2017, ജൂലൈ 31, തിങ്കളാഴ്‌ച


ഒരു പട്ടുനൂൽ മെത്തപോൽ
മൃദുവാം നിൻ മാറിൽ
തലചായ്ച്ചു ഞാൻ മയങ്ങവേ
മാനത്തെ വെള്ളി മേഘത്തിൻ
പാൽക്കുടങ്ങൾചുരത്തിയ
അമൃതിന്റെ മധുരം ഞാൻ നുണയവേ
നിന്റെ അരക്കെട്ടിലെ ആലില
ഇക്കിളിയാൽ പുളകിതയായി ...
വിരിയാൻ വെമ്പിയ
ചെമ്പനീർ മൊട്ടിലൂറും തേൻതുള്ളി
ചെറു വണ്ടായി ഞാൻ നുകരവേ
നിന്റെ അധരത്തിൽ നിന്നുതിർന്ന
സിൽക്കരമെന്റെ സിരയിൽ കരുത്തായി ..
എന്റെ പ്രണയം നിന്നിലേക്ക്‌
ഒരു പുതുമഴയായി പെയ്തിറങ്ങവേ
പാതികൂമ്പിയ നിന്റെ കണ്ണിലെ
നാണം ഞാൻ സ്വന്തമാക്കട്ടെ ...

2017, ജൂലൈ 30, ഞായറാഴ്‌ച


തന്റെ ഭർത്താവിന് കാഴ്ച്ചയില്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം കണ്ണ് മൂടിക്കെട്ടി ഭർത്താവിനെ സ്നേഹിച്ചു പരിപാലിച്ചു കൗരവപുത്രർക്ക് ജന്മം നൽകിയ ഗാന്ധാരിയെയാണോ, തന്റെ ഭർത്താവിന്റെ കഴിവിൽ വിശ്വാസമില്ലാതെ ശ്രേഷ്ഠരാം പുത്രന്മാർക്കു വേണ്ടി ഒന്നിലധികം പരപുരുഷന്മാരെ  മനസ്സാ പ്രാപിച്ചു  പാണ്ഡവ പുത്രർക്ക് ജന്മം നൽകിയ  കുന്ദീദേവിയെ ആണോ ഉത്തമ സ്ത്രീയെന്ന് വിശേഷിപ്പിക്കാവുന്നത് ?? ഇതാണ്  ഇന്നത്തെ എന്റെ സംശയം...

2017, ജൂലൈ 28, വെള്ളിയാഴ്‌ച


ഒരോ പുലരിയും പിറക്കുന്നത് ഓരോ ശുഭ പ്രതീക്ഷകളാലാണ് ... സൂര്യൻ കത്തിജ്വലിച്ചോ മഴ പെയ്തു തിമർത്തോ സന്ധ്യയും കടന്ന് രാവ് കറുത്ത് എരിഞ്ഞടങ്ങുമ്പോൾ ഓരോ ദിനവും പതിവുപോലെ നിരാശയാൽ  കൺപീലികൾ ഇണചേരുന്നു ... നാളത്തെ പുലരി എന്ന ശുഭപ്രതീക്ഷയുടെ  ബീജം മനസ്സിൽ വളർത്തിക്കൊണ്ട് ....

2017, ജൂലൈ 26, ബുധനാഴ്‌ച


നിന്റെ മുടിയിഴകൾ
കോതി ഒതുക്കാനായിരുന്നു
എനിക്കേറെ ഇഷ്ടം ...
കാരണം അവ എന്നെപോലെ
അനുസരണയില്ലാത്തവർ
ആയതിനാലാവാം ...
പിന്നെ നിന്റെ നീലമിഴികളിലെ
ആഴം നോക്കിയിരിക്കാനും ..
ഒരുവേള ആ ഇമകൾ പിടയുമ്പോൾ
തുടിക്കുന്ന ആ പീലികളിൽ
മൃദുവായൊന്നു ചുംബിക്കാനെന്റെ
ചൊടി കൊതിക്കുന്നു ...

2017, ജൂലൈ 25, ചൊവ്വാഴ്ച

സ്വപ്നങ്ങളുടെ പട്ടത്തിന്
നൂലില്ലായിരുന്നു ....
ജീവിതത്തിന്റെ പട്ടത്തിന്റെ
നൂല് പിടിക്കാൻഒരുപാട് കരങ്ങളും ...
പറന്നുയരാൻ മനസ്സ് കൊതിക്കുന്നുണ്ട് ..
ബന്ധങ്ങളുടെ നൂൽബന്ധം പിടിമുറുക്കുന്നു ..
പൊട്ടിച്ചെറിയാൻ വയ്യ
ബന്ധനമെങ്കിലും ആ നൂല്
ബന്ധത്തിന്റേതല്ലേ ...



ഇലകൊഴിഞ്ഞുണങ്ങിയ
എന്റെ ഹൃദയത്തിൻ ചില്ലയിൽ
നീ കൂടുകെട്ടിയതിൽ പിന്നെ
പ്രതീക്ഷയുടെ പുതുനാമ്പുകൾ
തളിർത്തു പൊന്തുന്നു ...


2017, ജൂലൈ 21, വെള്ളിയാഴ്‌ച


മഴത്തുള്ളികൊണ്ട് നിനക്കൊരു
മൂക്കുത്തി പണിതു തരാം ...
കണ്ണീർതുള്ളിയാൽ നീ
ഒഴുക്കി കളയില്ലെങ്കിൽ ....

2017, ജൂലൈ 20, വ്യാഴാഴ്‌ച


നിന്റെ മൗനത്തിനും പിണക്കത്തിനും
പഴക്കം കൂടുംതോറും കാട്ടുപഴങ്ങളിൽ നിന്നും
വാറ്റി എടുത്ത വീഞ്ഞ് പോലെ
എന്റെ പ്രണയത്തിന് ലഹരി കൂടി വരുന്നു ...
അത് നുകരാൻ നീ വരില്ലെന്നറിഞ്ഞിട്ടും
ഹൃദയത്തിന്റെ നടുമുറ്റത്തൊരു കുഴികുത്തി
ഞാൻ ഭദ്രമായി മൂടിവെക്കുന്നു,
ഒരു നാൾ നീ വരുമെന്നോർത്തു ....

---സുധി ഇരുവള്ളൂർ ---

2017, ജൂലൈ 14, വെള്ളിയാഴ്‌ച


ആയുസ്സെത്താതെ മരിച്ച സ്വപ്നങ്ങളുടെ ആത്മാക്കൾ
ഇന്നെന്റെ ഹൃദയ വാതിലിന് പുറത്തലഞ്ഞു നടപ്പുണ്ട് ...
നിലാവുള്ള രാത്രികളിൽ ഉറക്കം കെടുത്തുന്നുണ്ട് ..
നിനക്കാത്ത നേരത്തു നൊമ്പരപ്പെടുത്താറുണ്ട് ...
ജീർണിച്ചഴുകിയ മുഹൂർത്തങ്ങളെ ഓർമപ്പെടുത്താറുണ്ട് ...
ഇനി എനിക്കവയെ വെള്ളി പ്രതിമയിൽ
ആവാഹനക്രിയ നടത്തി മോക്ഷം സാധ്യമാക്കണം ...

---സുധി ഇരുവള്ളൂർ ---

2017, ജൂലൈ 11, ചൊവ്വാഴ്ച


നിന്റെ മൗനത്തെ ഇനി ഞാൻ
പോസ്റ്റോർട്ടം ചെയ്യുന്നില്ലാ ...
തീരുമാനം കടുത്തതെങ്കിലും
അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ
എന്റെ ഭാഗം കേൾക്കാനുള്ള മനസ്സ്
നിന്റെ കോടതി പരിഗണിച്ചില്ലാ ...
ഇനി ഓർമകളുടെ ഇരുമ്പഴിക്കുള്ളിൽ
ഞാൻ തനിച്ചിരുന്നു നെടുവീർപ്പിടട്ടെ...
ഒരു നാൾ എന്റെ ഓർമ്മകൾ
നിന്റെ ഹൃദയത്തിന് വാതിലിൽ
പരോളിലെത്തുമ്പോൾ ഒരു ചിരി
എനിക്കായി മാറ്റി വെക്കുമോ നീ...

---സുധി ഇരുവള്ളൂർ ---


2017, ജൂലൈ 10, തിങ്കളാഴ്‌ച


ഒരു ചെറു നിശ്വാസത്തിൻ ദൂരെ നിന്റെ
മൃദു കുറുകലിനായി കാതോർത്തിരുന്നിട്ടും
എന്തേ ആ ദിവ്യ കണ്ഠം നിശബ്ദം ??
എന്റെ ഉള്ളിലെ ഞാനാം മൊട്ടിനെ
നിന്നിലെ പ്രണയ വസന്തം പകരാതെ
വിരിയും മുന്നേ നീ നുള്ളിയെടുത്തു ..
ഇനി ഒരു വിളിപ്പാടകലെ നിന്റെ വിളികാത്തു
ഞാനെന്റെ ഹൃദയത്തെ തളച്ചിടുന്നു ...
 

2017, ജൂലൈ 9, ഞായറാഴ്‌ച


മാനം ഇരുണ്ടിരുന്നു ,മനസ്സ് വെളുത്തും ..
മാരിവിൽ പ്രതീക്ഷയുടെ ഏഴു വർണങ്ങൾ വിരിച്ചു ..
മാനത്തിനും മനസ്സിനും ഇടയിൽ അകലം കുറഞ്ഞിരുന്നു ..
ഇരുണ്ട മാനം നോക്കി വേഴാമ്പലായി മനം തുടിച്ചു ..
സ്നേഹം ഇനി മഴയായി പെയ്തിറങ്ങണം ..
ആ മഴതുള്ളികൾ നീയാം ഭൂമിയിലെ വരണ്ട മണ്ണിൽ
ആഴങ്ങളിൽ ഒരു പുതു നനവായി ഒലിച്ചിറങ്ങണം ..
അതേറ്റുവാങ്ങി നിന്റെ മനസ്സ് ആനന്ദനിർവൃതി പുൽകണം ...

2017, ജൂലൈ 8, ശനിയാഴ്‌ച


മാനത്തെ കാർമേഘം മഴയായി പെയ്തു നീങ്ങി ..
ഇനി മനസ്സിലെ കാർമേഘം മായ്ക്കാൻ
കണ്ണുനീർ പൊഴിഞ്ഞിരുന്നെങ്കിൽ ...
വിങ്ങി പെയ്യാൻ നിൽക്കും മൂടുപടമായി
നിന്റെ മൗനം എന്നെ മുറിവേൽപ്പിക്കുന്നു ..
പല്ലിളിക്കും കുഞ്ഞോർമ്മകളിൽ
കൊഞ്ഞനം കുത്തുന്ന ഇത്തിരി നിമിഷങ്ങൾ ..
ഒരു മെഴുകുതിരി പോലെ ഞാൻ ഉരുകി തീർന്നിടാം,
നീയാം കാറ്റ് എന്നെ ഊതി കെടുത്തില്ലെങ്കിൽ ...

---സുധി ഇരുവള്ളൂർ --


2017, ജൂലൈ 3, തിങ്കളാഴ്‌ച


വിശപ്പെന്ന ചെകുത്താനെ തോൽപ്പിക്കാൻ
വിയർപ്പിന്റെ പരിമളം ഇഷ്ടപ്പെട്ടു തുടങ്ങി ...
ഇരുളിനെ തോൽപ്പിച്ചു വെളിച്ചം വീശി ..
അരവയറിന്റെ ചുളിവ് തേഞ്ഞു മാഞ്ഞു...
പിന്നെ ഇടയ്ക്കിടയ്ക്ക് ആമാശയം ചോദ്യം തുടങ്ങി ..
ഇന്ന് സ്വയം വിയർക്കാതെ അന്യസംസ്ഥാന
വിയർപ്പിനെ മുതലെടുക്കാൻ പഠിച്ചു ..
ഇപ്പൊ വയറും കീശയും വീർത്തു വലുതായി ..
നാലാളുകളോട് ഗമയിൽ പറയാവുന്ന ദീനമെല്ലാമെത്തി ...
ഇന്ന് വീണ്ടും വിയർപ്പിനെ സ്നേഹിച്ചു...
വെയിലിനു മുന്നേ ഓട്ടം തുടങ്ങി...
അന്ന് കിതക്കാൻ മടിച്ച ശരീരം ഇന്ന് കിതച്ചു തളരുന്നു ...

---സുധി ഇരുവള്ളൂർ---