2017, ഫെബ്രുവരി 7, ചൊവ്വാഴ്ച


പ്രണയം വിരിഞ്ഞത് കണ്ണിലോ-
 കരളിലോ അറിയില്ല ...
നിൻ മൊഴി കേട്ടുണരുന്ന പുലരികൾ-
ധന്യം തന്നെ എന്നും...
നോക്കെത്താ ദൂരത്തെങ്കിലും ഞാൻ നിന്റെ
ശ്വാസത്തിൻ അരികെയെന്നറിയുക
കയ്യെത്തി പിടിക്കാൻ കൊതിച്ചു
 ഞാൻ കൈ നീട്ടി നിൽക്കാം...
വന്നണയുക എന്റെ നെഞ്ചിൻ ചൂട് പറ്റാൻ സഖീ..
നിന്നെ ചേർത്തു നിൻ മുടിയിഴകൾ തലോടി
അരുമയിൽ ആ കാതിൽ ഒരു സ്വകാര്യം...
എന്റെ രോമാവൃതമാം മാറിലൂടെ 
വിരലോടിക്കുന്ന നിന്റെ അധരം നുകരണം..
പിന്നെ നാമിരുവരും മാത്രമായ ഒരു ലോകത്തേക്ക്
സ്വപ്നത്തേരിൽ നിന്നെ കൊണ്ട് പോകണം...

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച


അന്നൊരു നാള് ഞാനാ ചോറ്റു പാത്രം 
കാലിയാക്കിയിരുന്നെങ്കിൽ 
ഇന്നെന്റെ മകന് കാണിച്ചു കൊടുക്കാൻ 
അമ്പിളിമാമൻ മാനത്തു ഉണ്ടാവുമായിരുന്നില്ലാ ...
എന്റെ 'അമ്മ അന്ന് അതിനെ 
എനിക്ക് പിടിച്ചു തന്നേനേ...


2017, ഫെബ്രുവരി 5, ഞായറാഴ്‌ച





എന്റെ യാത്രകളിൽ  മിക്കതിലും
ഞാൻ ഒറ്റപ്പെട്ടവനായിരുന്നു...
വളരെ യാദൃശ്ചികമായി ഇത്തവണ
എന്നെ യാത്രയാക്കാൻ വിണ്ണിൻ നിന്നും
ഒരു മാലാഖയായി നീ എനിക്കൊപ്പം വന്ന്ചേർന്നു ..
ഒരു പുള്ളിക്കുയിലിൽ മധുരിക്കും നാദമായ് ..
ഒരു കുട്ടികുറുമ്പിയാം മാൻപേടയുടെ വികൃതിയായ്
എന്റെ സന്തോഷങ്ങളും പരിഭവങ്ങളും
ഇന്ന് പങ്കുവയ്ക്കാൻ ഒരു കൈത്താങ് ..
ഇനി എന്റെ സ്വപ്നത്തിൻ സ്വർഗീയ നിമിഷത്തിൽ
ഒരു മണവാട്ടിയായി നീയെന്റെ മണിയറയിൽ
തമ്മിൽ പരസ്പരം പുണർന്നു സ്നേഹം പങ്കിടാൻ
വലതുകാൽ വെക്കും നിമിഷത്തിനായി
മഴകാക്കും വേഴാമ്പൽ പോലെ ഞാൻ
പ്രതീക്ഷയോടെ കാത്തിരിക്കാം...
നിരാശപെടുത്തില്ലെന്ന വിശ്വാസത്തോടെ...

2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച


കണ്ണീരുപ്പിന്റെ രുചിയായിരുന്നു
എന്റെ സ്വപ്നങ്ങൾക്ക്..
മോഹങ്ങളുടെ പട്ടത്തിന്റെ നൂല്
എന്നോ പൊട്ടിയിരുന്നു..
പ്രളയം പോലെ വന്നെത്തിയ പ്രണയത്തിൽ
സർവ്വതും ഒലിച്ചു പോയപ്പോൾ
ഒരു കച്ചിതുരുമ്പായി കുറച്ചു-
ഓർമ്മകൾ മാത്രം ബാക്കി....

മുട്ടി വിളിച്ച വാതിലുകള്
കൊട്ടി അടച്ചപ്പോഴും
പ്രതീക്ഷയുടെ മിന്നാമിന്നി വെട്ടത്തിൽ
തളരാത്ത ചുവടുമായി ഞാൻ മുന്നേറി...
വെയിലിനും വാട്ടാൻ കഴിയാത്തത്ര
എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തിയിരുന്നു...
ഒരു ചെറു സമ്മാനമല്ല ലക്ഷ്യമെന്നറിയാം..
മതഭേദമന്യേ കയറിയിറങ്ങിയ ദേവാലയങൾ
കൈമലർത്തിയ രാപ്പകലുകൾ...
ഒടുവിൽ ഞാൻ ചിന്തിച്ചു, എന്തിനീ നെട്ടോട്ടം ?..
എന്റെ ശരീരത്തിലും ഉണ്ടല്ലോ രണ്ടെണ്ണം,
അതിലൊന്ന്  നൽകാം..ഒരു കൊച്ചു സമ്മാനമായ് ...





താഴെ വീഴും നാളെണ്ണി നിൽക്കും
പഴുത്തില ഞാൻ
എന്റെ ശരീരത്തിൻ നിറഭേദം
നോക്കി നീ ചിരിക്കേണ്ട തളിരേ ...
അന്ന് ഒരു ദിനം ഇന്നത്തെ നിന്നെ പോലെ
ചിരിച്ചവനായിരുന്നു ഞാനും ,
ഇനി വരും നാളിൽ ഇന്നത്തെ ഞാനാവും നീ ...
അന്ന് നിന്നെ നോക്കി ചിരിക്കാൻ
മറ്റൊരു തളിരിനെ കാലം കാത്തു വെക്കും...

കടക്കണ്ണിൻ കാടാക്ഷം കാത്തു
ഞാൻ നിന്ന വരാന്തയിൽ -
ചിരിച്ചുടഞ്ഞ കുപ്പിവള കിലുക്കം
ഒരിക്കൽ കൂടി കേൾക്കാൻ കൊതിയായി ഇന്ന്,
തടിയൻ പ്ളാവിലെ കാക്കക്കൂട്ടിൽ
മുട്ടയിട്ടു പറക്കുന്ന കള്ളി കുയിലിന്റെ
പാട്ടിനെ പിന്തുടരണം ..
അരയാലില കീറി കണ്ണനെ നോക്കിയ
ആൽമര തറയിൽ തലചായ്ക്കണം...
കാൽമുട്ട് ചുവപ്പിച്ച ചരലുള്ള
മൈതാനമധ്യത്തിൽ കമിഴ്ന്നു വീഴണം...
പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തെഴുതിയ
പച്ചില തണ്ടൊന്നു മുറിച്ചെടുത്താ-
ചുവരിലൊരിക്കലൂടെ നമ്മുടെ പേരുകൾ
തുപ്പലിൽ ചാലിച്ച് എഴുതി ചേർക്കണം..