2023, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

 ഇന്നും ഞാൻ നിന്നെ ഓർക്കാറുണ്ട് ....

 ചാറ്റൽ മഴയത്തു മുടിയിഴയിൽ നിന്നിറ്റുവീണ മഴത്തൂള്ളി കവിളിനെ നനയിച്ചപ്പോഴും... നെൽക്കതിരിനെ തഴുകി തലോടിയ  പിശറൻ കാറ്റ് വന്നെന്റെ  ചൊടിയിൽ മുത്തിയപ്പോഴും.... മൂവാണ്ടൻ മാവിൽ അനാഥമായൊരു ഊഞ്ഞാൽ എന്നെ മാടിവിളിച്ചപ്പോഴും... വാടിക്കൊഴിഞ്ഞുവീണ  വാകപ്പൂക്കളിൽ മഞ്ഞുത്തുള്ളികൾ മയങ്ങുമ്പോഴും ... നീപോലുമറിയാതെ നിന്നെ ഞാൻ ഓർക്കാറുണ്ട് ....

കൈയ്യെത്തും ദൂരത്തുണ്ടെന്നറിഞ്ഞിട്ടും കാണാമറയത്തല്ലെന്നറിഞ്ഞിട്ടും എന്റെ നഷ്ടത്തെ ഞാൻ എന്നിൽ ഒതുക്കുന്നു .....

--സുധി ഇരുവള്ളൂർ--


 വെയിൽ പെയ്യാൻ മടിച്ചതിനാലാവണം 

മഴച്ചീളുകൾക്ക്‌ പൊള്ളുന്ന ചൂട് ...

ചീവീടുകളുടെ സംഗീതമുള്ള രാവുകൾ 

പുലരാതിരുന്നെങ്കിൽ 

രാവിലുദിച്ച സൂര്യനിലാവിനെ 

കൈക്കുടന്നയിലെടുക്കാമായിരുന്നു...

ജീവിക്കുന്ന ജഡമായി പുഞ്ചിരിമറയാൽ

ജീവിതം തുന്നിച്ചേർക്കാൻ

വിറയ്ക്കുന്ന കൈകൾക്കാവുമായിരിക്കും ...

പ്രതീക്ഷയുടെ തിളക്കമില്ലാത്ത കണ്ണുകളിൽ 

സൂചിമുന കുത്തി രസിക്കുന്ന ഹൃദയങ്ങൾ ...

ചിന്തകളുടെ ചിതയിൽനിന്നുമുയരുന്ന 

പുകച്ചുരുളിനൊപ്പം ഇനിയെന്റെ 

ആത്മാവും പറന്നുയരട്ടെ .....


                       --സുധി ഇരുവള്ളൂർ--


 പ്രണയാകാശത്ത്‌ നാം പരസ്പരം 

പണയപ്പെടുകയായിരുന്നു ...

ചേർത്ത് നിർത്തേണ്ട കൈകൾക്ക്

ബലം നഷ്ടമായപ്പോൾ 

മനസ്സ് തുരുമ്പിച്ചു 

ചിതലരിച്ച ഹൃദയത്തിൽനിന്നും 

നീയെന്ന പ്രണയത്തെ 

ഞാൻ പിച്ചിച്ചീന്തുകയായിരുന്നു ...

കൈക്കുമ്പിളിൽ ശേഖരിച്ച 

നീയാം മഴതുള്ളി 

വിരലുകൾക്കിടയിലൂടെ 

ചോർന്നു വീഴുന്നത് 

ഞാനറിഞ്ഞിട്ടും 

നിസ്സഹായതയോടെ

ഞാൻ നടന്നകലുകയായിരുന്നു ... 

--സുധി ഇരുവള്ളൂർ--

 നഷ്ടമെന്തെന്ന് തിരിച്ചറിയാനായി 

നഷ്ടപ്പെടുത്തുകയായിരുന്നോ നീയെന്നെ ???

ഇഷ്ടം മനസ്സിലാക്കാൻ വൈകിയെങ്കിലും 

നഷ്ടപ്പെടുത്തരുതെന്നുണ്ടായിരുന്നു ...


അകലങ്ങൾ തേടും നിൻ കൊലുസ്സിൻ സ്വനം 

അകതാരിൽ ഗദ്ഗദമായപ്പോഴും 

അനുരാഗ തടവറയിലെപ്പഴോ 

അറിയാതെ ഞാനും വിവശനായ്...


മിഴികളിൽ മായാത്ത ദിനരാത്രങ്ങളത്രയും 

മൊഴിയകന്ന നിമിഷങ്ങളായിരുന്നു ...

മൗനത്തിന്റെ നിഗൂഢമാം ഇരുളിലും 

മന്ദസ്മിതത്തിൻ തിരി കൊളുത്താൻ നീ മറന്നു ....


ഇഷ്ടങ്ങളുടെ നഷ്ടം 

വേദന മാത്രമേ തരുള്ളൂ...

ആർക്കായാലും !!!!


--സുധി ഇരുവള്ളൂർ--


 അവഗണയുടെ തീകനലിൽ നിന്നും 

അവരറിയേ പിൻവാങ്ങണം ...

അല്ലാതെ ഒട്ടിച്ചേർന്നുനിന്ന്

അവർക്കൊരു ഭാരമെന്നു പറയിക്കരുത് ....


ചിരിയെന്നു കരുതി ചതിയുടെ 

ചളിക്കുഴിയിൽ താഴ്ന്നിറങ്ങുമ്പോഴേക്കും  

ചിറകുകരിഞ്ഞ  സ്വപ്നങ്ങൾക്ക് 

ചിതയൊരുക്കി കഴിഞ്ഞിരിക്കും ...


താളം നിലച്ച രാഗങ്ങളിൽ 

താങ്ങായി കരുതിയ കരങ്ങൾ

താരാട്ടിൻ ഈണം മൂളാതെ 

താനേ അകന്നുപോയ്‌ ...


ഇനിയിവിടെ ഈ ഏകാന്തതയിൽ 

ഇതൾ കൊഴിഞ്ഞു വാടിയൊരു പൂവായ് 

ഇരമ്പിയെത്തും മിഴിമഴയെ 

ഇമകളടച്ചു ഞാനൊതുക്കട്ടെ....


--സുധി ഇരുവള്ളൂർ--