2018, ഡിസംബർ 26, ബുധനാഴ്‌ച


നിന്റെ സ്നേഹത്തിന്റെ
അക്ഷയപാത്രത്തിൽ നിന്നും
നീ പകരും ഇഷ്ടം നഷ്ടമാവാത്തത്ര
എന്റെ തൂലികയിൽ നിന്നും
നിനക്കായ് പ്രണയാക്ഷരങ്ങൾ
പിറന്നുകൊണ്ടേയിരിക്കും ...

നിഷ്കളങ്കമാം പുഞ്ചിരിയിലൂടെയാവാം
ആദ്യ പ്രണയം മൊട്ടിടുന്നത്!!!
പൂവായ് വിരിയുന്ന കൗമാരവും
കായായി മുളക്കുന്ന യൗവ്വനവും താണ്ടി
പൊഴിഞ്ഞു വീഴാൻ തുടങ്ങും വാർദ്ധക്യത്തിലും
പ്രണയം തുടിക്കട്ടെ ജീവിതമാകെ !!!

ആത്മാവിൻ ആഴങ്ങളിൽ സൂക്ഷിച്ച
നിറമുള്ള പീലിയാണ്  നീ
നിനച്ചിടാതെ നീ ഞെരിച്ചമർത്തിയ
കരിവളപ്പൊട്ടുകൾ ചേർത്തുവെച്ചു
ഞാനെന്റെ അകതാരിൽ തീർത്തു വെച്ചു
ഒരു സ്വപ്നക്കൊട്ടാരം !!!


നിനക്ക് നൽകാനായ്
ഞാൻ കാത്തുവെച്ച
മഞ്ചാടിമണികളെ
ഇടയ്ക്കു തുറന്നൊന്ന്
ഞാനെണ്ണി നോക്കാറുണ്ട് ...
ആരും കവർന്നെടുത്തില്ലെന്ന്
ഉറപ്പു വരുത്താനായി !!!

2018, ഡിസംബർ 18, ചൊവ്വാഴ്ച


സ്വർണക്കൂട്ടിലടച്ച പക്ഷിയുടെ
മോഹങ്ങൾ തൂവൽ ചിക്കി
പറന്നുയരുകയാണ് ...
അങ്ങ് ദൂരെ മേഘങ്ങൾക്കിടയിലൂടെ
മുങ്ങാങ്കുഴിയിട്ട് മുന്നേറണം
ചിറക് തളരുമ്പോൾ
ബലിഷ്ഠമാം ചില്ല കണ്ടെത്തി
കൂടൊന്നു കൂട്ടണം ..
മഴയും കാറ്റും ആസ്വദിച്ചു
ഇണക്കിളിയെ കാത്തിരിക്കണം...

കൂട്ടുകാരി
===============================
ഹരിതവർണമാം പ്രകൃതിയെൻ
കൂട്ടുകാരി ...
കളകളെസ്വനമേറും പുലരിയെൻ
കൂട്ടുകാരി ...
എരിവെയിലിൽവിങ്ങും ഉച്ചയെൻ
കൂട്ടുകാരി ...
കവിൾ ചുവന്നു തുടുത്ത സന്ധ്യയെൻ
കൂട്ടുകാരി ...
പൂനിലാ പൊഴിക്കും രാവെന്റെ
കൂട്ടുകാരി ...

ഹൃദയജാലകപ്പടിക്കപ്പുറത്ത്‌ നിൻ
കാൽസ്വനം കാതോർത്തിരിക്കവേ
അകതാരിൽ കുറുകിയ
പ്രണയത്തിൻ പ്രാവിന്റെ
ചിറകടി കാതിൽവന്നലച്ചു ...
അന്നെന്റെ നെറ്റിയിലെ
ചന്ദനപ്പൊട്ടിൻതരി
നിൻമടിത്തട്ടിൽ വീണനാൾ
അധരം അധരത്തിൽ മീട്ടിയ
ഈണത്തിന് ശ്രുതിയിട്ട്‌
ഞാനൊരു തൂവലായ്
പറന്നുയർന്നു ..