സൗഹൃദം ...
==========================
അന്ന് മണ്ണപ്പം ചുട്ടതും കണ്ണാരം പൊത്തിക്കളിച്ചതും ചോറും കൂട്ടാനും വെച്ച് കളിച്ചതും അവർ ഒന്നിച്ചായിരുന്നു. അന്ന് അവർ പരസ്പരം പറഞ്ഞു "നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ".
പുളിയനുറുമ്പിനെ തോൽപ്പിച്ചു അവൻ അവൾക്കായി കൊടുത്ത മൂവാണ്ടൻ മാമ്പഴവും, തോർത്തുമുണ്ടിൽ അവർ ഊറ്റിപിടിച്ച പരൽമീനുകളും അവരുടെ സൗഹൃദം ദൃഢപ്പെടുത്തി. വയൽവരമ്പിലൂടെ ഒരു കുടക്കീഴിൽ പള്ളിക്കൂടത്തിലേക്ക് അവർ പോകുന്നത് തുമ്പയോടും തുമ്പിയോടും നെൽക്കതിരിനോട് പോലും കഥ പറഞ്ഞുകൊണ്ടേയിരുന്നു. മറ്റുകൂട്ടുകാർക്ക് ഇതിൽ തെല്ലൊന്നുമല്ല അസൂയ തോന്നിയിരുന്നത്.
അവൻ ഹരി, അവൾ രാധ.
സ്കൂളിൽ വെച്ച് ആരെങ്കിലും രാധയോട് അപമര്യാദയായി എന്തെങ്കിലും പറഞ്ഞാൽ അതിന് പകരം ചോദിച്ചേ ഹരി അവളുടെ അടുത്ത് എത്തിയിരുന്നുള്ളൂ. ഒരിക്കൽ ക്ലാസ്സിലെ അതിവിരുതരിൽ ഒരുവനായ ബൈജു രാധയുടെ ബാഗിൽ ഒരു പേക്കാച്ചി തവളയെ ഒളിപ്പിച്ചു. ബാഗിൽ കയ്യിട്ട രാധ പേടിച്ചു കരച്ചിലായി. ഇതറിഞ്ഞ ഹരി സ്കൂൾ മുറ്റത്തിട്ട് ബൈജുവിനെ പൊതിരെ തല്ലി, മറ്റു കുട്ടികളെല്ലാം വട്ടം കൂടി ... അടികിട്ടിയ ബൈജു ഹരിയോട് ചോദിച്ചു "നിനക്കെന്താടാ ഞാൻ അവളെയല്ലേ പേടിപ്പിച്ചത്, അതിന് അവൾ നിന്റെ ആരാ, അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നീയവളെ കല്യാണം കഴിക്കെടാ ???...ചെറിയ വായിൽ നിന്നും വലിയ വാക്കുകൾ !!!! "അയ്യേ അതിന് അവൾ എന്റെ സുഹൃത്താടാ ,സുഹൃത്തിനെ ആരെങ്കിലും കല്യാണം കഴിക്കുമോ ?? ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും, അതല്ലാത്ത ഞാൻ ഇവളെ കല്യാണം കഴിക്കുന്ന ദിനം വന്നാൽ അന്ന് മുതൽ ഞാൻ നിന്റെ ഭ്രിത്യനായി നിന്ന് പാദസേവ ചെയ്യും " കുഞ്ഞു ഹരിയുടെ വായിലും വലിയ വാക്കുകൾ തന്നെ.
വളർച്ചയുടെ നാളുകൾ..... ഇന്ന് രാധ കോളേജിലേക്ക് നടക്കുമ്പോൾ പുസ്തകം മാറിൽ ചേർത്താണ് നടക്കാറ്. ഹരി പൊടിമീശയൊക്കെ വെച്ച് സൈക്കിൾ തള്ളി അവൾക്കൊപ്പം.... കളിച്ചും ചിരിച്ചും നാട്ടുകാരെ ചിന്തിപ്പിച്ചു അവരുടെ സൗഹൃദം വളർന്നുകൊണ്ടിരുന്നു. ഒരു ദിവസം ചായക്കടക്കാരൻ കുമാരേട്ടൻ എതിരെ വന്നപ്പോൾ ചോദിച്ചു " ന്താ ഹര്യേ, എന്നാ ഇങ്ങളെ രണ്ടാളേം കല്യാണചോറ് കിട്ട്വാ ?? " ഹരി ചിരിച്ചു " ന്റെ കുമാരേട്ടാ, ഞങ്ങള് നല്ല സുഹൃത്തുക്കളാ, സുഹൃത്തിനെ ആരേലും കെട്ടുവോ ?? " മൂന്നു പേരും ചിരിച്ചു.
കാലം മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ടിരുന്നു. ഇപ്പോൾ രാധ, രാധ ടീച്ചറും ഹരി, ഹരിമാഷുമായി മാറി, രണ്ടുപേരും ഒരേ സ്കൂളിൽ അധ്യാപകർ. ഇപ്പോഴും അവരുടെ സൗഹൃദം ദൃഢമായി തന്നെ തുടരുന്നു. കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട രണ്ടു മാതൃകാഅധ്യാപകർ. തമ്മിൽ ആരെ കൂടുതൽ ഇഷ്ടം എന്ന് ഏതെങ്കിലും കുട്ടിയോട് ചോദിച്ചാൽ ആശയക്കുഴപ്പത്തിലാവും, രണ്ടുപേരും പ്രിയപ്പെട്ടവർ, കുട്ടികൾക്കെന്നതുപോലെ നാട്ടുകാർക്കും.
ആയിടക്ക് രാധക്ക് ആലോചനകൾ വന്നു തുടങ്ങി, " വടകരയിൽ നിന്നും വന്ന ആലോചന കൊള്ളാമെന്നു തോനുന്നു, മ്പക്കൊന്നു അത്രേടം വരെ പോയിനോക്കിയാലോ ഹര്യേ" ഒരു ദിവസം രാധയുടെ അച്ഛന്റെ ചോദ്യം. " "ന്നാ ഞാറാഴ്ച തന്നെ പോകാം അച്ഛാ" ഹരി മറുപടി പറഞ്ഞു.
"നല്ല കൂട്ടരാ, നിനക്ക് നല്ല ചേർച്ചയുള്ള ചെക്കൻ " പോയി വന്ന ശേഷം ഹരി രാധയോടായി പറഞ്ഞു. "ഹരിക്ക് ഇഷ്ടപ്പെട്ടാൽ എനിക്കും ഇഷ്ടമാ" രാധ സന്തോഷത്തോടെ പറഞ്ഞു.
"ഡീ നിന്റെ കെട്ട് കഴിഞ്ഞാലും നമ്മുടെ സൗഹൃദം തുടരണം ട്ടോ"
"അതിൽ ഹരിക്കെന്താ സംശയം"
"ഏയ് ഒന്നുമില്ല, അവനെ കിട്ടുമ്പോ വല്യ പത്രാസ് കാണിച്ചാ ചവിട്ടു മേടിക്കും, നീയും അവനും"
രണ്ടുപേരും ചിരിച്ചു.
പുറത്ത് മഴ തകർത്തു പെയ്യുന്നു. ഹരിയും രാധയും ഇപ്പോൾ രാധയുടെ വീട്ടിലാണ്. ഓടിനു മുകളിൽ നിന്നും താഴേക്കുവീഴും മഴപേമാരിയെ രാധ കൈക്കുമ്പിളിൽ വാങ്ങി. "കാലം തെറ്റി വന്ന മഴയാ ... പാറൽ മതി പനി പിടിക്കാൻ, ഇങ്ങോട്ടു മാറി നിന്നേ" ഹരി അവളെ വഴക്കു പറഞ്ഞു. "അമ്മയും അച്ഛനും കുടുങ്ങിയത് തന്നെ, അല്ലെങ്കിലും അമ്മാവന്റെ വീട്ടിലേക്ക് ഇന്ന് തന്നെ പോകാൻ എന്തൊരു നിർബന്ധആയിരുന്നു, അങ്ങനെതന്നെ വേണം" രാധ അമർഷം കൊണ്ടു. ഹരി ഒരു തോർത്ത് രാധക്ക് നീട്ടി തല തോർത്താൻ പറഞ്ഞു, രാധ തോർത്ത് വാങ്ങാൻ കൈ നീട്ടി, മാനത്തൊരു മിന്നൽ കൊള്ളിയാൻ മിന്നി. പൊട്ടിത്തെറിച്ച വെള്ളിടി ശബ്ദം കേട്ട് ഞെട്ടിയ രാധ ഹരിയെ ചുറ്റിപിടിച്ചു. ഒരു വേള ഹരി സ്തബ്ധനായി. പേടിച്ചരണ്ട രാധയെ ഹരി ചേർത്ത് നിർത്തി. മുഖമുയർത്തി ഹരിയെ നോക്കിയ രാധയുടെ കണ്ണുകളെ ഹരിയുടെ കണ്ണുകൾ നേരിട്ടപ്പോൾ രാധയുടെ മിഴികൾ കൂമ്പി. രാധയുടെ വിറയ്ക്കുന്ന അധരത്തിൽ തങ്ങി നിന്ന മഴതുള്ളി കണ്ട ഹരിയുടെ കാൽവിരൽ മുതൽ മേലോട്ട് ഒരു ഇടിമിന്നൽ ഇരച്ചു കയറി. പതിയെ മുഖം താഴ്ത്തി ഹരിയുടെ ചുണ്ടുകൾ ആ മഴത്തുള്ളിയെ ഒപ്പിയെടുത്തു. പ്രകൃതി ആർത്തട്ടഹസിച്ചു. കാറ്റിൽ ആടിയുലഞ്ഞ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ കൊമ്പ് വീണു നിലം പൊത്തി. പുതുമഴയെ ഏറ്റുവാങ്ങിയ പുതുമണ്ണ് പുളകിതയായി ചെറു ആലസ്യത്തിലേക്കു വഴുതി വീണു. മഴ നിലച്ചപ്പോഴേക്കും ഇരു ശരീരങ്ങളും വിയർപ്പിൽ കുളിച്ചിരുന്നു. രാധ നാണത്താൽ ഹരിക്ക് നോട്ടം നൽകാതെ ജനലിനു വെളിയിലേക്കു നോക്കി. ഒന്നും മിണ്ടാതെ ഹരി വാതിൽ തുറന്നു പുറത്തിറങ്ങി. ഇലകളിൽ നിന്നും ഇറ്റുവീഴും മഴത്തുള്ളികൾക്കിടയിലൂടെ നടന്നകന്നു.
രാധ പതിവിലും പ്രസന്നവതിയായിരുന്നു. ഹരിയാവട്ടെ അരുതാത്തത് കട്ടെടുത്തു പിടിക്കപ്പെട്ടവനെപോലെയും. അവന്റെ കണ്ണുകൾ വിദൂരത തേടി അലഞ്ഞു.
രാധയിൽ മാറ്റങ്ങൾ വരാൻ താമസമുണ്ടായില്ല. അവരുടെ സൗഹൃദം ഇന്ന് അവളുടെ വയറ്റിൽ വളരാൻ തുടങ്ങി. അധികകാലം മൂടിവെക്കാൻ പറ്റില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു. അന്ന് ഹരിയും അവളും കണ്ടപ്പോൾ അവൾ അവനോട് കാര്യം പറഞ്ഞു. അവന്റെ മുഖം പ്രകാശിച്ചു. കണ്ണുകൾ തിളങ്ങി. "ഞാൻ നമ്മുടെ വീട്ടുകാരോട് അവതരിപ്പിക്കാം, ഏറ്റവും അടുത്ത ഒരു മുഹൂർത്തത്തിൽ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും" ഹരി ആവേശത്തിലായിരുന്നു. പെട്ടന്ന് അവൾ അവന്റെ വായ അവളുടെ കൈ കൊണ്ട് മൂടി. "വേണ്ട ഹരി, നമ്മൾ എന്നും നല്ല സുഹൃത്തുക്കളാണ്, സുഹൃത്തിനെ ആരെങ്കിലും കല്യാണം കഴിക്കുമോ ?? " അവളുടെ മുഖത്ത് ചിരി അപ്പോഴും തങ്ങി നിന്നിരുന്നു. കുറച്ചുനേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു "ഹരീ , നല്ലൊരു വിസ ഒത്തുവന്നിട്ടുണ്ടെന്നു ശാരദ ടീച്ചറുടെ ഭർത്താവ് പറഞ്ഞു പോലും, ഹരി വേറെ ഒന്നും ആലോചിക്കേണ്ട, ഹരി പോയേ പറ്റൂ" അതൊരു നിർബന്ധിക്കലായിരുന്നു.
ഹരിയുടെ വിദേശയാത്ര വളരെ പെട്ടന്നായിരുന്നു. യാത്രയാക്കാൻ ഹരിയുടെ വീട്ടുകാരും രാധയും രാധയുടെ വീട്ടുകാരും അടുത്ത ചില സുഹൃത്തുക്കളും എത്തിയിരുന്നു. ഹരിയുടെ മുഖത്തെ സന്തോഷക്കുറവ് എല്ലാവരും ശ്രദ്ദിച്ചു. പോകും നേരം ഹരി ദയനീയമായി രാധയെ നോക്കി. അവൾ നിറഞ്ഞൊരു പുഞ്ചിരി നൽകി അവനെ യാത്രയാക്കി.
വർഷം നാല്കഴിഞ്ഞാണ് നാടിനെ കാണാൻ പോകുന്നത്. ഹരി വളരെ ആകാംക്ഷയിലാണ്. പോയ ഉടനെ രാധ വല്ലപ്പോഴും എഴുത്തൊക്കെ ഇട്ടിരുന്നത് ക്രമേണ നിന്നുപോയി. തന്റെ തിരക്കും അതിനൊരു കാരണം തന്നെയാവാം. വീട്ടുകാർ ഇത്തവണ കല്യാണം കഴിപ്പിച്ചേ വിടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു കുട്ടിയെ അവർ കണ്ടുവെച്ചിട്ടുണ്ട് പോലും.
വീട്ടിൽ എത്തിയ ഹരി അമ്മയോട് ആദ്യം തിരക്കിയത് രാധയെ ആയിരുന്നു. "മോൻ പോയി രണ്ടു മാസം തികയും മുൻപ് അവർ ഇവിടം വിറ്റ് പോയി" അമ്മയുടെ മറുപടി.
രാധയുടെ ഇപ്പോഴത്തെ മേൽവിലാസം തപ്പിയെടുക്കാൻ ഹരി തെല്ലൊന്നു പ്രയത്നിക്കേണ്ടി വന്നു. മുറ്റത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു രണ്ടു കുട്ടികൾ മുറ്റത്തു മണ്ണപ്പം ചുട്ടുകളിക്കുന്നു. വെള്ള ഷമ്മീസ് ധരിച്ച ഒരു കൊച്ചു സുന്ദരികുട്ടിയും അവളെക്കാൾ കുറച്ചു വലുതെന്നു തോന്നുന്ന ഒരു നീല നിക്കറിട്ട മെലിഞ്ഞ കൊച്ചുസുന്ദരനും.
"എന്താ പേര് ?? " ഹരി കുട്ടികളോട് ചോദിച്ചു.
"ഇവൻ യദു കൃഷ്ണൻ, ഞാൻ ഹരിപ്രിയ" സുന്ദരികുട്ടിയാണ് ഉത്തരം പറഞ്ഞത്. കാൽപ്പെരുമാറ്റം കേട്ടപ്പോൾ തന്നെ അകത്തുനിന്നും രാധ വാതിലിൽ എത്തിനോക്കി. ക്ഷീണിച്ചിരിക്കുന്ന മുഖം, കണ്ണുകളിൽ പഴയ തിളക്കമില്ല. തന്നെ കണ്ടപ്പോൾ അടുപ്പിൽ ഊതിയിട്ടാവാം ചുവന്ന ആ കണ്ണുകളിൽ പഴയ തിളക്കത്തിന്റെ ഒരു മിന്നലാട്ടം.
"ഹരി എപ്പോ എത്തി ??"
"ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ, നിന്റെ അച്ഛനും അമ്മയും ഭർത്താവുമൊക്കെ എവിടെ ??"
അവൾ ചിരിച്ചു, "അച്ഛന് ഇപ്പൊ ഇവിടെ ഒരു പീടിക ഉണ്ട്, അവർ രണ്ടാളും രാവിലെ അങ്ങോട്ട് പോകും"
"ഭർത്താവ് ??"
"അങ്ങനെയൊരാൾ ഇല്ലാ, അന്നത്തെ ആ കല്യാണമൊന്നും നടന്നില്ല, അല്ലെങ്കിലും നടക്കാൻ പാടില്ലല്ലോ, ദാ കണ്ടോ ആ കളിക്കുന്നതാണ് എന്റെ... അല്ല, നമ്മുടെ മോള്"
ഹരി മറ്റൊരു ലോകത്തായിരുന്നു, അവൻ യാന്ത്രികമെന്നപോലെ മുറ്റത്തേക്ക് നടന്നു, മെല്ലെ കുനിഞ് ആ കുട്ടിയെ ഏടുത്തു മാറോടു ചേർത്ത് ഉമ്മവെച്ചു. തിരിച്ചു രാധയുടെ അടുത്തെത്തിയ അവന്റെ കാൽവെപ്പ് വളരെ ദൃഢമായിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഹരി ഉറച്ച ശബ്ദത്താൽ പറഞ്ഞു" പുറപ്പെട്, വാ പോകാം... നിങ്ങൾ കഴിയേണ്ടത് എന്റെ വീട്ടിലാണ്"
പാതിചാരിയ വാതിൽ കടന്ന് മുല്ലപൂവണിഞ് കയ്യിൽ ഒരു ഗ്ലാസ് പാലുമായി കടന്നു വന്ന രാധയെന്ന നവവധുവിനെ സ്വീകരിച്ചടുത്തിരുത്തി ഹരി അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു " എന്തേ അന്ന് വന്നില്ല നീയെന്റെ ജീവിതത്തിലേക്ക്?? കിടക്കയിൽ സുഖമായി ഉറങ്ങുന്ന മോളെ ഒന്ന് നോക്കി ചിരിയോടെ രാധ "ഒരു സുഹൃത്തിനെ ആരെങ്കിലും കല്യാണംകഴിക്കോ ?? " അവളുടെ കാതിൽ ഒരു ചെറു നുള്ളു കൊടുത്തു അവൻ ചോദിച്ചു "എന്നിട്ടിപ്പോഴോ ?? "
അവൾ മെല്ലെ എഴുന്നേറ്റു " കഴിഞ്ഞ മാസം ബൈജു മരിച്ചു"
"ഏത് ബൈജു ?? " ഹരി പകച്ചു.
"നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച ബൈജു, അന്ന് നീ പറഞ്ഞില്ലേ നമ്മൾ കല്യാണം കഴിച്ചാൽ നീ അവന് പാദസേവ ചെയ്യുമെന്ന്, എന്റെ ഭർത്താവ് ആരുടെ മുന്നിലും തോൽക്കുന്നത് എനിക്കിഷ്ടമല്ല, എനിക്കെന്നല്ല ഏതൊരു പെണ്ണിനും അത് ഇഷ്ടമാവില്ല"
പകച്ചു പോയി ഹരി, കുട്ടിക്കാലത്തെ തന്റെ ഒരു വാക്ക് പോലും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഇവൾ തന്നെ യഥാർത്ഥ സുഹൃത്ത്.
ഹരി അവളെ വാരിയെടുത്ത് കട്ടിലിലേക്ക് വീണ് അവളുടെ കാതിൽ പറഞ്ഞു "ഇനി നീയാണ് എന്നും എന്റെ സുഹൃത്തും ജീവിത പങ്കാളിയും"...
-----------ശുഭം ----------
---സുധി ഇരുവള്ളൂർ---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ