## ചെറുകഥ
ഓലപ്പുര
***********
കഠിനാദ്ധ്വാനിയായിരുന്നു ദാമു. പാലുവിറ്റും പാടത്തു പണിചെയ്‌തും കൂലിവേല
ചെയ്‌തും സന്തോഷത്തോടെ ഒരു കൊച്ചോലപ്പുരക്കുള്ളിൽ ഭാര്യക്കും
രണ്ടുമക്കൾക്കുമൊപ്പം സുഖമായി ജീവിച്ചുവരുന്നു. അവിടെ സ്നേഹത്തിന്
അതിരുകളില്ലായിരുന്നു. ചെറിയവീടിന്റെ വലിയമുറ്റത്ത് തന്റെ
കുട്ടികൾക്കൊപ്പം അയൽവക്കത്തെ കുട്ടികളും കളിക്കുന്നത് കണ്ട് ദാമുവും
ഭാര്യയും സന്തോഷിച്ചു.
ദിവസങ്ങൾക്കിപ്പുറം അയൽപക്കത്ത് പുതിയൊരു
കൂട്ടർ സ്ഥലംവാങ്ങി പുതിയൊരു ഓടിട്ട വീട് പണിയാൻ തുടങ്ങി. ദാമുവിന്
സന്തോഷമായി. പുതിയ പരിചയക്കാർ !! മാത്രമല്ല ഓട് കടത്താനും കല്ല് കയറ്റാനും
ഒക്കെയായി പണിയും കിട്ടിയല്ലോ.
അയൽപക്കത്തെ വീടിന്റെ പണികഴിഞ്ഞു
ഉമ്മറത്തെ കിണ്ടിയിൽ നിന്നും കാലുകഴുകി തോളത്തെ തോർത്ത് വീശി കാറ്റുവരുത്തി
ദാമു ചാണകം മെഴുകിയ തന്റെ കോലായിൽ മുറ്റത്തേക്ക് നോക്കിയിരിപ്പാണ്. ഭാര്യ
ഭാനു പുതിയ വീട്ടിലെ വാസന്തിയുമായി സംസാരിക്കുന്നു. പിള്ളേര് രണ്ടാളും
പുതിയവീടിന്റെ മുറ്റത്ത് ഓടിക്കളിക്കുന്നു. അന്ന് രാത്രി കഞ്ഞികുടി കഴിഞ്
ഇളകിയാടുന്ന കട്ടിലിൽ പായ വിരിച്ചുകൊണ്ട് ഭാനു പറഞ്ഞു " അതേയ് പിള്ളേരൊക്കെ
വലുതായി വര്വാ, മ്മക്കും അങ്ങനൊരു ഓടിട്ട വീട് വേണം". ഭാനു തിരിഞ്
അടുപ്പിനടുത്തേക്ക് നടക്കുമ്പോൾ ദാമു തോളിലെ തോർത്തെടുത്തു അയലിൽ ഇട്ടിട്ടു
പതിയെ കട്ടിലിലേക്ക് ചാഞ്ഞു.
"ദേ ഉറങ്ങിയോ" ഭാനു അടുത്തുവന്നു
കിടന്നോണ്ട് ചോദിച്ചു. "ഞാൻ നേരത്തെ പറഞ്ഞതിന് ഒന്നും പറഞ്ഞില്ല്യാലോ".
"ഉം' ദാമു മൂളി, "അതിനൊക്കെ കയ്യിൽ ഒത്തിരി കാശ് വേണമെടീ, മ്മക്കൊന്നും അത്
നടക്കൂല, മ്മക്ക് ഇവിടം തന്നെ സ്വർഗം" ദാമുവിന്റെ മറുപടി ഭാനുവിന്
തൃപ്തികരമായിരുന്നില്ല. "അതിനിപ്പോ ബാങ്കീന്നു ലോണൊക്കെ കിട്ടുമത്രേ, അവരും
ലോണെടുത്താ വീട് പണിതത്, പിന്നെ ആദ്യം കയ്യിൽ കുറച്ചു കാശൊക്കെ
വേണ്ടിവരും, അതിന് മ്മക്ക് പുള്ളിച്ചിപ്പയ്യിനെ ആർക്കെങ്കിലും വിൽക്കാം"
ഭാനുവിന്റെ വാക്കുകൾ കേട്ടതും ദാമുവിന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.
ദിവസോം പത്തുലിറ്റർ പാല് തരുന്ന പുള്ളിപ്പയ്യിനെ വിക്കാനോ ?? കിടാവായപ്പോൾ
എടുത്തു വളർത്തിയതാ, മക്കളായ കുട്ടനെയും കിങ്ങിണിയെയും കണ്ടപോലെ തന്നെയാ
പുള്ളിച്ചിയെയും കണ്ടത്, ദാമു കൈ നെഞ്ചിൽ ചേർത്ത്വെച്ച് നിശബ്ദനായി
കിടന്നു.
വീടുപണി തകൃതിയായി നടന്നു. കുട്ടനും കിങ്ങിണിയും
സന്തോഷത്തോടെ ഓടിക്കളിച്ചു. വീട് വലുതായപ്പോൾ മുറ്റം ചെറുതായി.
ഒറ്റക്കിരിക്കുമ്പോൾ ദാമു പുള്ളിച്ചിയില്ലാത്ത തൊഴുത്തിലേക്കുനോക്കി വെറുതെ
ഇരിക്കും. തൊടിയിലെ കിണറിൽ നിന്നും വെള്ളം കോരി കുളിച്ചു ദാമു പതിവുപോലെ
കവലയിലെ അവറാച്ചന്റെ ചായക്കടയിലേക്ക് പോകും.
കുട്ടനെയും
കിങ്ങിണിയേയും തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ, ഒരുപക്ഷെ അതിൽ കൂടുതൽ ദാമു
പഠിപ്പിച്ചു. കിങ്ങിണിക്ക് നല്ലൊരു ആലോചന വന്നു. ചെക്കൻ സർക്കാർ സ്കൂളിൽ
പ്യൂൺ ആണ്. തന്നാൽ കഴിയുന്ന ആർഭാടത്തോടെ ദാമു കിങ്ങിണിയുടെ കല്യാണം
നാലാളറിയെ തന്നെ നടത്തി. എല്ലാവരും ദാമുവിനെ നല്ല വാക്കുകളാൽ മൂടി.
കുട്ടൻ
ഇപ്പൊ എംബിഎ കഴിഞ് ഒരു സ്വകാര്യ കമ്പനിയിൽ നല്ല ശമ്പളത്തോടെ ജോലിയിൽ കയറി.
അയൽ വീട് ഓടിൽ നിന്നും കോൺക്രീറ്റിലേക്ക് വളർന്നു. ദാമു ഇപ്പോഴും
കൃഷിപ്പണിയിലും കൂലിവേലയിലും തിരക്കിൽ തന്നെ.
ഒരു ദിവസം കിടക്കുമ്പോൾ
ഭാനു പറഞ്ഞു. "കുട്ടനും വലിയവനായി, അവന്റെ ഓഫിസിലെ ഒരു പെങ്കൊച്ചിനെ
ഇഷ്ടാത്രെ, നമുക്കതങ്ങു നടത്തിക്കൊടുക്കാം ല്ലേ ??" ദാമുവിന് ഒട്ടും
സമ്മതക്കുറവില്ലായിരുന്നു. "അവൻ പറയ്യാ കല്യാണത്തിന് മുന്നേ വീട് അവനൊന്ന്
പുതുക്കിപ്പണിയാൻ പോവ്വാന്ന്, കോൺക്രീറ്റ് വീടാക്കണം പോലും" ഇത്തവണ ഭാനു
പറഞ്ഞപ്പോൾ ദാമു ചിരിച്ചു. "അവൻ വലിയവനായില്ലേ, അവന്റെ ഇഷ്ടം".
ദാമു പാടത്തു നിന്നും വരുമ്പോൾ തൊടിയിലെ കിണറിൽ തൊട്ടി കാണാതായി.
കിണറിലേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ പായൽ വന്ന് 'മിട്ടിൾ' മക്കൾ
നീന്തുന്നു. ഗേറ്റ് തുറന്ന് ഇന്റർലോക്കിട്ട മുറ്റത്തൂടെ
ഉമ്മറത്തെത്തിയപ്പോഴാണ് ഓർത്തത് കാലുകഴുകാൻ വെള്ളം വെക്കാൻ ഇപ്പൊ
കിണ്ടിയില്ലെന്നത്. മുറ്റത്തെ പൈപ്പിൽ നിന്നും കാലുകഴുകി വീട്ടിൽ
കയറിയപ്പോൾ ഗ്രാനേറ്റ് തറയിൽ തെന്നി വീഴാതിരിക്കാൻ ഇച്ചിരി കഷ്ടപ്പെടേണ്ടി
വന്നു.
കുട്ടന്റെ കല്യാണം ആ നാട്ടിലെ തന്നെ അറിയപ്പെടുന്ന
ആഘോഷമായി. കൂട്ടുകാരുടെ എന്തെല്ലാം പ്രകടനങ്ങൾ. കുട്ടൻ പറഞ്ഞതിലും
സുന്ദരിയാണ് മരുമോള്.
ശരീരത്തിന് ഒരു ക്ഷീണം തോന്നിയതിനാൽ ദാമു
പാടത്തു പോകാത്ത ഒരു പകൽ !! ഉച്ചയുറക്കം പതിവില്ലാത്തതിനാൽ ദാമു വെറുതെ
ഓരോന്ന് ആലോചിച്ചുകിടക്കുമ്പോൾ പുറത്തു കുട്ടൻ ഫോൺ ചെയ്യുന്നത് ചെറുതായി
കേട്ടു. മറുവശത്തു കിങ്ങിണിയാണെന്ന് സംസാരത്തിൽ നിന്നും ദാമുവിന്
മനസ്സിലായി. പിന്നെ പറഞ്ഞ കാര്യങ്ങൾ ഒരു ഞെട്ടലോടെയാണ് ദാമു കേട്ടത്.
പരിഷ്കാരിയായ മരുമോൾക്ക് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം
ഇഷ്ടമാവുന്നില്ലത്രേ !!!
പിറ്റേ ദിവസം മുതൽ ദാമു രാവിലെ നേരത്തേ
പാടത്തേക്ക് പോയിത്തുടങ്ങി, ഉച്ചക്ക് ഉണ്ണാൻ വന്നെങ്കിൽ വന്നു,
വൈകുന്നേരമുള്ള തിരിച്ചുവരവും വൈകി. "എന്തേ, പാടത്തു പണി കൂടിയോ??"
ഭാര്യയുടെ ചോദ്യത്തിന് അലസമായൊരു ചിരിയായിരുന്നു മറുപടി.
ഒരാഴ്ച
കഴിഞ്ഞ ഒരു പകൽ ദാമു ഭാനുവിനെ വിളിച്ചു. കുട്ടനും ഭാര്യയും അവരുടെ
കിടപ്പുമുറിയിൽ നിന്നും പുറത്തിറങ്ങി വന്നു. ദാമു ഭാനുവിന്റെ കയ്യും
പിടിച്ചു കുട്ടനോട് യാത്ര പറഞ്ഞു. ഒന്നും മനസ്സിലാവാതെ ഭാനു !!
ദാമു
മുന്നിലും ഭാനു പിന്നിലുമായി ഗേറ്റു കടന്നു. ഒന്നും പറയാനാവാതെ കുട്ടൻ.
"മോനെ ആ ഗേറ്റ് അടച്ചേക്ക്" ദാമു തിരിഞ്ഞു നോക്കാതെ പറഞ്ഞു.
ദാമു
ഭാര്യയുടെ കയ്യും പിടിച്ചു പാടത്തിനു നേരെ നടന്നു. അവിടെ പാടത്തോട് ചേർന്ന്
ഒരു കൊച്ചോലപ്പുര !!! ഒരാഴ്ചകൊണ്ട് ദാമു പണിത ഒരോലപ്പുര !!!. "എന്താ
ഇതൊക്കെ ?? " ഭാനു ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ ദാമു ചിരിച്ചു "ഇങ്ങനൊന്നു
പണിതില്ലെങ്കിൽ നമ്മൾ ഏതേലും വൃദ്ധസദനത്തിൽ എത്തിപ്പെട്ടേനെ"
ദാമുവിന്റെ നെഞ്ചിൽ തലചേർത്തു ഭാനു ഒന്ന് വിതുമ്പി.
"ദേ,
നേരം മോന്തിയാവാറായി, പോയി കുളിച്ചുവന്ന് വിളക്ക് വെയ്ക്കെന്നെ" ദാമു
സ്നേഹത്തോടെ പറഞ്ഞപ്പോൾ ഭാനു ഒറ്റമുറി വീടിന്റെ അകത്തേക്ക് പോയി ...
ദീപം .. ദീപം .. ദീപം ...
തൂക്കുവിളക്ക് ഉമ്മറത്തെ 'എറ'യിൽ കൊളുത്തി ഭാനു തൊഴുകൈയ്യോടെ മിഴി പൂട്ടി പ്രാർത്ഥിക്കുന്നതും നോക്കി ദാമു പുഞ്ചിരിച്ചു.
-----ശുഭം----