രാവിലെ മുഖപുസ്തകത്തിന്റെ താളുകൾ സ്ക്രോൾ ചെയ്യുമ്പോൾ കാബിനു പുറത്തു MD യുടെ ഉച്ചത്തിലുള്ള അലർച്ച കേട്ടു. ഇംഗ്ലീഷിൽ ആണ്, അപ്പോൾ തന്നെ ബോധ്യമായി പുള്ളി ഇന്ന് നല്ല മൂഡിൽ അല്ല എന്ന്. ഇനി എന്തൊക്കെയാവും പൂരം. ഇന്ന് എല്ലാവർക്കും തെറിയുടെ അഭിഷേകമായിരിക്കും, ഉറപ്പ്.
മുഖപുസ്തകം ലോഗ് ഔട്ട് ചെയ്തു ജോലിഭാരത്തിലേക്ക് മുങ്ങാങ്കുഴിയിട്ടു, ഏറെ താമസിയാതെ ഇന്റർകോമിൽ വിളി വന്നു. MD യുടെ സെക്രട്ടറി ആണ്, "സാർ വിളിക്കുന്നു".
ആള് കലിപ്പിലായതിനാൽ എന്തും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആണ് ഡോറിൽ മുട്ടിയത്. "Yes" ഉള്ളിൽ നിന്നുമുള്ള ശബ്ദത്തിന് തെല്ലും മയമില്ലായിരുന്നു. വീട്ടിൽ നിന്നും വഴക്കിട്ടാണ് വന്നതെന്ന് ഡ്രൈവർ പറയുന്നത് കേട്ടിരുന്നു. എന്തായാലും നേരിടാൻ തയ്യാറായി വലതുകാൽ വെച്ച് കയറി.
ശീതീകരിച്ച കണ്ണാടിക്കൂടിനുള്ളിലെ തിരിയുന്ന ഇരിപ്പിടത്തിൽ നിന്നും ലാപ് ടോപ്പിൽ മുഖം നട്ടിരുന്ന തല ഉയർത്തി ചുവന്നു വീർത്ത മൂക്കും കവിളുമായി ഇംഗ്ലീഷ് ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം തെളിയിക്കുന്ന രീതിയിൽ ശകാരം തുടങ്ങി.
നോക്കുമ്പോൾ കാര്യം നിസ്സാരമായി എനിക്ക് തോന്നി, എന്റെ കീഴിലുള്ള ഒരു സ്റ്റാഫ് ഇന്ന് ജോലിക്കെത്താൻ 10 മിനിറ്റ് വൈകി. ഈ മാസം മൂന്നാമത്തെ തവണയാണ് പോലും 10 മിനിറ്റ് വീതം വൈകുന്നത്. അപ്പോൾ എന്തിന് ഞാൻ അവർക്ക് പെർമിഷൻ കൊടുത്തു??. അതാണ് ചോദ്യം.
ഞാൻ ഓർത്തു ഈ പറയുന്ന സ്റ്റാഫ് ഒരു സ്ത്രീയാണ്. അവർ അവരുടെ രണ്ടു കുട്ടികളെ സ്കൂളിലേക്ക് പോകാൻ ഒരുക്കി ഭർത്താവിന് ഉച്ചക്ക് ഉണ്ണാനുള്ള ഭക്ഷണം ടിഫിൻ ആക്കി കൊടുത്തു പ്രൈവറ്റ് ബസിൽ തിക്കി തിരക്കി വേണം ജോലിക്കെത്താൻ. ഒപ്പം വരുന്ന വഴിയിൽ മൂന്നോ നാലോ ട്രാഫിക് സിഗ്നലും.
എന്നിൽ നിന്നും മറുപടി വൈകുന്നത് കണ്ടപ്പോൾ ചോദ്യം ആവർത്തിക്കപ്പെട്ടു , ഇത്തവണ ഗാംഭീര്യം കുറച്ചു കൂടിയ പോലെ. "സർ അവർ വരും വഴി ട്രാഫിക് ബ്ളോക്കിൽ കുടുങ്ങിയപ്പോൾ എന്നെ വിളിച്ചു വിവരം പറഞ്ഞിരുന്നു" ഞാൻ അനുനയത്തിന്റെ ഭാഷ തിരഞ്ഞെടുത്തു. " So What? " പുള്ളി മെരുങ്ങാൻ ഒരുക്കമല്ലായിരുന്നു. " Look Mr., നിങ്ങള്ക്ക് ഈ പത്തു മിനിറ്റ് ഒന്നുമല്ലായിരിക്കാം. എനിക്ക് ഇത് പോലെ പത്തു മിനിറ്റു വെച്ചുള്ള ഒരാളുടെ Man Power ആണ് നഷ്ടമാവുന്നത്? ഇവർക്ക് ഈ സമയത്തിനുള്ള ശമ്പളവും ഞാൻ കൊടുക്കണ്ടേ? സമയത്തിനുള്ള വില നിങ്ങളെപ്പോലുള്ള മാനേജർമാർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു" അങ്ങേരു അടുക്കാനുള്ള ഒരുക്കത്തിലല്ല, "സർ ഇനി ഇങ്ങനെ വരാതെ ഞാൻ നോക്കിക്കൊള്ളാം, ഇന്ന് തന്നെ ഞാൻ അവർക്ക് ഒരു Warning കൊടുത്തേക്കാം" ഞാൻ വീണ്ടും അനുനയത്തിന്റെ പാത തന്നെ സ്വീകരിച്ചു, പക്ഷെ അങ്ങേര് വീണ്ടും തുടരുകയാണ് " എന്റെ അപ്പൻ എന്നെ ഇത് ഏൽപ്പിക്കുമ്പോൾ എനിക്ക് വെറും 25 വയസ്സാണ്. ആ ചെറു പ്രായം തൊട്ട് ഇത് ഈ നിലയിൽ നിലനിർത്താൻ ഞാൻ പെടുന്ന പാട് നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലാ ,നീയൊന്നും ലോകം കണ്ടിട്ടില്ല, അല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ല" പുള്ളി ഉറഞ്ഞു തുള്ളാൻ തുടങ്ങി. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് അദ്ദ്ദേഹം ചുവടു മാറിയപ്പോൾ ഇത് ഇപ്പോഴൊന്നും നിർത്താനുള്ള പരിപാടിയില്ല എന്നെനിക്ക് മനസ്സിലായി.
ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല, ഒരു ചുവടുമാറ്റത്തിന് എന്റെ മനസ്സ് നിർബന്ധിതനായി.
"സാറ് ഒത്തിരി ലോകം കണ്ട ആളായിരിക്കാം, പക്ഷെ സാറ് കണ്ട ലോകത്തിലെ മറ്റുള്ളവരും സാറിനെ പോലുള്ളവരാണ്. വീട്ടിലെ AC റൂമിൽ നിന്നും ഇന്റർലോക്ക് ചെയ്ത മുറ്റത്തു നിർത്തിയ AC കാറിൽ കയറി സ്വന്തം സ്ഥാപനത്തിലെ AC മുറിയിലെ കണ്ണാടിക്കൂട്ടിൽ ഇരുന്നു CC TV നോക്കി ഇരിക്കുന്നവർ, സാറ് ഈ പറഞ്ഞ 25 വയസ്സിനു ശേഷം ഏതെങ്കിലും ഒരു ദിവസം പ്രൈവറ്റ് ബസ്സിൽ സഞ്ചരിച്ചിട്ടുണ്ടോ? ഡ്രൈവർ എത്താത്ത ഒരു ദിവസമെങ്കിലും രാവിലെ എഴുന്നേറ്റു സ്വന്തം കാർ കഴുകിയിട്ടുണ്ടോ? സാറിന്റെ വീട്ടിൽ ഭക്ഷണം ഒരുക്കുന്നത് ജോലിക്കാർ ആയിരിക്കും,സാറ് നാട്ടിൻ പുറത്തെ ചായക്കടയിൽ ഇരുന്നു രാവിലത്തെ പത്രം വായിച്ചുകൊണ്ട് മറ്റുള്ളവർക്കൊപ്പം ചായ കുടിച്ചിട്ടുണ്ടോ? അമ്പലക്കുളത്തിലെ തെളിഞ്ഞ വെള്ളം ചാടി നീന്തി തിമർത്തു കലക്കി മറിച്ചിട്ടുണ്ടോ ?? സാറ് കടലാസ് ചുരുട്ടി പുകവലിച്ചിട്ടുണ്ടോ ?? എന്തിന്, സാറ് അവസാനമായി ഒരു മഴ നനഞ്ഞ ദിവസം ഓർമയിലുണ്ടോ ?? സാറ് കാണുന്ന ലോകം മാത്രമല്ല ശരിയായ ലോകം, ഓരോരുത്തരുടെയും സാഹചര്യം അവർക്ക് ചുറ്റും അവരുടെ ലോകം തീർക്കുന്നു. ഈ വൈകിയ 10 മിനിട്ടിന് ഒരു പാട് ശകാരിക്കാതെ ഇനി ശ്രദ്ദിക്കണം എന്ന മൃദു ഭാഷണത്തിലൂടെ അവർ അവരുടെ വിശ്രമവേളയിൽ 20 മിനിറ്റ് അധിക ജോലി ചെയ്തിരിക്കും. ഓരോരുത്തരോടുമുള്ള സമീപനവും ജോലി ചെയ്യാൻ അവർക്ക് നമ്മൾ ഒരുക്കികൊടുക്കുന്ന അന്തരീക്ഷവുമല്ലേ സാർ അവരുടെ ആത്മാർത്ഥതയുടെ അളവുകോൽ ?? പിന്നെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് ഞങ്ങളുടെ നാട്ടിൻപുറത്തൊരു ചൊല്ലുണ്ട്, അത് ഇവിടെ ഓരോരുത്തരെയും തളർത്തുകയേ ഉള്ളൂ സാർ "
പറഞ്ഞു തീർന്നതും പിന്നെ ഞാനവിടെ നിന്നില്ല. എന്റെ സീറ്റിൽ അടുത്ത വിളിക്കായി കാത്തിരുന്നു, ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനമാവുമല്ലോ. പക്ഷെ എന്നെ അതിശയിപ്പിച്ചു വൈകുന്നേരം ഇറങ്ങും വരെ വിളിയൊന്നും വന്നില്ല.
പിറ്റേ ദിവസം രാവിലെ വന്ന ഉടനെ HR Dept.ന് സമീപം ചുറ്റിപറ്റി നടന്നു. പിന്നെ സെക്രട്ടറി വന്നപ്പോൾ അവർ പറഞ്ഞു " നീ പൊളിച്ചടുക്കിയല്ലോടാ, MD ക്ക് ഇപ്പൊ നിന്നെ പറ്റി ഇപ്പൊ വല്യ മതിപ്പാ"..
"സർവ്വേശ്വരാ നീ കാത്തു" ഞാൻ മനസ്സിൽ പറഞ്ഞു.