൂടിപോയ പോലെ തോന്നി.
ഒന്നും മനസ്സിലിട്ട് കൊണ്ട് നടക്കാത്ത വികൃതിയായ ഉണ്ണി സദ്യ ഉണ്ട ശേഷം തന്റെ അഭിപ്രായം തുറന്നങ്ങു പറഞ്ഞു. "മുളക് ഇച്ചിരൂടി കൂടി പോയിരുന്നെങ്കിൽ എരിഞ്ഞു പുകഞ്ഞു പോയേനേ" ....
ഉണ്ണിയുടെ തുറന്നു പറച്ചിൽ സദ്യ തയ്യാറാക്കിയ പാചകക്കാരന് തീരെ പിടിച്ചില്ല. മാത്രമല്ല ഈ ഇളമുറക്കാരൻ ഉണ്ണിക്ക് മാത്രമേ എരിവ് കൂടിയതായി അഭിപ്രായമുള്ളൂ താനും. തറവാട്ട് കാരണവർ പോലും പ്രശംസിച്ച വിഭവത്തെ വിലയിരുത്താൻ ഇളമുറയിലെ ഉണ്ണി ആര് എന്ന തോന്നലാവാം, പാചകക്കാരൻ തന്റെ സദ്യ മുഴുവൻ കുപ്പയിലേക്ക് മറിച്ചുകളഞ്ഞു നശിപ്പിച്ചു. പാൽപ്പായസമായാലും നായ നൽകിയാൽ പോയില്ലേ എന്നും ചിന്തിച്ചിരിക്കാം....
ഒരു പക്ഷെ ഒരുപാട് എരിവ് അറിഞ്ഞ പഴയ നാവ് പോലെയാകില്ല ഇളമുറയിലെ ഉണ്ണിയുടെ നാക്ക് ... പക്ഷെ അഭിപ്രായ സ്വാതന്ത്ര്യമുള്ള തറവാട്ടിൽ ഉണ്ണി പറഞ്ഞത് തന്റെ അഭിപ്രായം മാത്രം. പല നാക്കിനും സ്വാദിന്റെ അഭിരുചി വ്യത്യസ്തമാണല്ലോ.
കേവലം ഒരു ഉണ്ണിയുടെ അഭിപ്രായത്തെ ചൊല്ലി ഇനി ആ തറവാട്ടിൽ സദ്യ ഒരുക്കില്ല എന്ന തീരുമാനത്തിലാണോ ആ കലാകാരൻ ??
എന്തായാലും ഉണ്ണി ഇപ്പോൾ വഴിക്കണ്ണുമായി കാത്തിരിപ്പാണ് ആ തറവാട്ടു മുറ്റത്ത്, ആ പാചകകലാകാരൻ ഒന്ന് വന്ന് നല്ലൊരു സദ്യയൊരുക്കുന്നതും കാത്ത്...അത് ആസ്വദിച്ചു കഴിച്ചു നല്ലൊരു ഏമ്പക്കം വിടാനായി ....
വരില്ലേ നീ പാചകകലാകാരാ ....