2017, ജനുവരി 4, ബുധനാഴ്‌ച

ഹൃദയത്തിന്റെ താളിൽ
മാനം കാട്ടാതെ ഞാൻ
ഒളിച്ചു വെച്ച
മയിൽ‌പീലി തുണ്ടിൽ
മൃദുലമാം ജീവൻ
തുടിക്കുന്നുവോ???



2017, ജനുവരി 3, ചൊവ്വാഴ്ച


വിതുമ്പിയ അധരങ്ങളും
തുളുമ്പിയ മിഴികളും
നമ്മുടെ പ്രണയത്തിന്റെ
തീവ്രത വിളിച്ചറിയിച്ചിട്ടും
ഒരു മഞ്ഞു തുള്ളി പോലെ നീ
അലിഞ്ഞു തീർന്നതെന്തേ???

2017, ജനുവരി 2, തിങ്കളാഴ്‌ച


നിശാഗന്ധി പൂക്കളെയായിരുന്നു
അവൾക്ക് ഇഷ്ട്ടം,
എനിക്ക് നാലുമണി പൂക്കളെയും..
നിലാവ് വന്നെത്താൻ മറന്ന
ഒരു തണുത്ത രാത്രിയിൽഎത്തിയ
കാലൻ കോഴിയുടെ കൂകലിനൊപ്പം
നിശാഗന്ധി തേടി അവൾ ഇറങ്ങിയപ്പോൾ
എന്റെ നാലുമണി പൂ വിരിയേണ്ട മൊട്ടുകൾ 
വാടി വീഴുന്നതറിഞ്ഞു ഞാൻ...
ഒരു ദീർഘ നെടുവീർപ്പോടെ...


എനിക്കും നിനക്കും ഇടയിൽ നീ തീർത്ത
മൗനത്തിന്റെ വേലിയിൽ മുള്ളിൻ പൂവുകൾ
വിരിഞ്ഞിരുന്നു...
നട്ടു നനച്ച നാൾ ഞാനറിഞ്ഞരുന്നില്ല
മുള്ളിൻ പൂവെന്നെ നോവിക്കുമെന്ന് ..
ഇന്നാ മൗനത്തിൻ വേലിയാൽ ഞാൻ തടയപ്പെടുന്നു
നീയാം പൂവിന്റെ അരികിലെത്താൻ..


എന്നിലേക്ക്‌ അടുക്കും തോറും
നിൻ കവിൾ ചുവക്കുന്നോ സന്ധ്യേ...
നിൻ അധരത്തിൻ മധുരം നുണയാം ഞാൻ നിത്യം..
അറബി കടലിൽ താഴും വരെ....

2017, ജനുവരി 1, ഞായറാഴ്‌ച


എരിഞ്ഞടങ്ങിയ പകലും കഴിഞ്ഞു
സന്ധ്യയുടെ ചുവപ്പും മങ്ങി
ഇരുളിൻ പുതപ്പണിഞ്ഞു ഭൂമി
ഒരുങ്ങി നിന്നിരുന്നു....
പാശ്ചാത്യ സംസ്കാരം
എന്റെ ഗ്രാമത്തെയും പിടികൂടിയതിന്
തെളിവായിരുന്നു ആ വയലോരത്തെ DJ..
മദ്യം കീഴടക്കിയ യുവത്വത്തിന്റെ ചുവടുകൾക്കു കീഴിൽ
ഈയാം പാറ്റകളും പുൽച്ചാടികളും ഞെരിഞ്ഞമർന്നു...
മതത്തിന്റെ മതിലുകൾ ഇല്ലാത്ത രാവിൽ-
മുഹമ്മദും,തോമസ്സും, കൃഷ്ണനും ഒന്നിച്ചു കൈകോർത്തു..
എല്ലാ കൺഠങ്ങളും ഒന്നിച്ചു  ഒരേ ഈണത്തിൽ
പുതുവർഷത്തെ സ്വാഗതം ചെയ്തു..
ഇന്നലെകളിലെ നല്ല ദിനങ്ങളേ ....
നിങ്ങൾ ഞങ്ങളോട് പൊറുക്കുക...
നിങ്ങളുടെ  ചിതാ ഭസ്മം ഈ ഒരു നിമിഷം ഞങ്ങൾ-
മദ്യത്തിന്റെ ഓളങ്ങളിൽ ഒഴുക്കി വിടുന്നു ....
പുതുവർഷമേ...ഇത് കണ്ടു നീ ചിരിക്കണ്ടാ ..
നിന്റെ ആയുസ്സു വെറും 365 ദിനം മാത്രം..
അത് കഴിഞ്ഞാൽ ഞങ്ങൾ നിന്നെയും മറക്കും
കാരണം ഞങ്ങളെ ഞങ്ങൾ വിളിക്കുന്നത്
മനുഷ്യർ എന്നാണ് ....



വരികൾക്കിടയിൽ ജീവിത
യാഥാർഥ്യങ്ങളുടെ തുടിപ്പ്
നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്..
പിറക്കാൻ പോകും വരികൾക്ക്
ജീവ രക്തമായി അനുഭവങ്ങൾ
ഇനിയും എന്റെ ആവനാഴിയിൽ ബാക്കി...
ഇനി എന്റെ പുലരികൾ
അക്ഷര പുരകളാകേണം ..
അതിൽ വിളയും മുത്തും പവിഴവും പെറുക്കി
ഒരാളെങ്കിലും സമ്പന്നനായാൽ
എന്റെ ജീവിതം ധന്യമായിടും...