വർഷങ്ങൾക്ക് മുൻപ് ഞാനും ഒരു വിദ്യാർത്ഥിയായിരുന്നു. സ്കൂൾ തുറക്കുന്ന
ആദ്യ ദിവസം തന്നെ തുള്ളിമുറിയാതെ പെയ്യുന്ന മഴയിൽ കുത്തിയൊഴുകും
വെള്ളമുള്ള തോടും താണ്ടി ഇല്ലിപൊട്ടിയതും ഉറുമ്പരിച്ചു ഓട്ടയായതുമായ
കോട്ടൺശീലയുള്ള കുടയും ചൂടി സ്കൂളിൽ എത്തുമ്പോഴേക്കും ട്രൗസറും കുപ്പായവും
നനഞ്ഞു ചീഞ്ഞിരിക്കും, അതും ഇട്ടു വേണം വൈകുന്നേരമാക്കാൻ.
സ്കൂൾവിട്ട്
പോകുമ്പോൾ തോട്ടിലും വയലിലും കുടകൊണ്ട് മീനിനെ ഊറ്റുകയും കട്ടറോഡിലെ
കുഴിയിലെ ചെളിവെള്ളത്തിൽ വെള്ളം പൊട്ടിച്ചും കൂട്ടുകാർക്കും
ചേച്ചിക്കുമൊപ്പം വീട്ടിലെത്തുമ്പോഴേക്ക് ഒരു കോലത്തിലായിട്ടുണ്ടാവും !!!
കലിയനെ കൂക്കിയും കടലാസുതോണിയിറക്കിയും ആഘോഷിച്ച മഴ നിമിഷങ്ങൾ !!!!
തകർത്തുപെയ്യും ഇടവപ്പാതി ...ഇടിവെട്ടുമ്പോൾ മുള പൊട്ടും കൂണ് പറിച്ചു
കറിവെച്ച അവധി ദിവസങ്ങൾ!!!
എത്ര വലിയ മഴ പെയ്താലും അവധി
പ്രഖ്യാപിക്കാത്ത കളക്ടർ!!! ഏത് പെരുമഴയതായാലും ചിരിച്ചുകൊണ്ട്
യാത്രയാകുന്ന അമ്മ!!! അന്ന് വീട്ടുമുറ്റത്ത് എത്താൻ സ്കൂൾ വണ്ടി
ഇല്ലായിരുന്നു പക്ഷെ അന്ന് അമ്മക്ക് ഭയപ്പെടേണ്ടതില്ലായിരുന്നു. കാരണം
അന്ന് നാട്ടിൽ JCB ഇല്ലായിരുന്നു, മെഷീൻ വെച്ച് വെട്ടുന്ന ചെങ്കൽ ക്വറികൾ
ഇല്ലായിരുന്നു, മലയിടിച്ചു ടിപ്പർ ലോറിയിൽ മണ്ണ് കേറ്റി വയലുകൾ
നികത്താറില്ലായിരുന്നു. മരങ്ങൾ മുറിക്കപ്പെടുന്നത് വല്ലപ്പോഴുമായിരുന്നു,
ഇന്റർലോക്ക് ചെയ്ത മുറ്റവും കോൺക്രീറ്റ് സ്ലാബുകളിട്ട
ഇടവഴിയുമില്ലായിരുന്നു, ഇതിനാലൊക്കെയാവാം അന്ന് ഇവിടെ ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും ഇല്ലായിരുന്നു !!!
--സുധി ഇരുവള്ളൂർ--