2019, ഏപ്രിൽ 8, തിങ്കളാഴ്‌ച


# ബന്ധങ്ങൾ.
= = = = = = = = = 
ബന്ധങ്ങൾ ഇന്ന് ബന്ധനങ്ങളാവുന്നു!!!
പൊക്കിൾകൊടിയില്ലാതെ ചിരിയോടെ
പിറക്കുന്ന ഭ്രൂണങ്ങൾ ...
അമ്മിഞ്ഞപ്പാലിന് ഭ്രഷ്ട് കൽപ്പിക്കുന്ന മാതാവിൻ
ഗർഭപാത്രത്തിന് വിലയിടുന്ന ബന്ധങ്ങളുടെ
പുതിയ മുഖങ്ങൾ ...
അച്ഛനൊഴുക്കിയ വിയർപ്പാണ്
അന്നമെന്നോർക്കാതെ
വൃദ്ധസദനത്തിൻ ചുമരുകൾക്കിടയിൽ
അച്ഛന് സുരക്ഷിതത്വമൊരുക്കുന്ന ബന്ധങ്ങൾ...
കൂടപ്പിറപ്പിന്റെ പതനത്തിൽ
ആനന്ദം കണ്ടെത്തി
ആഘോഷം നടത്തുന്ന ബന്ധങ്ങൾ ..
ഇരുളിൽ മുഴങ്ങുന്ന ആക്രോശത്തിന്നവസാനം
ദീനരോദനത്താൽ പിടയുന്ന
'രക്ത'ബന്ധങ്ങൾ ...
ബന്ധങ്ങളുടെ ബന്ധനങ്ങൾ തകർത്ത്‌
മുന്നേറുകയാണ് നാം
ബന്ധങ്ങളില്ലാത്ത നാളേക്കായി ...
ഇനിയൊരു ബന്ധവും ബന്ധനമാവാത്ത
ലോകം തീർക്കാൻ ...
=സുധി ഇരുവള്ളൂർ=
ഒരു പുഞ്ചിരിയാൽ നിങ്ങളൊരുമനസ്സിന്
ആശ്വാസം നൽകിയെങ്കിൽ ...
ഒരു പുഞ്ചിരിയാൽ നിങ്ങളൊരു ഹൃദയത്തിന്
വസന്തം നൽകിയെങ്കിൽ ...
ഒരു പുഞ്ചിരിയാൽ നിങ്ങളൊരു സമൂഹത്തിന്
താങ്ങായ് മാറിയെങ്കിൽ ...
ഒരു പുഞ്ചിരിയാൽ നിങ്ങളൊരു
ഹൃദയം കീഴടക്കിയെങ്കിൽ....
ഒരു പുഞ്ചിരിയാൽ നിങ്ങളൊരു കൂട്ടത്തിന്
ശുഭപ്രതീക്ഷ നൽകിയെങ്കിൽ ....
അപ്പോഴാണ് നിങ്ങൾ ശരിക്കും ധനികനായ്  മാറുന്നത് !!!