2019, ഡിസംബർ 6, വെള്ളിയാഴ്‌ച


ശൂന്യതയിൽ നിന്നും
പ്രണയം സൃഷ്ടിക്കുന്ന
മായാജാലക്കാരനാണ് നീ !!!
കാന്തമൊളിപ്പിച്ച കണ്ണുമായ് ...
പീലി തഴുകും കയ്യുമായി ...
ചുംബനം പൂക്കും ചുണ്ടുമായ് ...
പ്രണയം തുടിക്കും ഹൃദയവുമായ് ...
നീയെന്നിലെയെന്നെ
തൊട്ടുണർത്തുമ്പോഴെല്ലാം
അവാച്യമാം നിർവൃതിയിലലിഞ്
നീയെന്നെയും ചേർത്ത്
പറന്നകലുകയായിരുന്നു !!!

2019, ഡിസംബർ 3, ചൊവ്വാഴ്ച


അന്തരാത്മാവിൽ
അനുഭൂതിയായി നീ...
ആത്മനിയന്ത്രണത്തിന്റെ
ലക്ഷ്മണരേഖയും കടന്ന്
നീയൊളിച്ച ചിപ്പിക്കുള്ളിലെ
മുത്തിലൂറും നറുമണത്തെ
തൊട്ടറിഞ്ഞ നിമിഷത്തിലെപ്പോഴോ
നീയുംഞാനും ഒന്നാവുകയായിരുന്നു ...
വസന്തം കൊതിച്ച പൂവിൽ
തേനൂറുകയായിരുന്നു ...
മഴയെകൊതിച്ച പുതുമണ്ണ്
നനഞ്ഞു പുളകിതയാവുകയായിരുന്നു ...
അർദ്ധാലസ്യത്തിൻ തിരിതാഴ്ന്നപ്പോഴേക്കും
നീയെന്നിൽ പ്രണയമായി പെയ്യുകയായിരുന്നു ...


വിരഹമേ നീ വഴിമാറിപ്പോകുക,
എന്റെ പ്രിയനെ പ്രണയിക്കും
തിരക്കിലാണ് ഞാൻ !!!
ഒരു മഞ്ഞുതുള്ളിയായി
അവനിലലിയേണം ...
ഒരു വേനൽ മഴയായി
അവനിൽ പെയ്തിറങ്ങേണം ...
ഒരു നെരിപ്പോട് പോലെ
നിനക്ക് ചൂടേകണം ...

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച


മീൻകാരൻ ...
================

"ഒന്നേയൊന്നെയൊന്നേയൊന്നെ രണ്ടേ രണ്ടേ രണ്ടേരണ്ടേ മൂന്നേ മൂന്നേ ...... കൂയ് ...പോരി പോരി ...." കോയതി മാപ്ളേടെ മീൻകച്ചോടം പൊടിപൊടിക്കുന്നത് സൈക്കിൾ ടയർ ഓടിക്കുന്നതിനിടയിലും ഞാൻ നോക്കി നിൽക്കുമായിരുന്നു . "പെടക്കണ നെയ്യുള്ള മത്യാണ്.. അയിലത്തല അളിയനും കൂട്ടാം... ഞെണ്ടു കറിയുണ്ടേൽ രണ്ടുകറി മാണ്ട... വാരിക്കെട്ട് വാരിക്കെട്ട് ..പോരി പോരി " കച്ചോടത്തിനിടയിലെ മാപ്ളേടെ വർത്താനം തന്നെ ബഹുരസം.
ഒരു കൈലിമുണ്ടും കയ്യില്ലാത്ത ഒരു ബനിയനും തലേലൊരു തോർത്തുമാണ് കോയതി മാപ്ളേടെ വേഷം. ഉന്തിയ പല്ലുകളും മെലിഞ്ഞ ഉറച്ച ശരീരവും.  രണ്ട് കുട്ടകൾ ചുമടാക്കി തോളിലേറ്റി അടുത്ത ദേശത്തുനിന്നും നടന്നാണ് (സത്യത്തിൽ ചെറിയൊരു ഓട്ടം തന്നെ) മീൻ കച്ചോടം. ആ നടത്തത്തിന് (ഓട്ടത്തിന്) തന്നെ ഒരു താളമുള്ളതായി അന്നേ തോന്നിയിരുന്നു.
കൊയതി മാപ്ല വരുന്ന സമയം മീൻവാങ്ങാൻ വരുന്ന ആളുകളേക്കാൾ നിശ്‌ചയം അദ്ദേഹം കടന്നു വരുന്ന ഓരോ പ്രദേശത്തെയും പൂച്ചകൾക്കായിരുന്നു എന്ന് തോനുന്നു. വിനീതരായുള്ള പൂച്ചകളുടെ നിൽപ്പ് എന്തൊരു അച്ചടക്കത്തോടെയാണെന്നോ !!!
അച്ഛനന്ന് ചായക്കച്ചോടം ഉള്ളതിനാൽ കോയതിക്കാന്റെ ഒരു പ്രധാന സ്റ്റോപ്പ് അവിടെയായിരുന്നു. അവിടുത്തെ കച്ചോടം കഴിഞ്ഞു മീൻചുമട് തോളിലേറ്റും മുന്നേ ഒരു ചായയും കുടിച്ചേ പോകുള്ളൂ. അതിനിടക്ക് ഞാനും ചേച്ചിയും കൂട്ടുകാരും ചെറിയ ഐസ് കഷണങ്ങൾ മീൻകൊട്ടയിൽ നിന്നുമെടുത്ത്‌, ആരാണ് കൈവെള്ളയിൽ ഐസ് വെച്ച് കൂടുതൽ നേരം നിക്കുക എന്ന മത്സരം ആരംഭിച്ചിട്ടുണ്ടാവും!!!
ഒരു കെട്ട് തേക്കില കൊടുത്താൽ അഞ്ചുറുപ്യന്റെ മീൻ കിട്ടും കോയതിക്കന്റെ കയ്യീന്ന്. നാരായണൻ നായരും ശ്രീധരേട്ടനുമൊക്കെ തേക്കിലകെട്ടുമായാവും മിക്ക ദിവസവും കാത്തിരിപ്പ് !!!.
പിന്നീടാണ് അമ്മദ്ക്കാ സൈക്കിളിൽ മീനുമായി എത്തിത്തുടങ്ങിയത്. മീൻകൊട്ടയുടെ സ്ഥാനം നഷ്ട്പ്പെട്ടപ്പോൾ നീല പ്ലാസ്റ്റിക് പെട്ടി സൈക്കിളിന് പിന്നിൽ സ്ഥാനം പിടിച്ചു. കോയതിക്കാന്റെ മീൻചുമടിനെ അമ്മദ്ക്കാന്റെ സൈക്കിളും പെട്ടിയും കടത്തിവെട്ടി തുടങ്ങിയതിൽ പിന്നെ അദ്ദേഹം ആ വഴി വരാതായി.
മീൻകച്ചോടം വീണ്ടും തകൃതിയായി നടന്നുകൊണ്ടേയിരിക്കുന്നു. സൈക്കിളിനും വേഗതപോരെന്ന ചിന്താഗതി വന്നപ്പോഴാവാം M 80 ഇറങ്ങിയത്. ആളുകൾ അതിനെ സ്നേഹപൂർവ്വം 'മീനൊറ്റി' എന്ന് വിളിച്ചു. അമ്മദ്ക്കാന്റെ സൈക്കിളിനെ അയമ്മദ്ക്കാ M 80 കൊണ്ട് തോൽപ്പിക്കാൻ അധികനാൾ വേണ്ടിവന്നില്ല. മീൻചുമടിൽ നിന്നും തേക്കിലയിൽ കോയതി മാപ്ല പൊതിഞ്ഞ മീൻ, M 80 യിൽ വെച്ച പെട്ടിയിൽ നിന്നും അയമ്മദ്ക്കാ ആളുകൾക്ക് കൊടുക്കുമ്പോഴേക്കും പ്ലാസ്റ്റിക് കവറിൽ എത്തിയിരിക്കുന്നു !!!! M80 യിൽ നിന്നും വളർന്ന് ബൈക്കിലും, എന്തിന് ബുള്ളറ്റിൽ വരെ മീൻ വീട്ടിലെത്താൻ തുടങ്ങി!!!
മീൻകച്ചോടം വീണ്ടും വിപുലമായപ്പോൾ കവലകളിൽ മേശ ഇട്ട് പലയിനം മീനുകൾ വിൽപ്പനക്കായി എത്തിത്തുടങ്ങി. കച്ചോടക്കാർ ഇന്ന് എണ്ണം മറന്നു, തുലാസ്സിൽ തൂക്കികൊടുക്കാൻ തുടങ്ങി. മീൻ കേടാവാതിരിക്കാൻ ഐസിനു പകരം രാസവസ്തുക്കളാണെന്നും കേൾക്കുന്നു !!!
ഇനിയും എന്തെല്ലാം മാറ്റങ്ങൾ കാണാം ??? എന്തായാലും കാത്തിരിക്കാം ല്ലേ ....
--സുധി ഇരുവള്ളൂർ--

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച


എന്റെ പ്രണയം ചുവന്നത്
നിന്റെ കയ്യിലെ കൊടി കണ്ട ദിനമാണ് ...
എന്റെ സംരക്ഷണം നിന്നിൽ സുരക്ഷിതമെന്ന് -
ഞാനറിഞ്ഞത് നിന്റെ വാക്കിലെ തീക്കനലിനാലാണ് ...
അതെ സഖാവേ ...ഞാൻ നിന്റെ സഖിയിന്ന് ...

ഹൃദയതാളിൽ പീലി ഒളിക്കാതെ
ചോരയിൽ നീ തീർത്ത വാക്കുകൾ
സൂക്ഷിച്ചു ഞാനും സഖാവിന്റെ
തോളോട് തോളിന്ന് ...
അതെ സഖാവേ ...ഞാൻ നിന്റെ സഖിയിന്ന് ....

മുന്നേ നടന്നവർ പാതിയിൽ വെച്ചവ
പിന്നിൽ വരും നമ്മൾ ചെയ്തു തീർക്കേണ്ടവ ...
ഒരു ചെമ്പനീർ പൂവിനെ കാക്കുന്ന മുള്ളുപോൽ
ചാരെ നീയുള്ളപ്പോൾ ഞാനെന്തിന് ഭയക്കണം ...
അതെ സഖാവേ ...ഞാൻ നിന്റെ സഖിയിന്ന് ....
--സുധി ഇരുവള്ളൂർ--

നിന്റെ മിഴിയുടെ ആഴങ്ങളിൽ
പരിഭവവും പിണക്കവും ചേർത്ത്
നീയൊളിച്ചു വെച്ച പ്രണയത്തിൻ
മുത്തും പവിഴവും
എന്റെ അന്തരാത്മാവിൽ
സ്നേഹത്തിൻ ഏഴഴക്‌ചേർന്ന
മാരിവില്ലുപോലെ
പ്രണയം വിടർത്തുന്നു ...
മുല്ലവള്ളിപോലെ നിന്നിൽ
പടർന്നുകയറും നിന്റെ
സ്വപ്നങ്ങൾക്ക് താങ്ങും തണലുമായി
അവസാനശ്വാസം വരെ
കൂട്ടുണ്ടാവുമെന്നുറപ്പ് ...
ഒത്തിരിയൊത്തിരി സ്നേത്തതോടെ
പിറന്നാളാശംസകൾ സഖീ ...

വർഷങ്ങൾക്ക് മുൻപ് ഞാനും ഒരു വിദ്യാർത്ഥിയായിരുന്നു. സ്കൂൾ തുറക്കുന്ന ആദ്യ ദിവസം തന്നെ തുള്ളിമുറിയാതെ പെയ്യുന്ന മഴയിൽ കുത്തിയൊഴുകും വെള്ളമുള്ള തോടും താണ്ടി ഇല്ലിപൊട്ടിയതും ഉറുമ്പരിച്ചു ഓട്ടയായതുമായ കോട്ടൺശീലയുള്ള കുടയും ചൂടി സ്കൂളിൽ എത്തുമ്പോഴേക്കും ട്രൗസറും കുപ്പായവും നനഞ്ഞു ചീഞ്ഞിരിക്കും, അതും ഇട്ടു വേണം വൈകുന്നേരമാക്കാൻ.
സ്കൂൾവിട്ട് പോകുമ്പോൾ തോട്ടിലും വയലിലും കുടകൊണ്ട് മീനിനെ ഊറ്റുകയും കട്ടറോഡിലെ കുഴിയിലെ ചെളിവെള്ളത്തിൽ വെള്ളം പൊട്ടിച്ചും കൂട്ടുകാർക്കും ചേച്ചിക്കുമൊപ്പം വീട്ടിലെത്തുമ്പോഴേക്ക് ഒരു കോലത്തിലായിട്ടുണ്ടാവും !!! കലിയനെ കൂക്കിയും കടലാസുതോണിയിറക്കിയും ആഘോഷിച്ച മഴ നിമിഷങ്ങൾ !!!! തകർത്തുപെയ്യും ഇടവപ്പാതി ...ഇടിവെട്ടുമ്പോൾ മുള പൊട്ടും കൂണ് പറിച്ചു കറിവെച്ച അവധി ദിവസങ്ങൾ!!!
എത്ര വലിയ മഴ പെയ്താലും അവധി പ്രഖ്യാപിക്കാത്ത കളക്ടർ!!! ഏത് പെരുമഴയതായാലും ചിരിച്ചുകൊണ്ട് യാത്രയാകുന്ന അമ്മ!!! അന്ന് വീട്ടുമുറ്റത്ത് എത്താൻ സ്കൂൾ വണ്ടി ഇല്ലായിരുന്നു പക്ഷെ അന്ന് അമ്മക്ക് ഭയപ്പെടേണ്ടതില്ലായിരുന്നു. കാരണം അന്ന് നാട്ടിൽ JCB ഇല്ലായിരുന്നു, മെഷീൻ വെച്ച് വെട്ടുന്ന ചെങ്കൽ ക്വറികൾ ഇല്ലായിരുന്നു,  മലയിടിച്ചു ടിപ്പർ ലോറിയിൽ മണ്ണ് കേറ്റി വയലുകൾ നികത്താറില്ലായിരുന്നു. മരങ്ങൾ മുറിക്കപ്പെടുന്നത് വല്ലപ്പോഴുമായിരുന്നു, ഇന്റർലോക്ക് ചെയ്ത മുറ്റവും കോൺക്രീറ്റ് സ്ലാബുകളിട്ട ഇടവഴിയുമില്ലായിരുന്നു, ഇതിനാലൊക്കെയാവാം അന്ന് ഇവിടെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇല്ലായിരുന്നു !!!
--സുധി ഇരുവള്ളൂർ--