2018, ജൂലൈ 13, വെള്ളിയാഴ്‌ച


വികാര വിക്ഷോഭങ്ങളുടെ
വേലിയേറ്റങ്ങൾക്കൊടുവിൽ
പ്രക്ഷുബ്ധമായ മനസ്സിൽ
തിരയടങ്ങാൻ വിസമ്മതിക്കുന്നു ..
കരയെ തിര വിഴുങ്ങിയോ അതോ
കര സ്വയം പിൻവാങ്ങിയോ ??
അലിഖിതങ്ങളായ നിയമസംഹിതകളുടെ
ഗ്രന്ഥക്കെട്ടിൽ ചിതലരിക്കുന്നു ...
സത്യത്തിന്റെ മരണവാർത്തയറിഞ്ഞെത്തിയ
ബലിക്കാക്കകളുടെ സംഗീതം ...
വിശ്വാസത്തിന്റെ ചിതയിൽ നിന്നും
ബീഡികത്തിക്കുന്ന താടിവളർന്ന ചിന്തകർ ...
ലോകമേ , നിൻ മടിത്തട്ടിലെ ലാവഉറയുമ്പോൾ
ഇനി ഞാനും അതിലൊന്ന് മുഖം കഴുകിക്കോട്ടെ ???

2018, ജൂലൈ 5, വ്യാഴാഴ്‌ച


നീയും ഞാനും ഒരിലയുടെ രണ്ടു വശങ്ങൾ
ഒരു ഹൃദയമിടിപ്പിൻ അരികിലുണ്ടായിട്ടും
പരസ്പരം കാണാതെ തീരുന്ന ആയുസ്സിനുടമകൾ.
എന്റെ വരികൾക്കിടയിൽ ഞാൻ നിന്നെ ഒളിച്ചുവച്ചു
നിന്റെ പുഞ്ചിരിക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു
പൊരിവെയിലും പേമാരിയും
നിന്നെ തളർത്താതിരിക്കാൻ ഞാനിലയുടെ മേൽഭാഗമായി
ഇനി ഒരു കാറ്റേറ്റ് നാമിരുവരും ഞെട്ടറ്റു വീഴും നാൾ
തിരിഞ്ഞു മറഞ്ഞു ഞാനാദ്യം ഭൂമിയെ സ്പർശിക്കും 
ഞെട്ടറ്റതെങ്കിലും നിനക്ക് നോവാതിരിക്കാൻ...

2018, ജൂലൈ 1, ഞായറാഴ്‌ച


കുപ്പിവള പോലെ കിലുങ്ങി ചിരിക്കും
സുന്ദര നിമിഷങ്ങളുണ്ട് ചേർത്തുവെക്കാൻ,
ദാവണിക്കുള്ളിൽ വീർപ്പുമുട്ടുന്ന സ്വപ്നങ്ങളുണ്ട്
ഹൃദയ ചലനമായി കൂട്ടിനൊരു കാൽച്ചിലങ്കയുണ്ട് ...
മോഹങ്ങൾ പൂത്തുലയും മൂക്കുത്തിയുണ്ട്
കലപിലകൂട്ടാനൊരു വെള്ളി കൊലുസുണ്ട്
ഒരു നെരിപ്പോടായി വിങ്ങും നിൻ
ഓർമയുണ്ട് തഴുകി തലോടാൻ ,
മറന്നിട്ടും മറക്കാനാവാതെ
ഒരു മഞ്ചാടിമണിയായ ഓർമ്മകൾ

നീ തെളിയിച്ച ദീപത്തിന്റെ പ്രഭയാണ്
ഇന്നെന്റെ ജീവിത വെളിച്ചം ...
കാർത്തിക ദീപം പോലെ തിളങ്ങും
നിൻ മിഴിയിൽ എനിക്കിന്ന്
കരിമഷിയാലൊരു കവിത രചിക്കണം ...


നിന്റെ മൗനത്തെയും കീഴടക്കി
ആ ഹൃദയത്തിൽ ഒരിടം കണ്ടെത്തണം
മറ്റാരുമറിയാതെ ആ ഹൃദയസ്പന്ദനം
അരികെ നിന്നറിയണം ...
ഒരു വേള അതിലൊരു ശ്വാസമായി മാറണം ...

2018, ജൂൺ 30, ശനിയാഴ്‌ച


വാക്കുകളുടെ എഴുതാപ്പുറങ്ങൾ
തേടി അലയണ്ടാ ..
വരികൾക്കിടയിലൂടെ വായിച്ചാലറിയാം
ഞാനെന്ന സത്യത്തെ...
ഹൃദയത്തിൽ പച്ചകുത്തി വെച്ചിട്ടുണ്ട്
നീയെന്ന സ്നേഹത്തെ ...

ഏകാന്തതയുടെ ഒഴുക്കിന്റെ
ചുഴിയിലകപ്പെട്ട എനിക്ക്കിട്ടിയ 
സ്വപ്നത്തിൻ ഒരിലത്തുമ്പാണ്
നിന്റെ സ്നേഹം ...


മഴ പെയ്തൊഴിഞ്ഞു ...
ഇലയിൽ ഇപ്പോഴും തുള്ളി
വീഴാൻ വെമ്പലുമായ് ...
നിറഞ്ഞ മനസ്സും
പുണർന്ന കരങ്ങളും
ആനന്ദ നൃത്തമാടാവേ
ഈ സന്ധ്യയും കഴിഞ്ഞു
രാവൊന്നു വേഗമണയാൻ
മനസ്സ് തുടിച്ചൊരാ മാൻപേട
മിഴികൾ കൂമ്പി കാത്തിരുന്നു ...


2018, ജൂൺ 22, വെള്ളിയാഴ്‌ച


ഞാൻ വെറും കാവൽക്കാരൻ
നിർമലമായ നീയെന്ന തുമ്പപ്പൂവിന്
സംരക്ഷണമേകും കട്ടുറുമ്പ്
ആരും തൊടാതെ നുള്ളാതെ പിച്ചിയെടുക്കാതെ
കാത്തുകൊള്ളാം എന്നും നിന്നെ ഞാൻ ...