2017, ജനുവരി 31, ചൊവ്വാഴ്ച


ഇന്നലെ വളരെ സന്തോഷത്തോടെ ആയിരുന്നു എന്റെ മോന്റെ പഴനിയിൽ വെച്ചുള്ള ചോറൂണ് photo സഹിതം ഈ ഗ്രൂപ്പിലെ എന്റെ നല്ലവരായ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കാൻ ആഗ്രഹിച്ചു ഞാൻ post ചെയ്തത്... കൂടെ എന്റെ പേനയിൽ നിന്നും തെറിച്ചു വീണ മഷിത്തുള്ളികൾ ചാലിച്ച ഏതാനും അക്ഷരങ്ങളുടെ അകമ്പടിയും...എൻറെ കൊച്ചു കുടുംബത്തെ കൂടി ഈ ഗ്രൂപ്പിലെ എന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു എന്നെ ഇതിനു പ്രേരിപ്പിച്ചത്. ഞാൻ member ആയ മറ്റു ചില ഗ്രൂപ്പിലും ഞാൻ ഇത് post ചെയ്തിരുന്നു. ആ ഗ്രൂപ്പിൽ ഒക്കെ aprvl കിട്ടുകയും ചെയ്തു...പക്ഷെ ഇത്തവണയും "എന്റെ തൂലിക " എന്നെ നിരാശപ്പെടുത്തി.
photo ഇട്ടാൽ approval കിട്ടില്ല എന്ന അഡ്മിൻ പാനലിന്റെ തീരുമാനം ഇതിനു മുന്നേ അറിയിച്ചത് എന്റെ ഓർമയിൽ എത്തിയതിനാൽ കാരണം അതാവും എന്നോർത്ത് ഞാൻ സമാധാനിച്ചു. അതിനു ശേഷം "എന്റെ തൂലിക " യിലൂടെ സുഹൃത്തുക്കളുടെ post കള് വായിച്ചപ്പോൾ എനിക്ക് സത്യത്തിൽ ഈ ഗ്രൂപ്പിനോട് അപ്രിയം തോന്നിയെന്നത് ഞാൻ മറച്ചു പിടിക്കുന്നില്ലാ ... net-ല് നിന്നും dwnld ചെയ്ത photoയോട്  കൂടിയ ചെറിയ വരികൾ അടങ്ങിയ പോസ്റ്റുകൾ യഥേഷ്ടം !!!.
ഇത് കണ്ടതും ഒരു വേള അവഗണന എന്ന feel മനസ്സിനെ നോവിച്ചു , പിന്നെ ഞാൻ സ്വയം സമാധാനിച്ചു... മുൻപ് ഇതേ പോലെ എന്നെ അവഗണിച്ചപ്പോൾ അഡ്മിൻ പാനൽ അവസാനം പറഞ്ഞ വാക്കു ഓർത്തു ഞാൻ ആശ്വസിച്ചു, technical തകരാർ ആവാം ഇതും...

ബഹുമാന്യനായ  ഇ.അഹമ്മദ് സാഹിബ് M.P ക്ക്  ആദരാജ്ഞലികൾ.... ആ ബഹുമുഖ പ്രതിഭയായ നേതാവിനൊപ്പം ഒരു വേദി പങ്കുവയ്ക്കാൻ എനിക്കും  അവസരം തന്ന സർവേശ്വരന് നന്ദി... കൊടിയുടെ നിറഭേദങ്ങൾക്കുമപ്പുറം മനുഷ്യ മനസ്സിലെ സ്നേഹത്തിന്റെ വർണങ്ങൾക് അദ്ദേഹം നൽകുന്ന പ്രാധാന്യം അരികെ നിന്നും തൊട്ടറിഞ്ഞ ആ നിമിഷം ഇന്നും എന്നും ഓർമയിൽ മായാതെ നിലനിൽക്കും... ആ മനുഷ്യ സ്നേഹിയുടെ ദേഹവിയോഗത്തിൽ ഹൃദയം വേദനിച്ചെന്നത് സത്യം... ഇനി ആ ആത്മാവിന് നിത്യശാന്തി നേരുന്നു.....

ശരവണ സന്നിധിയിൽ നന്ദൂട്ടന്റെ ചോറൂണ്... അവന്റെ കുഞ്ഞി മൊട്ട തലോടിയപ്പോൾ അന്തരാത്മാവിൽ ആനന്ദ നിർവൃതി....അവനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ ഏത് ഒരു അച്ഛനെയും പോലെ ഞാനും സ്വാർത്ഥനായി എന്ന് തോനുന്നു... പാർവതി നന്ദനാ...എന്നും കാത്തുകൊള്ളണമേ എന്റെ ജീവന്റെ ജീവനെ....ഹര ഹാരോ ഹര ഹരാ ....


2017, ജനുവരി 30, തിങ്കളാഴ്‌ച

പടവാളിനു മുന്നിലും വാക്കത്തിക്കു മുന്നിലും
പതറാതെ നെഞ്ച് വിരിചു നിന്ന ഞാൻ
നിന്റെ വാക്കിനു മുന്നിലും നോക്കിന് മുന്നിലും
അടിയറ വെച്ചത് എന്റെ ഹൃദയമായിരുന്നു..
എന്നോളം മറ്റൊന്ന് നിന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ
ഇല്ലെന്ന് നീയന്നു പറഞ്ഞതോർത്തു ഇന്ന്
പൊട്ടിച്ചിരിക്കുമെൻ ദുഃഖങ്ങളുടെ
താടിയിഴ നരച്ചിരിക്കുന്നു...
അകലെ ഒരു കാരലാളനത്തില് നീയിന്നു പുളയുമ്പോൾ
ഓർമയുടെ കുടകീഴിൽ ഞാൻ നടക്കുകയാണ് ...പാടവരമ്പിലൂടെ..
ഒരു മഴത്തുള്ളിയെ പോലും നിന്നെ സ്പർശിക്കാൻ
അനുവദിക്കില്ലെന്ന വാശിയോടെ...


2017, ജനുവരി 24, ചൊവ്വാഴ്ച


നാം ഇരുവരും വളരെ അടുത്തായിരുന്നു...
 ഒരിലയുടെ രണ്ടു വശങ്ങളിൽ ...
അതിനാൽ നാം പരസ്പരം കാണാതെ പോയി,-
നമ്മുടെ സങ്കൽപ്പങ്ങളും സ്വപ്നങ്ങളും...
നാമെന്ന ഇലയുടെ ഏതു വശത്തു പുഴുക്കടി ഏറ്റാലും
ഇരു വശവുമൊരുപോലെ നോവുമെന്നറിയുക...
ഒരു നാൾ ഞെട്ട് അറ്റ് വീഴുമ്പോൾഒരാൾ ഭൂമിയും
മറ്റേയാള് മാനവും കണ്ടിരിക്കും...
അന്നും നീ ആരെന്നു ഞാനും ഞാൻ ആരെന്നു നീയും
തമ്മിലറിയാതെ നാം പിരിയും...

2017, ജനുവരി 23, തിങ്കളാഴ്‌ച


കുളിരുകോരും പുലരിയിലെ തെളിനീരിൽ നീരാടി
മുടിക്കെട്ടിൽ ഈറൻ തോർത്ത് ചുറ്റി
മുറ്റത്തെ തുളസിതറ തൊട്ട് നെറുകയിൽ വെച്ച്
കാർകൂന്തൽ കെട്ടഴിച്ചു ഒരു ദളം ഇറുത്തതിൽ വെച്ച്
നഗ്ന പാദയായി ചാരെ വന്ന നിന്നെ വാരി പുണരാൻ-
കൈ തരിച്ച നേരം കൊഞ്ഞനം കുത്തി നീ ഓടിയ-
ഓട്ടത്തിൽ കൊഞ്ചിയ കൊലുസിന്റെ ചിരിയൊലി 
ഇനിയും കേൾക്കണം ഓരോ ദിനവും നിത്യം...

2017, ജനുവരി 22, ഞായറാഴ്‌ച

അഭിസാരികയെന്ന് അവളെ
പൊതുജന മധ്യത്തിൽ വെച്ച്
വിളിച്ചാക്ഷേപിച്ച
ആ വെളുത്ത കുപ്പായക്കാരനെ
അവള് തുറിച്ചു നോക്കി...
അന്നൊരു ദിനം ജീവിതം വഴിമുട്ടിയപ്പോൾ
അകാലത്തിൽ പിരിഞ്ഞ
പ്രിയതമന്റെ ഓർമ അടങ്ങും മുൻപേ
വിധവാ പെൻഷൻ ശരിയാക്കി തരാം
എന്നും പറഞ്ഞു ആദ്യമായി
തന്റെ മടിക്കുത്തഴിച്ചവൻ ....

2017, ജനുവരി 21, ശനിയാഴ്‌ച

ആശയങ്ങളുടെയും വാക്കുകളുടെയും
ആലയങ്ങളാവേണ്ട  മനസ്സ്
വടിവാളിന്റെയും കൈബോംബിന്റെയും
ആയുധപ്പുരകള് ആവുമ്പോള് നരഭോജികൾ പിറക്കുന്നു..
ആസന്നമായ ഇന്നിന്റെ നെറികേടിനു മുന്നിൽ
താടി നീണ്ട ചിന്തകൾ തലപുകയ്ക്കുന്നു..
ക്രമമായി വന്നെത്തുന്ന അക്രമങ്ങൾക്കു
മൂകസാക്ഷികളായി കുറേ ശിഖണ്ഡി ജന്മങ്ങൾ...
ഇനിയും കൊയ്തുതീർക്കാനുള്ള തലകളിൽ
കൊതിയോടെ നോക്കുന്ന ചുവന്ന കണ്ണുകൾ...
അന്ന് കരവാൽ വിറ്റു  മണിപൊൻ വീണ വാങ്ങിയ
കവി ഇന്നായിരുന്നെങ്കിൽ കരവാൽ തിരികെ വാങ്ങിടും തീർച്ച ...
ഇനി ജീവിക്കാം നമുക്കും ഇവിടെ
മൃത പരുവത്തിൽ എന്നും എന്നെന്നും....

തരിവള കൊഞ്ചൽ വേണം മനസ്സിൽ
അണയാതെ തെളിയും വിളക്കായി മിഴിയും...
ഒരു നേർത്ത തെന്നൽ പോലെ ശ്വാസം തുടിക്കണം
ഒരു സായാഹ്‌ന വെയിൽ പോലെ അധരത്തിൽ പുഞ്ചിരിയും...

2017, ജനുവരി 20, വെള്ളിയാഴ്‌ച


വിശക്കുന്ന അരവയറിന്റെ ഒട്ടൽ
 മാറ്റാനായിരുന്നു അവന്റെ ആദ്യ കളവ് ...
പഠിക്കുന്ന ക്‌ളാസ്സിലെ
പണമടക്കാനായി പിന്നെ...
പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ
അവൻ വീണ്ടും കള്ളനായി...
ഒടുവിൽ മരണത്തിനു കീഴടങ്ങി ശാന്തനായി
ഉറങ്ങുമ്പോൾ അവൻ ഒരു കള്ള പുഞ്ചിരി തന്നുവോ ??


വർണ്ണനാധീതമായ വാക്കുകൾക്കപ്പുറം
പ്രവചനാതീതമായ പ്രവർത്തികൾക്കുമപ്പുറം
എന്നിലെ എന്നെ നീ തൊട്ടറിഞ്ഞ ആ നിമിഷം...
എന്റെ വിയർപ്പിന്റെ ഉപ്പുരസം
നിന്റെ അധരം രുചിച്ചറിഞ്ഞ ആ നിമിഷം...
നീ അണിഞ്ഞ  നേർത്ത മഞ്ഞിൻ പുതപ്പ് വകഞ്ഞുമാറ്റി
നിന്നിലേക്ക്‌ എന്നെ ക്ഷണിച്ച മാത്രയിൽ
മിഴിയും മിഴിയും മൊഴി കൈമാറി നാം
സ്വർഗീയ അനുഭൂതി നുണഞ്ഞ രാവിൽ
മേൽക്കൂര താങ്ങിയ പല്ലിക്കും നാണം വന്നുവോ??

2017, ജനുവരി 18, ബുധനാഴ്‌ച


തലനാരിഴ ചീന്തി പരിശോധിച്ചിട്ടും
വസ്തുനിഷ്ടമായി മൂല്യനിർണയം നടത്തിയിട്ടും
നമുക്കിടയിലുള്ള തെറ്റും ശരിയും ഒളിഞ്ഞു തന്നെ ഇരുന്നു...
താഴ്ച വീഴ്ചയെന്ന മിഥ്യാബോധം ഇരു മനസ്സിലും..
എന്നെ ജയിക്കാൻ നീയും നിന്നെ ജയിക്കാൻ ഞാനും,
മത്സരങ്ങൾ പുരോഗമിക്കും തോറും -
എന്നിലെ നീയും നിന്നിലെ ഞാനും അകലുകയായിരുന്നു...
ഇന്ന് നമുക്കിടയിൽ നാം തീർത്ത മൗനത്തിന്റെ മതിൽകെട്ടിൽ
പച്ചില പൂപ്പ് തളിർത്തിരിക്കുന്നു...
ഇനി ഒരു വാക്കിന്റെ മാധുര്യത്താൽ തീർക്കാനാകുമോ
നമുക്കിടയിലെ മൗന യുദ്‌ധം ???...



2017, ജനുവരി 17, ചൊവ്വാഴ്ച


ചില്ലകള് പെറുക്കി എടുത്തു
കൂടു കൂട്ടാൻ പ്രയത്നിക്കും നേരം
തന്നെ 'ആട്ടിയ' കൈകൾക്കു പിന്നിലെ മുഖം
പ്രതികാരാഗ്നിയാൽ മനസ്സിൽ കുറിച്ചിട്ടു
കാക്ക മനസ്സിൽ പറഞ്ഞു -
"ഒരു നാൾ  ഈറനുടുത്തു മൂന്നുരുള വെച്ചു
നനഞ്ഞ കൈ കൊട്ടി നീ എന്നെ വിളിക്കും...
അന്ന് ഞാനോ എന്റെ കുഞ്ഞുങ്ങളോ
നിന്റെ വിളി കേട്ട് പറന്നെത്തില്ല ..തീർച്ച ..."

2017, ജനുവരി 16, തിങ്കളാഴ്‌ച

ഒരു ചെറു പുഞ്ചിരി ദൂരെ ഞാൻ
നിങ്ങൾക്കൊപ്പം സഹയാത്രികൻ
ആയതിൽ അഭിമാനമുണ്ട്...
ഇന്നെന്റെ ജന്മദിനത്തിന്റെ
ഒരു ചെറു മധുരം എന്റെ വാക്കുകളിലൂടെ
ഞാൻ നിങ്ങൾക്കൊപ്പം പങ്കുവെക്കട്ടെ...

ഇഷ്ടങ്ങളാലും പരിഭവങ്ങളാലും
സമ്പന്നമായ ആറ് സംവത്സരങ്ങൾ...
പങ്കുവെച്ച നിമിഷങ്ങളത്രയും  മധുരം...
ഇനി പങ്കുവെക്കാനുള്ളത്
അതിമധുരമെന്ന് കരുതാം....
നീയെന്ന സൗഭാഗ്യം ഇല്ലായിരുന്നെങ്കിൽ
ഞാനെത്ര നിസ്സാരനാം ശൂന്യൻ ...
നീ തന്ന നിധികളാകും രണ്ടു ചിത്രശലഭങ്ങൾക്ക്
താങ്ങായും തണലായും ഇനി നമ്മൾ രണ്ടുപേർ...
ഇനിയും ജനിക്കണം നീ എൻ ഇണയായി
പുനർജ്ജന്മം എന്നത് സാധ്യമെങ്കിൽ സഖീ...

2017, ജനുവരി 15, ഞായറാഴ്‌ച

ഒരു പുഞ്ചിരി ഞാൻ ചുണ്ടിൽ 
ബാക്കി വെക്കുന്നു.....
ജീവിതത്തിലെ ഏതെങ്കിലും 
കറുത്ത ദിനത്തിൽ നമ്മൾ വീണ്ടും 
കണ്ടുമുട്ടുകയാണെങ്കിൽ 
അന്ന് നിന്നോടൊപ്പമുള്ള 
 ആ ഹതഭാഗ്യന് സമ്മാനിക്കാനായ് ...
ഇണയുടെ നഗ്നത കവരാൻ
തിടുക്കം കൂട്ടും പ്രണയത്തിന്റെ
ചൂടിൽ വെന്തുരുകും കൗമാരത്തിന്റെ
വക്താക്കളാകാതെ ദിവ്യമാം അനുഭൂതിയാം
സംരക്ഷണത്തിന്റെ കവചമേകി
ഇണക്ക് തുണയാകും പ്രണയത്തെ
കണ്ടെത്തുന്നതിൽ   വിജയിക്കട്ടെ
നാം ഓരോരുത്തരും....
മാംസദാഹിയാം മർഥ്യന്റെ ചിന്തകളിൽ 
വെന്തുരുകും ഇന്നത്തെ സഹജീവികൾ 
ഒന്ന് പൊട്ടിക്കരയാൻ പോലും ഭയക്കുന്നു...
ബലിഷ്ടമാം കരങ്ങളാല് അഴിഞ്ഞു വീഴുന്ന 
മടിക്കുത്തുകൾ കണ്ണുനീരിൽ കുതിര്ന്നു..
പാപത്തിന്റെ ബീജങ്ങൾ ചലിക്കാൻ തുടങ്ങുന്പോൾ 
ഭൂമിയിൽ വീണ്ടും ജാരസന്തതികൽ പിറവി എടുക്കുന്നു...
കർമ്മങ്ങൾ കൊണ്ടൊരു സുകൃതം ചെയ്തീടാൻ 
കഴിയാത്ത കാപട്യത്തിന്റെ വിഷ വിത്തുകൾ ..
നന്മക്കെതിരെ തിന്മയുടെ സാരഥിയാകാൻ 
പിറവിയെടുത്ത പൊയ്‌ക്കോലങ്ങൾ ...
തീരണം അവർ ഈ മണ്ണിൽ പിടഞ്,
എങ്കിലേ ഇവിടെ ഇനി സ്നേഹ പൂക്കൾ വിരിയൂ ...

2017, ജനുവരി 13, വെള്ളിയാഴ്‌ച

വെളിച്ചമില്ലാത്ത ലോകത്തേക്ക്
എനിക്ക്  പോകണം ഒരു യാത്ര...
ഇരുളിൽ തപ്പി തടഞ്ഞു വീഴുമ്പോൾ
നിഴൽ പോലും ഒപ്പം ഉണ്ടാവരുത് ....
എഴുതി തീരാത്ത ചിത്രങ്ങളും
കാഴ്ച മങ്ങിയ സ്വപ്നങ്ങളും
എൻറെ ചിതയിൽ എരിഞ്ഞടങ്ങണം ...
അകലെ ഒരു നേർത്ത
പ്രതീക്ഷ
എന്ന
വെളിച്ചം ഇല്ലാതെ...
എന്റെ സ്വപ്നങ്ങൾക്ക് എന്നും
നീർകുമിളകളുടെ ആയുസ്സായിരുന്നല്ലോ...
എങ്കിലും പരാതി ഇല്ലാതെ മുന്നേറാൻ
എന്റെ ആദർശങ്ങളെ ഒരു ഊന്നുവടിയായി
ഞാൻ ഉപയോഗിച്ചോട്ടെ....

2017, ജനുവരി 12, വ്യാഴാഴ്‌ച


ഹൃദയത്തിന്റെ കളി തൊട്ടിൽ
വീണ്ടും ചിരിക്കുന്നു,
ഒരു മധുര കരച്ചിൽ കേട്ടിട്ട്...
ജഗദീശ്വരൻ വീണ്ടും എൻ -
കൈ വെള്ളയിൽ ഒരു പെണ്പൂവിനെ
ഇന്ന് സമ്മാനമായ് തന്നു...
ഇനി തഴുകി തലോടി ഉറക്കണം,
ഇട നെഞ്ചിൻ ചൂട് പകരണം..
നന്ദി സർവ്വേശ്വരാ അങ്ങേക്ക് മുന്നിൽ
ഒരു വേള കൂടി ഞാൻ തല കുമ്പിട്ടോട്ടെ ....
മറവിയുടെ ശവക്കല്ലറയിൽ നിന്നും 
ഓർമ്മകൾ ഉയിർത്തെഴുന്നേൽക്കുന്നു....
ഭീതിജനകമാം യാഥാർഥ്യങ്ങൾ 
ഹൃദയത്തെ വേട്ടയാടി മുറിവേൽപ്പിക്കുന്നു ...
ഇനി ഞാനും എന്റെ ഓർമകളുടെ ആത്മാവും 
നിങ്ങൾക്കൊപ്പം സഞ്ചരിച്ചോട്ടേ ???

2017, ജനുവരി 10, ചൊവ്വാഴ്ച


ഓർമകൾക്ക് ജീവൻ തുടിക്കും 
ഇന്നലെയിലെ സന്ധ്യയിൽ 
മാനം നോക്കി കിടന്നപ്പോൾ 
എന്നെ നോക്കി ചിരിച്ച 
ആ പൊൻ താരകം നീ തന്നെയെന്ന് 
ഞാനറിയുന്നു...

പുലരി കുളിച്ചൊരുങ്ങി
പുളിയിലക്കര നേര്യതുടുത്തു ...
തിരുവാതിര പെണ്ണ് നാണത്താൽ
മിഴിയഴകിൻ മഷി എഴുതി
തുളസിക്കാതിരില മുടിയിൽ തിരുകി
തൊഴുതു മടങ്ങി ചിരിതൂകി
മുറ്റത്തെ ഊഞ്ഞാലിൽ പാടിയാടി....
ഒരു നല്ല തോഴനുവേണ്ടി
കാത്തിരിപ്പാണവൾ...

2017, ജനുവരി 9, തിങ്കളാഴ്‌ച


വരികൾക്കിടയിലൂടെ നിന്നെ ഞാൻ
വായിക്കാൻ ശ്രമിക്കും തോറും
മിഴികള്ക്കിടയിലൂടെ ഒരു മണിമുത്തായി
നീ ഒഴുകി ഇറങ്ങുന്നുവോ??
നീ കടൽ ആയതിനാലോ നിൻ രുചിയിൽ
ഒരു ഉപ്പു രസം എന്റെ നാവിൽ പുളിച്ചത് ??
നീ മഴ ആയതിനാലോ നിന്റെ തുള്ളി
എന്റെ ചൊടിയെ നനച്ചത് ??
വേദനിക്കാൻ മാത്രം ഒരു ഹൃദയമുള്ള
ഞാനാണ് ഇന്ന് ഒരു പക്ഷെ ഓർമകളാൽ
ലോകത്തെ ഏറ്റവും സമ്പന്നൻ...












2017, ജനുവരി 8, ഞായറാഴ്‌ച

കാണാൻ കിട്ടാത്തതിലായിരുന്നു ആദ്യം പരിഭവം,
കണ്ടു തുടങ്ങിയപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ലെന്നായി...
മിണ്ടാത്തതായിരുന്നു പിന്നീട്  പ്രശ്നം,
മിണ്ടി തുടങ്ങിയപ്പോൾ വഴക്കായി...
കറങ്ങാൻ വിളിക്കുന്നില്ലെന്നായി പിന്നെ,
കറക്കം തുടങ്ങിയപ്പോൾ എന്നെ ഇട്ട് കറക്കാൻ തുടങ്ങി ...
പിരിയാൻ പറ്റില്ലെന്നായി ഒടുക്കം,
പിരിഞ് എന്നിൽ നിന്നകന്നപ്പോൾ കരച്ചിൽ
അഭിനയിക്കാൻ പോലും അവള് മറന്നു പോയിരുന്നു ....

2017, ജനുവരി 6, വെള്ളിയാഴ്‌ച


ചിന്തയുടെ കൂമ്പാരം
അഴുകി തുടങ്ങിയിരിക്കുന്നു...
കഴുകനും കാക്കയും വട്ടമിട്ടു
പറന്നു തുടങ്ങി...
അസഹ്യമാം നാറ്റം കാരണമാകാം
പുഞ്ചിരി ദൂരം സൂക്ഷിക്കുന്ന പോലെ...
വാക്കുകളാൽ കുത്തുന്ന ചിലർ
പലവട്ടം പൊട്ടിച്ചിരിക്കുന്നു....
പ്രിയമുള്ളത് എന്തോ നേടാൻ കഴിയാതെ
മനസ്സ് തല താഴ്ത്തുന്ന പോലെ...

2017, ജനുവരി 5, വ്യാഴാഴ്‌ച


കണ്ണാടി നോക്കി ഞാൻ ചോദിച്ചു,
ആരാ....എന്തുവേണം???
അപ്പോൾ അയാൻ ചുണ്ടുകൾ അനക്കി...
പൊട്ടനാണെന്നു തോനുന്നു...
ശബ്ദം പുറത്തു വന്നില്ലാ ...





ആദി പാപത്തിൽ നിർവൃതിയിൽ
ആദം ഓർത്തിരുന്നോ താൻ ഒരുകൂട്ടം
ഗോവിന്ദ ചാമിമാരെ സൃഷ്ട്ടിക്കുകയാണെന്ന് ...
ഹവ്വ അറിഞ്ഞിരുന്നോ സൗമ്യയും ജിഷയും
പിൻമുറക്കാരായി പിറവിയെടുക്കുമെന്ന് ... ??




2017, ജനുവരി 4, ബുധനാഴ്‌ച

മരണത്തിന്റെ രുചി അറിയാൻ കൊതിച്ചവർ പലരുമുണ്ട്...എന്നാൽ അറിഞ്ഞവർക്ക് ആ അനുഭവം പങ്കുവയ്ക്കാൻ കഴിയില്ലല്ലോ.... ദേഹവും ദേഹിയും രണ്ടാവുന്ന ജീവിത ലക്ഷ്യത്തിന്റെ പൂർണതയാണെന്നു തോനുന്നു മരണം...





ഭാവനാ ശൂന്യതയാലും
ആശയ ദാരിദ്ര്യത്താലും
താളിയോലയെ സ്പർശിക്കാൻ
എന്റെ നാരായം മടിച്ചുനിന്നു ...
മേഘ സന്ദേശം കാത്തു നിൽക്കും
പ്രണയിനിയുടെ കണ്ണിൽ നിരാശ...
ദൂത് പോകാൻ ഒരുങ്ങിയ ഹംസം
ചിറക് താഴ്ത്തി തൂവൽ പൊഴിച്ചു ...
വെള്ളിലയിൽ കാവ്യം ഒഴുകി വരാതെ
അരുവി വറ്റി വരണ്ടു ..
ഇനിയെങ്കിൽം എന്റെ വിരൽത്തുമ്പിൽ
വിരിയൂ അക്ഷര കൂട്ടങ്ങളേ ...



 
ഹൃദയത്തിന്റെ താളിൽ
മാനം കാട്ടാതെ ഞാൻ
ഒളിച്ചു വെച്ച
മയിൽ‌പീലി തുണ്ടിൽ
മൃദുലമാം ജീവൻ
തുടിക്കുന്നുവോ???



2017, ജനുവരി 3, ചൊവ്വാഴ്ച


വിതുമ്പിയ അധരങ്ങളും
തുളുമ്പിയ മിഴികളും
നമ്മുടെ പ്രണയത്തിന്റെ
തീവ്രത വിളിച്ചറിയിച്ചിട്ടും
ഒരു മഞ്ഞു തുള്ളി പോലെ നീ
അലിഞ്ഞു തീർന്നതെന്തേ???

2017, ജനുവരി 2, തിങ്കളാഴ്‌ച


നിശാഗന്ധി പൂക്കളെയായിരുന്നു
അവൾക്ക് ഇഷ്ട്ടം,
എനിക്ക് നാലുമണി പൂക്കളെയും..
നിലാവ് വന്നെത്താൻ മറന്ന
ഒരു തണുത്ത രാത്രിയിൽഎത്തിയ
കാലൻ കോഴിയുടെ കൂകലിനൊപ്പം
നിശാഗന്ധി തേടി അവൾ ഇറങ്ങിയപ്പോൾ
എന്റെ നാലുമണി പൂ വിരിയേണ്ട മൊട്ടുകൾ 
വാടി വീഴുന്നതറിഞ്ഞു ഞാൻ...
ഒരു ദീർഘ നെടുവീർപ്പോടെ...


എനിക്കും നിനക്കും ഇടയിൽ നീ തീർത്ത
മൗനത്തിന്റെ വേലിയിൽ മുള്ളിൻ പൂവുകൾ
വിരിഞ്ഞിരുന്നു...
നട്ടു നനച്ച നാൾ ഞാനറിഞ്ഞരുന്നില്ല
മുള്ളിൻ പൂവെന്നെ നോവിക്കുമെന്ന് ..
ഇന്നാ മൗനത്തിൻ വേലിയാൽ ഞാൻ തടയപ്പെടുന്നു
നീയാം പൂവിന്റെ അരികിലെത്താൻ..


എന്നിലേക്ക്‌ അടുക്കും തോറും
നിൻ കവിൾ ചുവക്കുന്നോ സന്ധ്യേ...
നിൻ അധരത്തിൻ മധുരം നുണയാം ഞാൻ നിത്യം..
അറബി കടലിൽ താഴും വരെ....

2017, ജനുവരി 1, ഞായറാഴ്‌ച


എരിഞ്ഞടങ്ങിയ പകലും കഴിഞ്ഞു
സന്ധ്യയുടെ ചുവപ്പും മങ്ങി
ഇരുളിൻ പുതപ്പണിഞ്ഞു ഭൂമി
ഒരുങ്ങി നിന്നിരുന്നു....
പാശ്ചാത്യ സംസ്കാരം
എന്റെ ഗ്രാമത്തെയും പിടികൂടിയതിന്
തെളിവായിരുന്നു ആ വയലോരത്തെ DJ..
മദ്യം കീഴടക്കിയ യുവത്വത്തിന്റെ ചുവടുകൾക്കു കീഴിൽ
ഈയാം പാറ്റകളും പുൽച്ചാടികളും ഞെരിഞ്ഞമർന്നു...
മതത്തിന്റെ മതിലുകൾ ഇല്ലാത്ത രാവിൽ-
മുഹമ്മദും,തോമസ്സും, കൃഷ്ണനും ഒന്നിച്ചു കൈകോർത്തു..
എല്ലാ കൺഠങ്ങളും ഒന്നിച്ചു  ഒരേ ഈണത്തിൽ
പുതുവർഷത്തെ സ്വാഗതം ചെയ്തു..
ഇന്നലെകളിലെ നല്ല ദിനങ്ങളേ ....
നിങ്ങൾ ഞങ്ങളോട് പൊറുക്കുക...
നിങ്ങളുടെ  ചിതാ ഭസ്മം ഈ ഒരു നിമിഷം ഞങ്ങൾ-
മദ്യത്തിന്റെ ഓളങ്ങളിൽ ഒഴുക്കി വിടുന്നു ....
പുതുവർഷമേ...ഇത് കണ്ടു നീ ചിരിക്കണ്ടാ ..
നിന്റെ ആയുസ്സു വെറും 365 ദിനം മാത്രം..
അത് കഴിഞ്ഞാൽ ഞങ്ങൾ നിന്നെയും മറക്കും
കാരണം ഞങ്ങളെ ഞങ്ങൾ വിളിക്കുന്നത്
മനുഷ്യർ എന്നാണ് ....



വരികൾക്കിടയിൽ ജീവിത
യാഥാർഥ്യങ്ങളുടെ തുടിപ്പ്
നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്..
പിറക്കാൻ പോകും വരികൾക്ക്
ജീവ രക്തമായി അനുഭവങ്ങൾ
ഇനിയും എന്റെ ആവനാഴിയിൽ ബാക്കി...
ഇനി എന്റെ പുലരികൾ
അക്ഷര പുരകളാകേണം ..
അതിൽ വിളയും മുത്തും പവിഴവും പെറുക്കി
ഒരാളെങ്കിലും സമ്പന്നനായാൽ
എന്റെ ജീവിതം ധന്യമായിടും...