2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച


ഒരു പെരുമഴക്കാലമായ് നിന്നിൽ പെയ്യ്തിറങ്ങാൻ 
കൊതിച്ച നിമിഷങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സായിരുന്നു ....
ഒരു മഴത്തുള്ളിപോലെ നീയെന്റെ കൈക്കുമ്പിളിൽ നിന്നും 

ഊർന്നു താഴെ വീണു ചിതറാൻ കൊതിച്ചു ...
നിന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി അധരത്തിലൊളിക്കാൻ 

എന്റെ മോഹങ്ങളുടെ മഴതുള്ളി കൊതിച്ചതറിഞ്ഞില്ലെന്നുണ്ടോ നീ  ??
ഇനിയും ഒരു മഴക്കായി കാത്തിരിക്കാതെ ഞാൻ 

പെയ്തു തോർന്ന തുള്ളികൾക്കിടയിലൂടെ നടന്നകലട്ടെ .....

നിന്റെ സ്നേഹമായിരുന്നു
എന്റെ തൂലികയിലെ മഷി ...
ഇനി ഈ  തൂലിക ഉപേക്ഷിക്കുന്നു ...
നിറമില്ലാത്ത തെളിയാത്ത
അക്ഷരങ്ങൾ ഇനി ആർക്കുവേണ്ടി ???


ചുംബിച്ചുലയ്ക്കുവാൻ ഞാൻ വൈകിയതിനാലോ സഖീ
നിൻ ചൊടി എന്നോട് ചൊടിച്ചു നിന്നു  ???
കണ്ണിൽ നോക്കിയിരിക്കാൻ ഞാൻ മടിച്ചതിനാലോ സഖീ
കണ്മഷിയെഴുതാൻ നീ മറന്നു പോയി ???
താളം പിടിക്കാൻ ഞാൻ കരം ഇളക്കാത്തതിലോ സഖീ
നീ നിൻ കാൽച്ചിലങ്ക എന്റെ മുന്നിൽ അഴിച്ചെറിഞ്ഞു ???



മനസ്സിന് മതിൽ കെട്ടിയിരിക്കയാണ് ചിലർ
ആരും എത്തിനോക്കാതിരിക്കാൻ ഉയരത്തിൽ
അകത്തു നടക്കുന്നതൊന്നും പുറത്തറിയാൻ പാടില്ലായിരിക്കും
സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ട പിച്ചള ഗേറ്റ് വഴി
ഞാനൊന്നെത്തി പാളി നോക്കിയപ്പോൾ
പൂക്കളും കിളികളും അരുവികളും ഓളങ്ങളും നിറഞ്ഞ
മനോഹര സ്വർഗ്ഗമാണവിടെയെനിക്ക് കാണാൻ കഴിഞ്ഞത് ....
ഇനി ഞാനും ഈ മതിൽക്കെട്ടിൽ നിന്നും പുറത്തേക്കില്ല
ഇവിടെ ഞാനൊരന്തേവാസിയാവുന്നു ...
ഈ സ്വർഗത്തിൽ ...ആ ഹൃദയത്തിൽ ...

2018, ജൂലൈ 13, വെള്ളിയാഴ്‌ച


വികാര വിക്ഷോഭങ്ങളുടെ
വേലിയേറ്റങ്ങൾക്കൊടുവിൽ
പ്രക്ഷുബ്ധമായ മനസ്സിൽ
തിരയടങ്ങാൻ വിസമ്മതിക്കുന്നു ..
കരയെ തിര വിഴുങ്ങിയോ അതോ
കര സ്വയം പിൻവാങ്ങിയോ ??
അലിഖിതങ്ങളായ നിയമസംഹിതകളുടെ
ഗ്രന്ഥക്കെട്ടിൽ ചിതലരിക്കുന്നു ...
സത്യത്തിന്റെ മരണവാർത്തയറിഞ്ഞെത്തിയ
ബലിക്കാക്കകളുടെ സംഗീതം ...
വിശ്വാസത്തിന്റെ ചിതയിൽ നിന്നും
ബീഡികത്തിക്കുന്ന താടിവളർന്ന ചിന്തകർ ...
ലോകമേ , നിൻ മടിത്തട്ടിലെ ലാവഉറയുമ്പോൾ
ഇനി ഞാനും അതിലൊന്ന് മുഖം കഴുകിക്കോട്ടെ ???

2018, ജൂലൈ 5, വ്യാഴാഴ്‌ച


നീയും ഞാനും ഒരിലയുടെ രണ്ടു വശങ്ങൾ
ഒരു ഹൃദയമിടിപ്പിൻ അരികിലുണ്ടായിട്ടും
പരസ്പരം കാണാതെ തീരുന്ന ആയുസ്സിനുടമകൾ.
എന്റെ വരികൾക്കിടയിൽ ഞാൻ നിന്നെ ഒളിച്ചുവച്ചു
നിന്റെ പുഞ്ചിരിക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു
പൊരിവെയിലും പേമാരിയും
നിന്നെ തളർത്താതിരിക്കാൻ ഞാനിലയുടെ മേൽഭാഗമായി
ഇനി ഒരു കാറ്റേറ്റ് നാമിരുവരും ഞെട്ടറ്റു വീഴും നാൾ
തിരിഞ്ഞു മറഞ്ഞു ഞാനാദ്യം ഭൂമിയെ സ്പർശിക്കും 
ഞെട്ടറ്റതെങ്കിലും നിനക്ക് നോവാതിരിക്കാൻ...

2018, ജൂലൈ 1, ഞായറാഴ്‌ച


കുപ്പിവള പോലെ കിലുങ്ങി ചിരിക്കും
സുന്ദര നിമിഷങ്ങളുണ്ട് ചേർത്തുവെക്കാൻ,
ദാവണിക്കുള്ളിൽ വീർപ്പുമുട്ടുന്ന സ്വപ്നങ്ങളുണ്ട്
ഹൃദയ ചലനമായി കൂട്ടിനൊരു കാൽച്ചിലങ്കയുണ്ട് ...
മോഹങ്ങൾ പൂത്തുലയും മൂക്കുത്തിയുണ്ട്
കലപിലകൂട്ടാനൊരു വെള്ളി കൊലുസുണ്ട്
ഒരു നെരിപ്പോടായി വിങ്ങും നിൻ
ഓർമയുണ്ട് തഴുകി തലോടാൻ ,
മറന്നിട്ടും മറക്കാനാവാതെ
ഒരു മഞ്ചാടിമണിയായ ഓർമ്മകൾ