അമ്മമ്മ, അച്ഛമ്മ .... സ്നേഹനിധികളായ രണ്ടു പദവികൾ.
എനിക്ക് മോൻ പിറന്നതിനു ശേഷമാണ് ഞാൻ ഈ പദവിയുടെ പ്രസക്തിയും ആഴവും മനസ്സിലാക്കുന്നത്.
അന്ന് പതിനാറു വർഷം മുൻപ് ചേച്ചിയുടെ പ്രസവത്തോടെ അമ്മക്ക് പ്രമോഷൻ കിട്ടി. അമ്മയിൽ നിന്നും അമ്മമ്മയിലേക്കു പദവി മാറ്റം. ഞാൻ മാമനായും മാറി. അന്ന് മുതൽ ഇന്ന് വരെ എന്റെ മരുമോനും പിന്നീട് ജനിച്ച മരുമോൾക്കും അമ്മമ്മ എന്നാൽ ജീവനാണ്.
ഇപ്പോൾ ഞാൻ അച്ഛനായി മാറിയപ്പോൾ അമ്മ വീണ്ടും മറ്റൊരു പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി. അമ്മയും അമ്മമ്മയും ആയ ആ സ്നേഹം ഇപ്പോൾ അച്ഛമ്മയും ആയി.
ഇന്ന് എന്റെ മോനും പ്രിയപ്പെട്ട ആൾ അവന്റെ അച്ചമ്മയാണ്.ചിലപ്പോഴൊക്കെ എനിക്കും അവൾക്കും മീതെ. ആ കൈകളിൽ അവൻ സുരക്ഷിതനാണെന്ന് അവൻ മനസ്സിലാക്കിയിരിക്കണം. (ഞങ്ങളുടെ കൈകൾ സുരക്ഷിതമല്ല എന്നല്ല ട്ടോ).
ഈ അടുപ്പം കാണുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവുമാണ്.
ഇന്നലെ ചുമ്മാ ഞാനൊന്ന് ചിന്തിച്ചു നോക്കി, എന്താണ് ഈ മൂന്നുപേരുടെയും (രണ്ടു മരുമക്കളും മോനും) ഇഷ്ടം സമ്പാദിക്കാൻ അമ്മയുടെ കൈയ്യിലെ ടെക്‌നിക് ??... കണ്ടെത്തിയപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. രാവിലെ എഴുന്നേൽക്കുമ്പോഴേക്ക് കണിയായി മുന്നിൽ... ചായകുടിപ്പിക്കുന്നത് മടിയിലിരുത്തികൊണ്ട്, എണ്ണ തേപ്പിച്ചുള്ള കുളിയിലും പാട്ടും കളിയും, മാമുണ്ണുന്നത് കാക്കയും പൂച്ചയുമൊക്കെ ആയിട്ട്... ഉച്ചമയക്കത്തിൽ താരാട്ട്, വൈകുന്നേരത്തെ പന്ത് കളി, സൈക്കിളിൽ കയറുമ്പോൾ പിടിവിടാതെ കൈ, വികൃതി കാണിച്ചാലും ചിരിക്കുന്ന മുഖത്തോടെയുള്ള സ്നേഹശാസന, അതിനിടക്ക് പുലിയാവണം കുരങ്ങാനാവണം, ...അങ്ങനെയങ്ങനെ രാത്രി ഉറങ്ങുന്നത് വരെ അവർ സമപ്രായക്കാരാവുന്നു... ഒരു പക്ഷെ (അല്ല തീർച്ച) ഒരു അമ്മക്ക് സാധിക്കില്ല ഇത്രയും.
അമ്മേ ഇത് നിങ്ങൾ അമ്മമ്മമാർക്കും അച്ചമ്മമാർക്കും മാത്രം സാധിക്കുന്ന അസാധ്യമാകും കഴിവ് ... സ്നേഹ വാത്സല്യങ്ങളോടെയുള്ള ഈ പരിചരണം തന്നെ അവർക്കിടയിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം.
എല്ലാ അമ്മമ്മമാർക്കും അച്ചമ്മമാർക്കും ഒരു ബിഗ്സല്യൂട്ട് ...