2020, ഫെബ്രുവരി 11, ചൊവ്വാഴ്ച


എന്നെയറിയാൻ 
എന്നിലേക്കടുക്കുക...
മറ്റു ചുണ്ടുകളിൽ നിന്നെന്നെ
ശ്രവിക്കാതിരിക്കുക... 
ഞാനെന്ന നിസ്സാരതയെ
പഠിക്കാൻ ശ്രമിക്കുക...
എന്നിൽ കണ്ടെത്തുന്ന-
ദുഷ്ടതയെ ഇല്ലാതാക്കുക ..
എന്നിലെന്തെങ്കിലും നന്മകണ്ടാൽ-
പകർത്താൻ ശ്രമിക്കുക ...
--സുധി ഇരുവള്ളൂർ--

2019, ഡിസംബർ 6, വെള്ളിയാഴ്‌ച



സ്വപ്‌നങ്ങൾ വീണമീട്ടും രാവുകളിൽ
പ്രണയം നിലാവ് പൊഴിക്കുന്ന രാഗങ്ങളിൽ
മനസ്സിലെ മണിച്ചെപ്പിൽ ഒളിച്ചുവെച്ച
മഞ്ചാടിമണികളെ ഇടയ്ക്കു തുറന്നൊന്നു
എണ്ണിനോക്കണം ...
മുല്ലകൾ മഴയായ് പെയ്യുന്ന
നിശീഥിനികളിൽ ചായംതേച്ച
കിനാക്കൾ കണ്ണുകളിൽ വിരുന്നെത്തണം ..
പുഞ്ചിരിയാൽ എതിരേൽക്കും
സ്വപ്നങ്ങൾക്കെന്നും
പതിനേഴിന്റെ നെഞ്ചിൻതുടിപ്പും
പുലർമഞ്ഞിന്റെ കുളിരുമാണ് !!!


നിനക്കാത്ത നേരത്ത്‌
പിന്നിലൂടെ വന്ന്
കണ്ണുപൊത്താനുള്ള
കരവിരുത്
നിന്നോളം
മറ്റൊരാൾക്കില്ല
പ്രിയനേ !!!

ശൂന്യതയിൽ നിന്നും
പ്രണയം സൃഷ്ടിക്കുന്ന
മായാജാലക്കാരനാണ് നീ !!!
കാന്തമൊളിപ്പിച്ച കണ്ണുമായ് ...
പീലി തഴുകും കയ്യുമായി ...
ചുംബനം പൂക്കും ചുണ്ടുമായ് ...
പ്രണയം തുടിക്കും ഹൃദയവുമായ് ...
നീയെന്നിലെയെന്നെ
തൊട്ടുണർത്തുമ്പോഴെല്ലാം
അവാച്യമാം നിർവൃതിയിലലിഞ്
നീയെന്നെയും ചേർത്ത്
പറന്നകലുകയായിരുന്നു !!!

2019, ഡിസംബർ 3, ചൊവ്വാഴ്ച


അന്തരാത്മാവിൽ
അനുഭൂതിയായി നീ...
ആത്മനിയന്ത്രണത്തിന്റെ
ലക്ഷ്മണരേഖയും കടന്ന്
നീയൊളിച്ച ചിപ്പിക്കുള്ളിലെ
മുത്തിലൂറും നറുമണത്തെ
തൊട്ടറിഞ്ഞ നിമിഷത്തിലെപ്പോഴോ
നീയുംഞാനും ഒന്നാവുകയായിരുന്നു ...
വസന്തം കൊതിച്ച പൂവിൽ
തേനൂറുകയായിരുന്നു ...
മഴയെകൊതിച്ച പുതുമണ്ണ്
നനഞ്ഞു പുളകിതയാവുകയായിരുന്നു ...
അർദ്ധാലസ്യത്തിൻ തിരിതാഴ്ന്നപ്പോഴേക്കും
നീയെന്നിൽ പ്രണയമായി പെയ്യുകയായിരുന്നു ...


വിരഹമേ നീ വഴിമാറിപ്പോകുക,
എന്റെ പ്രിയനെ പ്രണയിക്കും
തിരക്കിലാണ് ഞാൻ !!!
ഒരു മഞ്ഞുതുള്ളിയായി
അവനിലലിയേണം ...
ഒരു വേനൽ മഴയായി
അവനിൽ പെയ്തിറങ്ങേണം ...
ഒരു നെരിപ്പോട് പോലെ
നിനക്ക് ചൂടേകണം ...

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച


മീൻകാരൻ ...
================

"ഒന്നേയൊന്നെയൊന്നേയൊന്നെ രണ്ടേ രണ്ടേ രണ്ടേരണ്ടേ മൂന്നേ മൂന്നേ ...... കൂയ് ...പോരി പോരി ...." കോയതി മാപ്ളേടെ മീൻകച്ചോടം പൊടിപൊടിക്കുന്നത് സൈക്കിൾ ടയർ ഓടിക്കുന്നതിനിടയിലും ഞാൻ നോക്കി നിൽക്കുമായിരുന്നു . "പെടക്കണ നെയ്യുള്ള മത്യാണ്.. അയിലത്തല അളിയനും കൂട്ടാം... ഞെണ്ടു കറിയുണ്ടേൽ രണ്ടുകറി മാണ്ട... വാരിക്കെട്ട് വാരിക്കെട്ട് ..പോരി പോരി " കച്ചോടത്തിനിടയിലെ മാപ്ളേടെ വർത്താനം തന്നെ ബഹുരസം.
ഒരു കൈലിമുണ്ടും കയ്യില്ലാത്ത ഒരു ബനിയനും തലേലൊരു തോർത്തുമാണ് കോയതി മാപ്ളേടെ വേഷം. ഉന്തിയ പല്ലുകളും മെലിഞ്ഞ ഉറച്ച ശരീരവും.  രണ്ട് കുട്ടകൾ ചുമടാക്കി തോളിലേറ്റി അടുത്ത ദേശത്തുനിന്നും നടന്നാണ് (സത്യത്തിൽ ചെറിയൊരു ഓട്ടം തന്നെ) മീൻ കച്ചോടം. ആ നടത്തത്തിന് (ഓട്ടത്തിന്) തന്നെ ഒരു താളമുള്ളതായി അന്നേ തോന്നിയിരുന്നു.
കൊയതി മാപ്ല വരുന്ന സമയം മീൻവാങ്ങാൻ വരുന്ന ആളുകളേക്കാൾ നിശ്‌ചയം അദ്ദേഹം കടന്നു വരുന്ന ഓരോ പ്രദേശത്തെയും പൂച്ചകൾക്കായിരുന്നു എന്ന് തോനുന്നു. വിനീതരായുള്ള പൂച്ചകളുടെ നിൽപ്പ് എന്തൊരു അച്ചടക്കത്തോടെയാണെന്നോ !!!
അച്ഛനന്ന് ചായക്കച്ചോടം ഉള്ളതിനാൽ കോയതിക്കാന്റെ ഒരു പ്രധാന സ്റ്റോപ്പ് അവിടെയായിരുന്നു. അവിടുത്തെ കച്ചോടം കഴിഞ്ഞു മീൻചുമട് തോളിലേറ്റും മുന്നേ ഒരു ചായയും കുടിച്ചേ പോകുള്ളൂ. അതിനിടക്ക് ഞാനും ചേച്ചിയും കൂട്ടുകാരും ചെറിയ ഐസ് കഷണങ്ങൾ മീൻകൊട്ടയിൽ നിന്നുമെടുത്ത്‌, ആരാണ് കൈവെള്ളയിൽ ഐസ് വെച്ച് കൂടുതൽ നേരം നിക്കുക എന്ന മത്സരം ആരംഭിച്ചിട്ടുണ്ടാവും!!!
ഒരു കെട്ട് തേക്കില കൊടുത്താൽ അഞ്ചുറുപ്യന്റെ മീൻ കിട്ടും കോയതിക്കന്റെ കയ്യീന്ന്. നാരായണൻ നായരും ശ്രീധരേട്ടനുമൊക്കെ തേക്കിലകെട്ടുമായാവും മിക്ക ദിവസവും കാത്തിരിപ്പ് !!!.
പിന്നീടാണ് അമ്മദ്ക്കാ സൈക്കിളിൽ മീനുമായി എത്തിത്തുടങ്ങിയത്. മീൻകൊട്ടയുടെ സ്ഥാനം നഷ്ട്പ്പെട്ടപ്പോൾ നീല പ്ലാസ്റ്റിക് പെട്ടി സൈക്കിളിന് പിന്നിൽ സ്ഥാനം പിടിച്ചു. കോയതിക്കാന്റെ മീൻചുമടിനെ അമ്മദ്ക്കാന്റെ സൈക്കിളും പെട്ടിയും കടത്തിവെട്ടി തുടങ്ങിയതിൽ പിന്നെ അദ്ദേഹം ആ വഴി വരാതായി.
മീൻകച്ചോടം വീണ്ടും തകൃതിയായി നടന്നുകൊണ്ടേയിരിക്കുന്നു. സൈക്കിളിനും വേഗതപോരെന്ന ചിന്താഗതി വന്നപ്പോഴാവാം M 80 ഇറങ്ങിയത്. ആളുകൾ അതിനെ സ്നേഹപൂർവ്വം 'മീനൊറ്റി' എന്ന് വിളിച്ചു. അമ്മദ്ക്കാന്റെ സൈക്കിളിനെ അയമ്മദ്ക്കാ M 80 കൊണ്ട് തോൽപ്പിക്കാൻ അധികനാൾ വേണ്ടിവന്നില്ല. മീൻചുമടിൽ നിന്നും തേക്കിലയിൽ കോയതി മാപ്ല പൊതിഞ്ഞ മീൻ, M 80 യിൽ വെച്ച പെട്ടിയിൽ നിന്നും അയമ്മദ്ക്കാ ആളുകൾക്ക് കൊടുക്കുമ്പോഴേക്കും പ്ലാസ്റ്റിക് കവറിൽ എത്തിയിരിക്കുന്നു !!!! M80 യിൽ നിന്നും വളർന്ന് ബൈക്കിലും, എന്തിന് ബുള്ളറ്റിൽ വരെ മീൻ വീട്ടിലെത്താൻ തുടങ്ങി!!!
മീൻകച്ചോടം വീണ്ടും വിപുലമായപ്പോൾ കവലകളിൽ മേശ ഇട്ട് പലയിനം മീനുകൾ വിൽപ്പനക്കായി എത്തിത്തുടങ്ങി. കച്ചോടക്കാർ ഇന്ന് എണ്ണം മറന്നു, തുലാസ്സിൽ തൂക്കികൊടുക്കാൻ തുടങ്ങി. മീൻ കേടാവാതിരിക്കാൻ ഐസിനു പകരം രാസവസ്തുക്കളാണെന്നും കേൾക്കുന്നു !!!
ഇനിയും എന്തെല്ലാം മാറ്റങ്ങൾ കാണാം ??? എന്തായാലും കാത്തിരിക്കാം ല്ലേ ....
--സുധി ഇരുവള്ളൂർ--