2019, ജൂലൈ 26, വെള്ളിയാഴ്‌ച



നാം കണ്ട സ്വപ്നങ്ങൾക്ക്
നീ ചാർത്തിയ വർണ്ണങ്ങൾ
നിൻറെ മിഴിയിൽ ഞാൻ
വായിച്ചമാത്രയിൽ
മഞ്ഞിൻ പുതപ്പണിഞ്ഞെത്തിയ
കുഞ്ഞുനാണത്താൽ
നമ്രമുഖിയായ നിൻ
കവിൾ തുടുത്തു ...
നാമൊന്നായ് കണ്ട കിനാക്കളത്രയും
സഫലമാകും മാത്രയിൽ
നമുക്കൊന്നായ് തുഴഞ്ഞിടാം
ഈ ജീവിത കളിവഞ്ചി ...
--സുധി ഇരുവള്ളൂർ--
ചെറുകഥ
= = = = = = = =
# സ്നേഹം പൂക്കും യാത്ര ...
      കോൺവെന്റ് സ്കൂളിൽ ബോർഡിങ് ഫീ ഒരു വർഷത്തേക്കുള്ളത് ഒന്നിച്ചു ചെക്കെഴുതി കൊടുത്ത്‌ റസീറ്റും വാങ്ങി അജയ് എഴുന്നേറ്റു. റൂമിനുപുറത്ത്‌ വരാന്തയിൽ മകൻ ബാലു സ്കൂളിന്റെ വലിയ കോമ്പൗണ്ട് മതിൽ നോക്കി നിൽക്കുന്നു. ഭാര്യ ട്രീസ ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്നു. അജയ് നടന്നു വന്നു ബാലുവിന് മുന്നിലായി മുട്ടുകുത്തി ഇരുന്നു മുടിയുടെ വിരലോടിച്ചു പറഞ്ഞു "മോൻ നന്നായി പഠിക്കണം ട്ടോ, അതിനാണ് പപ്പയും മമ്മയും മോനെ ഇവിടെ ചേർത്തിയത്, പപ്പ എല്ലാ മാസവും വന്ന് മോനെ വീട്ടിലേക്ക് കൂട്ടും ട്ടോ" ബാലു ഒന്നും മിണ്ടാതെ നിർവികാരനായി നിന്നു. അജയ് മകനെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ബാലു അച്ഛനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മവെച്ചപ്പോൾ കണ്ണീരിന്റെ നനവ് അജയ്യുടെ കവിൾ തിരിച്ചറിഞ്ഞു. ബാലുവിന് റ്റാറ്റാ കൊടുത്ത്‌ അജയ്യും ട്രീസയും ബെൻസിലേക്ക് കയറി. ഒരു സിസ്റ്റർ വന്ന് ബാലുവിനെയും കൂട്ടി അകത്തേക്കും.
നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയിലെ CEO ആണ് ചെറുപ്പക്കാരനായ അജയ്.  ഭാര്യ ട്രീസ. എട്ടുവർഷം മുന്നേ വിവാഹിതരായ ഇവരുടെ ഒരേയൊരു മകനാണ് ഫസ്റ്റ് സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായ ബാലു എന്ന വിളിപ്പേരുള്ള ബിയൂഷ് അജയ്. മകന്റെ വിദ്യാഭ്യാസത്തിന്റെ ആകുലതയിൽ ഭാര്യ ട്രീസയുടെ നിർബന്ധപ്രകാരമാണ് ബാലുവിനെ ഈ ചെറുപ്രായത്തിൽ ബോർഡിങ് സ്കൂളിൽ അയച്ചത്.
തിരിച്ചുള്ള യാത്രയിൽ മൗനം അവർക്കിടയിൽ ഒരു മറ തീർത്തിരുന്നു. ട്രീസ പിന്നിലെ സീറ്റിൽ ഇരിക്കുന്ന അവളുടെ പെറ്റായ പിങ്കിയെ എടുത്തു മടിയിലിരുത്തി. "അജയ് എന്നെ ക്ലബ്ബിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്താൽ മതി, തിരിചു പോകുമ്പോൾ മിസ്സിസ് മേനോന്റെ കൂടെ പൊയ്ക്കൊള്ളാം" ട്രീസ മൗനത്തിന്റെ മറ നീക്കി. വനിതാ ക്ലബ്ബിനുമുന്നിൽ നിർത്തിയ കാറിൽ നിന്നും പിങ്കിയെയും എടുത്തു പുറത്തിറങ്ങി അവൾ കൈവീശി.
ശീതീകരിച്ച മുറിയിലെ റിവോൾവിങ് ചെയറിൽ അസ്വസ്ഥനായി ഇരുന്നുകൊണ്ട് അജയ് കറങ്ങി. പ്രൈവറ്റ് സെക്രട്ടറി ശരണ്യ മനോഹരമായൊരു പുഞ്ചിരി ചുണ്ടിലൊട്ടിച്ചു അനുവാദം ചോദിച്ചുകൊണ്ട് കടന്നുവന്ന് വിഷ് ചെയ്തു" ഗുഡ് മോർണിംഗ് സർ".
" സർ, കഴിഞ്ഞ ദിവസം അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്ത വൺ മിസ്റ്റർ നരേന്ദ്രൻ സാറിനെ വെയിറ്റ് ചെയ്യുന്നുണ്ട്"
" ശരണ്യ എനിക്ക് നല്ല സുഖമില്ല , സോറി അദ്ദേഹത്തോട് പിന്നെ വരാൻ പറയൂ , വേറൊരുകാര്യം, ഞാൻ സൈൻ ചെയ്യേണ്ട ചെക്കുകളും ഡോക്യൂമെൻറ്സും പെട്ടന്ന് കൊണ്ടുവരൂ, ഞാൻ ഇപ്പൊ ഇറങ്ങും"
ശരണ്യ അതിശയത്തോടെ തന്റെ ബോസ്സിനെ നോക്കി, ഇങ്ങനെയൊന്ന് പതിവില്ലാത്തതാ, ആർക്കെങ്കിലും അപ്പോയിന്മെന്റ് കൊടുത്താൽ അത് മാറ്റുന്ന ശീലമില്ല. ശരണ്യ ക്യാബിനിൽ നിന്നും പുറത്തിറങ്ങിയ ഉടനെ അജയ് ഫോണെടുത്തു,
"അലക്സ്, നീയെവിടെയാ ?? "
"ദാ ഞാൻ കിങ്‌സ് ഇന്റർനാഷണനിൽ ഇരുന്ന് രണ്ടെണ്ണം കീറിക്കൊണ്ടിരിക്കയാ, എന്ത് പറ്റിയെടാ"
"ഏയ് , ചുമ്മാ... ഞാനും ദാ അങ്ങോട്ട് വരുന്നു, നിന്നെയൊന്നു കാണണം"
"ഓൾവൈസ് വെൽക്കം ഡിയർ" അലക്സ് ഫോൺ വെച്ചു.
ഇരുണ്ടമുറിയിൽ അലക്സിന്റെ ഇരിപ്പിടത്തിനെതിരെ അജയ് ഇരുന്നു. ബാലുവിനെ പിരിഞ്ഞ തന്റെ വിഷമം ഉറ്റകൂട്ടുകാരനോട് അജയ് പറഞ്ഞുതുടങ്ങി, പങ്കുവെക്കുന്ന സങ്കടം പാതിയായപ്പോഴേക്ക് അജയ് ന്റെ കണ്ണുകൾ നിറഞ്ഞത് അരണ്ടവെളിച്ചത്തിൽ അലക്സ് കാണുന്നുണ്ടായിരുന്നു. പെട്ടന്ന് അജയ് കൈ നീട്ടി അലക്സ് സ്വിപ് ചെയ്തു വെച്ച സ്കോച് ഒറ്റവലിക്ക് കുടിച്ചു, പിന്നെ രണ്ടെണ്ണം കൂടി ഓർഡർ ചെയ്തു കഥ തുടർന്നു.
"അവൾ ഒരു പാവമാടാ, അവൾ പഠിച്ചു വളർന്ന ചുറ്റുപാടൊക്കെ ഒന്നാലോചിച്ചു നോക്കിക്കേ, പിന്നെ  പാരെന്റ്സ് ആണെങ്കിൽ അന്നും ഇന്നും വിദേശത്തും " കൂട്ടുകാരൻ അജയ്  യെ കാര്യങ്ങൾ മനസ്സിലാക്കിക്കാൻ ശ്രമം തുടങ്ങി.
"അവൾ പാവമൊക്കെ തന്നെയാ, പക്ഷെ അവളുടെയും എന്റെയും കാഴ്ചപ്പാടുകൾ രണ്ടു തട്ടിലാ, അതാണ് പ്രശ്നം" അജയ് പറഞ്ഞുനിർത്തി.
ട്രീസ പഠിച്ചതും വളർന്നതും ഒക്കെ വിദേശത്തായിരുന്നു. അജയ് ആണെങ്കിൽ ഇവിടുത്തെ ഒരു പ്രമുഖ തറവാട്ടിലെ ഇളമുറക്കാരനും.
കല്യാണം കഴിഞ്ഞു ബാലു പിറന്ന് രണ്ടര വയസ്സുവരെ അജയ്യും ട്രീസയും തറവാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ബാലു പിച്ചവെച്ചു തുടങ്ങിയപ്പോൾ ആ വീട്ടിലെ പണിക്കാരുടെ മക്കളും മക്കളുടെ മക്കളും പിന്നെ ആ വീട്ടിലെ ആശ്രിതരുടെ കൊച്ചുമക്കളും എല്ലാരും ബാലുവിനെ കൊഞ്ചിച്ചും കളിച്ചും അവിടെ ഉണ്ടാവുമായിരുന്നു. ബാലുവിന്റെ മേൽ അവർ തൊടുന്നതും കളിപ്പിക്കുന്നതുമൊന്നും ട്രീസക്ക് ഇഷ്ടമാവാതെ വന്നപ്പോൾ അജയ് യും ട്രീസയും ഫ്ലാറ്റിലേക്ക് മാറി.
അജയ് കയറിവരുമ്പോൾ ട്രീസയും കൂട്ടുകാരികളും സെറ്റിയിൽ ഇരുന്നു ചിരിയും തമാശയിലുമായിരുന്നു. ചുണ്ടിൽ ഛായവും തേച്ചു കൂളിംഗ് ഗ്ളാസ്സും ഇട്ട് മിസ്സിസ് നായർ ഇരിക്കുന്നത് കണ്ടപ്പോഴേ അവന് കാലിലെ പെരുവിരൽ മുതൽ ഇരച്ചു കയറി.
അജയ് കിച്ചണിൽ ചെന്ന് ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് കാപ്പി എടുത്തു കുടിച്ചു തുടങ്ങിയപ്പോൾ ഭവാനിയമ്മ "മോന് എന്നോട് പറഞ്ഞൂടായിരുന്നോ" എന്നും ചോദിച്ചു അങ്ങോട്ട് വന്നു. ഭവാനിയമ്മ തന്റെ ചെറുപ്പം മുതൽ തറവാട്ടിൽ ഉള്ള അടുക്കളപ്പണിക്കാരിയാ. പണിക്കാരി എന്നുപറയാൻ പറ്റില്ല, വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെ. ഫ്ലാറ്റിലേക്ക് മാറുമ്പോൾ അമ്മ ഭവാനിയമ്മയെയും ഇങ്ങോട്ട് വിട്ടു.
"അജയ്, എന്താ ഞങ്ങളോട് ഒരുവാക്ക് പോലും മിണ്ടാതെ അതിലെ കടന്നു പോന്നത്, എനിക്കെത്ര ഷെയിം ആയെന്നോ അത് ??? " പരിഭവവുമായി ട്രീസ വന്നപ്പോൾ അജയ് വെറുതെ ചിരിച്ചു. "അല്ല ഇതെന്താ എന്തോ ഒരു മാറ്റം ?? അജയ് ഒന്നിങ്ങു വന്നേ" ട്രീസ അടുത്തേക്ക് വിളിച്ചു. അജയ് അടുത്തെത്തിയതും ട്രീസ മുഖം അടുപ്പിച്ചു ഒരു ചോദ്യം "അജയ് ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ടോ??, അജയ് സമ്മതഭാവത്തിൽ തലയാട്ടി. ഉടൻ ട്രീസ അവന്റെ കൈക്കുപിടിച്ചു വലിച്ചുകൊണ്ട് അവളുടെ വാനരപ്പടയുടെ ഇടയിലേക്ക് കുതിച്ചു.
"ഒന്നിവിടെ ശ്രദ്ധിക്കൂ മഹിളാ രത്നങ്ങളെ, എന്റെ സ്വീറ്റ് ഹബ്ബി ജീവിതത്തിലാദ്യമായി ഡ്രിങ്ക്സ് കഴിച്ചു" ട്രീസ ആവേശത്തോടെ അടക്കാനാവാത്ത സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. കൂടെയുള്ള പെൺപടകൾ ആ സന്തോഷത്തിൽ പങ്കുചേർന്നു.
"ചെലവ് വേണം ട്ടോ അജയ് സാറേ " കൂട്ടത്തിലുള്ള  ഒരു 'ഐശ്വര്യറായ്' പറഞ്ഞു. അവൾക്ക് തന്റെമേൽ ഒരു കണ്ണുള്ളതായി അജയ് ക്ക് മുൻപും തോന്നിയിട്ടുണ്ട്.
"മിസ്സിസ് മേനോന്റെ വീട്ടിലെ പാർട്ടിക്ക് ഒരു സ്മാൾ അടിക്കാൻ ഞാൻ എത്ര പറഞ്ഞിട്ടും അടിക്കാത്ത ആളാണ്, ഇതിപ്പോ എന്ത് പറ്റി ഇത്ര സന്തോഷിക്കാൻ ??? ട്രീസയുടെ ആകാംഷ കണ്ടപ്പോൾ അജയ് ക്ക് ദേഷ്യം വന്നെങ്കിലും കണ്ട്രോൾ ചെയ്തു അവർക്കിടയിൽ നിന്നും പതിയെ ഉൾവലിഞ്ഞു ബെഡ്‌റൂമിൽ അഭയം പ്രാപിച്ചു.
ബാലുകൂടെയില്ലാത്ത ആദ്യ രാത്രി വന്നെത്തി. കുളിക്കാനും ഡിന്നറിനു അജയ് യെ ഏറെ നിർബന്ധിക്കേണ്ടി വന്നു ട്രീസക്ക്. കിടക്കുമ്പോൾ അറിയാതെ ബാലുവിന് നേരെ അജയ് യുടെ കൈകൾ നീങ്ങിയത് കണ്ട ട്രീസ അവനെ ആശ്വസിപ്പിച്ചു, "എന്താ അജയ്, ഇങ്ങനെ സെന്റിമെന്റൽ ആവാതെ, മോന്റെ നല്ല ഭാവിക്കല്ലേ നമ്മൾ അങ്ങനെ ചെയ്തത്?? "
"ഉം ... ട്രീസാ നമുക്ക് ഒരാഴ്ചത്തേക്ക് ഇവിടുന്നൊന്ന് മാറി നിൽക്കാം, ഒരു ചെറിയ ടൂർ, എന്റെ അമ്മയുടെ തറവാട്ടിൽ.... അവിടെ അമ്മമ്മയും അമ്മച്ചനും മാത്രേയുള്ളൂ, നമുക്ക് രണ്ടാൾക്കും കൂടെ ഒരാഴ്ച അവിടെ തങ്ങിവരാം".
******
ഭവാനിയമ്മയോട് തറവാട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു അജയ് യും ട്രീസയും വാതിൽ പൂട്ടിയിറങ്ങി. കുറച്ചു ഡ്രസ്സ് മാത്രം ചെറിയൊരു ബാഗിലാക്കി, പതിവിനു വിപരീതമായി ബെൻസിനു പകരം ബുള്ളറ്റിൽ കയറി യാത്രതിരിച്ചു.
മലകളും കുന്നുകളും താണ്ടി, വയലുകളുടെ ഹരിതവർണ്ണവും പിന്നിട്ടുള്ള യാത്രയിലുടനീളം ട്രീസ അവനെ കെട്ടിപ്പിടിച്ചും കൂക്കി വിളിച്ചും ആസ്വദിച്ചുകൊണ്ടിരുന്നു. അവൾ  ദാഹിക്കുന്നെന്ന് പറഞ്ഞപ്പോൾ "ഇവിടെ നീ ഉദ്ദേശിക്കുന്ന പെപ്സിയും കോളയും ഒന്നും കിട്ടില്ലെന്നും" പറഞ് അവൻ വണ്ടി നിർത്തി അടുത്തുള്ള പെട്ടിക്കടയിൽ നിന്നും സംഭാരം വാങ്ങിക്കൊടുത്തു. ജീവിതത്തിൽ ആദ്യമായി കുടിച്ച ആ തണുത്ത ദാഹശമനി  അവൾക്ക് ഒത്തിരി ഇഷ്ടമായി. പിന്നീടങ്ങോട്ട് തട്ടുകടകളും പെട്ടികടകളും  കാണുമ്പോഴൊക്കെ ട്രീസക്ക് നാരങ്ങാ മിട്ടായി മുതൽ പപ്പടമിട്ടായി വരെ വേണമെന്നായി.
വിശാലമായ പാടശേഖരത്തോട് ചേർന്ന് നിൽക്കുന്ന ഓടിട്ട ഇരുനില തറവാടിന്റെ മുറ്റത്ത്‌ ബുള്ളറ്റ് എത്തിയപ്പോഴും ട്രീസയുടെ ആവേശം അണഞ്ഞിട്ടില്ലായിരുന്നു. ബുള്ളറ്റിൽ നിന്നും ഇറങ്ങിയ പാടെ ട്രീസ അജയ് നെ തോളിലൂടെ കയ്യിട്ടു കവിളിൽ ചുംബിച്ചു. ഇതും കണ്ടായിരുന്നു അമ്മമ്മയും അച്ഛച്ചനും മുറ്റത്തേക്കിറങ്ങി വന്നത്. അവരെ കണ്ടതും ട്രീസ നാണത്താൽ മുഖം താഴ്ത്തി. അത് കണ്ട അജയ് സ്തംഭിച്ചു. ആദ്യമായാണ് തന്റെ ഭാര്യക്ക് നാണം വരുന്നത് കാണാൻ കഴിഞ്ഞത്. അമ്മമ്മ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കൊണ്ടുപോയി.
"രണ്ടാളും പോയി കുളിച്ചു വന്നേ, അപ്പോഴേക്കും അമ്മമ്മ ഭക്ഷണം എടുത്തു വെക്കാം, യാത്രാ ക്ഷീണം കാണും രണ്ടാൾക്കും" അമ്മമ്മ അതും പറഞ്ഞു രണ്ടു തോർത്തുമായി വന്നു. തോർത്തും വാങ്ങി അകത്തെ ബാത്റൂമിലേക്ക് പോകാൻ നോക്കിയ ട്രീസയുടെ കാതിൽ അജയ്‌ പറഞ്ഞു  "എങ്ങോട്ടാ ?? എനിക്കൊപ്പം വാ ഒരു കൂട്ടം കാണിച്ചുതരാം" എന്തെന്ന് പോലും ചോദിക്കാതെ ട്രീസ അവന്റെ പിന്നാലെ നടന്നു. അജയ് നേരെ തറവാട്ടുകുളത്തിലേക്കാണ് പോയത്. അവിടെ എത്തിയതും തോർത്ത് ഉടുത്തു അവൻ കുളത്തിലേക്ക് എടുത്തു ചാടി, "അയ്യേ" അവൾ കളിയാക്കി ചിരിച്ചപ്പോൾ അവൻ കരയിലേക്ക് കയറിവന്ന് അവളെയും എടുത്തു കുളത്തിലേക്ക് ചാടി.
"രണ്ടാളും തലയിൽ എണ്ണയൊന്നും തേക്കാറില്ല ല്ലേ , സാരല്ല്യാ നാളെ അമ്മമ്മ മുറുക്കിയ വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ചു തരുന്നുണ്ട്" കുളികഴിഞ്ഞു ഡ്രസ്സ് മാറിവന്നപാടേ അമ്മമ്മ പറഞ്ഞു "നിങ്ങൾക്ക് മോനെ കൂടി കൂട്ടാൻ പാടില്ലായ്നോ, കൈക്കുഞ്ഞായപ്പോ കണ്ടതാ" അമ്മമ്മയുടെ പരിഭവം അമ്മച്ഛനും ഏറ്റു പിടിച്ചിരുന്നു. ഇത്തവണ ട്രീസയുടെയും അജയ് ന്റെയും തല താഴ്ന്നു. "അതിന് ഇനിയും സമയമുണ്ടല്ലോ അമ്മമ്മേ" അജയ് അമ്മമ്മയെ കെട്ടിപ്പിടിച്ചു.
"ദാ ഇവിടുന്നാണ് ഞങ്ങൾ മണ്ണപ്പം ചുട്ടിരുന്നത്, ദാ അവിടെയായിരുന്നു ചോറും കൂട്ടാനും വെച്ച് കളിച്ച സ്ഥലം. ദാ ഈ മാവ് കണ്ടില്ലേ, ഇതിൽ ആയിരുന്നു ഞങ്ങൾ ഊഞ്ഞാൽ കെട്ടിയത്, പിന്നെ ദാ ആ കാണുന്ന പ്ലാവിൽ ആയിരുന്നു ഒളിച്ചുകളിക്കുമ്പോൾ എണ്ണുന്ന ആളിന്റെ സ്ഥാനം " നടക്കാൻ ഇറങ്ങിയ വഴി അജയ് ട്രീസക്ക് പഴയ ഓർമ്മകൾ ആവേശത്തോടെ പകുത്തു കൊടുത്തുകൊണ്ടിരുന്നു. "കൊയ്ത്തു കഴിഞ്ഞാൽ ദാ ഈ വയലായിരുന്നു ഞങ്ങടെ ഫുട്ബോൾ കോർട്" വയൽ വരമ്പിലൂടെ നടക്കുമ്പോൾ അജയ് വിരൽചൂണ്ടി കാണിച്ചു കൊടുത്തു. ഇതെല്ലാം കാണിച്ചുകൊടുക്കുമ്പോഴുള്ള അവന്റെ ആവേശം അവളെ അമ്പരപ്പിച്ചു. വാഴതോട്ടത്തിനുള്ളിലൂടെ നടന്നപ്പോൾ അവൻ ഒരു വാഴത്തട്ട പൊളിച്ചു അതിനുള്ളിലെ തേൻ അവളുടെ ചുണ്ടിൽ കൊടുത്തു. പിന്നെ അവൾക്ക് വീണ്ടും വീണ്ടും വേണമെന്ന വാശിയായി.... അവൾ ബാല്യത്തിലേക്ക് ചുരുങ്ങുകയായിരുന്നു.
അത്താഴം കഴിച്ചുകഴിഞ്ഞു ബെഡ്റൂമിലെത്തി അവന്റെ മാറിൽ തല ചായ്ച്ചു കിടന്ന് അവൾ പറഞ്ഞു "അജയ്, എനിക്ക് നമ്മുടെ ബാലുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു, അജയ്‌ക്ക്‌ അന്ന് കിട്ടിയ ബാല്യം നമ്മുടെ മോനും കിട്ടണം, നമുക്ക് രാവിലെ തന്നെ ബോർഡിങ്ങിൽ ചെന്ന് അവനെ നമുക്കൊപ്പം കൂട്ടണം, നമുക്ക് അവനോടൊപ്പം അജയ് യുടെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കാം. അവനില്ലാതെ ഒരാഴ്ച പോയിട്ട് ഒരു നിമിഷം പോലും എനിക്ക് നിൽക്കാൻ വയ്യാ".
അവൻ ദീർഘമായൊന്ന് നിശ്വസിച്ചു. അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കിടന്നു.
രാവിലെ തന്നെ പോകാനുള്ള ഒരുക്കങ്ങൾ നടന്നു. അമ്മമ്മയോടും അമ്മച്ഛനോടും യാത്രപറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു, ബാലുവിനരികിലേക്കെത്താൻ അവന്റെ മനസ്സ് ബുള്ളറ്റിനേക്കാൾ വേഗത്തിൽ കുതിച്ചിരുന്നു.
വഴിയരികിൽ പെട്ടിക്കടയിൽ നിന്നും നാരങ്ങാ മിട്ടായി വാങ്ങി നുണയുമ്പോൾ ഒരെണ്ണം അവൾ മാറ്റിവെച്ചു, അപ്പോൾ ട്രീസയുടെ മൊബൈൽ റിങ് ചെയ്തു, അവൾ ഫോണിലൊക്കൊന്നു നോക്കി ആ കാൾ കട്ട് ചെയ്തു.
വീണ്ടും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ ചോദിച്ചു
"ആരായിരുന്നു ???"
ചുണ്ടൊന്നു കോട്ടിക്കൊണ്ട് അവൾ ഉത്തരം പറഞ്ഞു "ഓ ..അത് ആ മിസ്സിസ് മേനോനാ ...ശല്യം ". പറഞ്ഞ ശേഷം അവൾ അവനെ ഇറുകെ പുണർന്നു, ഈയൊരു യാത്രയിൽ അവൾ ബന്ധങ്ങളെ തിരിച്ചറിയുകയായിരുന്നു  !!! ബുള്ളറ്റ് കുതിച്ചു , രണ്ടാൾക്കും തിടുക്കമായിരുന്നു, ബാലുവിനടുത്തെത്താൻ ....
.                                            -----ശുഭം----
--സുധി ഇരുവള്ളൂർ--

എന്റെ അധരത്തിൽ
ഞാനൊളിപ്പിച്ച കവിത
നീ തേടിയത്
നിൻ അധരത്താലായിരുന്നു ...
നാരായരൂപം കൈക്കൊണ്ട
എന്റെ ചൂണ്ടുവിരൽ
നിന്റെ പിൻകഴുത്തിൽ
എഴുതിയ കവിതയുടെ നിർവൃതി
നീയാസ്വദിക്കയായിരുന്നു ...
ശ്വാസം ശ്വാസത്തെ കീഴടക്കാൻ
ദ്വന്ദയുദ്ധം ചെയ്തപ്പോൾ
വിയർപ്പിന്റെ ഉപ്പുരസം
മധുരിക്കുകയായിരുന്നു ...
നിന്റെ കൂമ്പിയ മിഴിക്കോണിൽ
സ്വപ്നസാക്ഷാത്കാരത്തിന്റെ
മഴവില്ലു വിരിഞ്ഞിരുന്നു ...
വരണ്ടമണ്ണിലേക്ക് പെയ്തിറങ്ങിയ
പുതുമഴയിൽ എല്ലാം ശമിക്കയായിരുന്നു ...
 --സുധി ഇരുവള്ളൂർ--