2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച


എനിക്ക് മുൻപേ നടന്നവരെ ഞാൻ പിൻതുടർന്നു
അവർ വെട്ടിത്തെളിച്ച പാതയിലൂടെ അനായാസം ..
ആശ്വാസത്തിന്റെ നിശ്വാസമല്ലാതെ
ആയാസത്തിന്റെ കിതപ്പില്ലാതെ ഞാൻ നടന്നു.
ആകുലതയുടെ ഭീതിയോ അകാരണമാം ഭയമോ
എന്നെ തൊട്ടു തീണ്ടിയില്ലാ ..
വിശ്വാസത്തിന്റെ കൈക്കൂപ്പിളിൽ ഏറി
ധൃതരാഷ്ട്രരെ പോലെ ഞാൻ മുന്നേറാൻ കാരണം
എന്റെ മുൻഗാമികൾ തെളിച്ച മാർഗം
നന്മയുടേതായതിനാലായിരുന്നു ..
ഇനി എനിക്കും തെളിക്കേണം എന്റെ പിൻഗാമികൾക്കായി
നന്മയും സ്നേഹവും സന്തോഷവും നിറഞ്ഞ,
വർഗീയതയുടെ ചതിക്കുഴികൾ ഇല്ലാത്ത
ഒരു ഒറ്റയടി പാതയെങ്കിലും ...

2017, ഏപ്രിൽ 25, ചൊവ്വാഴ്ച


ഹിമമണിഞ്ഞ എന്റെ സ്വപ്നങ്ങളത്രയും
നിറമണിയിച്ചത് നീ മാത്രം ...
മലർ വിരിയും കിനാവിന്റെ സൗരഭ്യം
നീ പകർന്ന സ്നേഹം മാത്രം...
അറിയുന്നു സഖീ ...നീയാണ് എന്നിലെ എന്നെ
ഞാനാക്കുന്നതെന്ന യാഥാർഥ്യം ...
പിടിച്ചു കെട്ടാൻപറ്റാതെ
ഓർമ്മകൾ അശ്വമേധം തുടരുന്നു ..
പിന്നിട്ട പാതയിൽ പുഞ്ചിരിച്ച മുഖങ്ങൾ..
തളർച്ചയിൽ താങ്ങായ കരങ്ങൾ...
ജീവൻ തുടിക്കും കിനാവുകളിൽ നിന്നും
ഓടിയൊളിച്ച കൊലുസിന്റെ കൊഞ്ചൽ..
വാടിയ പൂക്കളും പൊട്ടിയ വളതുട്ടും നിറഞ്ഞ
സമ്പന്നതയുടെ കുബേര കുഞ്ചി ..
കിതച്ചു കയറിയ പടവുകളിലെ കൂർത്ത മുള്ളിനാൽ
ചോര പൊടിഞ്ഞ കാൽപാടുകൾ ..
ഇനി എനിക്ക് ചവിട്ടിയരച്ച മണ്തരിയോടും
മാപ്പു പറഞ്ഞു നടന്നകലണം ...


2017, ഏപ്രിൽ 20, വ്യാഴാഴ്‌ച


നിലാവ് പോലും ഉറക്കമാണെന്നു തോനുന്നു ..
ഗാഢനിദ്രയെ പുൽകിയ നിലാവിന്റെ മാറിലൂടെ
ഒരു മാർജാരനെ പോലെ ഞാനെന്റെ സ്വപ്നങ്ങളുടെ-
ചാരിത്ര്യം ഓർമകളുടെ കാൽകീഴിൽ അടിയറ വെച്ചു ...
അകലെ കിഴക്കേ ചക്രവാളം ചുവന്നൊലിച്ചു...
സുഖകരമായ നോവ് നൽകിയ നിർവൃതി
ആലസ്യത്തിനു വഴിമാറിയ നേരം
ഒളികണ്ണിട്ടു നോക്കിയ പൊൻകിരണങ്ങൾ
നാണത്താൽ നഖചിത്രമെഴുതി ..
ഇത് കണ്ടു തരളിതയായ ഇളം തെന്നൽ വന്നു
ജാലക വാതിൽ മെല്ലെ അടച്ചിട്ടു ...
മോഹത്തിന്റെ പുതപ്പിനുള്ളിൽ വിങ്ങുന്ന ഹൃദയവുമായി
 പുതു മഴയെ സ്വീകരിച്ച പുതുമണ്ണ് പോലെ...
സ്വപ്നം അധരത്തിൽ ഒരു മൃദുസ്മിതം ഒളിച്ചുവെച്ചു ...

2017, ഏപ്രിൽ 19, ബുധനാഴ്‌ച

എത്തിപിടിക്കലല്ല, വിട്ടുകൊടുക്കലാണ്
പ്രണയ വിജയമെന്ന് പറഞ്ഞവർ ഇന്നെവിടെ ??
എത്തിപിടിക്കാതെ എന്നിലേക്ക്‌ എത്തിച്ചേർന്ന
എന്റേതെന്നു ഞാൻ തെറ്റിദ്ധരിച്ചു അഹങ്കരിച്ച
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് തൂവൽ തുന്നിയ
എന്റെ പ്രണയിനിയെ ഞാൻ വിട്ടുകൊടുത്തപ്പോൾ
എന്റെ പ്രണയം വിജയിച്ചുവോ പ്രണയ പണ്ഡിതരേ ???

2017, ഏപ്രിൽ 18, ചൊവ്വാഴ്ച


ഭയം ആയിരുന്നു അവളുടെ ആയുധം,
അവളെ ഓർത്തുള്ള എന്റെ ഭയം ...
അവൾക്കൊന്നും വരരുതെന്ന എന്റെ ആധി-
അവൾ സമർത്ഥമായി ഉപയോഗിച്ചപ്പോൾ
എനിക്ക് നഷ്ടം അവളെ മാത്രമായിരുന്നില്ല...
എനിക്ക് എന്നെ തന്നെ നഷ്ടമായി...
അകലെ അവൾ തേടിപിടിച്ച ആ പുതുവെളിച്ചം
അവൾക്കു മുന്നിൽ അണയാതിരുന്നെങ്കിൽ എന്ന്
എന്നിട്ടും ഞാൻ കൊതിച്ചു പോയതെന്തേ ?? ....








മംഗല്യമാല തീർത്തത് മനസ്സിലാണ്
നിന്റെ മാറിൽ ചാർത്തിയത് സ്വപ്നത്തിലും ..
കടം കൊണ്ട കിനാക്കൾ കൊണ്ട് ഞാൻ തീർത്ത
പല്ലക്കിൽ നീ രാജകുമാരിയായി വന്നെത്തി...
ഒരു മാടപ്രാവിനെപോലെ കുറുകിയ നീ
എന്റെ കരവലയത്തിൽ സുരക്ഷിതയാണെന്നറിയുക...
ഇനി നിന്റെ അധരം നുകരാൻ കൊതിച്ച ഞാൻ
നിന്റെ മൗനം സമ്മതമായി കരുതുന്നു ....

നിന്റെ സീമന്തരേഖയിൽ
സിന്ദൂരം ചാർത്താൻ നീ
മറന്ന് തുടങ്ങി...
ജീവനുള്ള മൃതദേഹമായി
നീയെന്നെ കാണാനും ...
ഇനി ഒരു വെയിൽ
വീഴും പകലിൽ
അന്ന് അഗ്നിസാക്ഷിയായി
ഞാൻ കെട്ടിയ താലിയും
നീ എന്റെ മുഖത്തു
വലിച്ചെറിഞ്ഞേക്കാം ...
പക്ഷെ പതറില്ല ഞാൻ..
കാരണം നീയെന്ന പുണ്യം
എന്നിലണയും മുൻപേ
എന്റെ മനസ്സും ഹൃദയവും
തീയിൽ കുരുത്തിരുന്നു ...
 

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച


മണലാരണ്യത്തിൽ വീണ്ടും കാലൂന്നിയപ്പോൾ
ഒത്തിരി നഷ്ടങ്ങളുടെ വേദന ബാക്കി...
പ്രിയപ്പെട്ടവരെ പിരിയുന്ന നൊമ്പരം...
പ്രിയതമയും പ്രിയ മക്കളും മാതാപിതാക്കളും
പിന്നെ എന്തിനും കൂട്ടായ കൂട്ടുകാരും...
കാണാൻ കൊതിച്ചു കണ്ടെത്തിയ ചന്ദ്രികയും...
ഇനി ഈ ഓർമയുടെ മരുപ്പച്ചയിൽ ഞാൻ
ഈ മണലാരണ്യത്തിൽ അലയട്ടെ....

ഞങ്ങൾക്ക് സർവേശ്വരൻ തന്ന വിഷുക്കണിക്ക് ഇപ്പോൾ രണ്ടാം വയസ്സ്... ഈ പുഞ്ചിരി വരദാനമായി തന്നതിന് എന്നും കടപ്പെട്ടിരിക്കും ഭഗവാനേ നിന്നോട്...

ആരവങ്ങളില്ലാത്ത ആഘോഷ വേളയിൽ രണ്ടാം വയസ്സിന്റെ നിറപുഞ്ചിരിയുമായി ഞങ്ങടെ നന്ദു......

2017, ഏപ്രിൽ 11, ചൊവ്വാഴ്ച


വികാര വിക്ഷോഭങ്ങൾക്കൊടുവിൽ
വിവേകം വികാരത്തെ കീഴടക്കിയ മാത്രയിൽ
എന്നിലെ ഞാൻ ഉണർന്നു തുടങ്ങി...
കാപട്യം നിറഞ്ഞ ഈ ലോകത്തു
ആത്മാർത്ഥതയുള്ള ഹൃദയം എനിക്ക് സമ്മാനിച്ച
കാരാഗൃഹം ഇനി മറ്റൊരാൾക്ക് കിട്ടാതിരിക്കാൻ
ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു ...
പിന്നിട്ട വഴിയിൽ കൈവിട്ടതെല്ലാം
പ്രിയ സ്വപ്നങ്ങളായിരുന്നു ...
ഇന്ന് അവയെ ഞാൻ ഓർമചെപ്പിൽ
സൂക്ഷിച്ചുവെച്ചു, ഇടയ്ക്കു തുറന്നു
എണ്ണിനോക്കുമ്പോൾ... അതിശയം തന്നെ
 അതിലൊരു മണിമുത്തുപോലും മറവിയുടെ
ചവറ്റുകുട്ടയിൽ അഭയം തേടിയില്ലാ ...


2017, ഏപ്രിൽ 4, ചൊവ്വാഴ്ച


ചീഞ്ഞഴുകി ജീർണിച്ചിരിക്കുന്നു 
എന്റെ മനസ്സും ചിന്തകളും...
നിനച്ച കനവുകള് കൊഴിഞ് വീഴുന്നു ..
പതിച്ചു നൽകാൻ കരളില്ല ബാക്കിയായ്‌ ..
മധുരമൂറും വാക്കു കേട്ട കാലം മറന്ന കാതുകൾ ...
ഇടറിയ കാൽചുവടും വരണ്ടുണങ്ങിയ മണ്ണും
നീരൊഴുക്കിനെ കൊതിയോടെ കാത്തിരിക്കും പുഴയും ..
പ്രകൃതിയുടെ വികൃതികൾ തകൃതിയായ് മുന്നോട്ട് ..

ഒരു നാളിൽ എന്റെ കൈവെള്ളക്കിടയിലൂടെ
ചോർന്നു പോയ ഒരു ചെറു മഴത്തുള്ളിയായി നീ ..
ഇന്ന് എന്റെ ഓർമയിൽ  ഒരു പേമാരിയായി
നീ പെയ്തൊഴിയാതെ എന്നെ നനക്കുന്നു ...
ഈ വിരഹത്തിൻ ചൂടിലും ഒരു നനുത്ത കുളിരായി
നീ അന്ന് തന്ന മൃദു ചുംബനം മാത്രം ...
ഒരു വേള നീ അന്ന് തിരിഞ്ഞെന്നെ നോക്കുമെന്ന്
വെറുതെ നിനച്ച ഞാനല്ലേ വിഡ്ഢി...

ഇന്നെനിക്കു ഒരു സൗഹൃദ ഹൃദയം വീണു കിട്ടി....എനിക്കുറപ്പുണ്ട് എന്നെ പോലെ നന്മ ഒളിച്ചുവെച്ച ഒരു മനസ്സിന്റെ ഉടമയാണ് ഈ മിത്രമെന്ന് .... ഇനി എന്റെ സൗഹൃദ പൂവാടിയിൽ ഒരു വാടാത്ത പൂവായി പരിമളം പടർത്തു പ്രിയ സുഹൃത്തേ ...


2017, ഏപ്രിൽ 3, തിങ്കളാഴ്‌ച


പൊട്ടിച്ചിതറുന്ന താലി ചരട് കണ്ടിട്ടും
കണ്ണീർചാലുകൾ പുഴകൾ തീർത്തിട്ടും
ഒന്നും അറിയാത്ത പോലെ അവിഹിതം ചിരിച്ചു ...
ഇരുളിന്റെ മറപറ്റി പിൻവാതിലിൽ  മുട്ടിയും
അന്യന്റ 'മുതലിനെ'സ്വന്തമാക്കിയും
അവിഹിതത്തിൻ വികൃതികൾ കളി തുടരുന്നു ...
അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന മഹത് വാക്യത്തെ
നിന്നെ പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കാം
എന്ന വാക്യത്തെ തെറ്റി വ്യാഖ്യാനിച്ചു
അവിഹിതം തടിതപ്പുന്നു പോലും...
പ്രണയമെന്ന ദിവ്യ വികാരത്തിന്റെ മുഖമൂടിയണിഞ്ഞു
അവിഹിതം ഇന്നും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു ..

---സുധി ഇരുവള്ളൂർ ---