2019, ജൂൺ 29, ശനിയാഴ്‌ച

ചെറുകഥ
= = = = = = = = = 
## കുമാരേട്ടന്റെ  ചായക്കട..

പതിവുപോലെ കുമാരേട്ടൻ രാവിലെ നാലുമണിക്ക് ഉണർന്നു. പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞു മുറിയിലെത്തിയപ്പോഴും ജാനുവേടത്തി ഉറക്കം തന്നെ. അതങ്ങനെയാണ് പതിവ്. പാവം രാത്രി ഏറെവൈകിയാണ് അടുക്കളഭരണത്തിന്റെ ഭാഗമായി പാത്രങ്ങളോട് അടിപിടിയൊക്കെ കഴിഞ്ഞു കിടക്കാറ്. കുമാരേട്ടൻ അയലിൽ നിന്നും ബനിയനും തോർത്തും എടുത്തു.
നേരം നന്നായി വെളുത്തിട്ടില്ല, കുമാരേട്ടൻ ഉമ്മറ മുറ്റത്ത്‌ ഇന്നലെ രാത്രി കുത്തിക്കെടുത്തി വെച്ച ചൂട്ട്കുറ്റി കത്തിച്ചു കോന്തലക്കൽ വെച്ച ബീഡി കത്തിച്ചൊന്നാഞ്ഞു വലിച്ചു ചൂട്ടും വീശി നടന്നു തുടങ്ങി.
കവലയിലെ ചായക്കടക്കാരനാണ് കുമാരേട്ടൻ. മണ്ണിട്ട റോഡിനോട് ചേർന്നാണ് വർഷങ്ങളായി നടത്തിവരുന്ന കച്ചോടം. കുമാരേട്ടനാണെങ്കിൽ പരോപകാരിയും സർവ്വസമ്മതനും. അന്നാട്ടിലെ എല്ലാ ആണുങ്ങളും (ചില പെണ്ണുങ്ങളും) ഒരു തവണയെങ്കിലും കുമാരേട്ടന്റെ ചായ കുടിക്കാത്തവരായി ഉണ്ടാവില്ല. കുമാരേട്ടന്റെ ചായക്കടയിലെ പരിപ്പുവട അടുത്ത ദേശത്തുപോലും പ്രശസ്തി നേടിയതാണ്. വൈകുന്നേരം കവലയോട് ചേർന്നുള്ള വോളിബോൾ കോർട്ടിൽ പരിപ്പുവടക്ക് പന്തയംവെച്ചാണ് യുവാക്കളുടെ കളിപോലും!!!
ഭാര്യയും ഒരു മോനും ഒരു മോളും അടങ്ങുന്ന ചെറിയ കുടുംബം. മൂത്തമകൻ ബാബു വിദേശത്താണ്. മകൾ രമണി കല്യാണം കഴിഞ്ഞു ഭർതൃഗൃഹത്തിൽ സന്തോഷത്തോടെ കഴിയുന്നു . പകൽ സമയം ജാനുവേടത്തിയും കുമാരേട്ടനെ സഹായിക്കാൻ ചായക്കടയിലുണ്ടാവും. മക്കളെ നല്ലൊരു വഴിക്കാക്കാൻ സാധിച്ചതാണ് തന്റെ ഏക സമ്പാദ്യം എന്ന് കുമാരേട്ടൻ കടയിൽവരുന്നവരോടെല്ലാം  സംശയമില്ലാതെ പറയും.
ഇരുട്ടിനെ കീറിമുറിച്ചു ചൂട്ടും വീശി കുമാരേട്ടൻ ഇടവഴിയിലൂടെ നടന്നു. രാവിലെ ലോറിക്കാര് എത്തും മുന്നേ ചായക്ക്‌ വെള്ളം തിളപ്പിച്ച് പുട്ടും പപ്പടവും ഉണ്ടാക്കണം. പീടികയിലെത്തുമ്പോഴേക്കും ബാങ്കുവിളിയും ദേവീക്ഷേത്രത്തിലെ മണിയടി ഒച്ചയും പതിവുപോലെ കേട്ടു.
പുട്ടിൽ നിന്നും പുക വന്നപ്പോൾ തന്നെ ലോറിപ്പണിക്കാരായ സണ്ണിയും മുസ്തഫയും ദിനേശനും അശോകനുമെല്ലാം ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു. തുരുമ്പ് പിടിച്ച ആണിയിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിൽ ഓരോ അടയാളങ്ങൾ നോക്കിക്കൊണ്ട്  ദിനേശൻ ചോദിച്ചു "കുമാരേട്ടാ, വടക്കേലെ അച്ചുവേട്ടന്റെ കുറിക്കല്യാണം ഈ വരുന്ന ഇരുപത്തഞ്ചിനല്ലേ??'' "അതെ, ഓൻ ഇപ്പ്രാവശ്യത്തോടെ നിർത്താണ് പോലും, മുറിഞ്ഞു കൊടുത്താ മതീന്ന് പറയണൊണ്ട്" കുമാരേട്ടൻ അടുപ്പിൽ ഒന്നാഞ്ഞു ഊതിക്കൊണ്ട് മറുപടി പറഞ്ഞു.
നേരം വെളുക്കുംതോറും പതിവുകാർ വന്നു തുടങ്ങി. പത്രക്കാരൻ വാസുക്കുട്ടൻ സൈക്കിളിൽ നിന്നിറങ്ങാതെ ഓടുന്ന ഓട്ടത്തിൽ തന്നെ പത്രം വലിച്ചെറിഞ് പതിവുപോലെ കൃത്യമായി മേശപ്പുറത്തു തന്നെ വീഴ്ത്തി. പത്രത്തിന്റെ ഓരോ പേജുമായി പതിവുകാർ  ഓരോരുത്തർ വീതിച്ചു വായന തുടങ്ങി. എടുത്ത പേജ് വായിച്ചു കഴിഞ്ഞാൽ മറ്റേ പേജുമായി പരസ്പരം കൈമാറ്റം നടത്താറാണ് രീതി. പേജ് കിട്ടാത്തവർ മറ്റൊരാൾ വായിക്കുന്നതിന്റെ മറുപുറം വായിച്ചുകൊണ്ട് എതിരെ ഇരിക്കുന്നതും സ്ഥിരക്കാഴ്ച തന്നെ.
'ഓ  .. ഞാനിച്ചിരി വൈകിയപ്പോഴേക്ക് പേപ്പറൊക്കെ എല്ലാരും കൈക്കലാക്കി ല്ലേ, ബീരാനിക്കാ ആ തലക്കെട്ടൊന്നു നോക്കീട്ട് ഇപ്പ തരാം" എന്നും പറഞ്ഞു കയറിവന്ന ശശിയെ ബീരാനിക്ക ഇപ്പൊ തരില്ലെന്ന ഭാവത്തിൽ ഒന്ന് നോക്കി. ശശിക്കുള്ള പൊടിക്കട്ടൻ എടുക്കുന്നതിനിടയിൽ "എന്തൊക്ക്യാ ശശ്യേ നാട്ടുവർത്താനം" എന്ന് കുമാരേട്ടന്റെ ചോദ്യത്തിന് " എന്ത് പറയാനാ കുമാരേട്ടാ, അല്ലേലും ഓൾക്കൊക്കെ ഇതിന്റെ വല്ല കാര്യോം ണ്ടോ" എന്ന ശശിയുടെ മറുപടി കേട്ടതും പത്ര പേജുകൾ മേശപ്പുറത്തു വെച്ച് എല്ലാ കാതുകളും ശശിയുടെ ചുണ്ട് ഇളകുന്നതും കാത്തിരുന്നു.
ശശി നാട്ടിലെ സകലവാർത്തകളും അറിയുകയും അറിയിക്കുകയും ചെയ്യുന്ന ആളാണ്. അറിഞ്ഞതിൽ കൂടുതൽ അറിയിക്കുന്ന ശശിക്ക് 'പരദൂഷണം ശശി' എന്നൊരു ഇരട്ടപ്പേരുമുണ്ട്.
ശശി പറഞ്ഞ കഥകേട്ടപ്പോൾ തന്നെ പലരിലും പല അഭിപ്രായം. എന്തായാലും കുമാരേട്ടന്റെ കച്ചോടം പതിവുപോലെ പൊടിപൊടിച്ചു.
"അല്ല , ആരിത് !! പാൽക്കാരി പൈങ്കിളി വന്നല്ലോ" പാലും കൊണ്ട് വന്ന രാജമ്മയെ  കണ്ട് വേലായുധന്റെ കമെന്റാണ്.
"രാജമ്മേ പശൂന് ഇപ്പൊ വെള്ളം കൂടുതൽ കൊടുക്കുന്നുണ്ടോ ? പാലിൽ ഇച്ചിരി വെള്ളം കൂടിയപോലെ" ചിരിച്ചോണ്ടുള്ള കുമാരേട്ടന്റെ ചോദ്യത്തിന് "അല്ലേലും ചങ്ക് പറിച്ചു തന്നാലും ഇങ്ങള് ചെമ്പരത്തി പൂവാണെന്നേ പറയൂ" എന്ന് രാജമ്മ മറുപടി കൊടുത്തു.
"ഇന്നലെ ആ വഴി വന്നപ്പോ ഞാൻ കണ്ടതാ, രാജമ്മയുടേത് വറ്റുകറവ ആണേലും അകിടിനൊരു കുഴപ്പോമില്ല" പരദൂഷണം ശശി അവസരം നോക്കി പറഞ്ഞശേഷം എല്ലാവരെയും ഒന്ന് നോക്കി നിവർന്നിരുന്നു.
"ശശ്യേ, നിന്റെ വീട്ടിലും ഒണ്ടല്ലോ ഒരെണ്ണം, വല്ലോരും വന്ന് അകിട് കറക്കുന്നോന്ന് ഇടയ്ക്കൊന്നു ശ്രദ്ധിച്ചോളൂ ട്ടോ" രാജമ്മയുടെ ഉരുളക്കുപ്പേരി മറുപടി കേട്ടതും നിവർന്നു ഇരുന്ന ശശി കാറ്റുപോയ ബലൂൺ പോലായി. കടയിൽ മൊത്തം കൂട്ടച്ചിരി.
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വന്നു. എല്ലാ പാർട്ടിക്കാരും വോട്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. വരുന്നവരൊക്കെ കുമാരേട്ടന്റെ ചായക്കടേൽ കേറി ചായകുടിച്ചും വോട്ടു പിടിച്ചും മാത്രേ പോകുള്ളൂ. കച്ചോടം ഒന്നൂടെ പൊടിപൊടിച്ചു.
"കുമാരേട്ടാ, ഇത്തവണ ആര് ജയിക്കും" ശശിയുടെ ചോദ്യത്തിന് "അതിലെന്ത് സംശ്യാ ന്റെ ശശ്യേ വികസനം വരുത്തുമെന്ന് പറയണ മ്മളെ ജയകൃഷ്ണൻ തന്നെ ജയിക്കും, ന്റെ വോട്ട് എന്തായാലും വികസനത്തിന് തന്ന്യാ" കുമാരേട്ടന്റെ മറുപടിക്ക് അവിടെ എതിരഭിപ്രായം ഇല്ലായിരുന്നു.
ഇലക്ഷൻ കഴിഞ്ഞു, വോട്ടും എണ്ണി. കുമാരേട്ടന്റെ വാക്കുകൾ ആ നാടിന്റെ വാക്കുകൾ തന്നെയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ വികസന നായകൻ ജയകൃഷ്ണൻ വിജയിച്ചു.
ഒരു ദിവസം രാവിലെ ശശി ആവേശത്തോടെ പറഞ്ഞു " മ്മളെ മെമ്പർ ജയകൃഷ്ണൻ പറഞ്ഞപോലെ വികസന പദ്ധതി നടപ്പിലാക്കുന്നൂ ട്ടോ, മ്മളെ ഈ മണ്ണിട്ട റോഡ് ഉടൻ ടാർ ചെയ്യാൻ ഫണ്ട് പാസ്സാക്കി കഴിഞ്ഞു" എല്ലാ മുഖത്തും സന്തോഷം.
പിറ്റേ ദിവസം തന്നെ പഞ്ചായത്ത്‌ അധികൃതരും കോൺട്രാക്ടറും റോഡ് വന്നു നോക്കി. എല്ലാറ്റിനും ചുക്കാൻ പിടിച്ചു മുന്നിൽ മെമ്പർ ജയകൃഷ്ണനും. കുമാരേട്ടനും ശശിയും വേലായുധനുമെല്ലാം അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ മത്സരിച്ചു.
പിന്നീട് ഒരാഴ്ച കഴിഞ്ഞു ഒരുച്ച നേരത്ത്‌ മെമ്പർ ജയകൃഷ്ണൻ കുമാരേട്ടന്റെ ചായക്കടയിലേക്ക് വന്നു. "കുമാരേട്ടാ, ഊണില്ലേ ?? " ഒണ്ടല്ലോ മെമ്പറെ, ദാ ഇങ്ങോട്ട് ഇരുന്നാട്ടെ" കുമാരേട്ടൻ തോളിലെ തോർത്തുമുണ്ട് കൊണ്ട് ബെഞ്ചോന്നു തുടച്ചു.
" ഇന്നെന്താ മെമ്പറേ വീട്ടിൽ ആളില്ലേ"
"ആളൊക്കെ ഉണ്ട്, എന്നാലും ഇടക്ക് കുമാരേട്ടന്റെ പരിപ്പുകറീം മത്തി പൊരിച്ചതും കഴിച്ചാലല്ലേ ഒരു സുഖമുള്ളൂ"
രണ്ടാളും ചിരിച്ചു. ജാനുവേട്ടത്തി മെമ്പർക്കുള്ള നാക്കില കഴുകി മേശപ്പുറത്ത്‌ നിവർത്തിയിട്ടു.
"പിന്നെ റോഡ് നന്നാക്കുന്ന കാര്യമൊക്കെ കുമാരേട്ടന് അറിയാമല്ലോ, അപ്പൊ ഇപ്പോഴുള്ള റോഡിന് ഇത്തിരികൂടി വീതി വേണം. അങ്ങനെയാവുമ്പോ നമ്മുടെ ഈ ചായക്കടയുടെ ചെറിയഭാഗം നമുക്കൊന്ന് പൊളിക്കേണ്ടി വരും"
ഇത് കേട്ടതും കുമാരേട്ടന്റെ മുഖം വാടി. തന്റെ ജീവനോളം പ്രിയപ്പെട്ട ചായക്കട പൊളിക്കയോ !!!
കുമാരേട്ടന്റെ മനസ്സ് വായിച്ചപോലെ മെമ്പർ തുടർന്നു "പൊളിച്ചു എന്നുകരുതി കുമാരേട്ടൻ പേടിക്കണ്ട, നമുക്ക് ഇതിലും നല്ലതൊന്ന് ഇത്തിരി പിന്നിലേക്ക് ഉണ്ടാക്കാം. അതിനുള്ള സഹായമൊക്കെ മ്പക്ക് ശരിയാക്കാം ന്നേ "
അതൊരു ആശ്വാസവാക്കായി കുമാരേട്ടന് തോന്നി. കുമാരേട്ടൻ പിന്നെ മൗനമായി.
ഇപ്പൊ കുറച്ചുദിവസമായി കുമാരേട്ടന് പഴയ ഉത്സാഹവും ചുറുചുറുക്കുമില്ല. റോഡ് പണി തുടങ്ങാൻ ഇനി ദിവസങ്ങളേയുള്ളൂ. തന്റെ ചായക്കട നാടിന്റെ വികസനത്തിന് എതിരാവാൻ പാടില്ല !!!. അൽപ്പം പിന്നിലേക്ക് മാറ്റി പുതിയ ചായക്കട തുടങ്ങുന്നത് കുമാരേട്ടൻ മനസ്സിൽ കണക്കുകൂട്ടി. പൊളിച്ചുമാറ്റുന്ന വക ധന സഹായം മെമ്പർ പറഞ്ഞതിനാൽ കുമാരേട്ടൻ മെമ്പറെ കാണാൻ പഞ്ചായത്താപ്പീസിലേക്ക് പോയി. മെമ്പർ കുമാരേട്ടനെ കൈപിടിച്ച് അകത്തേക്ക് കൊണ്ട് പോയി, എല്ലാ കാര്യങ്ങളും ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു തിരിച്ചയച്ചു.
റോഡ് പണി തുടങ്ങി. കുമാരേട്ടന്റെ ചായക്കടയുടെ പാതി ഭാഗം ജെസിബി യുടെ കൈ കോരിയെടുത്തു, ശശിയുൾപ്പെടെ നാട്ടുകാരെല്ലാം സഹായിച്ചുകൊണ്ടിരുന്നു, കുമാരേട്ടനൊഴികെ. ആ രംഗം കാണാനുള്ള ശക്തിയില്ലാത്തതിനാൽ കുമാരേട്ടൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല.
പിറ്റേ ദിവസം മെമ്പറെ കണ്ടു, "അത്... കുമാരേട്ടാ പഞ്ചായത്തിൽ നിന്നും സഹായം കിട്ടുന്നതിന് ചെറിയൊരു പ്രശ്നമുണ്ട്" എന്തെന്ന അർത്ഥത്തിൽ കുമാരേട്ടൻ മെമ്പറെ നോക്കി. മെമ്പർ തുടർന്നു "വില്ലേജ് ഓഫീസിലെ രേഖകൾ പരിശോധിച്ചപ്പോൾ കുമാരേട്ടന്റെ ചായക്കട പുറമ്പോക്കിൽ ആണെന്നാ അധികൃതർ പറയുന്നത്, അതുകൊണ്ട് .....
തീർത്തു കേൾക്കാൻ കുമാരേട്ടനായില്ല. അദ്ദേഹം ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു.
രാവിലെ പതിവിലും നേരത്തെ കുമാരേട്ടൻ ഉണർന്നു. ഉറങ്ങിക്കിടക്കുന്ന ജാനുവേടത്തിയെ കുറച്ചുനേരം ഇമവെട്ടാതെ നോക്കിനിന്നു. പാവം തന്റെ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാണ്. കുമാരേട്ടൻ മനസ്സിലോർത്തു. പിന്നെ തോർത്തും ബനിയനും എടുത്തു പുറത്തുകടന്ന് ഒരു ബീഡിക്കു തീകൊളുത്തി ആഞ്ഞുവലിച്ചു. പതിവിനു വിപരീതമായി ചൂട്ടു തെളിക്കാതെ കുമാരേട്ടൻ ചായക്കട ലക്ഷ്യമാക്കി ഇരുട്ടിലൂടെ നടന്നു. ഇന്ന് പള്ളിയിലെ ബാങ്കുവിളിയും അമ്പലത്തിലെ മണിശബ്ദവും ഇല്ലായിരുന്നു. അതിനും മുന്നേ കുമാരേട്ടൻ കടയിലെത്തി നേരെ വലത്തേ വശത്തു വെച്ച വെള്ളംകോരുന്ന തൊട്ടിയുടെ കയർ എടുത്തു പാതി പൊളിഞ്ഞ കടയുടെ ഉള്ളിലേക്ക് കയറി. മേശപ്പുറത്തു കയറിയ അദ്ദേഹം കയറിന്റെ ഒരു തല കടയുടെ ഉത്തരത്തിൽ കെട്ടി മറു തലയ്ക്കൽ ഒരു കുരുക്ക് കെട്ടി കഴുത്തിലൂടെ ഇട്ട് ഭദ്രമെന്ന് ഉറപ്പാക്കി.
കടയുടെ പുറത്ത്‌ ഒരു വാഹനത്തിന്റെ രണ്ടു കണ്ണുകളുടെ വെളിച്ചം പതിച്ചു. കുമാരേട്ടൻ മേശയിൽ നിന്നുമിറങ്ങി ശ്വാസം അടക്കിപ്പിടിച്ചു നിന്നു. ഒരു പഴക്കം വന്ന ജീപ്പ്  പണി നടക്കുന്ന റോഡിലൂടെ ആയാസപ്പെട്ട് വന്ന് ചായക്കടയുടെ മുന്നിൽ നിന്നു. ജീപ്പിൽ നിന്നും ഇറങ്ങിയ പാൻറ്ധാരിയെ നേർത്ത വെളിച്ചത്തിൽ കുമാരേട്ടൻ തിരിച്ചറിഞ്ഞു.
'ബാബു  ... തന്റെ മകൻ ബാബു' കുമാരേട്ടന്റെ അന്തരംഗം മന്ത്രിച്ചു.
തന്നെ താനാക്കിയ ചായക്കട പൊളിഞ്ഞത് കണ്ട ബാബു വിഷമത്തോടെ ജീപ്പിൽ നിന്നും ഇറങ്ങി. ഗൾഫിൽ നിന്നും വരുന്ന വഴിയാണ്. കടയുടെ സ്ഥിതി കണ്ട് ബാബുവിന് വിഷമമായി.ബാബു തളർന്ന കാലുകളോടെ കടയുടെ ഉള്ളിലേക്ക് കയറി.
ഒരു നിമിഷം !!! ബാബു ഞെട്ടി, നാലുകണ്ണുകൾ കണ്ടുമുട്ടി, കുമാരേട്ടൻ വിറക്കുന്നുണ്ടായിരുന്നു. ബാബു കുമാരേട്ടനെ കെട്ടിപ്പിടിച്ചു, രണ്ടാളും വിങ്ങിപ്പൊട്ടി... കാര്യമറിയാൻ എത്തിനോക്കിയ ജീപ്പിലെ ഡ്രൈവർ മേശപ്പുറത്തു കയറി കയർ അഴിച്ചുമാറ്റി.
ഇന്ന് റോഡിന്റെ ഉത്‌ഘാടനമാണ്. മെമ്പർ ജയകൃഷ്ണൻ തിരക്കിൽ ഓടിനടക്കുന്നു. നാടും നാട്ടുകാരും സന്തോഷത്തിലാണ്.
പുതുതായി പണിത ബസ്റ്റോപ്പിന്റെ വശത്തായി ഓടിട്ട പുതിയൊരു ഹോട്ടലിന്റെ ഉത്ഘാടനവും ഇന്ന് തന്നെ നടക്കുന്നു. അതെ കുമാരേട്ടന്റെ പുതിയ ഹോട്ടലിന്റെ !!!! ബാബു ഗൾഫിൽനിന്നും വന്നശേഷം ഭൂമിവാങ്ങി പണിതുകൊടുത്ത പുതിയ ഹോട്ടലിന്റെ ഉത്‌ഘാടനവും വികസന നായകൻ മെമ്പർ ജയകൃഷ്ണൻ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. നിറഞ്ഞ ചിരിയോടെ കുമാരേട്ടനും ജാനുവേടത്തിയും ബാബുവും ശശിയുമെല്ലാം വലതുകാൽ വെച്ച് ഉള്ളിലേക്ക് കയറി.
" കുമാരേട്ടാ ... ഒരു പൊടിക്കട്ടൻ" ശശി ആദ്യ ഓർഡർ കൊടുത്തു.... കുമാരേട്ടൻ ഗ്യാസ് സ്ററൗവിന്റെ തിരി കൊളുത്തി .....
-------ശുഭം-----

--സുധി ഇരുവള്ളൂർ--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ