2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച



മൗനവും മനോഹരമായ ലിഖിതങ്ങളാവും...
ഇന്ദ്രിയങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങും...
മൊഴിയെക്കാൾ മനോഹരമായി മിഴികൾ കഥപറയും ...
കൈകളേക്കാൾ നന്നായി മനസ്സ് കവിത രചിക്കും ....
പ്രണയത്തിന്റെ മാസ്മരഭാവത്തിൽ
ഭാഷക്കപ്പുറം ഹൃദയങ്ങൾ തമ്മിൽ
അതീന്ദ്രിയമാം അദൃശ്യ ചങ്ങലകളാൽ ബന്ധനസ്ഥരാവും ...

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച


എന്നെയറിയാൻ 
എന്നിലേക്കടുക്കുക...
മറ്റു ചുണ്ടുകളിൽ നിന്നെന്നെ
ശ്രവിക്കാതിരിക്കുക... 
ഞാനെന്ന നിസ്സാരതയെ
പഠിക്കാൻ ശ്രമിക്കുക...
എന്നിൽ കണ്ടെത്തുന്ന-
ദുഷ്ടതയെ ഇല്ലാതാക്കുക ..
എന്നിലെന്തെങ്കിലും നന്മകണ്ടാൽ-
പകർത്താൻ ശ്രമിക്കുക ...
--സുധി ഇരുവള്ളൂർ--

2019, ഡിസംബർ 6, വെള്ളിയാഴ്‌ച



സ്വപ്‌നങ്ങൾ വീണമീട്ടും രാവുകളിൽ
പ്രണയം നിലാവ് പൊഴിക്കുന്ന രാഗങ്ങളിൽ
മനസ്സിലെ മണിച്ചെപ്പിൽ ഒളിച്ചുവെച്ച
മഞ്ചാടിമണികളെ ഇടയ്ക്കു തുറന്നൊന്നു
എണ്ണിനോക്കണം ...
മുല്ലകൾ മഴയായ് പെയ്യുന്ന
നിശീഥിനികളിൽ ചായംതേച്ച
കിനാക്കൾ കണ്ണുകളിൽ വിരുന്നെത്തണം ..
പുഞ്ചിരിയാൽ എതിരേൽക്കും
സ്വപ്നങ്ങൾക്കെന്നും
പതിനേഴിന്റെ നെഞ്ചിൻതുടിപ്പും
പുലർമഞ്ഞിന്റെ കുളിരുമാണ് !!!


നിനക്കാത്ത നേരത്ത്‌
പിന്നിലൂടെ വന്ന്
കണ്ണുപൊത്താനുള്ള
കരവിരുത്
നിന്നോളം
മറ്റൊരാൾക്കില്ല
പ്രിയനേ !!!

ശൂന്യതയിൽ നിന്നും
പ്രണയം സൃഷ്ടിക്കുന്ന
മായാജാലക്കാരനാണ് നീ !!!
കാന്തമൊളിപ്പിച്ച കണ്ണുമായ് ...
പീലി തഴുകും കയ്യുമായി ...
ചുംബനം പൂക്കും ചുണ്ടുമായ് ...
പ്രണയം തുടിക്കും ഹൃദയവുമായ് ...
നീയെന്നിലെയെന്നെ
തൊട്ടുണർത്തുമ്പോഴെല്ലാം
അവാച്യമാം നിർവൃതിയിലലിഞ്
നീയെന്നെയും ചേർത്ത്
പറന്നകലുകയായിരുന്നു !!!

2019, ഡിസംബർ 3, ചൊവ്വാഴ്ച


അന്തരാത്മാവിൽ
അനുഭൂതിയായി നീ...
ആത്മനിയന്ത്രണത്തിന്റെ
ലക്ഷ്മണരേഖയും കടന്ന്
നീയൊളിച്ച ചിപ്പിക്കുള്ളിലെ
മുത്തിലൂറും നറുമണത്തെ
തൊട്ടറിഞ്ഞ നിമിഷത്തിലെപ്പോഴോ
നീയുംഞാനും ഒന്നാവുകയായിരുന്നു ...
വസന്തം കൊതിച്ച പൂവിൽ
തേനൂറുകയായിരുന്നു ...
മഴയെകൊതിച്ച പുതുമണ്ണ്
നനഞ്ഞു പുളകിതയാവുകയായിരുന്നു ...
അർദ്ധാലസ്യത്തിൻ തിരിതാഴ്ന്നപ്പോഴേക്കും
നീയെന്നിൽ പ്രണയമായി പെയ്യുകയായിരുന്നു ...


വിരഹമേ നീ വഴിമാറിപ്പോകുക,
എന്റെ പ്രിയനെ പ്രണയിക്കും
തിരക്കിലാണ് ഞാൻ !!!
ഒരു മഞ്ഞുതുള്ളിയായി
അവനിലലിയേണം ...
ഒരു വേനൽ മഴയായി
അവനിൽ പെയ്തിറങ്ങേണം ...
ഒരു നെരിപ്പോട് പോലെ
നിനക്ക് ചൂടേകണം ...