2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച


നിനക്കറിയാമോ ???
ഹൃദയത്തിന്റെ താളിൽ
മാനം കാണിക്കാതെ
ഞാൻ ഒളിച്ചുവെച്ച
സ്വപ്നത്തിന്റെ
മയില്പീലിത്തുണ്ടുകൾ
ഇനിയും വിരിയാൻ
ബാക്കി കിടപ്പുണ്ട് ....

2017, സെപ്റ്റംബർ 23, ശനിയാഴ്‌ച


കാണാമറയാതിരുന്നു നീയെന്നെ
സാകൂതം നോക്കി നിൽക്കുന്നതിലും
എനിക്കെന്നും ഏറെ ഇഷ്ടം
അരികിൽ നീവന്ന് വഴക്കിടുന്നത് തന്നെ ..
ചെമ്പരത്തി കണ്ണുമായ്
കൂരമ്പിന്റെ നോട്ടത്തോടെ
ആ മൂക്കൊന്നുകൂടി ചുവന്നു കാണാനായ്
കാത്തിരിക്കുന്നു ഞാനിന്നേകനായ് ...


2017, സെപ്റ്റംബർ 17, ഞായറാഴ്‌ച


കെട്ടിയാടാൻ ഇനിയും വേഷങ്ങൾ ബാക്കി
കാലം രംഗബോധമില്ലാത്ത കോമാളിയാവുന്നു ...
അരയിൽ കെട്ടിയ കുരുക്കിന്റെ-
മറുതല ആരുടെ കൈകളിലാണെന്നറിയില്ല 
ചുടുചോറ് വാരി ഉള്ളം കൈ പൊള്ളിയിട്ടും
ചാടി കളിയ്ക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ...
ദൂരമിനിയുമേറെ താണ്ടാനുണ്ടെങ്കിലും
തോളിലെ മാറാപ്പിന്റെ ഭാരം തളർത്തുന്നു ...
ഇനി വയ്യ, ഞാനെന്റെ പ്രയാണം ഇവിടെ നിർത്തുന്നു ...
നിങ്ങൾ തുടരുക ...ലക്ഷ്യത്തിലേക്കുള്ള യാത്ര ..

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഒരെഴുത്തു ഗ്രൂപ് 'ഇന്നത്തെ ഓണവും മലയാളിയും ' എന്ന വിഷയത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ ഞാനും  ഒന്ന് പങ്കെടുത്തു നോക്കി...ഇന്നായിരുന്നു ഫലപ്രഖ്യാപനം... ഫലമറിഞ്ഞപ്പോൾ ഒന്നാം സമ്മാനമായ കസവു മുണ്ട് പോയിട്ട് ഒരു തോർത്ത് മുണ്ടു പോലുമില്ലാട്ടോ ....ഹ ഹാ ഹാ ...
************************************************************

ഓണമുണ്ട് പോലും മലയാളിക്കിന്ന് !!!
ഓണപൂവിറുക്കാൻ എനിക്കിന്ന് നേരമില്ല
ഒരു ബംഗാളിയെ കൂലികൊടുത്തിറക്കണം....
അന്നെന്റെ ബാല്യത്തിൽ തുമ്പപ്പൂവിറുത്തപ്പോൾ
കയ്യിൽ കടിച്ച കട്ടുറുമ്പ് തന്ന നോവ് ഇന്ന് മധുരിക്കുന്നു.
കാണം വിറ്റും ഓണമുണ്ണണമെങ്കിൽ
അന്യസംസ്ഥാനത്തു വിളവെടുത്തേ പറ്റൂ..
മണ്ണിന്റെ മണം ഇന്നെന്റെ മൂക്കിന് ചൊറിച്ചിലായ്..
ഓണക്കോടിയായി മുട്ട് പിന്നിയ ജീൻസ് തിരഞ്ഞുവലയുമ്പോള്
കസവുകര മുണ്ടെന്നെ നോക്കി പല്ലിളിച്ചു ..
ഊഞ്ഞാലിടാനായി മാങ്കൊമ്പ്‌ തിരിഞ്ഞു ഞാനെത്തിയത്
മാളിന്റെ ഉള്ളിലെ തണുപ്പിലെ സ്ക്രീനിനു മുന്നിലും ..
തുമ്പിതുള്ളാനുള്ള തുമ്പികളെല്ലാം
കണ്ണീർ പരമ്പര കണ്ടു കരയുകയാണ് ..
വാട്സപ്പിനും ഫേസ്ബുക്കിനും സെൽഫിക്കായി 
ചൈനയുടെ പൂക്കളം കിട്ടുമെന്നറിഞ്ഞിപ്പോൾ ..
മാവേലിമന്നനെ വരവേൽക്കാൻ തിരക്കിന് മുന്നേ-
ക്യു നിൽക്കണം...ഓണം പൊന്നോണം മലയാളിക്കെന്നും...

---സുധി ഇരുവള്ളൂർ ---



2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച


നൂറു തിരികൾ തെളിയുന്ന നിന്റെ മിഴിയിൽ 
നൂറു ജന്മദിനങ്ങളുടെ തിളക്കമെനിക്കിനിയും
അടുത്തുനിന്നും കണ്ടറിയണം ...
പ്രണയപൂർവം നിന്റെ സന്തോഷങ്ങളിൽ
ഒരു കൈത്താങ്ങായി കൂടെഞാനെന്നും ....

സ്നേഹപൂർവ്വം ജന്മദിനാശംസകൾ...



നമുക്കിടയിലെ മൗനം ഇന്ന്
വളർന്നു ആകാശത്തോളം
വലുതായിരിക്കുന്നു ...
എന്നിട്ടും ഞാൻ കാത്തിരിക്കുന്നു,
ആ മാനത്തു ഇരുണ്ടുകൂടിയ
തെറ്റിദ്ധാരണയുടെ കാർമേഘം
ഒരു നാൾ മഴയായി പെയ്യും
ദിനവും കാത്തു ...

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച


തേടി അലയും കാട്ടിനുള്ളിലെ
എത്തിപ്പിടിക്കാൻ കൊതിക്കും
കാട്ടുപൂവിന്റെ ഇതൾവിടർത്തി
ആരും നുകരാതേനിൽ മധുരം
ചൊടിയിലേറ്റു വാങ്ങി
ഒരു മഞ്ഞിൻ തുള്ളിപോലെ
പൂവിനുള്ളിൽ ഒരു നേർത്ത
നനവ് തീർത്തു നിന്റെ ആഴങ്ങളിൽ
ഇനി ഞാൻ മയങ്ങട്ടെ...