2017, ജൂലൈ 31, തിങ്കളാഴ്‌ച


ഒരു പട്ടുനൂൽ മെത്തപോൽ
മൃദുവാം നിൻ മാറിൽ
തലചായ്ച്ചു ഞാൻ മയങ്ങവേ
മാനത്തെ വെള്ളി മേഘത്തിൻ
പാൽക്കുടങ്ങൾചുരത്തിയ
അമൃതിന്റെ മധുരം ഞാൻ നുണയവേ
നിന്റെ അരക്കെട്ടിലെ ആലില
ഇക്കിളിയാൽ പുളകിതയായി ...
വിരിയാൻ വെമ്പിയ
ചെമ്പനീർ മൊട്ടിലൂറും തേൻതുള്ളി
ചെറു വണ്ടായി ഞാൻ നുകരവേ
നിന്റെ അധരത്തിൽ നിന്നുതിർന്ന
സിൽക്കരമെന്റെ സിരയിൽ കരുത്തായി ..
എന്റെ പ്രണയം നിന്നിലേക്ക്‌
ഒരു പുതുമഴയായി പെയ്തിറങ്ങവേ
പാതികൂമ്പിയ നിന്റെ കണ്ണിലെ
നാണം ഞാൻ സ്വന്തമാക്കട്ടെ ...

2017, ജൂലൈ 30, ഞായറാഴ്‌ച


തന്റെ ഭർത്താവിന് കാഴ്ച്ചയില്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം കണ്ണ് മൂടിക്കെട്ടി ഭർത്താവിനെ സ്നേഹിച്ചു പരിപാലിച്ചു കൗരവപുത്രർക്ക് ജന്മം നൽകിയ ഗാന്ധാരിയെയാണോ, തന്റെ ഭർത്താവിന്റെ കഴിവിൽ വിശ്വാസമില്ലാതെ ശ്രേഷ്ഠരാം പുത്രന്മാർക്കു വേണ്ടി ഒന്നിലധികം പരപുരുഷന്മാരെ  മനസ്സാ പ്രാപിച്ചു  പാണ്ഡവ പുത്രർക്ക് ജന്മം നൽകിയ  കുന്ദീദേവിയെ ആണോ ഉത്തമ സ്ത്രീയെന്ന് വിശേഷിപ്പിക്കാവുന്നത് ?? ഇതാണ്  ഇന്നത്തെ എന്റെ സംശയം...

2017, ജൂലൈ 28, വെള്ളിയാഴ്‌ച


ഒരോ പുലരിയും പിറക്കുന്നത് ഓരോ ശുഭ പ്രതീക്ഷകളാലാണ് ... സൂര്യൻ കത്തിജ്വലിച്ചോ മഴ പെയ്തു തിമർത്തോ സന്ധ്യയും കടന്ന് രാവ് കറുത്ത് എരിഞ്ഞടങ്ങുമ്പോൾ ഓരോ ദിനവും പതിവുപോലെ നിരാശയാൽ  കൺപീലികൾ ഇണചേരുന്നു ... നാളത്തെ പുലരി എന്ന ശുഭപ്രതീക്ഷയുടെ  ബീജം മനസ്സിൽ വളർത്തിക്കൊണ്ട് ....

2017, ജൂലൈ 26, ബുധനാഴ്‌ച


നിന്റെ മുടിയിഴകൾ
കോതി ഒതുക്കാനായിരുന്നു
എനിക്കേറെ ഇഷ്ടം ...
കാരണം അവ എന്നെപോലെ
അനുസരണയില്ലാത്തവർ
ആയതിനാലാവാം ...
പിന്നെ നിന്റെ നീലമിഴികളിലെ
ആഴം നോക്കിയിരിക്കാനും ..
ഒരുവേള ആ ഇമകൾ പിടയുമ്പോൾ
തുടിക്കുന്ന ആ പീലികളിൽ
മൃദുവായൊന്നു ചുംബിക്കാനെന്റെ
ചൊടി കൊതിക്കുന്നു ...

2017, ജൂലൈ 25, ചൊവ്വാഴ്ച

സ്വപ്നങ്ങളുടെ പട്ടത്തിന്
നൂലില്ലായിരുന്നു ....
ജീവിതത്തിന്റെ പട്ടത്തിന്റെ
നൂല് പിടിക്കാൻഒരുപാട് കരങ്ങളും ...
പറന്നുയരാൻ മനസ്സ് കൊതിക്കുന്നുണ്ട് ..
ബന്ധങ്ങളുടെ നൂൽബന്ധം പിടിമുറുക്കുന്നു ..
പൊട്ടിച്ചെറിയാൻ വയ്യ
ബന്ധനമെങ്കിലും ആ നൂല്
ബന്ധത്തിന്റേതല്ലേ ...



ഇലകൊഴിഞ്ഞുണങ്ങിയ
എന്റെ ഹൃദയത്തിൻ ചില്ലയിൽ
നീ കൂടുകെട്ടിയതിൽ പിന്നെ
പ്രതീക്ഷയുടെ പുതുനാമ്പുകൾ
തളിർത്തു പൊന്തുന്നു ...


2017, ജൂലൈ 21, വെള്ളിയാഴ്‌ച


മഴത്തുള്ളികൊണ്ട് നിനക്കൊരു
മൂക്കുത്തി പണിതു തരാം ...
കണ്ണീർതുള്ളിയാൽ നീ
ഒഴുക്കി കളയില്ലെങ്കിൽ ....