വരപ്രസാദം
= = = = = = = = =
"കൃഷ്ണാ ...നീയേ തുണ , കൃഷ്ണാ ഗുരുവായൂരപ്പാ നീയേ തുണ" ഈറൻ മുണ്ടുടുത്ത് ഗുരുവായൂർ അമ്പലത്തിൽ ശയനപ്രദിക്ഷിണം ചെയ്യുകയാണ് ജയകൃഷ്ണൻ. സഹായത്തിനായി ഭാര്യ ഉണ്ണിമായ ഒപ്പമുണ്ട്. ജയകൃഷ്ണന്റെ അഴിച്ചുവെച്ച ഷർട്ടും കൈത്തണ്ടയിലിട്ട് ഉണ്ണിമായ ജയകൃഷ്ണന് ശയനപ്രദിക്ഷണത്തിനുള്ള വഴിയൊരുക്കാൻ സഹായിച്ചു.
ശയനപ്രദിക്ഷിണം പൂർത്തിയാക്കിയ ജയൻ എഴുന്നേറ്റ് ഉണ്ണിമായക്കൊപ്പം കൃഷ്ണനെ ഒരിക്കൽക്കൂടി തൊഴുതു.
"കുട്ടികളുണ്ടാവാൻ നീ ഇവിടെയല്ലേടാ ഉരുളേണ്ടത്, ഈ മച്ചിയെ അങ്ങൊഴിവാക്കി വേറൊരുത്തിയെ കെട്ടിയിട്ട് അവിടെ വേണം...." ജയന്റെ അമ്മ ഭവാനിയമ്മ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ടതും ഉണ്ണിമായയിൽ നിന്നും ഒരേങ്ങൽ പുറത്തുവന്നു. ജയൻ പതിയെ അവളുടെ കൈപിടിച്ച് ആശ്വസിപ്പിച്ചു. ഉണ്ണിമായയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
"എന്താ അമ്മേ ഇത് ആരെങ്കിലും കേൾക്കും എന്നൊരു ചിന്ത വേണ്ടേ " ജയൻ അമ്മയെ നീരസത്തോടെ നോക്കി.
"ഓ ... നമ്മളെ അറിയുന്ന ആർക്കാടാ അറിയാത്തത് ഇവൾ മച്ചിയാണെന്ന്, അല്ലേ ജയന്തീ " ഭവാനിയമ്മ വിടാനുള്ള ഭാവമില്ലായിരുന്നു. ജയന്തി ജയകൃഷ്ണന്റെ പെങ്ങളാണ്. കല്യാണം കഴിച്ചു രണ്ടു കുട്ടികളുണ്ട്. ഭർത്താവ് രാജീവ് പട്ടാളക്കാരനാണ്.
"നിങ്ങളിവിടെ നിൽക്ക്, ഞാൻ കുളിച്ചു വരാം" അമ്മയോടും പെങ്ങളോടും പറഞ്ഞു ജയൻ വേഗം നിറകണ്ണുമായി നിൽക്കുന്ന ഉണ്ണിമായയുടെ കൈപിടിച്ച് കുളക്കടവിലേക്ക് നടന്നു.
"സാരല്ലെടോ അമ്മേടെ സ്വഭാവം തനിക്കറീന്നതല്ലേ ?? " ജയൻ അവളെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു.
"അമ്മേം പെങ്ങളേം കൂട്ടാതെ നമുക്കൊറ്റക്ക് വരാമെന്ന് ഞാൻ പറഞ്ഞപ്പോ നിനക്കായിരുന്നല്ലോ നിർബന്ധം" ആശ്വസിപ്പിക്കുന്നതോടൊപ്പം ചെറിയൊരു ശാസനയും ജയൻ മറന്നില്ല.
കുളികഴിഞ്ഞു പ്രസാദവും നെറ്റിയിൽചാർത്തി ജയകൃഷ്ണനും ഉണ്ണിമായയും വന്നപ്പോഴേക്കും ജയന്തിയുടെ കുട്ടികൾ ജയനെ വളഞ്ഞു.
"മാമാ ...ഞങ്ങക്ക് കളിപ്പാട്ടം വാങ്ങി താ"
"ചായകുടിച്ചിട്ട് തിരിച്ചുപോകുമ്പോ വാങ്ങാം ട്ടോ" ജയൻ അവർക്ക് ഉറപ്പുകൊടുത്തു.
കാറിൽ വീട്ടിലേക്കുള്ള തിരിച്ചുയാത്രയിൽ കുട്ടികൾ ഒഴികെ എല്ലാവരും മൗനത്തെ കൂട്ടുപിടിച്ചിരുന്നു.
"ജയാ ഞാൻ കുറച്ചീസം ജയന്തീടെ കൂടെ നിന്നിട്ട് വരാം" മൗനത്തെ മുറിച്ചത് ഭവാനിയമ്മയായിരുന്നു. മറുപടിയായി ജയൻ ഒന്നുമൂളുക മാത്രം ചെയ്തു.
ജയന്തിയുടെ വീട്ടിൽ അമ്മയെയും പെങ്ങളെയും കുട്ടികളെയും ഇറക്കി ജയൻ വണ്ടി തിരിച്ചു.
"കേറുന്നില്ലേ ?" ജയന്തിയുടെ ചോദ്യം.
"പിന്നീടാവാം" ജയകൃഷ്ണൻ കാറ് മുന്നോട്ടെടുത്തുകൊണ്ട് പറഞ്ഞു. കുട്ടികൾ കൈവീശി കാണിച്ചു.
ജയൻ വേഗതകുറച്ചായിരുന്നു ഡ്രൈവ് ചെയ്തത്. കുറച്ചുമുന്നോട്ടു പോയപ്പോൾ അവൻ ഉണ്ണിമായയെ നോക്കി. പാവം സീറ്റിൽ കിടന്നുറങ്ങുന്നു. അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി വീണപ്പോൾ അവൾ വീണ്ടും സുന്ദരിയായപോലെ അവന് തോന്നി.
ജയകൃഷ്ണൻ കൃഷി ഓഫീസറാണ്. പന്ത്രണ്ട് വർഷമായി ഉണ്ണിമായ ജയന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്. ഒരു ഗ്രാമീണ സുന്ദരിയാണ് അവൾ. ഒരു തൊട്ടാവാടി പെണ്ണ്.
കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ആ ദമ്പതികൾക്ക് ഇല്ലാതെ പോയി. രണ്ടു പേരും വിശദമായ വൈദ്യ പരിശോധനയുകെ നടത്തി.
"രണ്ടാൾക്കും കുഴപ്പമൊന്നുമില്ല !!! ഇനി ദൈവവും നിങ്ങളും വിചാരിച്ചാൽ നിങ്ങളുടെ സ്വപ്നം പൂവണിയും" അന്ന് ഡോക്ടർ പറഞ്ഞത് ഇപ്പോഴും ജയന്റെ കാതിൽ മുഴങ്ങുന്നുണ്ട്.
അതിനുശേഷം വഴിപാടായ വഴിപാടൊക്കെ നടത്തി, നേർച്ചക്കും പ്രാർഥനക്കും ഒരുകുറവും വരുത്തിയില്ല.
ആദ്യമൊക്കെ ഇരു വീട്ടുകാരും നേർച്ചയും വഴിപാടുമൊക്കെ നടത്താൻ മത്സരിച്ചു. ക്രമേണ അവർ കുറ്റപ്പെടുത്തലിലേക്ക് നീങ്ങി. ഉണ്ണിമായയെ കാണുന്നത് പോലും അമ്മക്ക് അലർജിപോലെയായി .
അവൾ ഇപ്പൊ സ്വന്തം വീട്ടിൽ പോകാറില്ല. അവിടെ പോയാൽ ജയകൃഷ്ണനെ കുറിച്ചുള്ള കുറ്റങ്ങളാവും അവർക്ക് പറയാനുണ്ടാവുക. വേറെ കല്യാണം നോക്കാം എന്നൊക്കെ... അത് അവൾക്കിഷ്ടമില്ലാത്തതിനാൽ അങ്ങോട്ടുള്ള പോക്കുവരവ് കുറഞ്ഞു.
മുൻപൊരിക്കൽ, കല്യാണം കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ പോയത് ജയനോർമ്മ വന്നു. അവളുടെ വീട് ഒരു ഗ്രാമത്തിലായിരുന്നു.അന്ന് കാർ വാങ്ങിയില്ലായിരുന്നു. ബസ്സിലായിരുന്നു പോയത്. ബസ്സിറങ്ങി ഇരുപത്തഞ്ചു മിനിറ്റോളം നടന്നിട്ടു വേണം വീട്ടിലെത്താൻ.
രണ്ടാളും കളിയും ചിരിയുമായങ്ങനെ പോകുമ്പോൾ അവളുടെ പരിചയത്തിലുള്ള ഒരു വൃദ്ധയായ സ്ത്രീ വഴിയിൽ എതിരെ വന്നു. തങ്ങളെ കണ്ടതും അവർ വേഗം അവളുടെ കൈ പിടിച്ചു.
"വിശേഷമൊന്നുമായില്ലേ കുട്ട്യേ ??? കല്യാണം കഴിഞ്ഞിട്ടിപ്പോ രണ്ടുമൂന്ന് വർഷായില്യേ"
ചോദ്യം കേട്ടപാടെ അവളുടെ മുഖം വാടുന്നത് ജയൻ ശ്രദ്ധിച്ചു.
പിന്നീടങ്ങോട്ട് വീടെത്തുന്നതിന് മുൻപ് ഈ ചോദ്യമാവർത്തിക്കാൻ ഒത്തിരി പെണ്ണുങ്ങളുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചോ ? ആർക്കാണ് കുഴപ്പം ? കാവിലെ ആൽമരത്തിൽ തൊട്ടിൽ കെട്ടി നോക്കിയോ ?? അവരുടെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഇടയിൽ അവർ രണ്ടുപേരും വീർപ്പുമുട്ടി.
പിറ്റേന്ന് തന്നെ ജയകൃഷ്ണൻ പോയി ഒരു കാർ ബുക്ക് ചെയ്തു.
കുറ്റപ്പെടുത്തലും 'മച്ചി'യെന്ന വിളിയും അസഹ്യമായ ഒരുനാൾ ഉണ്ണിമായ ആത്മഹത്യക്ക് വരെ ശ്രമിച്ചു. അന്ന് ജയൻ അവളെ ചേർത്തുപിടിച്ചു പറഞ്ഞു "എന്താ ഉണ്ണീ ഈ കാണിച്ചേ, എനിക്ക് നീയും നിനക്കുഞാനും ഉള്ള കാലത്തോളം നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കും നമ്മുടെ കുഞ്ഞിനായി, അതിന് എനിക്കൊപ്പം നീയുണ്ടാവില്ലേ ???"
കുറ്റബോധത്താൽ തലതാഴ്ത്തി അവൾ "ജയേട്ടാ ഈ അവഗണനയും കുറ്റപ്പെടുത്തലും സഹിക്കാനാവാഞ്ഞപ്പോൾ എന്റെ പൊട്ട ബുദ്ധി ......"
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളെ ജയൻ തന്റെ കൈകൊണ്ട് തുടച്ചു . "പോട്ടെ സാരല്ല്യാ, ആരും ഇതൊന്നും അറിയണ്ടാ"
കുറ്റപ്പെടുത്തലും കളിയാക്കലും അവൾക്ക് മാത്രമല്ല ജയനും നേരിടേണ്ടി വന്നിട്ടുണ്ട്.
"അല്ല കൃഷിയാപ്പീസറെ ഇങ്ങളെ വിത്ത് വർഷങ്ങളായിട്ടും മുളക്കുന്നില്ലല്ലോ ??"
"നല്ലൊരു കൃഷിസ്ഥലമുണ്ടായിട്ടും നനച്ചുകൊടുക്കാഞ്ഞിട്ടാവും വിത്ത് മുളക്കാത്തത്"
കൂട്ടുകാരും പരിചയക്കാരും കളിയാക്കുമ്പോൾ ജയകൃഷ്ണൻ മനസ്സിനെ നിയന്ത്രിച്ചു, എന്നിട്ടും ഒരു ദിവസം രണ്ടു കുട്ടികളുടെ ഉപ്പയായ ഷമീർ "ഡാ ജയാ, സാജിത അടുത്ത പ്രസവത്തിന് വീട്ടിൽ പോയതാ, നിനക്കൊരു കുഞ്ഞിക്കാല് കാണണേൽ ഉണ്ണിമായയെ ഇന്ന് വീട്ടിലേക്ക് വിട്ടോ " എന്ന് പറഞ്ഞതും ജയകൃഷ്ണന്റെ വലതു കൈ ഷമീറിന്റെ ഇടതുകവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു !!!
തുറന്ന ഗേറ്റും കടന്നു മുറ്റത്തു കാർ നിന്നപ്പോഴും ഉണ്ണിമായ ഉറക്കം തന്നെയായിരുന്നു. ജയകൃഷ്ണൻ പതിയെ അവളെ തട്ടിവിളിച്ചു. കണ്ണുതുറന്നു നോക്കി സ്ഥലകാലബോധം വന്നപ്പോൾ അവൾ അവനോട് സോറി പറഞ്ഞു. അവൻ ചിരിച്ചു. രണ്ടാളും കാറിൽനിന്നുമിറങ്ങി വീട്ടിനകത്തേക്ക് പോയി.
അത്താഴം കഴിഞ്ഞു ജയൻ ന്യൂസ് ചാനലും കണ്ടിരുന്നപ്പോൾ അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി ഒതുക്കിവെച്ചു അവളും വന്നിരുന്നു.
ഒരു കൈക്കുഞ്ഞിനെ പാറയിൽ എറിഞ്ഞുകൊന്ന സ്ത്രീയുടെ വാർത്ത അവർ ഇരുവരെയും വല്ലാതെ വിഷമത്തിലാക്കി.
മുകളിലെ നിലയിലെ ബെഡ്‌റൂമിൽ ഇരുവരും എത്തിയപ്പോഴേക്കും പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. അവൾ കുളിക്കാനായി ബാത്‌റൂമിൽ കയറിയപ്പോൾ ജയൻ ബാൽക്കണിയിൽ പോയി പുറത്തെ മഴ ആസ്വദിച്ചു. പിശറൻ കാറ്റ് അവന്റെ മുഖത്ത് തലോടി വികൃതിയാൽ മുടിയിഴകളെ പറത്തി.
ഉണ്ണിമായ കുളികഴിഞ്ഞു ജയകൃഷ്ണന്റെ അടുത്തെത്തി. "നല്ല ആളാ, ഇവിടെ ഈ തണുപ്പത്ത് വന്ന് നിക്ക്വണോ ??, നാളത്തേക്ക് പനി വരുത്തിക്കാതെ വേഗം വന്നേ" അവൾ അവന്റെ കൈ പിടിച്ചുവലിച്ചു. അവൻ പുറത്തേക്ക് കൈനീട്ടി കൈക്കുമ്പിളിൽ കിട്ടിയ വെള്ളം അവളുടെ നേർക്ക് തെറിപ്പിച്ചു.
"ദേ ..ജയേട്ടാ നിയ്ക്ക് തണുക്കുന്നു ട്ടോ" അതും പറഞ്ഞു അവൾ അകത്തേക്കോടി. ജയൻ പിന്നാലെ വന്ന് അവളെ വട്ടം പിടിച്ചു.
"ഓ ... ഇതേതാ ഉണ്ണീ ഈ കാച്ചിയ എണ്ണ !! " ജയൻ അവളുടെ മുടിയിഴയിലൂടെ മുഖമോടിച്ചു. പുറത്ത് ശക്തിയേറിയ ഒരിടിമിന്നൽ !!! ഉണ്ണിമായ ജയകൃഷ്ണനോട് കുറച്ചൂടെ ഒട്ടിച്ചേർന്നു.. ശ്വാസം ശ്വാസത്തെ സ്വന്തമാക്കി ... പെയ്യാത്ത മഴയിൽ അവൾ നനഞ്ഞു !!!
ഓഫീസിലെ ഫയലുകളുമായുള്ള യുദ്ധത്തിൽ ജയകൃഷ്ണൻ മുഴുകി. ഗുരുവായൂർ യാത്ര കഴിഞ്ഞിട്ട് മാസം രണ്ടാവാറായി. ഇനി അടുത്ത സ്ഥലം എവിടെയാണാവോ ?? തിരക്കിട്ട ജോലിക്കിടയിൽ ജയകൃഷ്ണന്റെ ഫോൺ ശബ്ദിച്ചു. അമ്മയാണ്...
"എന്താ അമ്മേ ??"
"അത്, മോനേ ഉണ്ണിമായക്ക് നല്ല സുഖമില്ലാ, നീയൊന്ന് വേഗം ഇങ്ങു വാ"
"ഇവിടെ തിരക്കാണല്ലോ അമ്മേ , എന്നാലും ഞാൻ വേഗം വരാം"
ജയകൃഷ്ണൻ ഇറങ്ങാൻ റെഡിയായി ഓഫീസിലെ സതീശനെ കുറച്ചുകാര്യങ്ങളൊക്കെ ഏൽപ്പിച്ചു.
വീട്ടിലെത്തിയ ഉടനെ ഉണ്ണിമായയുടെ അടുത്തേക്ക് ഓടിയെത്തി. അവൾ കുനിഞ്ഞു നിന്ന് ഛർദിക്കുന്നു. അമ്മ അവളുടെ പുറത്തു തടവിക്കൊടുക്കുന്നു. ജയൻ വേഗം കാറ് ഇറക്കി, അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി.
"മെല്ലെ പോയാ മതി മോനെ, ഇത് പേടിക്കാനൊന്നുമുണ്ടാവില്ല" ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു.
ഡോക്ടറുടെ റൂമിൽ കയറി അവളെ പരിശോധിക്കുന്നതിനിടയിൽ ജയനോട് പുറത്തേക്ക് നിൽക്കാൻ ഡോക്ടർ പറഞ്ഞു. പുറത്തിറങ്ങിയ ജയൻ വാതിലിന് എതിരെ ചാരിനിന്നു. 'ഡോക്ടർ ആനി തോമസ്' ജയൻ പേര് വായിച്ചു.
നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറന്ന് ഡോക്ടറും ഉണ്ണിമായയും പുറത്തു വന്നു. രണ്ടുപേരും സന്തോഷത്താൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
"ജയകൃഷ്ണൻ, പന്ത്രണ്ടു വർഷമായുള്ള നിങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമാവാൻ പോകുന്നു, ഉണ്ണിമായ പ്രേഗ്നെന്റാണ്".
തനിക്ക് ചുറ്റുമുള്ള ലോകം തിരിയുന്ന പോലെ ജയന് തോന്നി. സന്തോഷത്താൽ കണ്ണ് നിറഞ്ഞു മൂടിപ്പോയി. അവൻ ഉണ്ണിമായയെ നോക്കി, അവളും സന്തോഷത്താൽ വിങ്ങുകയായിരുന്നു. ഒരു നിമിഷം അവൻ പരിസരബോധം മറന്നു, അവൻ ഉണ്ണിമായയുടെ കവിളിൽ പതിയെ ഉമ്മവെച്ചു ... ഡോക്ടർ നാണത്താൽ അകത്തേക്ക് വലിഞ്ഞു !!
വിവരമറിഞ്ഞ ഭവാനിയമ്മ സകലതും മറന്ന് ഉണ്ണിമായയെ ചേർത്ത് പിടിച്ചു.
"ഇനി സൂക്ഷിക്കണം മോളെ, മോളെനി ഒന്നും ചെയ്തു ദേഹമിളക്കണ്ട, എല്ലാം അമ്മ ചെയ്‌തോളാം" അവർ അവളെ തലയിൽ എണ്ണ തേപ്പിച്ചുകൊണ്ട് പറഞ്ഞു ..
ഉണ്ണിയുടെ അമ്മയും അച്ഛനും വിവരമറിഞ്ഞ ഉടനെ എത്തി. അവരുടെ സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു.
ജയൻ ഓഫിസിൽ നിന്നും വരുമ്പോൾ അവൾക്ക് ഇഷ്ടപ്പെട്ടതെന്താണെന്ന് ചോദിച്ചു വാങ്ങിവന്നു. പച്ചമാങ്ങയും മസാലദോശയും കടന്ന് ചിക്കൻ ബിരിയാണി വരെയെത്തി അവളുടെ പൂതി.
മാസങ്ങൾ കടന്നുപോയി, ഇന്നാണ് ഉണ്ണിയെ അഡ്മിറ്റ് ചെയ്യേണ്ട ദിവസം. അത്യാവശ്യസാധനങ്ങളെല്ലാം എടുത്തു രണ്ടമ്മമാരും അവളുടെ അച്ഛനും അവർക്കൊപ്പം ഹോസ്പിറ്റലിലേക്ക് പോയി.
ലേബർറൂമിലേക്ക് കേറാൻ നേരം ഉണ്ണിമായ ജയകൃഷ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു. ജയൻ ഇരുകൈകളാലും അവളുടെ കൈ ചേർത്തുപിടിച്ചു അവൾക്ക് ധൈര്യം നൽകി.
മിനിട്ടുകൾക്ക് യുഗങ്ങളുടെ ദൈർഖ്യം !!! ലേബർ റൂമിന് പുറത്ത് ജയനും മറ്റുള്ളവരും ഇരിപ്പാണ്.
പെട്ടന്ന് ഡോർ തുറന്ന് ഒരു സിസ്റ്റർ "ഉണ്ണിമായയുടെ ആള് ?"
ജയൻ ഓടി സിസ്റ്റർക്ക് അരികിലെത്തി.
"പ്രസവിച്ചു, ഇരട്ടക്കുട്ടികൾ ആണ്, ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും !! സിസേറിയൻ വേണ്ടി വന്നു. ഈ മരുന്നുകളൊക്കെ ഒന്ന് വാങ്ങണം. കുഞ്ഞുങ്ങളെ ഇപ്പൊ കൊണ്ടോരും, അമ്മയെ പിന്നീടും" സിസ്റ്റർ ചിരിച്ചോണ്ട് പറഞ്ഞു.
കാത്തിരിക്കുന്നവരുടെ കാതുകളിൽ മധുരമായാണ് ആ വാർത്ത എത്തിയത്. ജയൻ മരുന്നിന്റെ ലിസ്റ്റുമായി പുറത്തേക്ക് പോയി.
തിരിച്ചുവന്ന ജയന്റെ കയ്യിൽ മരുന്നിനൊപ്പം കുറച്ചു കുഞ്ഞുടുപ്പും രണ്ടു തോട്ടിലും വലിയൊരു പൊതിയിൽ ലഡ്ഡുവും ഉണ്ടായിരുന്നു. ഇത്രയും സന്തോഷത്തോടെ മകനെ ഇതിനുമുന്നെ കണ്ടിട്ടില്ലെന്ന് ഭവാനിയമ്മയോർത്തു !!
സിസ്റ്റർ കുഞ്ഞുങ്ങളെ ഭവാനിയമ്മയുടെ കയ്യിലേൽപ്പിച്ചു. ജയൻ ആ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി... രണ്ടു ഓമനകളായ ചോരക്കുഞ്ഞുങ്ങൾ ... അതെ തന്റെ ചോര !!! കുഞ്ഞു ചിറകുവീശുന്ന ചിത്രശലഭങ്ങളെപോലെ അവർ കയ്യിളക്കുന്നുണ്ടായിരുന്നു !!! അതെ ഇത് ഭഗവാൻ കൃഷ്ണൻ തന്ന വരപ്രസാദം ....
ഉണ്ണിമായയെ വൈകാതെ റൂമിലേക്ക് കൊണ്ടുവന്നു. ജയൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അവൾ തന്റെ പിഞ്ചു ശലഭങ്ങളെ നോക്കി പുഞ്ചിരിച്ചു.
ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകുമ്പോൾ ഉണ്ണിമായ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു . ഭവാനിയമ്മയും അതിൽ പങ്കാളിയായി.
വീട്ടിലേക്ക് കയറും മുൻപേ ജയന്തി വിളക്കുതെളിയിച്ചു. ഭവാനിയമ്മ ഉണ്ണിമായയുടെ കയ്യിൽ പിടിച്ചു. ആ രണ്ടു കൊച്ചു പൂമ്പാറ്റകൾ ആ വീടിന്റെ വിളക്കാവാൻ വീട്ടിലേക്ക് എത്തി .... ഇനിയവർക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ....
--ശുഭം--
--സുധി ഇരുവള്ളൂർ--